അഴിമുഖം പ്രതിനിധി
സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നതിന് കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് തന്നോട് മാപ്പുപറയണം എന്ന എംകെ രാഘവന് എംപിയ്ക്ക് കലക്ടറുടെ മറുപടി. മാപ്പ് ആവശ്യപ്പെട്ട എംപിയ്ക്ക് കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് കലക്ടര്‍ പരസ്യമായി മാപ്പുപറയണം എന്നായിരുന്നു എം.പിയുടെ ആവശ്യം. അല്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നെ ഭീഷണിയും എംപി ഉയര്‍ത്തിയിരുന്നു.
കലക്ടര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് തനിക്കെതിരെ ഉന്നയിക്കുന്നത്. സൈബര്‍ ലോകത്തോടല്ല, ജനങ്ങളോടാണ് തനിക്കു കൂറ്. വിശദീകരണം ആവശ്യപ്പെട്ടു നല്കിയ കത്തിനു മറുപടി നല്‍കാതെ കലക്ടര്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണ്. പിആര്‍ഡിയെയും കലക്ടര്‍ ദുരുപയോഗം ചെയ്തു എന്നുള്ള രൂക്ഷമായ ആരോപണങ്ങള്‍ ആണ് കഴിഞ്ഞ ദിവസം എംപി ഉയര്‍ത്തിയത്.