TopTop
Begin typing your search above and press return to search.

ഒരു കൂട്ടക്കൊലയാളിയുടെ അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍; ഭീതിയുടെയും യാതനയുടെയും ദുരൂഹതയുടെയും

ഒരു കൂട്ടക്കൊലയാളിയുടെ അമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍; ഭീതിയുടെയും യാതനയുടെയും ദുരൂഹതയുടെയും

കാരേന്‍ ഹെല്ലര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

"ഭീതിയും ഒപ്പം അവിശ്വസനീയതയും എന്നെ മൂടി. എന്‍റെ മകനെ നഷ്ടപ്പെട്ട ദുഖം, അവന്‍റെ ചെയ്തിയെ ഓര്‍ത്തുള്ള അപമാനം, ലോകത്താല്‍ വെറുക്കപ്പെടുന്നതിനെ പറ്റിയുള്ള ഭയം. ആ യാതനയില്‍ നിന്നു മോചനമില്ല."

മാതാപിതാക്കള്‍ക്കുണ്ടാകാവുന്ന ഏറ്റവും മോശപ്പെട്ട അനുഭവം എന്താകാം?

അതിനെക്കാള്‍ മോശപ്പെട്ടതാണ് സൂ ക്ലെബോള്‍ഡിനുണ്ടായത്.

അതെ, കൊളംബൈന്‍ ഹൈസ്കൂളില്‍ 1999ലുണ്ടായ കൂട്ട വെടിവെയ്പ്പിനോടും കോളോ ലിറ്റില്‍ടണിലെ ഡെന്‍വെര്‍ സബര്‍ബിനോടുമൊക്കെ ചേര്‍ത്ത് കേട്ട അതേ ക്ലെബോള്‍ഡ് തന്നെ.

ക്ലെബോള്‍ഡിന്‍റെ മകന്‍ ഡിലാനും കൂട്ടുകാരന്‍ എറിക് ഹാരിസും ചേര്‍ന്ന്, ഒരു വര്‍ഷത്തോളം ആസൂത്രണം ചെയ്തു നടത്തിയ ആക്രമണത്തില്‍ 12 വിദ്യാര്‍ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെടുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയ ശേഷം രണ്ടാളും സ്കൂളില്‍ തന്നെ ഒളിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ആ ഏപ്രില്‍ 17നു മറ്റെല്ലാ അമ്മമാരും തങ്ങളുടെ മക്കളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിച്ചപ്പോള്‍ "എനിക്കറിയാമായിരുന്നു, എനിക്കു പ്രാര്‍ഥിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം എന്‍റെ മകന്‍റെ സുരക്ഷയല്ല, മറിച്ച് അവന്‍റെ മരണമാണെന്ന്," ക്ലെബോള്‍ഡ് ഓര്‍ക്കുന്നു.

ഉച്ച തിരിഞ്ഞു ഏതാനും നിമിഷങ്ങള്‍ക്കകം വെടിയുതിര്‍ത്ത രണ്ടു പേരും സ്കൂള്‍ ലൈബ്രറിയില്‍ ആത്മഹത്യ ചെയ്തു.

പിറ്റേന്നു ക്ലെബോള്‍ഡ് ആ വരികള്‍ തന്‍റെ കുറിപ്പുകളില്‍ എഴുതി.

മേല്‍പ്പറഞ്ഞ ലേഖനത്തെയും പിന്നീടെഴുതിയ, മകന്‍റെ മരണശേഷമുള്ള ജീവിതം വിവരിച്ചു കൊണ്ടുള്ള മറ്റ് 39 കുറിപ്പുകളെയും ആധാരമാക്കി ക്ലെബോള്‍ഡ് "ഒരു അമ്മയുടെ ചിന്തകള്‍: ദുരന്തം കഴിഞ്ഞുള്ള ജീവിതം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. താനാ പുസ്തകം എഴുതും എന്നു അറിയാമായിരുന്നു; "പ്രസിദ്ധീകരിക്കുന്നത് ഒരു വലിയ തീരുമാനമായിരുന്നു," അവര്‍ പറയുന്നു. മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ സംഘടനകള്‍ക്കാണു പുസ്തകത്തില്‍ നിന്നുള്ള എല്ലാ ലാഭവും. അതാണ് അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തന മേഖല.

ഭീതിയുടെയും കഠിന ദുഖത്തിന്‍റെയും ദുരൂഹതയുടെയും ഓര്‍മക്കുറിപ്പുകളാണവ. കാരണം ഡിലാന്‍ ഒരു അതിക്രൂരനൊന്നും ആയിരുന്നില്ല. മറ്റേതൊരു കൌമാരക്കാരനെയും പോലെ ഉള്‍വലിഞ്ഞ, എന്നാല്‍ സ്നേഹമുള്ള പ്രകൃതം. ആത്മഹത്യാ പ്രവണതയും നീറുന്ന വിഷാദവും മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നുമൊക്കെ മറച്ചു പിടിക്കാന്‍ അവന് കഴിഞ്ഞു. അക്രമാസക്തനായ ഒരു ഒറ്റയാനായിരുന്നില്ല ഡിലാന്‍.കൂട്ടക്കൊല നടക്കുന്നതിന് 3 ദിവസങ്ങള്‍ മുന്‍പ് ഡിലാന്‍ 'prom'ല്‍ (ഹൈസ്കൂള്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പാര്‍ട്ടി) പങ്കെടുത്തിരുന്നു. ആയിടെ അരിസോണ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചിരുന്നു; തുടര്‍പഠനം അവിടെയാകാം എന്ന ഉദ്ദേശത്തോടെ. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ആ മാതാപിതാക്കള്‍ കരുതിയത്.

അമ്മമാര്‍ക്ക് സാധാരണ ഗതിയില്‍ നേരിടേണ്ടി വരാറില്ലാത്ത ആ വിഷമസന്ധിയെ അതിജീവിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ആ അമ്മ കണ്ടെത്തി "ഏറ്റവും അവിശ്വസനീയമായതിനെ അംഗീകരിക്കാന്‍ മനസ്സിനെ സജ്ജമാക്കി," മിഡ്ടൌണ്‍ മാന്‍ഹട്ടനിലെ ഹോട്ടല്‍ മുറിയിലിരുന്ന് 66കാരിയായ ക്ലെബോള്‍ഡ് പറഞ്ഞു. കയ്യിലുള്ള കാപ്പിക്കപ്പില്‍ വല്ലപ്പോഴും ഒന്നു മൊത്തി അവര്‍ തുടര്‍ന്നു സംസാരിച്ചു.

മെലിഞ്ഞു നീണ്ടു കുലീനയായ സ്ത്രീയാണ് ക്ലെബോള്‍ഡ് (അവരുടെ ഇളയ മകന്‍ 6 അടി നാലിന്ചുകാരനും). കണ്ണില്‍ നോക്കി, ഇടയ്ക്കു പുഞ്ചിരിച്ചു കൊണ്ട്, പരിഗണനയോടെ സംസാരിക്കുന്ന അവര്‍ വിവേകമതിയും അവരുടെ തന്നെ അഭിപ്രായത്തില്‍ "അങ്ങേയറ്റം സത്യസന്ധയുമാണ്- ചിലപ്പോഴൊക്കെ അതൊരു കുഴപ്പവുമാകുന്ന അത്രയും". തന്‍റെ മകന് എന്തു സംഭവിച്ചു എന്നു അവര്‍ക്കറിയണമായിരുന്നു; മുഴുവന്‍ സത്യങ്ങളും മനസിലാക്കുക എന്നത് ഇനി സാധിക്കില്ലെങ്കില്‍കൂടെ.

എന്തിനാണ് ആ ദുസ്വപ്നത്തെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലെബോര്‍ഡ് വീണ്ടും ഓര്‍മിക്കുന്നത്?

"എനിക്കിനി അതില്‍ ഒന്നും ചെയ്യാനില്ലെന്നറിയാം. ഒരു കടയില്‍ പോകുമ്പോള്‍, അവിടെ വരുന്ന കുട്ടികളെ കാണുമ്പോള്‍ ഞാന്‍ ആ ആക്രമണത്തിന് ഇരയായവരെ ഓര്‍മ്മിക്കും. മരിച്ചുപോയ, നല്ലവരായ ആ ചെറുപ്പക്കാര്‍, അവരുടെ അദ്ധ്യാപകന്‍," ശാന്തതയോടെ അവര്‍ പറഞ്ഞു. "അവരെ കുറിച്ചോ അവരുടെ വീട്ടുകാരെ കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഇപ്പോളും എനിക്കു താങ്ങാന്‍ പ്രയാസമാണ്. ഡിലാന്‍ ചെയ്തതോര്‍ത്ത് അത്രയധികം വിഷമവും അപമാനവും മനോവേദനയും എനിക്കുണ്ട്."

തനിക്ക് ഡിലാനോട് ദേഷ്യം തോന്നിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു; ഹാരിസിന്‍റെ കിടപ്പുമുറിയിലിരുന്ന് അവര്‍ ഇരുവരും ചേര്‍ന്നു തയ്യാറാക്കിയ, വിദ്വേഷം നിറഞ്ഞ വീഡിയോകള്‍ കണ്ടപ്പോള്‍ ഒഴിച്ചാല്‍.

"ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ഒരിടത്തേക്കാണ് പോകുന്നത് എന്നറിയാം; ഈ ജീവിതം ഞാന്‍ ഒരിയ്ക്കലും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല," ഡിലാന്‍ ഒരു വീഡിയോയില്‍ വ്യക്തമായി പറയുന്നു.തങ്ങള്‍ക്കറിയാമായിരുന്ന ഡിലാന്‍ ഇങ്ങനെ ആയിരുന്നില്ല, ഓര്‍മക്കുറിപ്പുകളില്‍ ക്ലെബോര്‍ഡ് എഴുതുന്നു, "ആ ദുരന്തത്തിന് ശേഷമുള്ള സമയങ്ങളില്‍ ഞങ്ങള്‍ ഡിലാനെ ഓര്‍ത്ത് മാത്രമല്ല വിഷമിച്ചത്, അവന്‍റെയും മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെയും അവസ്ഥയോര്‍ത്താണ്, വ്യക്തിത്വമോര്‍ത്താണ്."

ടൈം മാഗസിന്‍ ഡിലാന്‍റെയും ഹാരിസിന്‍റെയും ഫോട്ടോ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചു. തനിക്ക് പ്രിയപ്പെട്ട ഫോട്ടോകളില്‍ ഒന്നായിരുന്നു അത്, മകന്‍റെ പുഞ്ചിരിക്കുന്ന മുഖമുള്ളത്. അതിനു നല്കിയ തലക്കെട്ട് "ക്രൂരത നമ്മുടെ അയല്‍വക്കത്ത്". തനിക്ക് അവനെ അറിയാമെന്നാണ് ക്ലെബോര്‍ഡ് കരുതിയത്. പക്ഷേ ഡിലാന്‍റെ അവസാന രണ്ടു വര്‍ഷങ്ങള്‍ വിഷാദവും നൈരാശ്യവും നിറഞ്ഞതായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല. "കൊലപാതകത്തെ തുടര്‍ന്നു ആത്മഹത്യ ചെയ്യുന്ന ഒരാളെ ഒരിയ്ക്കലും പീഡിതനായി ആരും കണക്കാക്കില്ല. അവന്‍റെ മാനസിക പ്രശ്നങ്ങളുടെ ഇരയായിരുന്നു ഡിലാന്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്," അവര്‍ പറഞ്ഞു.

ആ ഓര്‍മക്കുറിപ്പുകളില്‍ ദുരന്തത്തിന് ശേഷമുള്ള ഭീതി പുന:സൃഷ്ടിക്കപ്പെടുകയാണ്. പരുഷമായ വെളിപ്പെടുത്തലുകളുടെ ദിവസങ്ങള്‍. പുസ്തകത്തിന്‍റെ ആദ്യപകുതിയില്‍ ആദ്യ ആറ് മാസങ്ങള്‍ കഷ്ടിച്ചാണ് വിവരിച്ചു തീരുന്നത്.

ക്ലെബോര്‍ഡ് ദമ്പതികള്‍ക്ക് ലിറ്റില്‍ടൌണില്‍ നിന്നു മൈലുകള്‍ അകലെയുള്ള, മലമ്പ്രദേശത്തെ അവരുടെ വീട് പ്രിയംകരമായിരുന്നു. ആ സംഭവത്തിന് ശേഷം SWAT ടീമിന് തെളിവുകള്‍ ശേഖരിക്കാനായി ദിവസങ്ങളോളം വീട്ടില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ അതൊരു ജയില്‍ ആയി മാറി. പത്രക്കാരുടെയും മറ്റുള്ളവരുടെയും ഒളിഞ്ഞു നോട്ടത്തില്‍ നിന്നു രക്ഷപ്പെടാന്‍ മലകളുടെ കാഴ്ച്ചകളിലേയ്ക്ക് തുറക്കുന്ന വലിയ ജനാലകള്‍ ന്യൂസ്പേപ്പര്‍ ഒട്ടിച്ചു മറച്ചു

ശവം മറവ് ചെയ്യാന്‍ കുഴിവെട്ടുകാരനെ വിളിക്കുന്നതിന് മുന്‍പ് വക്കീലിനെ ഏര്‍പ്പെടുത്തേണ്ടി വന്നു. "നിങ്ങളുടെ കുടുംബത്തിനു നേരെ വെറുപ്പിന്‍റെ ലാവ പ്രവാഹം തന്നെയുണ്ടാകും," വക്കീല്‍ പറഞ്ഞു. അവര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട 36 കേസുകള്‍ തീരാന്‍ 4 വര്‍ഷമെടുത്തു.

ബന്ധുക്കള്‍ക്കെതിരെ വധഭീഷണിയുണ്ടായി. അവര്‍ ചെയ്ത ചെറിയ നല്ല കാര്യങ്ങള്‍ പോലും സംശയദൃഷ്ടിയിലൂടെ ആണ് എല്ലാവരും കണ്ടത്. പക്ഷേ അപരിചിതര്‍ ആശ്വാസമായി എത്തി. ടോം ക്ലെബോര്‍ഡിന്‍റെ ഓഫീസിലേയ്ക്ക് അവര്‍ അയച്ച ഭക്ഷണം പക്ഷേ വിഷം കലര്‍ത്തിയിരിക്കുമോ എന്ന സംശയത്തിന്റെ പേരില്‍ നിരാകരിക്കേണ്ടി വന്നു. പ്രതിഷേധിക്കുന്നവരുടെ അതിക്രമങ്ങള്‍ ഭയന്ന് ഡിലാന്‍റെ മൃതദേഹം മറവ് ചെയ്യുന്നതിന് പകരം ദഹിപ്പിച്ചു.

ഡിലാന്‍ വീട്ടില്‍ ആയുധങ്ങള്‍ കണ്ടല്ല വളര്‍ന്നത്. ടോം ക്ലെബോര്‍ഡും ഭാര്യയും തോക്കുകളുടെ ഉപയോഗത്തെ ശക്തമായി എതിര്‍ക്കുന്നവരായിരുന്നു. അവര്‍ സാഹിത്യത്തെയാണ് സ്നേഹിച്ചത്. പ്രോപ്പര്‍ട്ടി മാനേജരായ ടോമും കമ്മ്യൂണിറ്റി കോളേജ് കൌണ്‍സിലറായ സൂവും മക്കള്‍ക്ക് കവികളുടെ പേരാണ് ഇട്ടത്: മൂത്ത മകന് ലോര്‍ഡ് ബൈറണിന്റെ ഓര്‍മയ്ക്ക് ബൈറണ്‍ എന്നും രണ്ടാമത്തെയാള്‍ക്ക് ഡിലാന്‍ തോമസിന്‍റെ ഓര്‍മയില്‍ ഡിലാന്‍ എന്നും. ഡിലാന്‍ അവരുടെ അരുമയായിരുന്നു; ആ സ്വര്‍ണത്തലമുടിക്കാരന് "ജീവിതത്തില്‍ എല്ലാം എളുപ്പത്തില്‍ കിട്ടി എന്നു പറയാം."ഹാരിസുമായുള്ള മകന്‍റെ കൂട്ടുകെട്ടില്‍ ക്ലെബോര്‍ഡിന് അതൃപ്തിയുണ്ടായിരുന്നു. സ്കൂളില്‍ ജൂനിയര്‍ വര്‍ഷം പഠിക്കുമ്പോള്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍ മോഷ്ടിച്ചതിന് രണ്ടു പേരും പിടിയിലായി. ക്രിമിനല്‍ കുറ്റം ആകാതെയിരിക്കാന്‍ ഒരു പ്രോബേഷണറി കൌണ്‍സിലിങ് പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു. നല്ല പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ നേരത്തെ കൌണ്‍സിലിങ് തീര്‍ത്തു ഇറങ്ങിയ ഡിലാന്‍ സീനിയര്‍ വര്‍ഷം ഒരു കുഴപ്പവുമുണ്ടാക്കിയില്ല. അതോടെ അവന്‍ നന്നായി എന്നവര്‍ വിചാരിച്ചു.

ഏപ്രില്‍ 20 വരെ.

ഹാരിസിന്‍റെ കുടുംബവുമായി ക്ലെബോര്‍ഡ് ദമ്പതികള്‍ക്ക് വലിയ അടുപ്പമില്ല, തനിക്കവരെ ഇഷ്ടമാണെങ്കിലും അവരുടെ സ്വകാര്യതയെ മാനിച്ചാണാതെന്ന് സൂ ക്ലെബോര്‍ഡ് പറയുന്നു. "ഞങ്ങള്‍ അവരോടു സംസാരിച്ചിട്ടുണ്ട്, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍."

ആ സംഭവം കഴിഞ്ഞു ഒരു മാസത്തിനു ശേഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു കൊണ്ട് ക്ലെബോര്‍ഡ് കത്തുകളെഴുതി. ഒരു മാസം വേണ്ടി വന്നു ആ സന്ദേശങ്ങള്‍ എഴുതാന്‍ എന്നു അവര്‍ പറയുന്നു.

രണ്ടു മറുപടികള്‍ കിട്ടി, കൊല്ലപ്പെട്ട ഒരു കുട്ടിയുടെ സഹോദരി ആ സംഭവത്തിന് കുടുംബത്തെ താന്‍ കുറ്റപ്പെടുത്തില്ലെന്ന് പറഞ്ഞു. മറ്റൊരു കുട്ടിയുടെ അച്ഛന്‍ കരുണയോടെ സഹായവാഗ്ദാനം നല്കി. വര്‍ഷങ്ങള്‍ക്ക് ശേഷം, കേസുകള്‍ എല്ലാം തീര്‍ന്നപ്പോള്‍, മറ്റ് മൂന്നു കുട്ടികളുടെ മാതാപിതാക്കളുമായി പ്രത്യേകം പ്രത്യേകം കണ്ടു മുട്ടി. അതിനെക്കുറിച്ച് ഓര്‍മക്കുറിപ്പുകളില്‍ അവര്‍ ഇങ്ങനെ പറയുന്നു: "ഞങ്ങള്‍ കരഞ്ഞു, ഫോട്ടോകള്‍ കൈമാറി ഞങ്ങളുടെ കുട്ടികളെ കുറിച്ചു സംസാരിച്ചു. പിരിഞ്ഞപ്പോള്‍, കഴിഞ്ഞു പോയ കാര്യങ്ങള്‍ക്ക് ഞങ്ങളെ കുറ്റപ്പെടുത്തുന്നില്ല എന്നവര്‍ പറഞ്ഞു."

മറ്റുള്ളവര്‍ പക്ഷേ അവരെ കുറ്റപ്പെടുത്തി. പുസ്തകം എഴുതാനുള്ള പല കാരണങ്ങളില്‍ ഒന്നായി അവര്‍ പറയുന്നതു, "ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിലെ കുറ്റവാളി ഒരു പിശാചാണെന്നോ, മര്യാദക്ക്യ്ക്ക് വളര്‍ത്താത്തതിന്റെ കുഴപ്പമാണെന്നോ ഉള്ള അഭിപ്രായങ്ങളിലേയ്ക്ക് ആള്‍ക്കാര്‍ എടുത്തുചാടരുത് എന്ന ചിന്തയാണ്."

തന്‍റെ സര്‍നെയിം മാറ്റുന്നതിനെ കുറിച്ചും രാജ്യം വിടുന്നതിനെ കുറിച്ചുമൊക്കെ അവര്‍ ചിന്തിച്ചു.

"വളരെ പെട്ടന്നു ഞാന്‍ മനസിലാക്കിയ ഒരു കാര്യം ഇതില്‍ നിന്ന് എനിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതാണ്," മാത്രമല്ല സുഹൃത്തുക്കളുടെ സാന്ത്വനവും നഷ്ടമാകും. ആത്മഹത്യയെ കുറിച്ചും അവര്‍ ചിന്തിച്ചു. ടോം ഒരിക്കല്‍ പറഞ്ഞു "നമ്മളെ കൂടെ അവന്‍ കൊന്നിരുന്നെങ്കില്‍". "ഒരുപാട് അവസരങ്ങളില്‍ ഞങ്ങള്‍ അങ്ങനെ ചിന്തിച്ചുപോയിട്ടുണ്ട്." ആ കൂട്ടക്കൊല നടന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലെബോര്‍ഡിന് സ്ഥാനാര്‍ബുദം കൂടി പിടിപെട്ടതോടെ എല്ലാം അവസാനിച്ച പോലെയായി.

ഡിലാന്‍റെ പ്രവര്‍ത്തികള്‍ ഇന്ന് അവരുടെ ജീവിതത്തെയും പ്രവര്‍ത്തികളെയും രൂപപ്പെടുത്തിയിരിക്കുന്നു: ആത്മഹത്യ അല്ലെങ്കില്‍ കൊലപാതകം ചെയ്തവരുടെ, അല്ലെങ്കില്‍ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുക. "മിക്കയാളുകള്‍ക്കും, ഇത്തരം ഒരു സംഭവം സ്വന്തം കുടുംബത്തില്‍ നടന്നിട്ടുണ്ടെങ്കില്‍, അത് ചെയ്തവരോട് വെറുപ്പാണ്. അവര്‍ അപമാനം മൂലം അധികം ആരും അറിയാതെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഇതുവരെ സംസാരിച്ചിട്ടുള്ള ഏതാണ്ട് എല്ലാവരും അങ്ങനെയാണ്. ഞാന്‍ ഈ വഴി തിരഞ്ഞെടുത്തത് ഒരു മാറ്റമാണ്."

നേരത്തെ പറഞ്ഞവരില്‍ ക്ലെബോര്‍ഡിന്‍റെ മൂത്ത മകന്‍ ബൈറണ്‍ (37), അവരുടെ മുന്‍ഭര്‍ത്താവ് ടോം എന്നിവരും പെടുന്നു. 43 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ 2014ല്‍ വേര്‍പിരിഞ്ഞു. "ഞങ്ങള്‍ രണ്ടു വ്യത്യസ്ഥ തലങ്ങളിലാണ് ജീവിച്ചിരുന്നത്. ഒരുമിച്ച് നേരിട്ട ആ ദുരന്തമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കിടയില്‍ പൊതുവായി ഉണ്ടായിരുന്നില്ല. അതിനെയും ഞങ്ങള്‍ നേരിട്ട രീതികള്‍ വിഭിന്നമായിരുന്നു, ടോമിനും ബൈറണിന്നും ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഇഷ്ടപ്പെട്ടില്ല. പക്ഷേ അതില്‍നിന്നും അവരെന്നെ ഒരിയ്ക്കലും തടഞ്ഞില്ല. അതില്‍ എനിക്കു സന്തോഷമുണ്ട്, ആ കാര്യത്തില്‍ അവരോടു സ്നേഹവും," ക്ലെബോര്‍ഡ് പറഞ്ഞു.

"ഈ പുസ്തകത്തിന്‍റെ ലക്ഷ്യം സൂവിനെ സംബന്ധിച്ചു വ്യക്തമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നു ആളുകളെ തടയാന്‍ അവരെ കൊണ്ട് കഴിയുന്ന എന്തും ചെയ്യുക, സമാനാവസ്ഥയിലുള്ള മാതാപിതാക്കളെ സഹായിക്കുക. ആ ദുരന്തത്തില്‍ നിന്നു സൂ ഉള്‍ക്കൊണ്ടത് ഇതാണ്. ഏറ്റവും ഭയപ്പെടുന്ന ഒരു ദുഃസ്വപ്നം പോലെയായിരുന്നു അത്. കൌമാരക്കാര്‍, അവര്‍ എന്താണ് ചിന്തിക്കുന്നത് എന്നു നമുക്ക് മനസിലാവുന്നില്ല. അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല," പുസ്തകം പ്രസിദ്ധീകരിച്ച ക്രൌണ്‍ പബ്ലിഷേര്‍സിന്റെ എഡിറ്റര്‍ റോജര്‍ സ്കോള്‍ പറയുന്നു. ആ ഓര്‍മക്കുറിപ്പുകളുടെ സന്ദേശം അതാണ്; വിട്ടുപോയ സൂചനകള്‍ക്കും അറിവിനും വേണ്ടിയുള്ള തിരച്ചില്‍.

"സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ ഒരു ദുരന്തത്തിന്റെ ബലിയാടായത് പോലെ തോന്നും ആദ്യം, നിസ്സഹായത, ആശയക്കുഴപ്പം ഒക്കെ. പിന്നെ അതില്‍ നിന്നും പുരോഗമിച്ചു നമ്മള്‍ ആ നഷ്ടത്തെ അതിജീവിക്കുന്നു. അങ്ങനെയുള്ളവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ കൈ നീട്ടുന്നു, അവരെ പിന്തുണയ്ക്കാനായി ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു, പരസ്പരം ചിന്തകളും വികാരങ്ങളും പങ്കു വയ്ക്കുന്നു. ക്രമേണ നമ്മള്‍ അങ്ങനെ ഉള്ളവര്‍ക്കായി വാദിക്കാന്‍ തയ്യാറാകുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്നും മാറ്റങ്ങള്‍ ഉണ്ടാക്കണം എന്നും ആഗ്രഹിക്കാന്‍ തുടങ്ങുന്നു."

തന്‍റെ തുറന്നുപറച്ചിലുകള്‍ വേദനാജനകം ആയേക്കാം എന്നും ചിന്തിക്കുന്നു ക്ലെബോര്‍ഡ്. "ഈ പുസ്തകത്തിലൂടെ ആളുകളെ ഞാന്‍ വീണ്ടും ആ ദുരന്തത്തിന്റെ അനുഭവങ്ങളിലൂടെ കൊണ്ടുപോകും. എന്നാല്‍ ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയോട് ഞാന്‍ അതിനെ താരതമ്യപ്പെടുത്തി," കയ്യിലിരുന്ന കാപ്പിക്കപ്പില്‍ തെരുപ്പിടിച്ച് അവര്‍ ഓര്‍മിച്ചു.

"എന്‍റെ ജീവിതം കൊണ്ട് ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കലാകും അത്; എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കു വച്ചില്ലെങ്കില്‍. എന്‍റെ കഥയ്ക്ക് ദുരിതത്തിലൂടെ കടന്നു പോകുന്ന മറ്റുള്ളവര്‍ക്ക് സഹായകമാകാനുള്ള കരുത്തുണ്ട്," ക്ലെബോര്‍ഡ് പറഞ്ഞുനിര്‍ത്തി.

അങ്ങനെ ആ പുസ്തകം പുറത്തെത്തിയിരിക്കുന്നു ഇപ്പോള്‍, ഒരു സ്വകാര്യ നരകത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്.


Next Story

Related Stories