TopTop
Begin typing your search above and press return to search.

കൊളംബിയ: ആ 70 ലക്ഷം പേര്‍ക്ക് വീടുകളിലേക്കു മടങ്ങാന്‍ കഴിയുമോ?

കൊളംബിയ: ആ 70 ലക്ഷം പേര്‍ക്ക് വീടുകളിലേക്കു മടങ്ങാന്‍ കഴിയുമോ?

നിക്ക് മിറോഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഏറ്റവുമധികം ആഭ്യന്തര അഭയാര്‍ത്ഥികളുള്ള രാജ്യത്ത് ദുരിതമനുഭവിക്കുന്നവര്‍ ക്യാംപുകളില്‍ കഴിയുന്നതോ കാരവാനുകളില്‍ മറ്റുസ്ഥലങ്ങളിലേക്കു പുറപ്പെടുന്നതോ നിങ്ങള്‍ക്കു കാണാനാകില്ല. കൊളംബിയയിലെ യുദ്ധം അങ്ങനെയല്ല; ഇപ്പോഴെങ്കിലും.

സ്വന്തം വാസസ്ഥലത്തുനിന്നു പുറത്തുപോകേണ്ടിവന്ന 70 ലക്ഷത്തോളം പേര്‍ ഇവിടെയുണ്ടെന്നാണ് യുഎന്‍ കണക്ക്. സിറിയ, ഇറാന്‍ തുടങ്ങി മറ്റേത് യുദ്ധഭൂമിയിലെക്കാളും കൂടുതല്‍. കൃഷിഭൂമികളും വീടുകളും ഉപേക്ഷിച്ച് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായവര്‍; അവര്‍ കൊളംബിയയിലെ നഗരപ്രാന്തങ്ങളിലുള്ള ചേരികളില്‍ ഒതുങ്ങുന്നു. ബൊഗോട്ടയുടെ അതിര്‍ത്തിയിലെ ഈ പച്ചപ്പില്ലാത്ത ജനങ്ങള്‍ തിങ്ങിനിറഞ്ഞ ചേരി പോലെ.

'ഓരോ തവണയും ഒന്നുമില്ലായ്മയില്‍നിന്ന് ഞങ്ങള്‍ക്കു വീണ്ടും തുടങ്ങണം,' യുദ്ധം മൂലം കുട്ടിക്കാലത്ത് വീടുവിടേണ്ടിവന്ന ഐസക് വാലന്‍ഷ്യ, 33, പറയുന്നു. മുതിര്‍ന്നശേഷം ഒരു മയക്കുമരുന്നുസംഘം വീടുകത്തിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ വാലന്‍ഷ്യ വീണ്ടും ഭവനരഹിതനായി.

മറ്റെല്ലാവരെയുംപോലെ വാലന്‍ഷ്യയും ഒക്ടോബര്‍ രണ്ടിലെ അഭിപ്രായവോട്ടെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ്. സര്‍ക്കാരും ഇടതുപക്ഷ (FARC) ഗറില്ല ഗ്രൂപ്പുമായുള്ള സമാധാനകരാര്‍ അംഗീകരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ് റഫറണ്ടം. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധങ്ങളിലൊന്നായിരുന്നു ഇരുകൂട്ടരും തമ്മില്‍ നടന്നത്. കമ്യൂണിസ്റ്റ് വിമതര്‍, സര്‍ക്കാര്‍ സേന, വലതുപക്ഷ തീവ്രവാദികള്‍, കൊക്കെയ്ന്‍ പ്രഭുക്കള്‍ എന്നിവര്‍ തമ്മിലുള്ള പോരാട്ടത്തില്‍നിന്നു രക്ഷപെടാന്‍ അനവധിയാളുകള്‍ വീടുവിട്ട കൊളംബിയയുടെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഗ്രാമപ്രദേശങ്ങളില്‍ കരാര്‍, നിയമപാലനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.

യുദ്ധക്കെടുതികള്‍ക്ക് ഇരകളായവര്‍ക്ക് കൃഷിഭൂമികള്‍ വീണ്ടെടുക്കുന്നതിനും അല്ലെങ്കില്‍ മറ്റൊരിടത്ത് ഭൂമി നല്‍കുന്നതിനുമുള്ള പദ്ധതികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് കരാറുകളില്‍ പറയുന്നു. എങ്കിലും കുടിയിറക്കപ്പെട്ടവരുടെ പ്രശ്‌നപരിഹാരം വിഷമകരമായ ദീര്‍ഘകാല പദ്ധതിയാകാനാണ് സാധ്യത.അന്‍പതുവര്‍ഷം നീണ്ട യുദ്ധത്തില്‍ ബോംബിങ്ങില്‍നിന്നും ലാന്‍ഡ് മൈനുകളില്‍നിന്നും കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകല്‍, വധ ഭീഷണി, ഭൂമി കയ്യടക്കല്‍ തുടങ്ങിയവയില്‍നിന്നും രക്ഷപെടാനായി ഗ്രാമീണര്‍ നഗരങ്ങളിലേക്കു കുടിയേറി. റവലൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (എഫ്എആര്‍സി) യുടെ അക്രമത്തിനു പരിഹാരമാകാമെങ്കിലും മറ്റു പ്രദേശങ്ങളില്‍ മറ്റ് സായുധ സംഘങ്ങള്‍ അക്രമമുണ്ടാക്കുമെന്ന് ജനങ്ങള്‍ക്കറിയാം. സര്‍ക്കാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന് നാട്ടുകാര്‍ കരുതുന്നില്ല.

തകരക്കൂരയ്ക്കു കീഴില്‍ വെള്ളമില്ലാത്ത മലമുകളില്‍ ഒറ്റയ്ക്കു കഴിയുന്ന വലെന്‍ഷ്യ തന്റെ കൃഷിയിടത്തിലേക്കു തിരിച്ചുപോകണമെന്നാഗ്രഹിക്കുന്നു. എന്നാല്‍ വീണ്ടും അക്രമത്തിന് ഇരയാക്കപ്പെടില്ലെന്ന് ഉറപ്പുകിട്ടണമെന്നതില്‍ വലെന്‍ഷ്യ ഉറച്ചുനില്‍ക്കുന്നു.

'സമാധാനക്കരാറില്‍ പറയുന്നതൊക്കെ അവര്‍ ചെയ്താല്‍ ഇവിടം വിടുന്നവരില്‍ മുന്‍പനായിരിക്കും ഞാന്‍. അതുവരെ ഞാന്‍ ഇവിടെ തങ്ങും.'

കൊളംബിയന്‍ ജനതയുടെ 15 ശതമാനത്തോളമാണ് കുടിയിറക്കപ്പെട്ടത്. എന്നാല്‍ യുദ്ധത്തിന്റെ തീവ്രത ഇതുകൊണ്ട് അവസാനിക്കുന്നില്ല. അക്രമത്തില്‍ പാളം തെറ്റിയ ഈ രാജ്യത്ത് സാമ്പത്തികവളര്‍ച്ച മാന്ദ്യത്തിലായി. വികസനത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തു.

യുദ്ധക്കെടുതികള്‍ അനുഭവിച്ചവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും കരാര്‍ ഒരു തുടക്കമാണ്. അവസാനമല്ലെന്ന് ഔദ്യോഗികമായി യുദ്ധത്തിന്റെ ഇരകളെന്നു കണക്കാക്കപ്പെടുന്നവര്‍ക്കായുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഡയറക്ടര്‍ അലന്‍ ജാര പറയുന്നു.

'സംഭവിച്ചതിനെ മറികടക്കാനും സത്യം അറിയാനും അവര്‍ ആഗ്രഹിക്കുന്നു.' 2001ല്‍ എഫ്എആര്‍സി ജാരയെ തട്ടിക്കൊണ്ടുപോയിരുന്നു. ഏഴുവര്‍ഷം തടവില്‍ കഴിയേണ്ടിവന്നു. അങ്ങനെ കഴിഞ്ഞ 2760 ദിവസങ്ങളില്‍ ഏറിയ പങ്കും മരത്തോടു ചേര്‍ത്തു കെട്ടപ്പെട്ട നിലയിലായിരുന്നുവെന്ന് ജാര ഓര്‍മിക്കുന്നു.

കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കാനും അതല്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ പ്രദേശങ്ങളില്‍ കൃഷിഭൂമി നല്‍കാനുമാണ് പദ്ധതി. കൃഷി സാമ്പത്തികമായി സുസ്ഥിരമാകുന്നതുവരെ ഇവര്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായവും ലഭിക്കും.

പല അഭയാര്‍ത്ഥികളും നഗരങ്ങളില്‍ത്തന്നെ തുടരും എന്നതാകും കൊളംബിയ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധിയെന്ന് ജാര പറയുന്നു. നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ വീണ്ടും അനുഭവിക്കാന്‍ പലരും തയാറല്ല. മിക്കവരുടെയും കുട്ടികള്‍ നാഗരികരാണ്. അവര്‍ക്കു കൃഷിയില്‍ താല്‍പര്യമില്ല.

'മുതിര്‍ന്നവരില്‍ ചിലര്‍ക്കു തിരിച്ചുപോകണമെന്നുണ്ട്. അവര്‍ വിട്ടുപോന്ന സ്ഥലങ്ങളെപ്പറ്റി ഗൃഹാതുരത്വമുള്ളവരാണ്. എന്നാല്‍ സ്വന്തം സമൂഹങ്ങളിലേക്കു തിരിച്ചുപോകുമ്പോള്‍ ആ സ്ഥലങ്ങളൊന്നും ഇപ്പോഴില്ലെന്ന് അവര്‍ മനസിലാക്കുന്നു. അവര്‍ ഓര്‍മിക്കുന്ന ജീവിതം ഇല്ലാതായിക്കഴിഞ്ഞു.'

ആകെയുള്ള അഞ്ചുലക്ഷം നിവാസികളില്‍ പകുതിയിലേറെ കുടിയേറ്റക്കാരായ ഗ്രിറ്റി സോയാഷ കൊളംബിയയില്‍ ഏറ്റവുമധികം ഇത്തരം ആളുകളുള്ള സ്ഥലമാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. കുറ്റകൃത്യങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും വളരെയധികവും.

മലയോരങ്ങള്‍ നിറയെ കുടിലുകളും അനധികൃതമായി നിര്‍മിച്ച വീടുകളും. അടുത്തുള്ള മണല്‍ ഖനനമേഖലയില്‍നിന്നുള്ള പൊടിയാണ് ഇവിടെ മുഴുവന്‍.

ജോസ് ഇറാസ്‌മോ യേറ്റ് എന്ന അറുപത്തെട്ടുകാരനായ മന്ത്രവാദി സ്വന്തം സ്ഥലം വിട്ടിട്ട് പത്തുവര്‍ഷത്തിലേറെയായി. തിരക്കേറിയ തെരുവോരത്ത് ചെറിയൊരു വീട്ടില്‍ ആഭിചാരക്രിയകളുമായി കഴിയുകയാണ് യേറ്റ്.

കുടിയിറക്കപ്പെടുക എന്നത് ഹൃദയത്തിന്റെയും ആത്മാവിന്റെയും രോഗമാണെന്ന് യേറ്റ് കരുതുന്നു. സമാധാനകരാര്‍ നടപ്പായാല്‍ തന്നെയും മറ്റുള്ളവരെയും കൃഷിയോഗ്യമായ പ്രദേശത്ത് പുനരധിവസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യേറ്റ്.

'സ്വന്തം ഭൂമിയുണ്ടെങ്കില്‍ ഞങ്ങള്‍ക്കു സ്‌കൂള്‍ തുടങ്ങുകയും പൂര്‍വികരുടെ ആചാരങ്ങള്‍ വീണ്ടെടുക്കുകയും ചെയ്യാം. വീട്ടിലേക്കു മടങ്ങുക എന്നത് മനോഹരമാണ്.'

സോയാഷയുടെ നടുക്ക് വിശാലമായ അപാര്‍ട്ട്‌മെന്റ് ബ്ലോക്കുകളില്‍ കുടിയിറക്കപ്പെട്ട ചിലര്‍ക്ക് കൊളംബിയന്‍ സര്‍ക്കാര്‍ താമസസൗകര്യം നല്‍കിയിട്ടുണ്ട്. ഇവരില്‍ പല തരക്കാരും പഴയ ശത്രുക്കളുമുണ്ട്. പിരിച്ചുവിടപ്പെട്ട എഫ്എആര്‍സി ഗറിലകള്‍, മുന്‍ അര്‍ധ സൈനിക വിഭാഗക്കാര്‍, ഇരുകൂട്ടരുടെയും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ എന്നിവര്‍ അടുത്തടുത്തുള്ള വീടുകളില്‍ താമസിക്കുന്നു.

10വര്‍ഷം മുന്‍പ് ഭാര്യയ്ക്കും നാലു കുട്ടികള്‍ക്കുമൊപ്പം തോലിമയില്‍നിന്ന് ഓടിപ്പോന്ന റൂബെന്‍ ദാരിയോ ക്യൂവേദോയ്ക്ക് രണ്ടുവര്‍ഷം മുന്‍പ് ചെറിയൊരു അപാര്‍ട്‌മെന്റ് കിട്ടി. എന്നാല്‍ അവിടെയെത്തണമെങ്കില്‍ അഞ്ചുസെറ്റ് പടികള്‍ കയറണം. ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഡിസ്‌കുകള്‍ക്കു കുഴപ്പം സംഭവിച്ച ക്യൂവേദോയ്ക്ക് പടികയറ്റം നിസാരമല്ല. എങ്കിലും തിരിച്ചുപോകാന്‍ ക്യൂവേദോയ്ക്ക് ആഗ്രഹമില്ല. 'ആദ്യം ബൊഗോട്ടയിലെത്തുമ്പോള്‍ ഞങ്ങള്‍ക്ക് വാടക നല്‍കാന്‍ പണമുണ്ടായിരുന്നില്ല. രണ്ടും മൂന്നും ദിവസം ആഹാരമുണ്ടായിരുന്നില്ല. ലജ്ജാകരമായ ജീവിതമായിരുന്നു അത്. ഇതൊക്കെ വീണ്ടും അനുഭവിക്കാന്‍ എനിക്ക് ആഗ്രഹമില്ല,' ക്യുവേദോ പറയുന്നു.അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈകമ്മിഷണറേറ്റിലെ കൊളംബിയന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗോട്വാള്‍ഡിന്റെ അഭിപ്രായത്തില്‍ കുടിയിറക്കപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ കൊളംബിയ വളരെക്കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. 'ഇന്റേണലി ഡിസ്‌പ്ലേസ്ഡ് പീപ്പിള്‍ (ഐഡിപിഎസ്) റജിസ്‌ട്രേഷന് ഏറ്റവും മികച്ച സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ. ഇത്തരക്കാരെ എണ്ണിത്തിട്ടപ്പെടുത്താന്‍ സംവിധാനമുള്ളതാണ് കൊളംബിയയെ കുടിയിറക്കപ്പെട്ടവരുടെ എണ്ണത്തില്‍ മുന്നിലെത്തിക്കുന്നത്.'

സമാധാന കരാര്‍ നിര്‍ബന്ധിത കുടിയിറക്കങ്ങളുടെ അവസാനമാകില്ലെന്ന് ഗോട്വാള്‍ഡ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സംഘര്‍ഷം ക്യാന്‍സര്‍ പോലെ പടരുകയാണ്. ഗ്രാമീണ കൊളംബിയയുടെ നിയമവിരുദ്ധമായ സമ്പദ് വ്യവസ്ഥകള്‍, പ്രത്യേകിച്ച് മയക്കുമരുന്നു വ്യാപാരം പിടിച്ചടക്കാനുള്ള യുദ്ധമായി അതു വളരുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം രണ്ടുലക്ഷത്തോളം പേരാണ് കുടിയിറക്കപ്പെട്ടത്. ഇവരില്‍ വിദൂരമായ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികളും ആഫ്രോ കൊളംബിയക്കാരുമാണ് കൂടുതല്‍. ഈ പ്രദേശങ്ങള്‍ കള്ളക്കടത്തുകാര്‍ക്ക് ആകര്‍ഷകവും സര്‍ക്കാര്‍ സാന്നിധ്യമില്ലാത്തവയുമാണെന്നു ഗോട്ട്വാള്‍ഡ് പറയുന്നു.

പസഫിക് തീരത്ത് 13 സഹോദരങ്ങള്‍ക്കൊപ്പം വളര്‍ന്ന വലന്‍ഷ്യയുടെ ജന്മസ്ഥലം 1997 വരെ എഫ്എആര്‍സിയുടെ ശക്തികേന്ദ്രമായിരുന്നു. 1997ല്‍ കൊളംബിയന്‍ ആര്‍മിയും വലതുപക്ഷ അര്‍ധസൈനികരും ഇവിടെയെത്തി.

വലന്‍ഷ്യയുടെ 18 വയസുള്ള സഹോദരനെ ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി പട്ടാളം പിടികൂടി. അര്‍ധസൈനിക വിഭാഗത്തിനു കൈമാറി. എഫ്എആര്‍സിയെ സഹായിക്കുന്നു എന്നാരോപിക്കപ്പെട്ട ഇയാളുടെ മൃതദേഹം ഏതാനും ദിവസത്തിനകം കടല്‍ത്തീരത്തടിഞ്ഞു.

അര്‍ധസൈനികര്‍ സ്ഥലം വിട്ടപ്പോള്‍ എഫ്എആര്‍സി തിരിച്ചെത്തി. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ച് 16 വയസുകാരനായ മറ്റൊരു സഹോദരനെ വെടിവച്ചുകൊന്നു.

അപ്പോഴാണ് ആദ്യമായി വലെന്‍ഷ്യയുടെ കുടുംബം വീടുവിട്ടോടിയത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതും.

'എന്റെ സഹോദരനോട് അവര്‍ ചെയ്തതു നോക്കുമ്പോള്‍ എനിക്ക് എങ്ങനെ അവരെ വിശ്വസിക്കാനാകും?'

ഇന്നും തൊഴില്‍രഹിതനായ വലെന്‍ഷ്യ ഈ വര്‍ഷമാദ്യം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു തോട്ടം വച്ചുപിടിപ്പിക്കാന്‍ ശ്രമിച്ചു. അത് നടന്നില്ല. കനത്ത മഴ ചെടികളെ ഒഴുക്കിക്കളഞ്ഞു.


Next Story

Related Stories