TopTop
Begin typing your search above and press return to search.

ഇന്ന് കുടുങ്ങാന്‍ പോകുന്നത് മാധ്യമഭീമന്‍; നിരോധന ഉത്തരവ് നീക്കാന്‍ കോബ്ര പോസ്റ്റ്‌ കോടതിയില്‍

ഇന്ന് കുടുങ്ങാന്‍ പോകുന്നത് മാധ്യമഭീമന്‍; നിരോധന ഉത്തരവ് നീക്കാന്‍ കോബ്ര പോസ്റ്റ്‌ കോടതിയില്‍

ഇന്ന് മൂന്നു മണിക്കാണ് കോബ്ര പോസ്റ്റ് ആ വൻ വെളിപ്പെടുത്തൽ നടത്തുക. രാജ്യത്തെ രണ്ട് ഡസനോളം മാധ്യമസ്ഥാപനങ്ങൾ പണത്തിനു പകരം വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാമെന്ന്, ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി പ്രവർത്തകനെന്ന നാട്യത്തിൽ ചെന്ന കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകനോട് സമ്മതിക്കുന്നതാണ് പുറത്തു വിടാനിരിക്കുന്ന വീഡിയോകളിലുള്ളത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ പുറത്തുവിടുന്നത് തടഞ്ഞുകൊണ്ടുള്ള ഇൻജങ്ഷൻ ഓർഡർ സമ്പാദിക്കാൻ പ്രമുഖ മാധ്യമഗ്രൂപ്പായ ദൈനിക് ഭാസ്കറിന് വ്യാഴാഴ്ച കഴിഞ്ഞിരുന്നു.

കോബ്ര പോസ്റ്റിന്റെ ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ഒളികാമറ റിപ്പോര്‍ട്ടിങ്ങിലാണ് ദേശീയ മാധ്യമങ്ങൾ കുടുങ്ങിയത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ഒളികാമറ ഓപ്പറേഷനുകൾ വഴി പുറത്തു വരാനിരിക്കുന്നത് എന്നാണ് വിവരം. രാജ്യത്ത് ഹിന്ദുത്വ വോട്ട് ക്രോഡീകരണം സൃഷ്ടിക്കാൻ‌ ആത്മീയതയുടെ മറവിൽ വർഗീയ ധ്രുവീകരണം സാധ്യമാക്കുന്ന തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് പകരമായി പണം വാഗ്ദാനം ചെയ്താണ് കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകൻ ഇവരെ സമീപിച്ചത്.

മാർച്ച് മാസത്തിൽ കുറെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾ പണത്തിനു പകരം വ്യാജ വാർത്തയുണ്ടാക്കാമെന്ന് സമ്മതിക്കുന്ന വീഡിയോകൾ കോബ്ര പോസ്റ്റ് പുറത്തു വിട്ടിരുന്നു. ഇന്ന് മൂന്നു മണിക്ക് വാർത്താ സമ്മേളനം വിളിച്ച് പുറത്തു വിടുമെന്ന് പറയുന്ന വീഡിയോകൾ കൂടുതൽ ഗൗരവപ്പെട്ടതാകുന്നത് അതിലുൾപ്പെട്ട മാധ്യമങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമഗ്രൂപ്പുകളാണ് എന്നതിനാലാണ്.

എന്നാല്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ദൈനിക് ഭാസ്കറുമായി ബന്ധമുള്ള യാതൊരു വീഡിയോകളും പൊതുജനത്തിന് ലഭ്യമാകുന്ന വിധത്തിൽ പുറത്തു വിടരുതെന്നാണ് ജസ്റ്റിസ് വൽമികി ജെ മെഹ്ത ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇമെയിലുകളും ഫോൺ രേഖകളുമൊന്നും പുറത്തുവിടാൻ പാടില്ലെന്നും ഉത്തരവുണ്ട്. അതെസമയം തങ്ങളുടെ വാദങ്ങൾ കേൾക്കാതെയാണ് കോടതി ഇൻജങ്ഷൻ ഓർഡർ നൽകിയിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടി ദൈനിക് ഭാസ്കറിന് അനുകൂലമായുള്ള ഇൻജങ്ഷൻ ഓർഡർ നീക്കം ചെയ്തു കിട്ടാൻ കോബ്ര പോസ്റ്റ് ഇന്ന് കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ ഇൻജങ്ഷൻ ഓർഡർ നീക്കം ചെയ്തു കിട്ടിയില്ലെങ്കിൽ കോബ്ര പോസ്റ്റിന് വിവരങ്ങൾ പുറത്തു വിടാൻ സാധിക്കില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മാധ്യമസ്ഥാപനത്തിന്റെ വാർത്തയെ തടയാൻ മറ്റൊരു മാധ്യമസ്ഥാപനം ഇത്രയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.

ആരൊക്കെയാണ് ഈ വീഡിയോകളിലുള്ളത്?

ദൈനിക് ഭാസകർ ഗ്രൂപ്പിലെ പ്രമുഖരുമായി കച്ചവടം ഉറപ്പിക്കുന്നതിന്റെ വീഡിയോ ഇന്ന് പുറത്തു വരാനിരിക്കുന്നവയിൽ ഉണ്ടെന്നത് വ്യക്തമാണ്. ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വ്യക്തികളെ കണ്ടെത്താൻ 2017ൽ ഒരു പ്രമുഖ മാധ്യമം നടത്തിയ റാങ്കിങ്ങിൽ ഇരുപത്തിമൂന്നാം സ്ഥാനത്തെത്തിയ ആളാണ് ഈ ടേപ്പുകളിലൊന്നിൽ കുടുങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാപനമാണ് രാജ്യത്തെ പ്രമുഖമായ ഒരു സാഹിത്യസമ്മാനം നൽകുന്നത്. ഹിന്ദുത്വ അജണ്ടകളുള്ള കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു മാധ്യമത്തിൽ‌ ഇദ്ദേഹത്തിന്റെ ഗ്രൂപ്പിന് ഷെയറുണ്ട്. ഈ ഇംഗ്ലീഷ് പത്രം ഒരു മലയാള പത്രത്തോടൊപ്പം മസാലദോശയ്ക്കൊപ്പം വടയെന്ന പോലെ നമ്മുടെ വീടുകളിൽ പലതിലും എത്തിച്ചേരുന്നുണ്ട്.

രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ വ്യക്തിഹത്യ ചെയ്യുന്ന തരം പ്രചാരണങ്ങൾ നടത്താൻ പ്രിന്റ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങളെ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്, പുറത്തുവന്ന വീഡിയോകൾ പ്രകാരം, മാധ്യമസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, യുഎന്‍ഐ, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച്എന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് എന്നിവരുമായി കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകൻ സംസാരിക്കുന്ന വീഡിയോകളാണ് ഇതുവരെ പുറത്തുവന്നത്. ഇനി വരാനിരിക്കുന്നവർ വമ്പന്മാരാണ്.

ആരാണ് സ്റ്റിങ് ഓപ്പറേഷനുകൾ‌ നടത്തിയത്?

ആറ് കോടി രൂപമുതൽ 50 കോടി രൂപ വരെയാണ് ഓരോ മാധ്യമസ്ഥാപനങ്ങൾക്കും കോബ്ര പോസ്റ്റിന്റെ മാധ്യമപ്രവർത്തകൻ വാഗ്ദാനം ചെയ്തത്. പുഷ്പ ശർമ എന്ന ഈ മാധ്യമപ്രവർത്തകൻ സമീപിച്ച മാധ്യമസ്ഥാപനങ്ങളിലെ മേധാവികൾ തങ്ങളുടെ ആർഎസ്എസ് ബന്ധം തുറന്നു പറയുന്നുണ്ട്. ആചാര്യ അടൽ എന്ന, നാഗ്പൂരിലെ ആർഎസ്എസ് ഓഫീസുമായി നേരിട്ടു ബന്ധമുള്ള ഒരു ഹിന്ദുത്വ പ്രവർത്തകൻ എന്ന നിലയിലാണ് പുഷ്പ ശർമ ഇവരെയെല്ലാം സമീപിച്ചത്.

http://www.azhimukham.com/india-indianmedia-firms-ready-to-create-communalpolarisation-cobrapost/

http://www.azhimukham.com/jnu-students-protest-fellowship-rss/


Next Story

Related Stories