TopTop

സിഎംആര്‍എല്ലിന്റെ മാലിന്യം തടഞ്ഞവരെ പൊലീസും പാര്‍ട്ടിക്കാരും മര്‍ദ്ദിച്ചു

സിഎംആര്‍എല്ലിന്റെ മാലിന്യം തടഞ്ഞവരെ പൊലീസും പാര്‍ട്ടിക്കാരും മര്‍ദ്ദിച്ചു
സിഎംആര്‍എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്) കമ്പനിയിലെ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ബിനാനിപുരം പോലീസും സിപിഎമ്മിലെയും സിപിഐയുടെയും നേതാക്കളും സിഎംആര്‍എല്‍ കമ്പനിയിലെ ജീവനക്കാരും ചേര്‍ന്നായിരുന്നു തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാരുടെ പരാതി.

സംഭവത്തെ കുറിച്ച് ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ചെയര്‍മാനും പെരിയാര്‍ പരിസ്ഥിതി കൂട്ടായ്മയുടെ കണ്‍വീനറുമായ എം എന്‍ ഗിരി അഴിമുഖത്തോട് പറഞ്ഞത് ഇതാണ്;

'ചൊവ്വാഴ്ച  (7-3-2017) രാവിലെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന വിഷ മാലിന്യമായ സിമോക്‌സ് ക്ലേ (കരിമണല്‍ സംസ്‌കരിച്ചു കഴിയുമ്പോഴുള്ള മാലിന്യം) ഏലൂരില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആപത്കരമായ മാലിന്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് സിമോക്‌സ് ക്ലേ. മാലിന്യം കൊണ്ടു വന്നവരെ പ്രദേശവാസികള്‍ തടഞ്ഞു. കമ്പിനിയുടെ ആളുകള്‍ പറഞ്ഞത് അത് മാലിന്യമല്ലെന്നും കൊച്ചി തുറമുഖത്തേക്ക് കൊണ്ട് പോകുന്ന സാധനങ്ങളാണെന്നുമാണ്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായപ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വരട്ടെയെന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസും സിപിഎം, സിപിഐ പാര്‍ട്ടിയില്‍ പെട്ട യൂണിയന്‍ നേതാക്കളും ചേര്‍ന്ന് മാലിന്യ വാഹനം തടഞ്ഞവരെ മര്‍ദിക്കുകയായിരുന്നു. പെരിയാര്‍ പരിസ്ഥിതി കൂട്ടായ്മയിലെ ആളുകളായിരുന്നു മാലിന്യ വാഹനം തടയുന്നതിന് നേതൃത്വം നല്‍കിയത്. ഇതിനുശേഷം ഏഴോളം നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും ചെയ്തു.


മാലിന്യ വാഹനത്തിനെതിരെ നടന്ന പ്രതിഷേധം; എം എന്‍ ഗിരി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ

വണ്ടി തടയുന്നവരുടെ കൂട്ടത്തില്‍ ഇല്ലാതിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നില്‍ സംഭവത്തെ വര്‍ഗ്ഗീയവത്കരിക്കുകയെന്ന ഗൂഡോദ്ദേശമാണ് കമ്പനിയ്ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസിനും യൂണിയന്‍ നേതാക്കള്‍ക്കും. കമ്പനിക്കും അവര്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കും എതിരെ നിലപാടുകള്‍ എടുക്കുന്നവരെ കപട പരിസ്ഥിതി വാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തുകയാണ്.

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത ഏഴു പേര്‍ക്കും ജാമ്യം നല്‍കാന്‍ പൊലീസ് തയ്യാറായത്. വണ്ടി തല്ലിപൊളിച്ചുവെന്ന കമ്പനിയുടെ കള്ളക്കേസിലാണ് പോലീസ് നടപടിയെടുത്തത്. അറസ്റ്റ് ചെയ്തവരില്‍ ഒരു കുടുംബത്തില്‍ പിതാവും മക്കളുമുള്‍പ്പടെ മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പിതാവ് ഈ വിഷയത്തില്‍ ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു.

സിമോക്‌സ് ക്ലേ പോലുള്ള മാലിന്യങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മാരക വിഷങ്ങളടങ്ങിയവയാണ്. കരിമണല്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന മറ്റ് പദാര്‍ത്ഥങ്ങളില്‍ ഈ സിമോക്‌സ് അത്യന്തം അപകടകരമാണ്. ഇതുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രിമാര്‍ക്കും പരിസ്ഥിതി മന്ത്രാലായത്തിനും പരാതി നല്‍കിയിരുന്നു. ഈ കമ്പിനി പൂട്ടണമെന്നുള്ള അഭിപ്രായക്കാരല്ല ഞങ്ങള്‍. പരിസ്ഥിതിക്ക് ദോഷകരമായ കാര്യങ്ങളെയാണ് എതിര്‍ക്കുന്നത്. അത്തരം കാര്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നാളുകളായി ഈ കമ്പനി വിഷമാലിന്യങ്ങള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടുപോയി തള്ളുകയാണ്. പാലക്കാട് മുതലമട ഇതിന് ഉദാഹരണമാണ്. സിഎംആര്‍എല്‍ കമ്പനിയുടെ ഉടമ ശശിധരന്‍ കര്‍ത്താവ് ഉന്നത സ്വാധീനമുള്ള വ്യക്തിയാണ്. മന്ത്രി സി രവീന്ദ്രനാഥിന്റെ ബന്ധു കൂടിയായ കര്‍ത്താവ് പെരിയാര്‍ ഉള്‍പ്പടെയുള്ള നദികളും പ്രദേശങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.'


                                   മാലിന്യ വാഹനം തടയാന്‍ വന്നവരെ ആക്രമിക്കുന്നു

പെരിയാറിന്റെ തീരത്തെ അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് നദിയുടെ നാശത്തിലേക്കുള്ള കാരണമെന്ന രീതിയിലാണ് കമ്പനി മുതലാളിമാരുടെ ഒത്താശയോടെ പലരും പ്രചരിപ്പിക്കുന്നത്. അറവുമാലിന്യങ്ങള്‍ ജൈവമാണെന്നും അവ മണിക്കൂറുകള്‍ക്കകം മത്സ്യങ്ങള്‍ ഭക്ഷിച്ചും ദിവസങ്ങള്‍ക്കകം സ്വയം പരിവര്‍ത്തിക്കപ്പെട്ടും ഇല്ലാതാകും. എന്നാല്‍ രാസമാലിന്യങ്ങള്‍ അങ്ങനെയല്ലെന്നുമാണ് പാരിസ്ഥിതി വാദികള്‍ പറയുന്നത്. സിഎംആര്‍എല്‍ ഉള്‍പ്പടെയുള്ള വ്യവസായ ശാലകളിലെ മാലിന്യങ്ങള്‍ കാലമേറെച്ചെന്നാലും നശിക്കാത്തതും പാരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്ന രാസവിഷങ്ങളും ഘനലോഹങ്ങളുമാണെന്നും ഇവര്‍ പറയുന്നു.

Next Story

Related Stories