TopTop
Begin typing your search above and press return to search.

നേരിനായ് മുറിവാര്‍ന്ന കാവ്യജീവിതം

നേരിനായ് മുറിവാര്‍ന്ന കാവ്യജീവിതം

'ജീവിതത്തില്‍ വെറുതെയാകുന്നില്ല

ഭാവശുദ്ധിയും ഭംഗിയും വെണ്മയും

പൂവിനുള്ള സുഗന്ധവും അന്യനായ്

താനൊരുക്കും ചെറിയ സംതൃപ്തിയും

നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍

പാരിനേകും മംഗളാശംസയും''

നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍ പാരിന് മംഗളാശംസ നേര്‍ന്ന, മലയാളത്തിന്റെ സൗമ്യപ്രസാദമായ വരിഷ്ഠ കവി വിഷ്ണു നാരായണന്‍ നമ്പൂതിരി ഇനി ഓര്‍മ്മ. ദീര്‍ഘകാലമായി മറവി രോഗം ബാധിച്ച് പൊതുജീവിതത്തില്‍ നിന്നും അകന്നു കഴിഞ്ഞ അദ്ദേഹം 81-ാം വയസ്സില്‍ ഇഹലോകത്തെ അനാഥമാക്കി ഇറങ്ങുമ്പോള്‍ ഒരു മഹാസരിത്ത് കൂടി നേര്‍ത്തുപോകുകയാണ്. ആത്മീയത ഭൂമിയുടെ വികാരമാണെന്ന് തിരിച്ചറിഞ്ഞ കവി. ജ്ഞാനത്തിന്റെ പല പടവുകളില്‍ നിന്നും മനുഷ്യാവസ്ഥയെ നോക്കി കണ്ട, ഓര്‍മ്മകളുടെ കെട്ടുപാടുകള്‍ വിട്ട് നമുക്കിടയില്‍ ജീവിതസായന്തനം ചെലവിട്ട് കവി. പ്രസാദമധുരിമയുടെ കുംഭഗോപുരം.

അസാധാരണ ചാരുതയാര്‍ന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി കവിതകളുടെ രസതന്ത്രവും ബലതന്ത്രവും. പാശ്ചാത്യവും പൗരസ്ത്യവുമായ സൗന്ദര്യാത്മകതയും ദാര്‍ശനികതയും അദ്ദേഹത്തിന്റെ രചനാ പ്രപഞ്ചത്തില്‍ സമ്മോഹനത്തോടെ ചേര്‍ന്നു നില്‍ക്കുന്നു. ഭാരതീയ ദാര്‍ശനികത അതിന്റെ കൊടിയടയാളമാകുന്നു. ഊര്‍ജ്ജതന്ത്രം ബിരുദതലത്തില്‍ പഠിച്ച കവിയ്ക്കു പക്ഷെ, ഭൗതികശാസ്ത്രങ്ങളോട് തികഞ്ഞ ആഭിമുഖ്യമുണ്ടായിരുന്നു. ശാസ്ത്രവും സാഹിത്യവും ഒന്നുപോലെ അദ്ദേഹത്തില്‍ ഇഴചേരുന്നു. രചനകളില്‍ പല ഇടങ്ങളിലും അത് വ്യക്തമായി അടയാളപ്പെടുത്തുന്നുമുണ്ട്. രചനാതന്ത്രത്തിലുമുണ്ട്് അസാധാരണമായ ഈ ചേരുവകളുടെ വിഭൂതി. ആധുനികതയുടെ പ്രസാരണാരണ്യകങ്ങളിലൂടെ കടന്നുപോകവെതന്നെ പരമ്പര്യ സരിത്തുകളെ ചേര്‍ത്തുപിടിക്കുകയും നമസ്‌ക്കരിക്കുകയും ചെയ്തു കൃതഹസതനായ കവി. അസാധാരണ ചാരുതയുള്ളതാണ് അദ്ദേഹത്തിന്റെ പദ്യവും ഗദ്യവും. ആധുനികത സംവേദനസ്വരൂപം എന്ന നിലയില്‍ ഒരു കാലത്തെ അടക്കിവാഴുമ്പോളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി തന്റെ രചനകളുമായി കാലത്തോട് സംവദിക്കാന്‍ ഒരുമ്പെട്ടത്. തികച്ചും വേറിട്ടു നില്‍ക്കുന്നതായിരുന്നു ആ കവിതയുടെ ഡിഎന്‍എ. (കവിതയുടെ ഡിഎന്‍എ എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകവും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേതായിട്ടുണ്ട്.)

എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പൂജാരി എന്നു തുടങ്ങി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജീവിതത്തിന് അടരുകളേറെ. പാരമ്പര്യ വിച്ഛേദം കൂടാതെ അദ്ദേഹം ആധുനികതയെ പുല്‍കി. ക്ലാസിക് ബിംബാവലികളുടെ അന്തര്‍സംഗീതത്തിലൂടെ ആധുനികതയുടെ ശ്ലഥിതാഖ്യാനരൂപങ്ങളുടെ കാലത്ത് സമ്മോഹനമായ രചനാപ്രപഞ്ചം സൃഷ്ടിച്ചു. കാളിദാസന്‍ ആ കവിയുടെ പ്രപഞ്ചത്തില്‍ കുടചൂടി നിന്നു.'' അഹോ ഉദഗ്രരമണീയ പ്രഥ്വിവീ!'' 'ഭൂമിഗീത'ങ്ങള്‍ക്കു മുന്നുരയായി ചേര്‍ത്തിട്ടുള്ള ഈ കാളിദാസവാക്യം അദ്ദേഹത്തിന്റെ രചനാപ്രപഞ്ചത്തിന്റെ തന്നെ കൊടിയടയാളമാകുന്നു. കാളിദാസന്റെ സൗന്ദര്യവും സമൃദ്ധിയും പങ്കുപറ്റവെ തന്നെ ഷെല്ലിയും കീറ്റ്‌സും ഡബ്ലിയു ബി യേറ്റ്‌സും അടങ്ങുന്ന പാശ്ചാത്യ ലോകത്തെ പ്രതിഭാധനന്മാരേയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. അത്യസാധാരണമായ ഒരു സൗന്ദര്യാത്മക സന്തുലനം ആ കവിതാ ലോകത്ത് നമുക്ക് കാണാം.

വര്‍ത്തമാനകാലത്തെ സമൂഹ മാധ്യമച്ചേരികളില്‍ നിന്നും വ്യത്യസ്തമായി, കവികളും എഴുത്തുകാരും തെരുവില്‍ സമര സന്നദ്ധരായിരുന്നു കാലം കേരളത്തിലുണ്ടായിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും സുഗതകുമാരിയുടേയും കെ. അയ്യപ്പപണിക്കരുടേയും എന്‍.വി. കൃഷ്ണവാര്യരുടേയും മറ്റും സാമൂഹിക ഇടപെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പരിസ്ഥിതിക്കു വേണ്ടിയുള്ള അത്തരം സമരഭൂമികളില്‍ നേര്‍ത്തശരീരിയായ ഈ ഗാന്ധിയന്‍ വേഷധാരി നിരന്തരം പ്രത്യക്ഷപ്പെട്ടു. സൈലന്റ് വാലി സമര കാലത്തെ സമരസദ്ധരായി കവികളില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയും പെടുന്നു. അവര്‍ കേരളത്തിലങ്ങോളമിങ്ങോളം കവിതയുടെ പ്രതിരോധം തീര്‍ത്തു. തെരുവകളെ ജീവത്താക്കിക്കൊണ്ടവര്‍ പരിസ്ഥിതിയുടെ രാഷ്ട്രീയം പറഞ്ഞു; കവിതയുടേയും.

കാറ്റുപോലെ കടന്നുപോകുന്ന ഒരാള്‍. സൈക്കിളും വള്ളവും മറ്റൊരു വാഹനവും അദ്ദേഹത്തിന് ഓടിക്കാന്‍ അറിയുമായിരുന്നില്ല. വരിഷ്ഠ കലാലയങ്ങളിലേക്ക് സ്വന്തം ചവിട്ടുവണ്ടിയില്‍ ചവിട്ടി ചവിട്ടിപോയിരുന്നു കവി ഒരു കാലത്തെ കള്‍ട്ട് ഫിഗറായിരുന്നു. എക്കാലത്തും സൈക്കിള്‍ യാത്രികനായിരുന്നു അദ്ദേഹം. മോഷ്ടാക്കള്‍ അപഹരിച്ചു കൊണ്ടുപോയി അദ്ദേഹത്തിന്റെ മൂന്നു സൈക്കിളുകള്‍. പഠിപ്പിച്ചതും പഠിച്ചതും ഇംഗ്ലീഷ് സാഹിത്യമായിരുന്നിട്ടും അദ്ദേഹത്തിന് പാശ്ചാത്യമായ വേഷഭൂഷാതികളില്‍ തെല്ലുപോലും കമ്പമുണ്ടായിരുന്നില്ല. 1994ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും വകുപ്പധ്യക്ഷനായി റിട്ടയര്‍ ചെയ്തശേഷമാണ് അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേല്‍ശാന്തിയായത്. മൂന്നു വര്‍ഷക്കാലം മേല്‍ശാന്തിയായിരുന്നു അവിടെ. വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ച സമയത്ത് മാതാവ് നേര്‍ന്ന നേര്‍ച്ച നിര്‍വഹിക്കുന്നതിനായിട്ടാണ് തങ്ങള്‍ക്ക് കാരാഴ്മ ഉള്ള ക്ഷേത്രത്തിലെ മേല്‍ശാന്തിയായത്.

ആധുനികതയും ആധുനികാന്തരതയും ഒക്കെ വഴങ്ങിയിരുന്നതുപോലെ തന്നെ അദ്ദേഹത്തിന് ചോസറും ഓള്‍ഡ് ഇംഗ്‌ളീഷുമൊക്കെ ഹൃദിസ്ഥമായിരുന്നു. തിരുവനന്തപുരത്തു നിന്നും വടക്കേ മലബാറിലെ കലാലയത്തിലേക്ക് സ്ഥലം മാറിപ്പോയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തേടി തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികള്‍ ആഴ്ചയൊടുക്കങ്ങളില്‍ എത്തി ഓള്‍ഡ് ഇംഗ്‌ളീഷ് പഠിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അത്രമേല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാധീനത ചെലുത്താന്‍ അധ്യാപകനെന്ന നിലയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കായി. പകരം എത്തുന്നവര്‍ക്കാര്‍ക്കും പകരം വെയ്ക്കാന്‍ കഴിയാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ. അത് കവിയെന്ന നിലയിലായാലും അധ്യാപകനെന്ന നിലയിലായാലും വിമര്‍ശകനെന്ന നിലയിലായാലും. ആത്യന്തികമായി വ്യക്തിയെന്ന നിലയിലാണെങ്കിലും.


Next Story

Related Stories