TopTop
Begin typing your search above and press return to search.

'മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ഒരേ കുഴിയിൽ അടക്കം ചെയ്യേണ്ടിവരുന്ന അവസ്ഥ', കൊറോണയുടെ ചാവുനിലമായ ഇറ്റലിയിൽ നിന്നും ഒരു മലയാളിയുടെ അനുഭവ കഥ

മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ഒരേ കുഴിയിൽ അടക്കം ചെയ്യേണ്ടിവരുന്ന അവസ്ഥ, കൊറോണയുടെ ചാവുനിലമായ ഇറ്റലിയിൽ നിന്നും ഒരു മലയാളിയുടെ അനുഭവ കഥ

കൊറോണ വൈറസ് ബാധ മൂലം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചുവിണ രാജ്യമാണ് ഇറ്റലി. ഇപ്പോഴും അവിടെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. ആശുപത്രകൾ നിറഞ്ഞുകവിയുന്നു. മരിച്ചുവീഴുന്നവരുടെ ശവമടക്ക് നടത്താൻ പോലുമാകാത്ത സ്ഥിതിയുണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ആളുകൾ എങ്ങനെ ജീവിക്കുന്നുവെന്നത് വലിയ അത്ഭുതമാണ്. വർഷങ്ങളായി റോമിൽ താമസിക്കുന്ന മലയാളിയായ ജോളി ജോസഫ് പൂർണമായും ലോക്ഡൌണായ ഒരു പ്രദേശത്ത്, നൂറുകണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവിഴുന്ന ഒരു രാജ്യത്ത്, എങ്ങനെയാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് വിശദീകരിക്കുകയാണ്.

റോമിലാണ് ഞങ്ങള്‍ കുടുംബമായി താമസിക്കുന്നത്. ഈ ആഴ്ച ഇവിടെ വൈറസ് വ്യാപനത്തിന്റെ ഏറ്റവും പീക്ക് ആണെന്നാണ് പറയുന്നത്. ഇന്നലെ 24 മണിക്കൂറിനുള്ളില്‍ 726 പേര്‍ മരിച്ചു. 57,000 പേരോ അതില്‍ കൂടുതലോ ആണ് വൈറസ് ബാധിതര്‍. ഈ ആഴ്ച കഴിഞ്ഞാല്‍ ഇനിയുള്ള കാര്യം എങ്ങനെ എന്നത് സംബന്ധിച്ച് ഒരു വ്യക്തത വരും എന്നാണ് പറയുന്നത്. എണ്ണായിരത്തോളം പേര്‍ രോഗാവസ്ഥയില്‍ നിന്ന് മുക്തരായിട്ടുണ്ട്. അത്ര തന്നെ മരണവും ഉണ്ടായിട്ടുണ്ട്.

ലമ്പോര്‍ഡിയ, മിലന്‍ തുടങ്ങി വൈറസ് വ്യാപനം അധികമായുണ്ടായത് 14 ജില്ലകളിലാണ്. അവിടെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിരുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പല രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. ഇവിടെ നിന്ന് 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോവാനുള്ള വ്യവസ്ഥകള്‍ ലളിതമാണ്. പോയവരില്‍ പലരും രോഗ ബാധിതരായിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ഇനി ഏതെല്ലാം സ്ഥലത്ത് രോഗം പരത്തുമെന്ന ആശങ്ക ഇവിടെയുള്ളവര്‍ക്കുണ്ട്. ഇറ്റലിക്കാര്‍ പൊതുവെ ഉദാരമനസ്‌കരാണ്. സിറിയയില്‍ നിന്നും മറ്റും കടല്‍ മാര്‍ഗം എത്തുന്നവരെ സ്വീകരിക്കുന്നുണ്ട്. അത് ചിലപ്പോള്‍ അബദ്ധമായി വരാനുള്ള സാഹചര്യം പൊതുവെ പറയപ്പെടുന്നു. രണ്ടാഴ്ച മുമ്പ് വരെ ഇവിടെ പൊതുവെ രോഗ വ്യാപനത്തോട് അയഞ്ഞ സമീപനമായിരുന്നു. പ്രധാനമന്ത്രി ഇല്ലാത്തതിനാല്‍ പ്രസിഡന്റിനെയാണ് ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്. ഭരണതലത്തില്‍ രോഗവ്യാപനം തടയാന്‍ തീരുമാനം എടുക്കാന്‍ വൈകി. അക്കാര്യം അവര്‍ സോഷ്യലിസ്റ്റ്, ഡമോക്രാറ്റിക് പാര്‍ട്ടികള്‍ ഇപ്പോള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.

രോഗ ബാധിതരല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അത്യാവശ്യ കാര്യത്തിന് പുറത്തിറങ്ങാം. പക്ഷെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ധാരാളം ആളുകള്‍ പൊതുസ്ഥലങ്ങളിലും മറ്റും ഇപ്പോഴും പോവുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടികൂടിയാല്‍ 250 യൂറോ ഫൈന്‍ അടച്ചാല്‍ മതി. നാട്ടില്‍ ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഫൈന്‍ ഈടാക്കുന്നത് പോലെയേ ഉള്ളൂ. അതിലൊക്കെ ഇനി നിയന്ത്രണം വരും എന്ന് പറയുന്നു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലം വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരെല്ലാം താമസിക്കുന്ന അല്‍ജാത്തയാണ്. ഇവിടേക്ക് കാര്യമായി രോഗവ്യാപനം ഉണ്ടായിട്ടില്ല. ആളുകള്‍ സാധാരണ പോലെ ജോഗ്ഗിങ്ങിനും, പട്ടികളുമായും എല്ലാം പുറത്തിറങ്ങുന്നത് കാണുന്നുണ്ട്. എന്നാല്‍ പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം കുറച്ചു. കോഫിബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വരുന്നവരെ മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്തി ഓരോരുത്തരെയായി മാത്രമേ അകത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. 10 മിനിറ്റ് ഇടവിട്ട് ബസ് ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടായി. അതില്‍ തന്നെ യാത്ര ചെയ്യാന്‍ ആളുകളില്ല.

സന്തോഷമുള്ള കാര്യം, വീട്ടിലെ എല്ലാവര്‍ക്കും ഒന്നിച്ച് അവധി കിട്ടുന്ന അവസരം ഇവിടെ ഉണ്ടാവാറില്ല. കുട്ടികള്‍ക്ക് അവധിയാവുമ്പോഴും മുതിര്‍ന്നവര്‍ക്ക് അവധി കിട്ടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും ഒന്നിച്ച് അവധി കിട്ടിയതിനാല്‍ മൈക്രോഫോണ്‍ എല്ലാം വച്ച് പാട്ടും ഡാന്‍സും ഒക്കെയായി സമയം ചെലവഴിക്കുകയാണ്. ഭക്ഷണത്തിന് കാര്യമായ ക്ഷാമമില്ല. ഇവിടെ ഫ്രൂട്‌സും മീനും എല്ലാം ടിന്‍ഫുഡ് കിട്ടുന്നത് കൊണ്ട് എല്ലാവരും അത് വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ പൊതുവെ രീതി അതാണ്. തക്കാളി ഉണ്ടാവുന്ന സീസണായാല്‍ കുറേ തക്കാളി വാങ്ങി സ്റ്റോര്‍ ചെയ്യുക എന്നതാണ് മുമ്പ് തന്നെയുള്ള രീതി. എല്ലാ വീടുകളിലും വലിയ ഫ്രീസര്‍ സര്‍വസാധാരണമാണ്. രോഗബാധിതരായവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നുണ്ട്. മുമ്പ് തന്നെ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്മായി ഭക്ഷണം നല്‍കും. ഈ ഘട്ടത്തില്‍ എന്തായാലും അത് സര്‍ക്കാര്‍ തുടരും. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. 12 ദിവസമായി ഇപ്പോള്‍ വീട്ടില്‍ തന്നെ. ഇവിടെ 600 പേര്‍ എങ്കിലും മലയാളികളായുണ്ട്. അത് ഞങ്ങള്‍ മനസ്സിലാക്കുന്നത് കൊറോണ വന്നതിന് ശേഷം ഒരു വാട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ്. ഇപ്പോള്‍ ആ ഗ്രൂപ്പിലൂടെയാണ് വിവരങ്ങള്‍ എല്ലാം അറിയുന്നത്. മൃതദേഹങ്ങള്‍ അടക്കാന്‍ സ്ഥലമില്ലാതെ ഒരേ കുഴിക്കുള്ളില്‍ പലരേയും അടക്കുന്ന വിവരമെല്ലാം അത് വഴിയാണ് അറിഞ്ഞത്. അടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇനി കത്തിച്ച് കളയാനുള്ള ആലോചനകളുമുണ്ടെന്ന് കേള്‍ക്കുന്നു.

മാര്‍ച്ച് 14ന് കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘം ഇവിടേക്ക് എത്തിയെന്ന് അറിഞ്ഞിരുന്നു 16ന് ഞങ്ങള്‍ എംബസിയില്‍ വിളിച്ച് ചോദിച്ചപ്പോള്‍ സംഘം 15ന് തന്നെ മടങ്ങി എന്ന വിവരമാണ് ലഭിച്ചത്. അത് മാത്രം ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടായി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അവസരമായിരുന്നു. ഈയിടെ കുട്ടികളെ മാത്രം നാട്ടിലേക്ക് അയക്കാം എന്ന് ഇവിടെ നിന്ന് അറിയിപ്പ് കിട്ടിയിരുന്നു. പക്ഷെ അതിന് ആരും തയ്യാറായില്ല. നാട്ടിലും ഇപ്പോള്‍ അവസ്ഥ മോശമാണ്. ഇവിടുത്തെ അനുഭവം വച്ച് പറയുകയാണ്, പുറത്തിറങ്ങാതെ ചെയിന്‍ ബ്രേക്ക് ചെയ്താല്‍ ഈ വൈറസിനെ തുരത്താം. ഇവിടെ അത് നടക്കാതെ പോയതാണ് കൂടുതല്‍ പ്രശ്‌നമായത്.


Next Story

Related Stories