TopTop
Begin typing your search above and press return to search.

കോള്‍ഗേറ്റ് അഥവാ വില്ലന്‍മാരുടെ ഗ്യാലറി- കോള്‍ കഴ്സിന്‍റെ സംവിധായകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു

കോള്‍ഗേറ്റ് അഥവാ വില്ലന്‍മാരുടെ ഗ്യാലറി- കോള്‍ കഴ്സിന്‍റെ സംവിധായകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു

പരഞ്ചോയ് ഗുഹ തകുര്‍ത്ത

1993നും 2010നും ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 218 കല്‍ക്കരിപ്പാടങ്ങളില്‍ നാലെണ്ണം ഒഴികെ ബാക്കി എല്ലാത്തിന്റെയും അനുമതി റദ്ദാക്കാനുള്ള ഇന്ത്യന്‍ സുപ്രീം കോടതിയുടെ സെപ്തംബര്‍ 24-ആം തീയതിയിലത്തെ തീരുമാനം ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ദൂര വ്യാപക ഫലങ്ങള്‍ ഉളവാക്കും.

ആഭ്യന്തരമായി ഖനനം ചെയ്യുന്ന കല്‍ക്കരിയുടെ വിതരണത്തില്‍ ഹൃസ്വകാലത്തേക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുമെന്ന് മാത്രമല്ല, വൈദ്യുതി ഉല്‍പാദനത്തിനെ പ്രതികൂലമായി ബാധിക്കാതിരിക്കണമെങ്കില്‍ സ്വാഭാവികമായും കല്‍ക്കരി ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടിയും വരും. പക്ഷെ അഴിമതി നിറഞ്ഞതും അങ്ങേയറ്റം വൃത്തിഹീനവുമായ രീതിയിലുമുള്ള രാജ്യത്തെ കല്‍ക്കരി ഖനനമേഖലയെ ശുദ്ധീകരിക്കാനുള്ള ഒരവസരമാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നത്.

പക്ഷെ ഇത് സംഭവിക്കുകയും ഇന്ത്യന്‍ രീതിയിലുള്ള ചങ്ങാത്ത മുതലാളിത്തത്തിന് ഒരു പ്രഹരം ഏല്‍പ്പിക്കുകയും ചെയ്യണമെങ്കില്‍, കല്‍ക്കരി കവാടം എന്ന് മാധ്യമങ്ങള്‍ വിളിയ്ക്കുന്ന സംവിധാനത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന വ്യക്തിഗത കമ്പനികളുടെയും അവരുടെ പ്രചാരകരുടെയും അവരില്‍ നിന്നും സൗജന്യങ്ങള്‍ കൈപ്പറ്റുന്ന രാഷ്ട്രീയക്കാരുടെയും പേരുകള്‍ സ്വാഭാവികമായും കണ്ടെത്തെണ്ടേയിരിക്കുന്നു.

കല്‍ക്കരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഇത് ആദ്യമല്ല എന്നത് ഇവിടെ ഊന്നി പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍, ഈ രാജ്യത്തിന്റെ രാഷ്ട്രീയ സമ്പദ് ശരീരത്തെ ബാധിച്ചിരിക്കുന്ന എല്ലാ വൃണങ്ങളുടെയും പ്രതിഫലനമാണ് ഇന്ത്യയിലെ കല്‍ക്കരി വ്യവസായം.

സ്വകാര്യ ഖനന കമ്പനികള്‍ നടത്തുന്ന അശാസ്ത്രീയ ഖനന പ്രക്രിയയെ കുറിച്ചും മനുഷ്യത്വരഹിതമായ തൊഴിലാളി ചൂഷണങ്ങളെയും കുറിച്ചുള്ള തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1970കളുടെ തുടക്കത്തില്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കല്‍ക്കരി ഖനനം ദേശസാല്‍ക്കരിച്ചു.

എന്നാല്‍, നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ തടയാന്‍ ദേശസാല്‍ക്കരണത്തിന് സാധിച്ചില്ല. കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നതിനായി, പ്രാദേശിക ജനവിഭാങ്ങള്‍ തങ്ങളുടെ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളും സമ്പന്നമായ വനഭൂമികളും അവരുടെ സമ്മതമില്ലാതെ തന്നെ ഏറ്റെടുത്തു.ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് തന്നെ സുപ്രീം കോടതി 218 കല്‍ക്കരി പാടങ്ങള്‍ക്ക് നല്‍കി അനുമതി നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ടിരുന്നു. ഇവയില്‍ അധികവും ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന സമയത്ത് അനുവദിച്ചതാണ്.

214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കാനുള്ള വിധി സ്വാഭാവികമായും വ്യവസായ സംഘടനകളുടെയും ധനകാര്യ മാധ്യമങ്ങളിലെ മുഖപ്രസംഗമെഴുത്തുകാരുടെയും പിങ്ക് പ്രെസ്സിന്റെയും കോപത്തിന് പാത്രമായി.

നിശ്ചത കമ്പനികള്‍ നിയന്ത്രിത കല്‍ക്കരി ഖനനം ഉപേക്ഷിക്കേണ്ടി വരും എന്ന് മാത്രമല്ല അനധികൃതമായി ഖനനം ചെയ്യുന്ന ഓരോ ടണ്‍ കല്‍ക്കരിക്കും295 രൂപ പിഴ കൂടി അടയ്ക്കണം എന്ന് ഉത്തരവില്‍ പറഞ്ഞ സ്ഥിതിക്ക് ഈ കോപം പ്രതീക്ഷിക്കാവുന്നതാണ്. ഈ പിഴ വഴി സര്‍ക്കാരിന് 10,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുപ്രീം കോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രണ്ട് കമ്പനികളെയാണ്. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം നവീന്‍ ജിന്‍ഡാലിന്റെയും അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെയും നിയന്ത്രണത്തിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍) ആണ് ഇതില്‍ ആദ്യത്തേത്; കുമാര മംഗലം ബിര്‍ല നേതൃത്വത്തിലുള്ള ബിര്‍ല ഗ്രൂപ്പിന്റെ ഭാഗമായ ഹിന്‍ഡാല്‍കോ (നേരത്തെ ഹിന്ദുസ്ഥാന്‍ അലൂമിനിയം) ഇന്‍ഡസ്ട്രീസ് ആണ് രണ്ടാമത്തെ കമ്പനി. ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കല്‍ക്കരി ഖനനം ദേശസാല്‍ക്കരിച്ചപ്പോള്‍ അതിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ഉരുക്ക് വകുപ്പ് മന്ത്രി മോഹന്‍ കുമാര മംഗലത്തിന്റെയും കുമാര്‍ മംഗലം ബിര്‍ലയുടെയും പേരുകള്‍ തമ്മിലുള്ള സാമ്യം കൗതുകരമായ വൈരുദ്ധ്യമാണ്.

ഹിന്‍ഡാല്‍കോ 600 കോടി രൂപയെങ്കിലും പിഴയൊടുക്കേണ്ടി വരുമ്പോള്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ഇതിനായി 1,800 കോടിയെങ്കിലും കണ്ടത്തേണ്ടി വരും. ഈ കമ്പനികള്‍ സുപ്രീം കോടതി വിധിക്കെതിരെ അപ്പില്‍ പോകുമോ എന്നത് കണ്ടറിയാനിരിക്കുന്ന കാര്യമാണ്.ഈ രണ്ട് കമ്പനികളെ കൂടാതെ മോണറ്റ് ഇസ്പാറ്റ്, ഉഷ മാര്‍ട്ടിന്‍ തുടങ്ങിയ കമ്പനികളെയും സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കും. അദാനി, എസ്സാര്‍, ജീവികെ, വേദാന്ത, സ്റ്റെര്‍ലൈറ്റ് എന്നിവയാണ് അനുമതി റദ്ദ് ചെയ്യപ്പെട്ട മറ്റ് കമ്പനികള്‍. ഭാഗ്യം കടാക്ഷിച്ച ഒരു കമ്പനി അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവറാണ്. കമ്പനിയുടെ മധ്യപ്രദേശിലെ സെസാനിലുള്ള വന്‍കിട ഊര്‍ജ്ജശാലയ്ക്ക് വേണ്ടിയുള്ള രണ്ട് കല്‍ക്കരി പാടങ്ങളുടെ അനുമതി റദ്ദാക്കിയിട്ടില്ല.

ആന്ധ്ര പ്രദേശിലെ ഒരു സിനിമ നിര്‍മാതാവ് കൂടിയായ മുന്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രി ദാസി നാരായണ റാവുവിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുമായി നവീന്‍ ജിന്‍ഡാല്‍ നേതൃത്വം നല്‍കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നുള്ളതായിരുന്നു കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച നിരവധി ക്രമിനല്‍ കേസുകളില്‍ ഒന്ന്. പരസ്പര വിനിമയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഇടപാടുകളാണ് ഇരു ഗ്രൂപ്പുകളും തമ്മിലുള്ളതെന്ന് ആരോപണങ്ങള്‍ നിലവിലുണ്ട്.

കല്‍ക്കരി ഖനനാനുമതി നേടിയെടുത്ത സ്വകാര്യ കമ്പനികളുടെ ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്ന മറ്റ് നിരവധി പ്രമുഖ വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

COAL CURSE: പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രം
കല്‍ക്കരി കുംഭകോണം: നാള്‍വഴികള്‍
കേന്ദ്രത്തിന് അടിച്ചത് ബമ്പര്‍ ലോട്ടറി

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകരായ പത്രമുതലാളിയും നാഗ്പൂര്‍ എം പിയുമായ വിജയ് ദാര്‍ദ, അദ്ദേഹത്തിന്റെ സഹോദരനും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ രാജേന്ദ്ര ദാര്‍ദ, ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെ മുന്‍ സഹമന്ത്രി സുബോധ് കാന്ത് സഹായ്, കല്‍ക്കരി വകുപ്പിന്റെ മുന്‍ സഹമന്ത്രിമാരായിരുന്ന ശ്രീ പ്രകാശ് ജയ്‌സ്വാള്‍, സന്തോഷ് ബാഗ്രോഡിയ (കല്‍ക്കാരി ഖനനാനുമതി ലഭിച്ച ഒരു കമ്പനിയുമായി ഇദ്ദേഹത്തിന്റെ സഹോദരന് ബന്ധമുണ്ട്) തുടങ്ങിയവര്‍ ഈ പ്രമുഖ വ്യക്തികളില്‍ ഉള്‍പ്പെടുന്നു.

ദാസരി നാരായണ റാവുവിന് പുറമെ കല്‍ക്കരി കവാടവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മറ്റൊരു രാഷ്ട്രീയ നേതാവ് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എസ് ജഗദരക്ഷകനാണ്. യുപിഎ സര്‍ക്കാരില്‍ ഇദ്ദേഹം വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും അവരുടെ സഖ്യകക്ഷിയായ ഡിഎംകെ പോലുള്ള പാര്‍ട്ടികളിലും മാത്രം ഒതുങ്ങുന്നില്ല. മുന്‍ പാര്‍ട്ടി അധ്യക്ഷനും ഇപ്പോള്‍ ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ അടുത്ത ആളും ഭാരതീയ ജനത പാര്‍ട്ടിയുടെ രാജ്യസഭ എംപിയുമായ അജയ് സാഞ്ചെറ്റിയുമായി ബന്ധമുള്ള ഒരു കമ്പനിയും കല്‍ക്കരി ഖനനാനുമതി ലഭിച്ചവയില്‍ പെടുന്നു.

നിയന്ത്രിത കല്‍ക്കരി ഖനനത്തിന് അനുമതി ലഭിച്ച നല്ലൊരു വിഭാഗം കമ്പനികള്‍ക്കും ഊര്‍ജ്ജ, സ്റ്റീല്‍, സിമന്റ് ഉത്പാദനവുമായി യാതൊരു ബന്ധവുമില്ല. ഇവയില്‍ ചില കമ്പനികള്‍ ഗുഡ്കയും സിഡികളും നിര്‍മ്മിക്കുന്നവയാണ്!

കല്‍ക്കരി ഖനനാനുമതി റദ്ദാക്കപ്പെട്ടതോടെ തങ്ങളുടെ പ്രവര്‍ത്തനരഹിത ആസ്തിയുടെ - കടം തിരിച്ചടയ്ക്കാത്തിന് വിളിക്കപ്പെടുന്ന ചെല്ലപ്പേര്- അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ യൂക്കോ ബാങ്കിനെ (മുമ്പ് യുണൈറ്റഡ് കൊമേഷ്‌സ്യല്‍സ്) കൂടാതെ ഐഡിബിഐ (മുന്‍ ഇന്ത്യയുടെ വ്യവസായ വികസന ബാങ്ക്), ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ഉള്‍പ്പെടുന്നു.

കല്‍ക്കരി ഖനനാനുമതി റദ്ദാക്കുന്നത് വഴി നിര്‍ണായക അടിസ്ഥാന സൗകര്യമേഖലകളില്‍ താല്‍ക്കാലിക പ്രതിസന്ധികള്‍ ഉടലെടുക്കുമെങ്കിലും, ഇവിടെ ഒരു നിയമ വാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് രാഷ്ട്രീയക്കാരെയും അവരുടെ വ്യവസായ ലോകത്തുനിന്നുള്ള ചങ്ങാതിമാരെയും ഓര്‍മ്മിപ്പിക്കാന്‍ ഇന്ത്യയുടെ ഉന്നത നീതിപീഠത്തിന്റെ തീരുമാനം സഹായിക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

ഇന്ത്യയുടെ അടിയന്തിര ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കല്‍ക്കരി അനിവാര്യമാണ്. രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും (പകുതിയില്‍ കൂടുതലും മൂന്നില്‍ രണ്ടിന് തൊട്ടുതാഴെയും) ഉത്പാദിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം അതിനാണ്. ഉരുക്ക്, സിമന്റ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ കല്‍ക്കരി നിര്‍ണായകമാണ്.താരതമ്യേന കുറഞ്ഞ ഗുണമേന്മയുള്ളതാണെങ്കിലും വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യ സമീപകാലങ്ങളില്‍ അതിന്റെ മൊത്തം ആവശ്യകതയുടെ നാലില്‍ ഒന്നു മുതല്‍ അഞ്ചില്‍ ഒന്ന് ശതമാനം വരെ ഇറക്കുമതി ചെയ്യുകയാണ്.

പൊതു ഖജനാവിന്റെ ചിലവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ലാഭം കൊയ്യാന്‍ സാധിക്കുന്ന തരത്തില്‍ സ്വേച്ഛാപരവും സുതാര്യമല്ലാത്ത രീതിയിലുമാണ് നിയന്ത്രിത കല്‍ക്കരി ഖനനത്തിനുള്ള അനുമതി മിക്ക കമ്പനികള്‍ക്കും 'സ്‌ക്രീനിംഗ് കമ്മിറ്റികള്‍' നല്‍കിയതെന്ന് 2012ആഗസ്റ്റില്‍ സിഎജി വെളിപ്പെടുത്തിയിരുന്നു.

നിസാര വിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുക വഴി ഭീമാകാരം എന്ന് വിശേഷിപ്പിക്കാവുന്ന 1.8 ലക്ഷം കോടി രൂപയുടെ അഥവ 33 മില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് രാജ്യത്തിന് വരുത്തി വച്ചതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സിഎജിയുടെ കണ്ടെത്തലുകളെ ചവറെന്ന് വിശേഷിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം സിഎജിയുടെ കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവെക്കുകയും അതിന്റെ നിലപാടുകളെ ന്യായീകരിക്കുകയും ചെയ്തു.

മത്സരാധിഷ്ടിത പരസ്യ ലേലത്തിലൂടെ സുതാര്യമായ രീതിയില്‍ കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു 2004ല്‍ അധികാരത്തില്‍ വന്നയുടനെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്‍കിയ നിര്‍ദ്ദേശം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ആറു വര്‍ഷം വേണ്ടി വന്നു. രണ്ട് വര്‍ഷത്തിന് ശേഷം പുതിയ നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ കല്‍ക്കരി ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്തെങ്കിലും നിയമപരമായ ഒരു നിയന്ത്രണ അതോറിറ്റി രൂപീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ട അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ അഴിമതിയുടെ അടിസ്ഥാനത്തില്‍ തോന്നിയ പോലെ പതിച്ചു നല്‍കുന്നതിന് മുമ്പ് അധികാര സ്ഥാപനങ്ങളും അധികാരികളും ഒന്നറയ്ക്കുമെന്ന് നമുക്കിനിയെങ്കിലും പ്രതീക്ഷിക്കാമോ?

(ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു.)


Next Story

Related Stories