TopTop
Begin typing your search above and press return to search.

ഒരു കൊളംബിയന്‍ കമ്യൂണിസ്റ്റ് ഗറില്ലയുടെ 20 വര്‍ഷത്തെ വന ജീവിതം

ഒരു കൊളംബിയന്‍ കമ്യൂണിസ്റ്റ് ഗറില്ലയുടെ 20 വര്‍ഷത്തെ വന ജീവിതം

നിക് മിറോഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“നിങ്ങള്‍ക്കെന്റെ തോക്ക് കാണണ്ടേ?,” യൂര്‍ലി മോണ്ടോസ 90 മിനിറ്റ് നീണ്ട ഞങ്ങളുടെ സംഭാഷണത്തിനിടെ ചോദിച്ചു.

ഇത് ഒരു കാപ്പികുടിക്കാന്‍ വിളിക്കുന്നതിന്റെ ഗറില്ലാ പതിപ്പാണ്.

കൊളംബിയയിലെ ഇടതുപക്ഷ വിമത പോരാളി സംഘം FARC-യുടെ അവസാന ഒത്തുകൂടലിനായി വിമത നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഞങ്ങള്‍. അരനൂറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ FARC-മായുള്ള സമാധാന ഉടമ്പടിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടെങ്കിലും ഞായറാഴ്ച്ച നടന്ന ഹിതപരിശോധനയില്‍ ഉടമ്പടി പരാജയപ്പെട്ടു. ഇനിയെന്ത് എന്നത് വലിയൊരു ചോദ്യമാണ്.

യൂര്‍ലെയേ പോലെ പലരും ആധുനിക ലോകത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. വര്‍ഷങ്ങളോളം മലകളിലും കാടുകളിലും അലഞ്ഞും, അരുവികളില്‍ കുളിച്ചും, താത്ക്കാലിക താവളങ്ങളില്‍ ഉറങ്ങിയുമാണ് അവര്‍ ജീവിച്ചത്.

ഒരു സമയയന്ത്രത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാളെ കാണുന്ന പോലെയാണ് യൂര്‍ലെയോട് സംസാരിക്കുമ്പോള്‍. അവര്‍ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല. സിനിമ കണ്ടിട്ടില്ല, സൈക്കിള്‍ ചവിട്ടിയിട്ടില്ല.

ഉത്തരങ്ങള്‍ പറയാനും അവള്‍ക്ക് വലിയ ശീലമില്ല. “എന്തുകൊണ്ടാണ് എന്നോടു ചോദിക്കുന്നത്?”

ജീവിതം മുഴുവന്‍ കാട്ടില്‍ കഴിഞ്ഞ ഒരാളെയാണ് ഞാന്‍ അന്വേഷിച്ചതെന്ന് ഞാന്‍ പറഞ്ഞു. തീരെ ചെറുപ്പക്കാരെയല്ല. ഏതാണ്ട് എന്റെ പ്രായത്തിലുള്ള-39- ഒരാളെ.

“എനിക്കു അത്ര പ്രായമായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” അവള്‍ ചോദിച്ചു.

20 വര്‍ഷം മുമ്പാണ് അന്ന് 14 വയസുണ്ടായിരുന്ന യൂര്‍ലെയ് വിമത സേനയില്‍ ചേര്‍ന്നത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അവള്‍ ആദ്യമായി ഒരു ഹെലികോപ്റ്ററില്‍ കയറുന്നത്. റെഡ് ക്രോസ് അയച്ചത്. ഹെലികോപ്റ്ററില്‍ കയറിയപ്പോള്‍ അതിലെ ജീവനക്കാരന്‍ പോരാളികള്‍ക്ക് ചെവിയില്‍ വെക്കാനുള്ള പഞ്ഞി നല്കി. ഒരാള്‍ അതെടുത്തു വായിലിട്ടു, അതൊരു മിഠായി ആണെന്ന് അയാള്‍ ധരിച്ചു.

“ഞാന്‍ ഹെലികോപ്റ്ററില്‍ കയറുന്നത് എന്നെ പിടികൂടുമ്പോള്‍ മാത്രമായിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്,” യൂര്‍ലെ പറഞ്ഞു.

ഒരു ബോംബ് പൊട്ടി കാല്‍ ഏതാണ്ട് തകര്‍ന്ന പോലെയായപ്പോഴാണ് അവള്‍ ഒരിക്കല്‍ മാത്രം നഗരത്തിലെത്തിയത്. കാട്ടില്‍ നിന്നും ഒരു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി, ബസില്‍ കയറി ബൊഗോട്ടയിലെത്തി. ഒരു അസ്ഥി ശസ്ത്രക്രിയാ വിദഗ്ദ്ധന് നല്കാന്‍ കൈനിറയെ കാശും.

“20 കൊല്ലം നീണ്ട യുദ്ധത്തില്‍ ജീവിതം ചെലവഴിക്കുക എന്നുവെച്ചാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?” ഇല്ലെന്നു ഞാന്‍ പെട്ടന്നു പറഞ്ഞു. “കടുപ്പമാണത്. ശരിക്കും കഠിനം”

7000 വരുന്ന FARC പോരാളികളില്‍ ഏറ്റവും തീക്ഷ്ണമായ ആക്രമണങ്ങള്‍ നടത്തുന്ന ‘Teofilo Forero’ വിഭാഗത്തിലാണ് യൂര്‍ലെയ്. അവളുടെ വലത്തുതുടയില്‍ ഒരു വെടിയുണ്ട തുളച്ചുകയറി, കഷ്ടിച്ചാണ് എല്ല് തകരാതെ പോയത്. മറ്റൊരു ബോംബാക്രമണത്തില്‍ വലത്തെ കര്‍ണപുടം തകര്‍ന്നു. അതുപോലെ 6 ബോംബാക്രമണങ്ങളില്‍ നിന്നും അവള്‍ രക്ഷപ്പെട്ടിരിക്കുന്നു.നിരവധി ദിവസങ്ങള്‍ ഒന്നും കഴിക്കാതിരിന്നിട്ടുണ്ട്. “പൊള്ളലുകള്‍ കാരണം നടക്കാന്‍ കഴിയാതെ വരും. പുറത്തുതൂക്കിയ സഞ്ചി ഉരഞ്ഞു തോല്‍ പറിഞ്ഞുപോരും. അല്ലെങ്കില്‍ ഒരു കുടുംബം പോലെ സ്നേഹിച്ച സഖാക്കളുടെ ശവശരീരങ്ങള്‍ക്ക് മുകളിലൂടെ കടന്നുപോകേണ്ടിവരും.”

മിക്ക ഒളിപ്പോരാളികളെയും പോലെ പ്രമാണങ്ങളുടെ ഭാഷയിലാണ് അവളും സംസാരിച്ചത്.

പക്ഷേ യൂര്‍ലെയ് ഒരു യന്ത്രമനുഷ്യനൊന്നുമല്ല. മറ്റേത് വനിതാ ഒളിപ്പോരാളികളെയും പോലെ അവളും തന്റെ മുഷിഞ്ഞ വേഷത്തില്‍ വലിയ കമ്മലുകളും കൈവളകളും നിറപ്പകിട്ടുള്ള തലേക്കെട്ടും അണിഞ്ഞിരിക്കുന്നു. തുള്ളിച്ചാടുന്ന തലമുടി നിറം പിടിപ്പിച്ചിട്ടുണ്ട്.

അവളുടെ കിടക്കസ്ഥലമായ ആ കമ്പില്‍ അവളുടെ എം‌പി5 യന്ത്രത്തോക്ക് തൂക്കിയിട്ടിരിക്കുന്നു. അരപ്പട്ടയില്‍ ഒരു 9എം‌എം കൈത്തോക്ക്.-Made in Israel- ഒരു സെല്‍ഫോണും.

എന്റെ കയ്യിലേക്ക് തോക്കു തന്നു. എണ്ണമയമാണ്. ഞാന്‍ എന്റെ ഐ ഫോണ്‍ കാണിച്ചുകൊടുത്തു. ചിത്രങ്ങളെടുക്കാം. ലോകത്തിന്റെ ഏതു ഭാഗത്തേക്കും അയക്കാം. അവള്‍ ഒരു നിമിഷം ആ സ്ക്രീനിലേക്ക് നോക്കി.

“എനിക്കിനി പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്,” അവള്‍ പറഞ്ഞു. ഈ കഷ്ടപ്പാടൊക്കെ അതിനു വേണ്ടിയായിരുന്നോ? ഞാന്‍ ചോദിച്ചു.മാര്‍ക്സിസ്റ്റ് വിമതര്‍ ഏറെനാളായി പോരാടിക്കൊണ്ടിരുന്ന വിപ്ലവകരമായ മാറ്റങ്ങളൊന്നും സമാധാന കരാറില്‍ ഇല്ല. പക്ഷേ ഒരിയ്ക്കലും വിശ്വസിക്കാതിരുന്ന ഒരു സര്‍ക്കാരില്‍ നിന്നും രാഷ്ട്രീയാവകാശങ്ങള്‍ നേടാന്‍ താനും സഹായിച്ചെന്നു യൂര്‍ലെയ് പറയുന്നു. അവള്‍ ക്ഷീണിതയാണ്, പക്ഷേ പശ്ചാത്താപമൊന്നുമില്ല.

ആഴ്ച്ചകള്‍ക്കുളില്‍ യൂര്‍ലെയും മറ്റ് പോരാളികളും ആയുധങ്ങള്‍ താഴെവെക്കാന്‍ തുടങ്ങും. പക്ഷേ ഹിതപരിശോധനാഫലം അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു.

എംപി5 കൈവിടുക എന്നത് തനിക്ക് വിഷമമുണ്ടാക്കും എന്നു യൂര്‍ലെയ് പറഞ്ഞു. “ ആ തോക്ക് എന്നെ ഏറെക്കാലം സംരക്ഷിച്ചു. പക്ഷേ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ക്ക് അവര്‍ ശരിക്കും സാധ്യത തുറന്നുതന്നാല്‍ പിന്നെ ഇതിന്റെ ആവശ്യം ഉണ്ടാകില്ല.”

യൂര്‍ലെയ് വീണ്ടും തിരക്കുകളിലേക്ക് കടന്നു. എന്നോടു പിന്നെ വരാന്‍ പറഞ്ഞു.

ഞാന്‍ സമ്മാനങ്ങളുമായാണ് തിരിച്ചെത്തിയത്; കുറച്ച് ഉണക്കപ്പഴങ്ങള്‍ കൊണ്ടുചെന്നു. യൂര്‍ലെയ് അത് കഴിച്ചുനോക്കി. മറ്റ് സഖാക്കളെയും വിളിച്ചു.

യൂര്‍ലെയുടെ മൂന്നു സഹോദരങ്ങളും FARC-ല്‍ ചേര്‍ന്ന്. രണ്ടു ഇളയ സഹോദരിമാരും ഒരു സഹോദരനും. സഹോദരന്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അവളുടെ മാതാപിതാക്കള്‍ക്ക് വയസായി. യുദ്ധം തീര്‍ന്നാല്‍ അവരെ നോക്കണം.

സമാധാന ഉടമ്പടി അംഗീകരിക്കപ്പെട്ടാല്‍ പൊതുമാപ്പ് ലഭിക്കുമെന്നായിരുന്നു അന്ന് കാണുമ്പോള്‍ യൂര്‍ലെയുടെ പ്രതീക്ഷ. കുട്ടികള്‍ വേണമെന്നുള്ള ഒരു ഒളിപ്പോരാളി കൂട്ടുകാരന്‍ തനിക്കുണ്ടെന്ന് അവള്‍ പറഞ്ഞു. ‘എനിക്കല്ല, എനിക്കിപ്പോള്‍ അമ്മയാകണ്ട. എന്നെ കെട്ടിയിടുന്ന ഒന്നും എനിക്കിപ്പോള്‍ വേണ്ട.” യാത്ര ചെയ്യണം, പഠിക്കണം. പക്ഷേ വിമത നേതാക്കള്‍ യുദ്ധാനന്തരം തരുന്ന ഏത് ജോലിയും ചെയ്യാന്‍ അവള്‍ ഒരുക്കമാണ്. തങ്ങളുടെ നിയന്ത്രണ പ്രദേശങ്ങളിലെ നികുതി പിരിവും മയക്കുമരുന്നു വ്യാപാരവുമാണ് FARC- പ്രധാനമായും ആശ്രയിച്ചിരുന്ന വരുമാന മാര്‍ഗങ്ങള്‍. നികുതി അടക്കാത്തവരെ തട്ടിക്കൊണ്ടുപോവുകയും കൊല്ലുകയും ഉണ്ടായിട്ടുണ്ട്. പ്രസ്ഥാനത്തെക്കുറിച്ച് എനിക്കെന്താണ് അഭിപ്രായമെന്ന് യൂര്‍ലെയ് ചോദിച്ചു. അതിന്റെ അടവുകള്‍ മൂലം അവര്‍ക്ക് ഒരുപാട് പേരുടെ പിന്തുണ നഷ്ടമായെന്ന് ഞാന്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകലുകളിലോ, കൊക്കേയിന്‍ വ്യാപാരത്തിലോ താന്‍ പങ്കെടുത്തിട്ടില്ലെന്ന് വിശ്വാസയോഗ്യമായ തരത്തില്‍ത്തന്നെ യൂര്‍ലെയ് പറഞ്ഞു. പക്ഷേ, വിമതര്‍ ‘പിഴവുകള്‍’ വരുത്തിയെന്നും അവള്‍ പറഞ്ഞു.

“ഞങ്ങള്‍ സാധാരണക്കാരെ കൊന്നു. അത് വലിയ ക്ലേശങ്ങളുണ്ടാക്കി, അതില്‍ ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. പതിവില്ലാത്ത തരം തന്ത്രങ്ങള്‍ പയറ്റാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയ ഒരു ക്രമമില്ലാത്ത യുദ്ധത്തിനിടയില്‍ സംഭവിച്ച പിഴവുകളാണത്.”തന്റെ വിമത പോരാളി ജീവിതത്തെ ഒരു സായുധ സാമൂഹ്യ പ്രവര്‍ത്തക എന്ന രീതിയിലാണ് യൂര്‍ലെയ് കാണുന്നത്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കാര്‍ഷികോത്പാദനത്തിന് അവര്‍ കൃഷിക്കാര്‍ക്കൊപ്പം പണിയെടുക്കും. വിദൂര പ്രദേശങ്ങളില്‍, സര്‍ക്കാര്‍ ഒന്നും ചെയ്യാത്തിടത്ത് അവര്‍ കുട്ടികളെ എഴുത്തും വായനയും കണക്കും പഠിപ്പിച്ചു. അവരുടെ മാതാപിതാക്കളെ മാര്‍ക്സിസത്തിന്റെ ഗുണങ്ങളും.

എങ്ങനെയാണ് അവളെപ്പോലൊരാള്‍ FARC-യില്‍ ചേര്‍ന്നതെന്ന് ആദ്യദിവസം ഞാന്‍ ചോദിച്ചു. പൊതുവിദ്യാഭ്യാസത്തിനുള്ള പോരാട്ടത്തിലൂടെ എന്ന അവ്യക്തമായ മറുപടിയാണ് തന്നത്. എഴുതാനും വായിക്കാനും പഠിച്ചത് FARC-യില്‍ ചേര്‍ന്നിട്ടാണ്. എട്ട് വയസില്‍ അവള്‍ കാപ്പിക്കുരു പെറുക്കാനും വീട്ടുജോലികള്‍ക്കും പോയിതുടങ്ങിയിരുന്നു. അവള്‍ വളര്‍ന്ന കാക്വേട്ടയില്‍, മറ്റ് പല ഒറ്റപ്പെട്ട പ്രദേശങ്ങളെയും പോലെ സര്‍ക്കാര്‍ വിദ്യാലയങ്ങളോ, ആരോഗ്യ സേവനങ്ങളോ, മറ്റ് സര്‍ക്കാര്‍ സേവനങ്ങളോ ഇല്ലായിരുന്നു.

ഒരു 14 വയസുകാരിയെ ഒളിപ്പോരാളിയാക്കിയത് എന്താണെന്ന് രണ്ടാം ദിവസം ഞാന്‍ വീണ്ടും ചോദിച്ചു. മറ്റൊരു കാരണമുണ്ടെന്ന് അവള്‍ പറഞ്ഞു.

“എനിക്കു 7 വയസുള്ളപ്പോള്‍ പത്രൊസ് പുണ്യാളന്റെ പെരുന്നാളിന് അച്ഛനോടൊപ്പം ഞാന്‍ നഗരത്തിലേക്ക് പോയി.” ഒരു കവലയില്‍ ഒരു സംഗീതസംഘം ആളുകള്‍ പറയുന്ന പാട്ടുകള്‍ പാടിക്കൊടുക്കുന്നു. FARC സ്ഥാപകനായ മാന്വല്‍ മറൌലാണ്ടയെ കുറിച്ചുള്ള ഒരു ജനപ്രിയ നാടോടിഗീതം പാടാന്‍ അവളുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

“രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ വന്നു. പാട്ടു നിലച്ചു. ആരാണ് ആ പാട്ട് ആവശ്യപ്പെട്ടതെന്ന് അവര്‍ ചോദിച്ചു.”

അവളുടെ അച്ഛനെ പൊലീസുകാര്‍ നിലത്തിട്ടു ചവിട്ടിക്കൂട്ടി. പിന്നെ തടവിലാക്കി. “അമ്മയോട് വിവരം പറയാന്‍ ഞാന്‍ വീട്ടിലെക്കോടി. പക്ഷേ അമ്മ ഒന്‍പതു മാസം ഗര്‍ഭിണിയായിയിരുന്നു. തിരിച്ചുപോയി അച്ഛനെ നോക്കാന്‍ അമ്മ പറഞ്ഞു.”

ഒന്ന് ഇരിക്കാന്‍ പോലും പറ്റാത്ത ഒരു അറയിലാണ് പൊലീസ് അവളുടെ അച്ഛനെ ഇട്ടത്. “വാതിലിനടിയിലൂടെ ഞാനെന്റെ കൈകള്‍ അകത്തേക്കിട്ടു;അച്ചന്റെ കൈകള്‍ തൊടാനായി. അങ്ങനെ ഞങ്ങള്‍ കുറെനേരം ഇരുന്നു.”

അച്ഛനെ അവര്‍ തല്ലുന്ന ആ നിമിഷങ്ങളില്‍ ഒന്നു വലുതാകാന്‍ ഞങ്ങള്‍ എത്രമേല്‍ ആഗ്രച്ചിരുന്നെന്നോ. അന്നാണ് ശക്തയാകാന്‍ ഞാന്‍ തീരുമാനിച്ചത്, ശക്തിയുള്ള ഒന്നിന്റെ ഭാഗമാകാന്‍. അങ്ങനെയൊന്ന് ഇനിയൊരിക്കലും ഞങ്ങളോടു ചെയ്യാനാകില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍.”


Next Story

Related Stories