TopTop

അനീതിയുണ്ടാകാം; പക്ഷേ പിഴവുകളുടെ ചരിത്രം നാം എത്രനാള്‍ ചികയും?

അനീതിയുണ്ടാകാം; പക്ഷേ പിഴവുകളുടെ ചരിത്രം നാം എത്രനാള്‍ ചികയും?

കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഒരുത്തരവിലൂടെ സുപ്രീംകോടതി, 1993 മുതല്‍ വിവിധ കമ്പനികള്‍ക്കായി നല്കിയ 218 കല്‍ക്കരിപ്പാട അനുമതികളില്‍ 214 എണ്ണവും റദ്ദാക്കിയിരിക്കുന്നു. എന്നാല്‍ തങ്ങള്‍ ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയോളം ഇതിലെല്ലാമായി നിക്ഷേപിച്ചിരുന്നു എന്നാണ് കമ്പനികള്‍ അവകാശപ്പെട്ടത്.കോടതി വിധിയാണ്, അതുകൊണ്ട് തന്നെ ഇതില്‍ രണ്ടു വഴികളില്ല: എന്തൊക്കെ പ്രത്യാഘാതങ്ങളും ചെലവും നേരിട്ടാലും രാജ്യത്ത് നിയമം നടപ്പാകണം. പക്ഷേ ഒരു രാജ്യം എന്ന നിലയിലും ഈ രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന അധികൃതരില്‍നിന്നും ഉത്തരം തേടുന്ന നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.കോടതി വിധിയുടെയോ അല്ലെങ്കില്‍ അന്വേഷണത്തിന്റെ ഫലമായോ നാല് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ഗോവ, ഝാര്‍ഖണ്ട്, ഒഡീഷ) നിരവധി ഇരുമ്പയിര്, മാംഗനീസ് അയിര് ഖനികള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. 122 ടെലികോം അനുമതികള്‍ കോടതി റദ്ദാക്കിയിട്ടും അധികകാലമായില്ല.

വാസ്തവം പറഞ്ഞാല്‍ വ്യാപാരവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടി അടച്ചുപൂട്ടി എന്നാണ് ഇതിന്റെ ഫലം. ഇത് പലരേയും ബാധിക്കും- അവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍, നിക്ഷേപകര്‍, പിന്നെ അവര്‍ക്ക് പണം വായ്പ നല്കിയ ബാങ്കുകള്‍ ഒക്കെ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നവരാണ്.രാജ്യത്തെ ഏറ്റവും മികച്ച ചില ഇരുമ്പയിര് ഖനികള്‍ പ്രത്യേക ലേലംവിളിയൊന്നും കൂടാതെ ഒരു നൂറ്റാണ്ടു മുമ്പ് ടാറ്റക്ക് നല്കി. ടാറ്റയും ബിര്‍ലയുമൊക്കെ മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നുമുള്ള മത്സരം നേരിടാതെ ഗുണമനുഭവിച്ചവരാണ്. അല്ലെങ്കില്‍ സര്‍ക്കാരുകള്‍ ഒരു ചട്ടവും നോക്കാതെ പ്രകൃതി വിഭവങ്ങള്‍ അവര്‍ക്കായി തീറെഴുതി.പക്ഷേ അന്നത്തെക്കാലത്ത് വേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ടാറ്റ സ്റ്റീലിന് ഇവ നല്‍കിയതെങ്കില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അളവുകോല്‍ വച്ച് അവരുടെ പാട്ടങ്ങളെല്ലാം റദ്ദാക്കുകയല്ലെ യുക്തി? ഒരു നൂറ്റാണ്ടോളം സര്‍ക്കാര്‍ കനിഞ്ഞു നല്കിയ മികച്ച ഗുണനിലവാരമുള്ള ഇരുമ്പയിര് ഉപയോഗിച്ച് കുറഞ്ഞ വിലക്ക് ഉരുക്കുണ്ടാക്കി കൊയ്തെടുത്ത ലാഭത്തിന്റെ, അനര്‍ഹമായ ആനുകൂല്യത്തിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരുമായി പങ്കുവെക്കേണ്ടെ? അതും സുപ്രീംകോടതി പറഞ്ഞതുപോലെ മുന്‍കാലപ്രാബല്യത്തോടെ? അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം.അപ്പോള്‍, കാര്യങ്ങള്‍ മറ്റൊരു വഴിക്കും ചിന്തിച്ച് കൂടെ? എപ്പോഴാണ് ഇത്തരം നിയന്ത്രണ പ്രശ്നനങ്ങള്‍ ഉയര്‍ന്നുവരിക എന്നു ആര്‍ക്കും അറിയില്ലെങ്കില്‍ എങ്ങനെയാണ് വ്യാപാരം നടത്തുക? ആഗോളീകൃത ലോകത്ത് മൂലധനത്തിന് അതിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്താനാകും. 2002-ല്‍ നിക്ഷേപം നടത്താനുള്ള തീരുമാനങ്ങള്‍ കുറ്റകൃത്യം എന്ന നിലയില്‍ പുന:പരിശോധിക്കണം എന്നു പറയുന്നു. അങ്ങനെയെങ്കില്‍, ഏതെങ്കിലുമൊരു കച്ചവടക്കാരനെ സഹായിക്കാന്‍ ബജറ്റില്‍ നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ (1987-ല്‍ അല്ലെങ്കില്‍ 1990 എന്നു കരുതാം) സര്‍ക്കാരിപ്പോള്‍ ആ കമ്പനിയോട് അന്നത്തെ ആനുകൂല്യങ്ങള്‍ പങ്കുവെക്കാന്‍ പറയുമോ? പതിറ്റാണ്ടുകളായി ഇത്തരം ആനുകൂല്യങ്ങള്‍ നല്കിയ ഉദ്യോഗസ്ഥരും മന്ത്രിമാരുമോ? അവര്‍ക്കെതിരെയും നടപടിയെടുക്കേണ്ടെ?

ഒരു ഖനനാനുമതിക്കായി സാധാരണ വഴികളിലൂടെ അപേക്ഷിച്ച ഒരു കമ്പനിയുടെ ഭാഗത്തുനിന്നും ഈ വിഷയത്തെ നോക്കിക്കാണണം. ഖനനാനുമതി നല്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു അവര്‍ക്കെങ്ങനെയാണ് അറിയാന്‍ കഴിയുക? ആ കമ്പനി കുറ്റകരമായി ഒരു ഒത്തുകളിയും നടത്തിയില്ലെങ്കില്‍, പിന്നെ മറ്റൊരാള്‍ കാട്ടിയ കുതന്ത്രങ്ങള്‍ക്ക് അവര്‍ എന്തിനാണ് പിഴയൊടുക്കുന്നത്? ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും നൂറുകണക്കിനു ഖനനാനുമതികള്‍ പുതുക്കിനല്‍കുന്നു. അപ്പോള്‍ കോടതി ഉത്തരവ് പ്രകാരം അടച്ച ഖനികളും തുറക്കാനാകും. ഇവയെല്ലാം അവരുടെ കടലാസുജോലികള്‍ ശരിക്കാണോ ചെയ്തതെന്ന് നമുക്കറിയുമോ? ഇല്ലെങ്കില്‍ ഈ പാട്ടങ്ങളെല്ലാം പിന്നീട് റദ്ദാക്കുമോ? അങ്ങനെ റദ്ദാക്കിയാല്‍ ഒരു കുറ്റവും തെളിഞ്ഞില്ലെങ്കിലും ഈ കമ്പനികളെ ശിക്ഷിക്കുമോ? ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തത് കമ്പനികളുടെ കുറ്റമാണോ?മുന്‍കാല കുറ്റകൃത്യങ്ങളെ പൊക്കിക്കൊണ്ടുവരുന്നത് അല്ലെങ്കില്‍ മുന്‍കാല അനീതികളെ തിരുത്തുന്നതിന്റെ കാലപ്പഴക്കത്തിന് പരിധി നിശ്ചയിക്കാന്‍ ഒരു നിയമം ആവശ്യമാണ്. ഇല്ലെങ്കില്‍ അത്തരം ശ്രമങ്ങളുടെ ഫലം തീര്‍ത്തും പരിഹാസ്യമാകും.അങ്ങനെയല്ലെങ്കില്‍ കോളനി ഭരണത്തിന്റെ കഷ്ടനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും നമുക്ക് ശതകോടികള്‍ (പണപ്പെരുപ്പം വെച്ചു നോക്കിയാല്‍ സഹസ്രകോടികള്‍ വരും) ആവശ്യപ്പെടാം. പഴയ അന്യായങ്ങള്‍ തിരുത്തുന്നതിന് കാലപരിധി വെക്കുന്നത് ഒരു പുതിയ ആശയമല്ല. ലോകത്ത് പലയിടത്തും, നികുതി നിയമത്തിലടക്കം, നിയമത്തിന്റെ പല മേഖലകളിലും അത് നിലവിലുണ്ട്. ഇന്ത്യ വലിയൊരു ചുഴിയിലാണ്. രാഷ്ട്രീയക്കാരുടെ സജീവ പിന്തുണയോടെയുള്ള ആശ്രിത മുതലാളിത്തവും പൌരസമൂഹവും തമ്മിലുള്ള മത്സരവും, അതിനെതിരെ പോരാടുന്ന ഒരു വിഭാഗം മാധ്യമങ്ങളും. കോടതികള്‍ മിക്കപ്പോഴും സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷത്താണ്. എന്തായാലും, എത്രകാലം ഇത്തരം പ്രത്യായന പരിപാടികള്‍ ഇന്ത്യന്‍ സമ്പദ് രംഗത്തിന് താങ്ങാന്‍ കഴിയും? എത്രകാലം നാം പിഴവുകള്‍ കണ്ടെത്താന്‍ ചരിത്രം തപ്പിക്കൊണ്ടിരിക്കും? ആരാണ്, എവിടെയാണ് ചരിത്രത്തില്‍ ലക്ഷ്മണരേഖ വരക്കുക? അതല്ലെങ്കില്‍ ജാതി വിവേചനങ്ങളും മതപ്രമാദങ്ങളും വര്‍ഗീയ കൂട്ടക്കൊലകളും നിറഞ്ഞ നമ്മുടെ വിവാദചരിത്രം കോടതി കയറിക്കൊണ്ടേയിരിക്കും.Next Story

Related Stories