Top

ബാബുപോള്‍ മറ്റൊരു അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നില്ല

ബാബുപോള്‍ മറ്റൊരു അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നില്ല
നരേന്ദ്ര മോദിയും ബിജെപിയും മറ്റൊരുവട്ടം കൂടി അധികാരത്തിലെത്തണം എന്ന വലിയൊരു മോഹം ബാക്കി വച്ചുകൊണ്ടാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനും ക്രൈസ്തവ ആദ്ധ്യാത്മികതയുടെ കേരളത്തിലെ പ്രതിരൂപങ്ങളിലൊന്നുമായിരുന്ന ഡോക്ടര്‍ ഡി ബാബുപോള്‍ യാത്രയായത് എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു ഒ രാജഗോപാല്‍ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ ആഗ്രഹിക്കാന്‍ ശ്രീ ബാബു പോള്‍ പറഞ്ഞ ന്യായവും വളരെ രസാവഹമായിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനും സുസ്ഥിര വികസനം ഉറപ്പു വരുത്താനും ബിജെപിയ്ക്കും മോദിക്കും മാത്രമേ കഴിയൂ എന്നതായിരുന്നു അത്.

പ്രഗല്‍ഭനായ ഉദ്യോഗസ്ഥനും ക്രൈസ്തവ ദൈവശാസ്ത്ര വിശാരദനും അടിസ്ഥാന സൗകര്യ വികസന കാര്യത്തിലെ ദീര്‍ഘവീക്ഷണക്കാരനും ആയിരിക്കുമ്പോള്‍ തന്നെ കടുത്ത ബിജെപി ഭക്തിയും വിധേയത്വവും അദ്ദേഹം കാണിച്ചത് കേവലം സ്ഥാനമാനങ്ങള്‍ തേടുന്ന ഒരു ഭാഗ്യാന്വേഷി ആയിട്ടല്ല എന്ന് വേണം മനസ്സിലാക്കാന്‍. അന്തിമരക്ഷ ബി ജെ പിയില്‍ മാത്രമാണ് എന്ന് പറഞ്ഞ് അധികാരവും കസേരകളും സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച പി സി തോമസും അല്‍ഫോന്‍സ് കണ്ണന്താനവും പി സി ജോര്‍ജും വരെയുള്ള ക്രിസ്ത്യന്‍ പ്രമാണിമാരുടെ നിരയില്‍ ഒരിക്കലും ബാബു പോള്‍ വന്നിട്ടില്ല. ടി പി സെന്‍കുമാറിനെയും ആനന്ദ ബോസിനെയും പോലുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ ബി ജെ പി പ്രവേശം എന്ന പുനരധിവാസ പദ്ധതിയിലും ബാബു പോള്‍ വരുന്നില്ല.

വാജ്‌പേയ് ഭരിച്ചിരുന്നപ്പോള്‍ അദ്ധേഹത്തെ ഗവര്‍ണര്‍ ആക്കാന്‍ ബിജെപി നേതൃത്വം ആലോചിച്ചിരുന്നതാണ്. ആ വിവരം തനിക്കു പകര്‍ന്നു കിട്ടിയിട്ടും അദ്ദേഹം അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഉത്സാഹിച്ചില്ല. വിരമിച്ചതിനു ശേഷം നാളിതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ പോലും എന്‍ ഡി എ സ്ഥാനാര്‍ഥിയാകാനോ കേന്ദ്രത്തിലെ ഭരണം തരുന്ന വലിയ പദവികളില്‍ എത്തിപ്പെടാനോ അദ്ദേഹം ശ്രമിച്ചില്ല.

എന്നിട്ടും നടക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹം കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉത്ഘാടനം ചെയ്യാന്‍ പോയി. കമ്മറ്റിയുടെ രക്ഷാധികരിയുമായി. മുന്‍പ് രാജഗോപാല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോളും സമാനമായ ഐക്യദാര്‍ഢ്യം അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു.

ഒരേ സമയം ബിജെപിയുടെ ഉറച്ച അനുഭാവിയും വക്താവും ആയിരിക്കവേ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയില്‍ ഉള്ള മാധ്യമം പത്രത്തില്‍ അദ്ദേഹം കോളമിസ്റ്റായി. ഇടതു മുന്നണി സര്‍ക്കാരിനു കീഴില്‍ കിഫ്ബിയുടെ ഭരണസമിതിയുടെ ഭാഗമായി. മോദിയെ പുകഴ്ത്തുന്ന അതെ അനായാസതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവിനെയും അദ്ദേഹം പുകഴ്ത്തി. വടകരയില്‍ പി ജയരാജന്റെ വിജയം മുന്‍കൂര്‍ പ്രവചിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ തന്നെ അതിലെ നേതാക്കളോട് വ്യക്തി ബന്ധം സൂക്ഷിച്ചു. മുഖ്യധാരാ മതേതരവാദികളില്‍ ഒരാളില്‍ നിന്ന് പോലും ബിജെപി ഭക്തിയുടെ പേരില്‍ അദ്ദേഹം ആക്രമണം നേരിടുകയും ചെയ്തില്ല.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു രാജഗോപാല്‍ ആയിരുന്നു എന്ന് പറഞ്ഞത് വെറുതെയല്ല. ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ താന്‍ പാലക്കാട് കലക്ടര്‍ ആയിരുന്നപ്പോള്‍ അവിടെ വക്കീലായിരുന്ന രാജഗോപാലിനെ കണ്ടു മുട്ടിയത് ബാബുപോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെയും ജനസംഘം രാഷ്ട്രീയത്തിന് വേരിറക്കം ഇല്ലാതിരുന്ന കാലം. ജനസംഘത്തില്‍ തനിക്കു മതിപ്പുണ്ടായത് രാജഗോപാലുമായുള്ള സംഭാഷണങ്ങളില്‍ കൂടെയാണെന്ന് ബാബുപോള്‍ പറഞ്ഞിട്ടുണ്ട്. റോമിലെ ചുങ്കക്കാരന്‍ ആയിരുന്ന (ചുങ്കക്കാരനെ കലക്ടര്‍ എന്നും പറയാം) മത്തായി ക്രിസ്തു ശിഷ്യന്‍ ആയതു പോലെയാണ് താന്‍ ജനസംഘത്തില്‍ ആകൃഷ്ടനായത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ആശയഗതിക്കാര്‍ ജനതാപാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞ് ബിജെപി ഉണ്ടാക്കിയപ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഴിമതി ആരോപണം നേരിട്ട പാര്‍ട്ടി പ്രസിഡന്റ് ബംഗാരു ലക്ഷ്മണനെ പുറത്താക്കിയ ബിജെപിയുടെ ധീരതയും അദ്ദേഹം വാഴ്ത്തി പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ ബാബുപോളിലെ കാവി അധികാരക്കൊതിയുടെ വര്‍ത്തമാനകാലത്തിലേത് ആയിരുന്നില്ല. അത് ജനസംഘം ഒന്നുമല്ലാതിരുന്ന ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ രൂപപ്പെട്ടതാണ്. ഭരണരംഗത്തെ ചുമതലകളില്‍ മതേതര സര്‍ക്കാരുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുമ്പോഴും മനസ്സിലെ കാവി മാറാതെ കിടന്നു എന്ന് വേണം മനസ്സിലാക്കാന്‍.

എന്തുകൊണ്ട് ബാബു പോളിനെയും കെ ടി തോമസിനേയും പോലുള്ള ക്രൈസ്തവ മത അസ്ഥിത്വം ഉയര്‍ത്തി പിടിക്കുന്നവര്‍ അതിന്റെ കൂട്ടത്തില്‍ കാവി കൊടിയും ഉയര്‍ത്തി പിടിക്കുന്നു എന്നത് ചിന്തനീയമാണ്. അദ്വാനിയുടെ രഥയാത്രയും അതിനൊപ്പം ഉണ്ടായ കലാപങ്ങളും എന്ത് കൊണ്ട് അവരെ മാറി ചിന്തിപ്പിച്ചില്ല? ബാബറി മസ്ജിദിന്റെ തകര്‍ച്ച എന്തുകൊണ്ട് അവരെ അസ്വസ്തര്‍ ആക്കിയില്ല? ഗുജറാത്തിലെ വംശഹത്യയും ക്രൈസ്തവര്‍ക്ക് എതിരെ രാജ്യവ്യാപകമായുണ്ടായ ആക്രമണങ്ങളും അവരെ വേദനിപ്പിച്ചില്ല. തമാശകള്‍ ഒരുപാടു പറയുന്ന വന്ദ്യ വയോധിക ബിഷപ്പ് ക്രിസോസ്റ്റോം വരെ ഇത്തരത്തിലുള്ള കേരള ക്രൈസ്തവരുടെ നിര നീണ്ടു കിടക്കുന്നു.

പ്രധാനമായും രണ്ടു കാരണങ്ങള്‍ ഇവിടെ കാണാം. കേരളത്തിലെ യാക്കോബായ, മെത്രാന്‍ കക്ഷി, കത്തോലിക്കാ, മാര്‍ത്തോമ വിഭാഗങ്ങളില്‍ പെട്ട മുഖ്യധാരാ ക്രൈസ്തവര്‍ക്ക് ബിജെപിയോട് കാലങ്ങളായി ഒരു മാനസീക അടുപ്പമുണ്ട്. കെ എം മാണിയിലും അനുയായികളിലും ആ മൃദുല സമീപനം എപ്പോഴും പ്രകടമായിരുന്നു. ബിജെപി തങ്ങള്‍ക്കു എതിരല്ല എന്നും കോണ്‍ഗ്രസ്സിനെക്കാള്‍ തങ്ങളുടെ നിലപാടുകളോട് അടുത്ത് നില്‍ക്കുന്നവര്‍ ആണെന്നും ഉള്ള ചിന്തകളുടെ ഫലമാകാം അത്. ക്രൈസ്തവ-ജൂത മതസങ്കല്‍പ്പങ്ങള്‍ക്ക് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒന്നാണ് ഹിന്ദുത്വം എന്ന് അവര്‍ക്ക് മാത്രമല്ല ബിജെപിക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് തന്നെയാണ് ബിജെപിയുടെ സുഹൃത്തുക്കളില്‍ അമേരിക്കയും ഇസ്രായേലും കടന്നു വരുന്നത്.

ബിജെപി എതിര്‍ക്കുന്ന മത ന്യൂനപക്ഷങ്ങളില്‍ തങ്ങള്‍ പെടുന്നില്ല എന്ന ഒരു തോന്നല്‍ കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവര്‍ക്ക് ഇടയിലുണ്ട്. മുഖ്യ ശത്രു അവര്‍ക്കും ബിജെപിക്കും മുസ്ലീങ്ങള്‍ ആണ്. മറ്റൊരു പൊതുശത്രു മതപരിവര്‍ത്തനം നടത്തുന്ന പ്രോട്ടസ്റ്റന്റ്-പെന്തക്കോസ്ത് വിഭാഗങ്ങള്‍. അങ്ങനെ വരുമ്പോള്‍ പൊതു ശത്രുക്കളുടെ മുന്നില്‍ സ്വാഭാവികമായി വരുന്ന ഒരന്തര്‍ധാരയാണ് ബാബുപോളിനെ പോലുള്ളവരെ നയിച്ചിരുന്നത്. ദൈവ നിഷേധികളായ കമ്യൂണിസ്റ്റുകാരും മുസ്ലീം പ്രീണനമുള്ള കോണ്‍ഗ്രസ്സും അവരുടെ പരിഗണനയുടെ പട്ടികയില്‍ പുറകില്‍ ആയിപോകുകയും ചെയ്യുന്നു. തോമാ ശ്ലീഹ നേരില്‍ വന്നു നമ്പൂതിരിമാരെയും നായന്മാരെയും മാര്‍ഗം കൂട്ടിയപ്പോള്‍ ഉണ്ടായവരാണ് തങ്ങളുടെ പിതാമഹര്‍ എന്ന് മേനി നടിക്കുന്ന ഒരു സവര്‍ണ്ണത്വം കേരളത്തിലെ ക്രൈസ്തവ മുഖ്യധാരയില്‍ ശക്തമായി നിലനില്‍ക്കുന്നുമുണ്ട്. ആ സവര്‍ണ്ണത്വത്തിന് ഹിന്ദു സവര്‍ണ്ണതയുമായി ഒത്തു പോകാന്‍ ഒരു ആശയ സംഘര്‍ഷവും നേരിടേണ്ടതുമില്ല.

ഇത്തരം സങ്കുചിതമായ ഒരു സാമൂഹിക-രാഷ്ട്രീയ പരിപ്രേക്ഷ്യം ഉള്ളില്‍ സൂക്ഷിച്ചു കൊണ്ട് തന്നെ കേരളത്തിലെ മതേതര രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ ഭരണപരമായ കഴിവുകള്‍ ഉയര്‍ത്തി കാണിച്ച് അവരുടെ അപ്രീതി വാങ്ങാതെ പൊതുസമ്മതി ഉണ്ടാക്കാന്‍ ആയി എന്നതാണ് ബാബുപോള്‍ പ്രതിനിധാനം ചെയ്യുന്ന ഒരു വലിയ വിഭാഗത്തിന്റെ വിജയം. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വീക്ഷണ വ്യതിയാനങ്ങളുടെ പേരില്‍ മറ്റുപലരും വിമര്‍ശിക്കപ്പെട്ടപ്പോളും ബാബു പോള്‍ വേറിട്ട് നിന്നു. പൊതുശ്രദ്ധ എപ്പോഴും കല്‍പറ്റ നാരായണനിലും സമാനരായ അര്‍ദ്ധ സംഘപരിവാര്‍ മനസ്‌കരിലും തളച്ചിടപ്പെട്ടു. അത് തന്നെയാണ് ബാബുപോളിനെ പോലുള്ള സമര്‍ത്ഥരുടെ വിജയവും. പള്ളിയിലെ കുര്‍ബാനയില്‍ കപ്യരാകുന്ന അതേ അനായാസതയില്‍ ബിജെപി നയങ്ങളെ പ്രശംസിക്കാനും ആ പാര്‍ട്ടിയുടെ മതസംകുചിത സമീപനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനും അവര്‍ക്ക് ആകുന്നു.

എന്നിരിക്കിലും ഒരു കാര്യം വ്യക്തമാണ്. ബാബുപോള്‍ മറ്റൊരു അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നില്ല. ആയാ റാം ഗയാ റാമും ആയിരുന്നില്ല. അയാളുടെ സമീപനങ്ങള്‍ വ്യക്തവും പരസ്യവുമായിരുന്നു. അധികാരം അയാളുടെ ലക്ഷ്യമേ ആയിരുന്നില്ല.

Next Story

Related Stories