TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS | ലതാ മങ്കേഷ്ക്കറിന് 91 വയസ്: സെപ്തംബറിന്റെ ഗായികമാര്‍, ലതയും ആശയും തമ്മിലെന്ത്?

AZHIMUKHAM PLUS | ലതാ മങ്കേഷ്ക്കറിന് 91 വയസ്: സെപ്തംബറിന്റെ ഗായികമാര്‍, ലതയും ആശയും തമ്മിലെന്ത്?


ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ചലച്ചിത്ര ഗായികമാരാണ് ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും. സിനിമാ സംഗീതത്തില്‍ ഭാരതരത്‌ന കരസ്ഥമാക്കിയ ഏക ഗായികയാണ് ലതാ ജിയെങ്കില്‍ അതൊഴികെയുള്ള എല്ലാ ദേശീയ ബഹുമതികളും ആശാ ജിയെ തേടിയെത്തിയിട്ടുണ്ട്. രണ്ടു പേരും സെപ്തംബറില്‍ ജനിച്ചവര്‍. നാലു വയസ്സിന്റ വ്യത്യാസം മാത്രമേ ഇവര്‍ തമ്മിലുള്ളു. ഇരുവരുടെയും ജീവിതവും സംഗീതവും പരിശോധിച്ചാല്‍ വൈജാത്യങ്ങളാണ് കൂടുതല്‍ കാണാനാവുക.
തുടക്കം മുതല്‍ ഈ മങ്കേഷ്‌കര്‍ സഹോദരിമാരെ കുറിച്ച് ബോളിവുഡില്‍ ഒരുപാട് കിംവദന്തികള്‍ പ്രചരിച്ചിട്ടുണ്ട്. ലതയും ആശയും തമ്മില്‍ കടുത്ത മത്സരമാണെന്നും അവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലെന്നുമൊക്കെയുള്ള കഥകള്‍ ഇന്നും അതേപടി വിഴുങ്ങുന്നവരുണ്ട്. വാസ്തവത്തില്‍ ഇതിലെന്തെങ്കിലും കഴമ്പുണ്ടൊ? ആശ തന്നെ ഇതിനുത്തരം നല്‍കുന്നുണ്ട്. ' ദീദി എന്റെ പ്രതിയോഗിയാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സീനിയോറിറ്റിയുടെയൊ പാടിയ പാട്ടുകളുടെ എണ്ണത്തിന്റെയൊ ഏതടിസ്ഥാനത്തില്‍? ദീദിക്ക് പാടാന്‍ കഴിയുന്നതെല്ലാം എനിക്ക് പാടാന്‍ കഴിഞ്ഞില്ലെന്ന് വരാം, മറിച്ചും സംഭവിക്കാം... ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. ദീദിയെ കവച്ചുവെയ്ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തെറ്റാണോ?'

ആശാ ഭോസ്ലെ തുടരുന്നു, 'ദീദിയുടെ ശബ്ദം നേര്‍ത്തതാണെങ്കില്‍ എന്റെത് സാന്ദ്രമാണ്. ദീദിയുടെ സ്വരത്തിന് മാധുര്യം കൂടുതലാണ്. പക്ഷെ ഇരുവര്‍ക്കും സ്വന്തമായ സ്ഥാനങ്ങളുണ്ട്. അമ്പതു ശതമാനം സംഗീതപ്രേമികള്‍ ദീദിയുടെ പാട്ടുകള്‍ ഇഷ്ടപ്പെടുമ്പോള്‍ അത്ര തന്നെ ആസ്വാദകര്‍ എനിക്കുമുണ്ട് '

ഇത് വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാണ്. ലതയുടെ സ്വരം മധുരമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആലാപനത്തില്‍ വേറിട്ട വഴി തേടിയതുകൊണ്ടാണ് തനിക്ക് സംഗീത ലോകത്ത് അംഗീകാരം ലഭിച്ചതെന്ന് അവര്‍ ന്യായമായും അവകാശപ്പെടുന്നു. ലതയെ അനുകരിച്ചവരെല്ലാം വിസ്മൃതിയില്‍ വിലയം പ്രാപിച്ചപ്പോള്‍ വ്യത്യസ്തമായ സ്വന്തം വഴി വെട്ടിത്തെളിയിച്ചതുകൊണ്ടാണ് ചലച്ചിത്ര സംഗീത ലോകത്ത് രണ്ടാംസ്ഥാനം ഉറപ്പിച്ചു നിറുത്താന്‍ ആശയ്ക്ക് കഴിഞ്ഞത്.

സംഗീതജ്ഞനായ അച്ഛനില്‍ നിന്ന് മക്കള്‍ക്കെല്ലാം പാരമ്പര്യമായി തന്നെ സംഗീതവാസന ലഭിച്ചിട്ടുണ്ടെങ്കിലും ലതയും ആശയും ആണ് ചലച്ചിത്ര സംഗീതത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയത്. അതേ സമയം സ്വഭാവത്തില്‍ ചേച്ചിയും അനുജത്തിയും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. അന്തര്‍മുഖിയും മിതഭാഷിയുമാണ് ലതാ ജി. എന്നാല്‍ പെട്ടെന്നും ശക്തമായും പ്രതികരിക്കും ആശാ ജി. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്‍പില്‍ തുറന്നടിച്ചു പറയാനും അവര്‍ക്ക് മടിയില്ല.

നേര്‍ത്ത സ്വരമെന്ന് പറഞ്ഞ് ഹന്‍സ് രാജ് ബെഹ്ല്‍ എന്ന ആദ്യകാല സംഗീതശില്‍പ്പി ലതയ്ക്ക് നിഷേധിച്ച പാട്ട് (ചുനെരിയ 1948) ആശ പാടിയപ്പോള്‍ തന്നെ പ്രൊഫഷണല്‍ രംഗത്ത് സഹോദരിമാര്‍ തമ്മിലുള്ള മത്സരം ആരംഭിച്ചിരുന്നുവെന്ന് പറയാം. ആ പാട്ടില്‍ തന്നെ ആശയുടെ സ്വരത്തിലും ആലാപനത്തിലുമുള്ള വ്യതിരിക്തത പ്രകടവുമായിരുന്നു.

എന്നാല്‍, ലതയുടെ നേര്‍ത്ത ശബ്ദം കാത്തിരിക്കുകയായിരുന്നു മറ്റു സംഗീത സംവിധായകരെല്ലാം. സ്വന്തം ഭാവനയ്ക്കനുസരിച്ച് പാടാന്‍ കഴിയുന്ന ഒരു ഗായികയെ ആയിരുന്നു അവര്‍ക്കാവശ്യം. നൂര്‍ജഹാന്‍ പാക്കിസ്ഥാനിലേക്ക് പോയി. സുരയ്യ സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പാടിയിരുന്നത്. ഷംഷാദ് ബീഗത്തിന്റെ തുറന്ന ശബ്ദം എല്ലാ നായികമാര്‍ക്കു വേണ്ടിയും ഉപയോഗിക്കാന്‍ പറ്റുന്നതായി സംഗീത സ്രഷ്ടാക്കള്‍ക്ക് തോന്നിയില്ല. ഏത് നായികയ്ക്കും പിന്നണി പാടാന്‍ കഴിയുന്ന ഗായികയെ അവര്‍ ലതയില്‍ കണ്ടെത്തി. ലതാ മങ്കേഷ്‌ക്കക്കര്‍ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു.അതേസമയം രണ്ടാം നിര നടികള്‍ക്കും നര്‍ത്തകികള്‍ക്കും വേണ്ടി പാടേണ്ടി വരുമ്പോള്‍ മാത്രം ആശയുടെ നേരെ അവര്‍ തിരിഞ്ഞു. ഒരുതരം അസ്പൃശ്യതയെ ഒരു കലാകാരിയെന്ന നിലയില്‍ ആശാ ഭോസ്ലെയ്ക്ക് നേരിടേണ്ടിവന്നുവെന്നത് സത്യമാണ്.

പതിനാലാം വയസ്സില്‍ തന്നേക്കാള്‍ ഇരട്ടിയിലേറെ പ്രായമുള്ള ഗണപതിറാവു ഭോസ്ലെ എന്ന ഒരു റേഷനോഫീസറോടൊപ്പം ആശ ഒളിച്ചോടിയത് മങ്കേഷ്‌കര്‍ കുടുംബത്തിന് വലിയ അപമാനമായി. ഭര്‍ത്താവിന്റെ വീട്ടില്‍ കഠിനജോലികളും പീഡനങ്ങളുമേററുവാങ്ങേണ്ടി വന്നു. ഒടുവില്‍ രണ്ടു കുഞ്ഞുങ്ങളുമായി സ്വന്തം കുടുംബത്തിലേയ്ക്ക് തിരിച്ചു വന്നപ്പോള്‍ ബാക്കിയായത് ഭര്‍ത്താവിന്റെ പേരിലെ ഭോസ്ലെ മാത്രം.

എല്ലാ പ്രമുഖ സംഗീത ശില്‍പ്പികളും അകറ്റിനിറുത്തിയ ആശാ ഭോസ്ലെയ്ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തയ്യാറായത് ഒ.പി. നയാര്‍ ആണ്. ബോളിവുഡ് സംഗീതത്തില്‍ പാശ്ചാത്യോന്മുഖമായ മാറ്റം കൊണ്ടുവന്ന സംഗീത സംവിധായകനായിരുന്നു നയാര്‍. ലതാ മങ്കേഷ്‌ക്കറെക്കൊണ്ട് തന്റെ ചിത്രത്തില്‍ പാടിക്കയില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ആദ്യന്തം അത് പാലിക്കുകയും ചെയ്തയാളാണ് നയാര്‍.

എല്ലാ സംഗീത സംവിധായകരുടെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌ക്കരെ ഒഴിവാക്കി സംഗീതരചന നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്റെ മുഖ്യഗായികയായി അവരുടെ അനുജത്തിയെ തന്നെ തെരഞ്ഞെടുക്കാന്‍ ഓം പ്രകാശ് നയാറെ പ്രേരിപ്പിച്ചതില്‍ ഒരു മാത്സര്യബോധമുണ്ടായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെ സ്വീകരിക്കുമ്പോള്‍ ആശയുടെ മനസ്സിലും അതുണ്ടായിരിക്കണമല്ലൊ. എല്ലാവരും അവഗണിക്കുമ്പോള്‍ തന്നെ അംഗീകരിക്കാനും കഴിവുകള്‍ പ്രയാജനപ്പെടുത്താനും മുന്നോട്ട് വന്ന സംഗീത സംവിധായകനുമായി പ്രൊഫഷണല്‍ താല്‍പ്പര്യങ്ങള്‍ക്കപ്പുറമുള്ള ഹൃദയബന്ധമായി വളര്‍ന്നതും. നയാദൗര്‍ എന്ന ചിത്രത്തിലെ എല്ലാ പെണ്‍പാട്ടുകളും അദ്ദേഹം ആശയെക്കൊണ്ടു തന്നെയാണ് പാടിച്ചത്. നായികയ്ക്ക് വേണ്ടിയുള്ള മുഴുവന്‍ ഗാനങ്ങളും പാടാന്‍ ആശയ്ക്ക് ആദ്യമായി അവസരം ലഭിക്കുകയായിരുന്നു. നയാറുടെ പിന്നീടുള്ള ചിത്രങ്ങളിലും ആശ തന്നെ പ്രധാന ഗായികയായി. പതിനെട്ട് വര്‍ഷം നീണ്ടു നിന്ന നയാര്‍ ആശ കൂട്ടുകെട്ട് ബോളിവുഡില്‍ ഒരു വലിയ ചലനമുണ്ടാക്കി.. പാശ്ചാത്യോന്മുഖവും ബഹുസ്വരവുമായ ഗാനരീതികള്‍ പരീക്ഷിക്കപ്പെട്ടു. റോക് എന്‍ റോളും പോപ്പും കാബറേയും മുജ്‌റയും ഖവാലിയുമെല്ലാം നിര്‍ബാധം സിനിമാ സംഗീതത്തിലേക്ക് കടന്നു വന്നു. ഒരു ഗായികയും സംഗീത ശില്‍പ്പിയും തമ്മിലുള്ള ബന്ധത്തിലുപരിയായി നയാര്‍ ആശാ ബന്ധം വളര്‍ന്നു.

പരാജയത്തില്‍ കലാശിച്ച ഭോസ്ലെ ആശാ ദാമ്പത്യമുണ്ടാക്കിയത് പോലെ കുടുംബത്തിന് അപമാനകരമായി മറ്റു മങ്കേഷ്‌കര്‍ സഹോദരങ്ങള്‍ കരുതിയതില്‍ അസ്വഭാവികതയില്ല. ഒന്നര വ്യാഴവട്ടക്കാലത്തിന് ശേഷം ആശയുമായി പിരിയുമ്പോള്‍ നയാര്‍ പറഞ്ഞു: എന്റെ ജീവിതത്തിലും സംഗീതത്തിലും ഒരു പ്രധാന വ്യക്തിയാണ് ആശാ ജി. ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും നല്ല വ്യക്തി.

ദീദിയെ പോലെ ഇഷ്ടഗാനങ്ങള്‍ മാത്രം സ്വീകരിക്കാന്‍ സാധ്യമല്ലാത്തതു കൊണ്ട് ആര്‍ക്ക് വേണ്ടിയായാലും അവര്‍ തരുന്ന ഏത് ഗാനവും പാടാന്‍ താന്‍ നിര്‍ബ്ബന്ധിതയാവുകയായിരുന്നുവെന്ന് ആശാ ഭോസ് ലെ പറഞ്ഞിട്ടുണ്ട്. കാരണം എനിക്ക് മൂന്ന് മക്കളെ പോ റ്റേണ്ടതുണ്ടായിരുന്നു.

ഈ ഘട്ടത്തില്‍ പോലും ആശ ദീദിയുടെ പിന്തുണ തേടിപ്പോയില്ല. ആ കലാകാരിയുടെ ജീവിതത്തിലുടനീളം ഈ താന്‍പോരിമയും തന്റെടവും പ്രകടമാണ്. ഇതൊക്കെ സഹോദരിമാര്‍ തമ്മിലുള്ള ബന്ധത്തില്‍ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. അപ്പോഴും ലതയും ആശയും ചേര്‍ന്ന് ഒത്തിരി യുഗ്മഗാനങ്ങള്‍ പാടിയിട്ടുമുണ്ട്.

ഈ സഹോദരികള്‍ തമ്മിലുള്ള ബന്ധത്തെയും അതിലെ ശൈഥില്യങ്ങളെയും ആസ്പദമാക്കി സാസ് (SAAZ) എന്ന ഒരു സിനിമ പോലും ബോളിവുഡിലുണ്ടായി. എല്ലാ മസാലകളും ചേര്‍ന്ന ഒരു എന്റര്‍ടൈനര്‍.

ഒ.പി.നയാറെപോലെ തന്നെ ലതയുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഒരു ഹ്രസ്വമായ കാലയളവില്‍ എസ്.ഡി.ബര്‍മ്മനും ആശയുടെ ശബ്ദം ഉപയോഗിക്കുകയുണ്ടായി. പിന്നീട് പിണക്കം തീര്‍ന്ന് ലത മുഖ്യ ഗായികയായപ്പോള്‍ ബര്‍മ്മന്‍ദാ ആശയെ പാടെ ഒഴിവാക്കിയില്ല.

ബര്‍മ്മന്‍ദായുടെ മകന്‍ രാഹുലിന്റെ വരവോടെ ആശയുടെ ജീവിതത്തിലും സംഗീതത്തിലും ആശാസ്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചു. അവരുടെ സ്വരത്തിലെ ജൈവവൈവിധ്യം മുഴുവന്‍ പഞ്ചം എന്ന് ബോളിവുഡില്‍ വിളിക്കപ്പെട്ട ആര്‍.ഡി.ബര്‍മ്മന്‍ ചുരന്നെടുത്തു. ക്ലാസിക്കലും ഗസലും റോക്കും ഡിസ്‌ക്കോയുമെല്ലാം തന്റെ ബബ്‌സിന് വേണ്ടി ആശ പാടി. മുഹമ്മദ് റഫിക്ക് മാത്രമാണ് ഇത്രമാത്രം വൈവിധ്യമുള്ള ഗാനങ്ങള്‍ പാടന്‍ കഴിഞ്ഞിട്ടുള്ളത്. ലതാ മങ്കേഷ്‌കര്‍ തന്നെ പറഞ്ഞിട്ടുണ്ട്: 'ആശയ്ക്ക് എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിയും ശോകവും പ്രണയവും കാബ്‌റെയുമെല്ലാം '

ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായിക താനാണെന്ന് ആശാ ഭോസ്ലെ അവകാശപ്പെടുമ്പോള്‍ അത് നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. അതേസമയം ഏറ്റവും കൂടുതല്‍ സിനിമാപ്പാട്ടുകള്‍ പാടിയ ഗായികയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് ലതാ മങ്കേഷ്‌കര്‍ ആണെന്നോര്‍ക്കണം. അതിലെ യുക്തിയെ റഫി സാബ് ചോദ്യം ചെയ്തത് വിവാദവിഷയമായിരുന്നു.

അതുപോലെ തന്നെ റോയല്‍റ്റി വിവാദത്തില്‍ മറ്റു ഗായകരെല്ലാം ലതയുടെ പക്ഷത്ത് അണിനിരന്നപ്പോള്‍ ആശ റഫിയുടെ ഒപ്പമായിരുന്നുവെന്ന് ഓര്‍മ്മിക്കുക.

'ആശയും ഞാനും തമ്മില്‍ ഒരു ശത്രുതയുമില്ല' ലതാജി പറയുന്നു; ഞങ്ങള്‍ സഹോദരികള്‍ മാത്രമല്ല, അയല്‍ക്കാരുമാണ്. മിക്കവാറും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. സംസാരിക്കുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുന്നു'.

ജമാല്‍ കൊച്ചങ്ങാടി

ജമാല്‍ കൊച്ചങ്ങാടി

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories