TopTop
Begin typing your search above and press return to search.

നാവു വടിച്ചുകളയുന്ന സൌന്ദര്യങ്ങള്‍

നാവു വടിച്ചുകളയുന്ന സൌന്ദര്യങ്ങള്‍

ചൈനീസ് ഭാഷാ പഠന ക്ലാസിലെ ഒരു വിഷയം 'വീടും കുടുംബവും' ആയിരുന്നു. വീട്, വീട്ടിലെ അംഗങ്ങള്‍, അവരുടെ ജോലി, രൂപം എന്നിങ്ങനെ പുതിയ ഒരു പാട് വാക്കുകള്‍ പഠിക്കാന്‍ അവസരം. ക്ലാസിലെ ഓരോരുത്തരും അവരവരുടെ വീടിനെയും കുടുംബങ്ങളെയും കുറിച്ച് പുതുതായി പഠിച്ച വാക്കുകള്‍ ഉപയോഗിച്ച് പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോഴാണ് ആ ഭാഷയുടെ മരണത്തെ കുറിച്ച് അറിയുന്നത്.

എന്റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ വിരലു മടക്കി തുടങ്ങി : ഉമ്മ, ഉപ്പ, വല്ലിക്കാക്ക, ചെറിക്കാക്ക, നാത്തൂന്‍, ഉമ്മാമ, ഉപ്പാപ്പ, എളാമ, എളാപ്പ, കസിന്‍സ്, മൂത്താപ്പ, അമ്മോന്‍... എന്നിങ്ങനെ ഒരു കൊച്ചു പീപിള്‍സ് റിപബ്ലിക് ഉണ്ടാക്കാനുള്ള എന്റെ ശ്രമം; അഞ്ചു മിനിറ്റിന്റെ തരിപ്പിനു ശേഷം ടീച്ചര്‍ തടഞ്ഞു; ഇതിനെല്ലാം ചൈനീസ് ഭാഷയില്‍ വാക്കുകള്‍ ഇല്ല. വാക്കില്ലേ? ഞാന്‍ അമ്പരന്നു! ഹൌ ഈസ് ദാറ്റ് പോസിബിള്‍?

1970-കളിലാണ് ചൈനയില്‍ ഒറ്റക്കുട്ടി നിയമം പ്രാബല്യത്തില്‍ വരുന്നത്. വളരെ കര്‍ശനമായി ഉരുക്കുമുഷ്ടിയോടെ നടപ്പിലാക്കിയ ഈ നിയമത്തിനു ശേഷം കുടുംബങ്ങള്‍ ചുരുങ്ങി, വാക്കുകളും. കസിന്‍, അമ്മായി, അമ്മോന്‍, നാത്തൂന്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ മരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കുട്ടി ആയതു കൊണ്ട് രണ്ടു തലമുറകള്‍ക്കെങ്കിലും സഹോദരങ്ങളോ, അതുമായി ബന്ധപ്പെട്ടു വരുന്ന നാത്തൂന്‍, അമ്മായി, കസിന്‍ എന്നീ ബന്ധങ്ങളോ ഇല്ലാതായിരിക്കുന്നു. ആന്റി എന്നര്‍ത്ഥം വരുന്ന 'ആയി' എന്ന വാക്ക് ഇപ്പോള്‍ വീട്ടില്‍ സഹായത്തിനു വരുന്ന സ്ത്രീകളെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ഫോര്‍-ടൂ-വണ്‍ എന്നാണ് കുടുംബഘടനയെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദം; അതായത് നാല് മുത്തശ്ശ, മുത്തശ്ശിമാര്‍, അച്ഛന്‍ - അമ്മ അടങ്ങുന്ന രണ്ട്, പിന്നെ ഒരു കൊച്ചും. വാക്കുകളും അതുകൊണ്ട് ഇതിലേക്ക് ചുരുങ്ങുന്നു. ഒരു കാലത്ത് ദാ ചീങ്ങ് ലൂ ലീ എന്ന പേരില് (The Great Qing Law) സകലമാന കുടുംബ ബന്ധങ്ങളുടെയും വിവരണവും, പേരും, അവരെ അഭിസംബോധന ചെയ്യേണ്ട വിധവും, അവരുടെ മരണശേഷം എത്ര കാലം ദു:ഖാചരണം നടത്തണമെന്നും, അവര്‍ക്കെതിരെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കേണ്ട ശിക്ഷയും വിശദമായി എഴുതപെട്ട നിയമാവലി ആയിരുന്നു. അതില്‍ ഇരുപത്തിയഞ്ചോളം കസിന്‍സിന്റെ അഭിസംബോധനാ നിയമങ്ങള്‍ ഉണ്ടെന്നു പറയുന്നു. ഇന്ന് അതില്‍ ഒന്ന് പോലും ബാക്കിയില്ല.

ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഒറ്റക്കുട്ടി നിയമം ബാധകമല്ലാത്തതിനാല്‍ ചില വാക്കുകള്‍ ഇന്നും ഉപയോഗത്തിലുണ്ട്. ഭാഷാ ശാസ്ത്രജ്ഞര്‍ അന്‍പത്തിയൊന്നോളം വാമൊഴികളും ഭാഷാഭേദങ്ങളും ചൈനയില്‍ ഉടനീളം ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഷാങ്ങ്ഹായിലെ ചൈനീസ് 'വൂ' എന്നാണു അറിയപ്പെട്ടിരുന്നത്. എന്നാല്‍ 1911-നു ശേഷം രാഷ്ട്രഭാഷയായി മാന്‍ഡരിന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടു കൂടി മറ്റു ശൈലികള്‍ പതുക്കെ ഇല്ലാതാവുകയാണ്. വൂ ഇപ്പോള്‍ മുതിര്‍ന്ന തലമുറകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അച്ചനമ്മമാര്‍ വൂ ശൈലി ഉപയോഗിക്കുകയും മക്കള്‍ മാന്‍ഡരിന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

ഇങ്ങനെ ഒക്കെ ആണെന്നിരിക്കെ നാട്ടിലേക്ക് നോക്കുമ്പോള്‍, ഇവിടെയുമുണ്ട് ഈ ഒരു പ്രവണത എന്ന് കാണാതെ വയ്യ. ആധുനികതയുടെയും, ഒരു പക്ഷെ മാധ്യമങ്ങളുടെയും സ്വാധീനം കൊണ്ട് നാവില്‍ നിന്നും ഒരു പാട് സൌന്ദര്യങ്ങളെ നമ്മള് വടിച്ചു കളഞ്ഞിരിക്കുന്നു. തനതായ ഭാഷാശൈലികളും പ്രയോഗങ്ങളും ഉപയോഗിക്കുന്നവരെ പുച്ഛത്തോടെയും, വിദ്യാഭ്യാസം കുറഞ്ഞവരായും കാണുന്ന ഒരു പ്രവണത പ്രബലമായി വരുന്നു. ഒരു നാട്ടിന്റെ തന്നെ സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രത്തെ ഒളിച്ചുവെക്കാന്‍ ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്.

മലബാറിലേക്ക് നോക്കുകയാണെങ്കില്‍ ഇത് പോലെ ഒരു പാട് വാക്കുകള്‍ കാണാം. കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പല വാക്കുകളും ഇന്ന് ഉപയോഗത്തില്‍ പോലുമില്ല. നാവിന്റെ അനായാസത ആയിരുന്നു ഇത്തരം ശൈലികളുടെ ഒരു സുഖവും ഭംഗിയും; വഴുവഴുപ്പ് എന്നുള്ളത് 'വൈവൈപ്പ്'എന്നൊരൊഴുക്കില്‍ പറഞ്ഞു തീര്‍ന്നിരുന്നു. മലബാര്‍ സമൂഹത്തില്‍ അലിഞ്ഞു ജീവിച്ചിരുന്ന ഗുജറാത്തികളുടെയും, കൊങ്കിണികളുടെയും, പോര്‍ച്ചുഗീസുകാരുടെയും അറബികളുടെയും ബാക്കിപത്രമായി വാക്കുകള്‍ അവിടിവിടെ നിക്ഷേപിച്ച് അവര് പോയി. അതില്‍ എനിക്ക് പ്രിയപ്പെട്ട ചില വാക്കുകള്‍ മറന്നു പോകാതിരിക്കാന്‍ ഞാന്‍ കുറിച്ചിട്ടിരുന്നു; അതില്‍ ചിലത്:

സകലഗുലാബി = എല്ലാം, സര്‍വ സാധനങ്ങളും. 'എല്ലാ സകലഗുലാബിയും വാങ്ങി നശിപ്പിക്കും', 'എല്ലാ സകലഗുലാബിയും അറിയണം, എന്നിട്ട് അത് തെങ്ങൂമക്കെട്ടി പോലെ നാട്ടാരെ മുയ്മനും അറീക്കണം'

തെങ്ങൂമക്കെട്ടി = കോളാമ്പി സ്പീക്കര്‍. പണ്ടൊക്കെ തെങ്ങിന്റെ മേല്‍ ആയിരുന്നു കെട്ടിയിരുന്നത് കൊണ്ടായിരിക്കണം ഈ പേര് വന്നത്. നാട്ടിലെ ഫിത്‌നക്കാരെയും ന്യൂസ് വായനക്കാരെയും ഈ പേര് വിളിച്ചാണ് കളിയാക്കിയിരുന്നത്.

ഒഫ്ഫാല്‍ത്ത്= ഓഫ് ആയ ഹാലത്ത് അഥവാ ഒരു പിരി ലൂസ് ആയ കളി. 'ഇന്നലെ മുതല്‍ ഓന്‍ ഒരു ഒഫ്ഫാല്‍ത്തിന്റെ കളി തുടങ്ങീന്'

ബഡാബന്ദര്‍ = ഭയങ്കരം, വലുത്, അസാമാന്യ വലുപ്പം ഉള്ളത് എന്നൊക്കെ അര്‍ത്ഥം. 'ഒരു ബഡാബന്ദര്‍ അലമാര', 'ബടാബന്ദര്‍ ബിരിയാണി ചെമ്പ്', 'ബടാബന്ദര്‍ മനുഷ്യന്‍'. വളരെ കാലം ബഡാ ബന്ദര്‍ - 'വലിയ കുരങ്ങ്' - എന്നത് എങ്ങനെ വന്നു എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഇനി വല്ല ഗോറില്ലയേയും ഉദ്ദേശിച്ചാണോ എന്നൊക്കെ സംശയിച്ചു. അതിനിടക്കാണ് അറബിയില്‍ ബന്ദര്‍ എന്നാല്‍ തുറമുഖം എന്ന അര്‍ത്ഥം കാണുന്നത്. അപ്പോള്‍ അതായിരിക്കണം; 'വിശാലമായ' എന്നതിന് പകരം ബന്ദര്‍ ആയി.

പിപ്പിരാന്തി = വിഭ്രാന്തിയുടെ ശൈലീ മാറ്റം. 'എന്നെ പിപ്പിരാന്തി ആക്കി കാര്യം സാധിപ്പിച്ചു', 'ആ ഷമീം വന്നാല്‍ മനുഷ്യനെ പിപ്പിരാന്തി ആകീട്ടെ പോവൂ... നാശം'.

എക്ക് ശക്കിന്റെ കളി = സംശയത്തിന്റെ കളി. 'ആ പെണ്ണിന് ഒരു എക്ക് ശക്കിന്റെ കളിയാ... വൃത്തിയാക്കിയാലും ആക്കിയാലും സബൂര്‍ ആവൂല.' ഇത് വന്നത് തീര്‍ച്ചയായും ഹിന്ദിയിലെ ശക്ക് എന്ന വാക്കില്‍ നിന്നായിരിക്കണം.

ക്രാന്തിക്കുക/ക്രാന്തിക്കാരന്‍ = ലഹള ഉണ്ടാക്കുക, ദേഷ്യക്കാരന്‍. 'നല്ലത് പറഞ്ഞു കൊടുത്താലും നിന്ന് ക്രാന്തിക്കും... ഓന്റെ ഉപ്പയും ഒരു ക്രാന്തിക്കാരനാ... മൂക്കിന്റെ തുഞ്ചത്താ മൊഞ്ച്'. ഇത് ഒരുപക്ഷെ വന്നിരിക്കുന്നത് ഹിന്ദിയില്‍ നിന്നോ ഗുജറാത്തിയില്‍ നിന്നോ തന്നെ ആയിരിക്കണം. ക്രാന്തി എന്ന പദത്തില്‍ നിന്ന് ക്കുക, ക്കാരന്‍ എന്നൊക്കെ വാലിട്ട് അത് ഞമ്മള്‍ എടുത്തു എന്ന് മാത്രം!

നാമൂസ്= അഹങ്കാരം, പൊങ്ങച്ചം. 'എന്തൊരു നാക്കും നാമൂസും ആണ് ആ പെണ്ണിന്...', 'ഇത്തരെ നാമൂസ് കാണിക്കാന്‍ മാത്രം എന്ത് കട്ടിപൊന്നു ഉണ്ടായിട്ടാ?'

ഒഭ = ചുമതല, ബാദ്ധ്യത. 'അയാള് മരിച്ചതോടെ ആ കുടുംബത്തിന്റെ ഒഭ മുഴുവനും ഓളെ തലയിലായി'

മോസ്തരു = ഉഷാറ്, ബര്‍ക്കത്ത്. 'നല്ല മൊഞ്ചും മോസ്തരും ഉള്ള പിയാപ്ല', മോസ്തരിനു പകരം ഉപയോഗിച്ചിരുന്ന മറ്റൊരു വാക്കായിരുന്നു ഒജാര്. 'ഒജാറും ബര്‍ക്കത്തും ഉള്ള പണിക്കാരി'. ഈ ഒജാറു വന്നത് ഉഷാര്‍ എന്നതില്‍ നിന്നായിരിക്കും എന്നാണു എന്റെ ഒരു ഊഹാപോഹം.

ഇങ്ങനെ ഒരു പാട് സുന്ദരമായ വാക്കുകളും പ്രയോഗങ്ങളും ഇന്ന് വളരെ വിരളമായി മുതിര്‍ന്ന തലമുറയില്‍ നിന്ന് മാത്രം കേട്ട് വരുന്നു. പൊതു സമൂഹത്തില്‍ സ്വീകാര്യമാകുവാന്‍ വേണ്ടി ബേണ്ടിങ്ങ വെണ്ടക്കയും, ബട്ടാട്ട ഉരുളക്കിഴങ്ങായും, തേങ്ങാണി വെളിച്ചെണ്ണയായും, പൂവെണ്ണ പെര്‍ഫ്യൂം ആയും, കാസ്രട്ട് മണ്ണെണ്ണയായും ഒക്കെ വെളുത്തു കൊഴുത്ത അമൂല്‍ കുഞ്ഞുങ്ങളായി... പണ്ടെങ്ങോ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ പോലെ പെണ്ണിന് പൊടിമീശയും മുഖക്കുരുവും ചെറിയൊരു കോങ്കണ്ണും സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടും എന്ന പോലെ ഭാഷയുടെ സൗന്ദര്യവും അതിന്റെ 'വികലതയില്‍' ജ്വലിക്കുന്നതായേ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളൂ.


Next Story

Related Stories