TopTop
Begin typing your search above and press return to search.

കല്‍ക്കരി കുംഭകോണം: നാള്‍വഴികള്‍

കല്‍ക്കരി കുംഭകോണം: നാള്‍വഴികള്‍

ടീം അഴിമുഖം

ജൂലൈ 1992
: നിയന്ത്രിത ഖനനത്തിനുള്ള സ്വകാര്യ ഉര്‍ജ്ജ കമ്പനികളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഒരു സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കേന്ദ്ര കല്‍ക്കരി മന്ത്രാലയം ഉത്തരവിട്ടു. ഊര്‍ജ്ജ, സ്റ്റീല്‍ കമ്പനികളുടെ വന്‍കിട പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം.

1993നും 2005നും ഇടയില്‍ 70ഉം, 2006ല്‍ 53ഉം, 2007ല്‍ 52ഉം, 2008ല്‍ 24ഉം, 2009ല്‍ 16ഉം, 2010ല്‍ ഒന്നും എന്ന കണക്കില്‍ 1993നും 2010നും ഇടയില്‍ 218 കല്‍ക്കരി പാടങ്ങളാണ് അനുവദിക്കപ്പെട്ടത്.

മാര്‍ച്ച് 2012: അനുമതി ലഭിച്ചവര്‍ക്ക് വിതരണ പ്രക്രിയ വഴി 10.7 ട്രില്യണ്‍ രൂപയുടെ ലാഭമാണുണ്ടായതെന്ന് സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012ആഗസ്റ്റില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇത് 1.76 ട്രില്യണ്‍ രൂപയായി കുറച്ചു. 2006 മുതല്‍ കല്‍ക്കരി പാടങ്ങളുടെ നിയന്ത്രിത ഖനനത്തിനുള്ള അവകാശം ലേലം ചെയ്യാന്‍ സര്‍ക്കാരിന് നിയമപരമായ അനുമതിയുണ്ടായിട്ടും അങ്ങനെ ചെയ്തില്ലെന്നും ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാര്‍ച്ച്-ഒക്ടോബര്‍ 2012: കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചത് വഴി നിരവധി രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും നേരിട്ടോ അല്ലാതെയോ ഉള്ള പാരിതോഷികങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു. സുബോധ് കാന്ത് സഹായി, നവീന്‍ ജിന്‍ഡാല്‍, എസ് ജഗദ് രക്ഷകന്‍, പ്രേം ചന്ദ് ഗുപ്ത, അജയ് സാഞ്ചൈറ്റി തുടങ്ങിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.മേയ് 31, 2012: ഹന്‍സ്രാജ് അഹിര്‍, പ്രകാശ് ജാവേദ്കര്‍ എന്നീ ബിജെപി എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിതരണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ ദേശീയ വിജിലന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു. ഇതോടൊപ്പം ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 2012: പാടങ്ങളുടെ വിതരണം സംബന്ധിച്ച പ്രക്രിയയെ കുറിച്ച് പുനഃപരിശോധിക്കുന്നതിനായി ഒരു അന്തര്‍-മന്ത്രാലയ സമിതിക്ക് കല്‍ക്കരി മന്ത്രാലയം രൂപം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പുനര്‍ വിതരണം നടത്തുകയോ അല്ലെങ്കില്‍ ബാങ്ക് ഗ്യാരന്റി കണ്ടുകെട്ടുകയോ ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 80 കല്‍ക്കരി പാടങ്ങള്‍ തിരിച്ചെടുക്കുകയും 42 കമ്പനികളുടെ ബാങ്ക് ഗ്യാരന്‍റി കണ്ടുകെട്ടുകയും ചെയ്തു.

ആഗസ്റ്റ് 17, 2012: അന്തിമ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു.

സെപ്റ്റംബര്‍,2012: കല്‍ക്കരി പാട വിതരണം സംബന്ധിച്ച സിബിഐ അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന് കീഴിലാവുന്നു.

മാര്‍ച്ച്, 2013: സിബിഐയുടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി പങ്കുവയ്ക്കരുതെന്ന് സിബിഐ തലവന്‍ രഞിത് സിംഹിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുന്നു.

ഏപ്രില്‍ 23, 2013: വിതരണ പ്രക്രിയയെ പാര്‍ലമെന്ററി സ്റ്റാറ്റിംഗ് കമ്മിറ്റി അതിരൂക്ഷമായി വിമര്‍ശിക്കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തോന്നിയ പോലെയാണ് 1993നും 2008നും നല്‍കിയ അനുമതികളെന്ന് വിലയിരുത്തിയ കമ്മിറ്റി, സംസ്‌കരിക്കാത്ത കല്‍ക്കരി പാടങ്ങളെല്ലാം തിരിച്ചു പിടിയ്ക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. പ്രക്രിയയില്‍ ഇടപെട്ടവരെയെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.ഏപ്രില്‍ 26, 2013: അന്നത്തെ നിയമ മന്ത്രി അശ്വനി കുമാറുമായി അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തതായി സിബിഐ ഡയറക്ടര്‍ രഞിത് സിംഗ് വെളിപ്പെടുത്തുന്നു.

മേയ് 10, 2013: അശ്വനി കുമാര്‍ രാജി വയ്ക്കുന്നു. നവീന്‍ ജിന്‍ഡാലിനും ദാസരി നാരായണ റാവുവിനും എതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു.

ഒക്ടോബര്‍ 16, 2013: വ്യവസായി കുമാരമംഗലം ബിര്‍ലയ്ക്കും മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിനുമെതിരെ സിബിഐ എഫ്‌ ഐ ആര്‍ സമര്‍പ്പിക്കുന്നു.

ഏപ്രില്‍ 14, 2014: അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധികാര പരിധിയില്‍ മുന്‍ കല്‍ക്കരി മന്ത്രിമാരായ ഷിബു സോറനും ദാസരി നാരായണ റാവുവും കൈകടത്തിയതായി പരേഖ് തന്റെ പുസ്തകത്തില്‍ ആരോപിക്കുന്നു. കല്‍ക്കരി പാടങ്ങളുടെ ലേലത്തില്‍ തുറന്ന മത്സരാധിഷ്ടിത ടെണ്ടര്‍ രീതി സ്വീകരിക്കാനുള്ള നീക്കത്തെ, വ്യവസായി നവീന്‍ ജിണ്ടാലിന്റെ പിന്തുണയോടെ ഇരു മന്ത്രിമാരും ചേര്‍ന്ന് തുരങ്കം വച്ചതായി അദ്ദേഹം എഴുതി.

ജൂലൈ 2014: കല്‍ക്കരി പാട അനുമതി സംബന്ധിച്ച എല്ലാ കേസുകളും പരിഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക സിബിഐ കോടതിക്ക് രൂപം നല്‍കുന്നു.

ആഗസ്റ്റ് 25, 2014: ബിര്‍ലയ്ക്കും പരേഖിനും എതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിക്കുന്നു.

സെപ്റ്റംബര്‍ 24, 2014: കോടതി നിയമവിരുദ്ധം എന്ന് കണ്ടെത്തിയ 218 പാടങ്ങളില്‍ 214 എണ്ണത്തിന്റെ അനുമതി റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അള്‍ട്രാ മെഗാ വൈദ്യുതി പദ്ധതിക്കായി വിട്ടുകൊടുത്ത രണ്ട് പാടങ്ങളും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ താപോര്‍ജ്ജ കോര്‍പ്പറേഷന്‍ എന്നിവയ്ക്കായി വിട്ടു കൊടുത്ത ഓരോ പാടങ്ങളുമാണ് ഒഴിവാക്കിയിരിക്കുന്നത്.


Next Story

Related Stories