TopTop
Begin typing your search above and press return to search.

'ഞങ്ങള്‍ ചെറുതായി കൃഷിയൊക്കെ തുടങ്ങി, ഇന്ന് പയറിന്റെ വിളവെടുത്ത് തോരനാക്കി'; പരസ്യ ഷൂട്ടുകള്‍ക്കും സിനിമയ്ക്കും അവധി കൊടുത്ത് ഗായത്രി അരുണ്‍

ഞങ്ങള്‍ ചെറുതായി കൃഷിയൊക്കെ തുടങ്ങി, ഇന്ന് പയറിന്റെ വിളവെടുത്ത് തോരനാക്കി; പരസ്യ ഷൂട്ടുകള്‍ക്കും സിനിമയ്ക്കും അവധി കൊടുത്ത് ഗായത്രി അരുണ്‍

മലയാളത്തിലെ മുന്‍നിര ടിവി സീരിയല്‍ അഭിനേത്രിയായിരുന്ന ഗായത്രി അരുണ്‍ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഗായത്രി അഭിനയിച്ച മമ്മൂട്ടി സിനിമയായ 'വണ്‍'-ന്റെ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ഭര്‍ത്താവ്‌ അരുണും മകള്‍ കല്യാണിയുമൊത്ത് വീട്ടില്‍ കഴിയുന്ന ഗായത്രി കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുകയാണ്. ഈ പരമ്പരയില്‍ തന്റെ ലോക്ക്ഡൗണ്‍ കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി അരുണ്‍.

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ വീട്ടില്‍ ഇരിക്കേണ്ടി വരുന്നത്. സീരിയലില്‍ നിന്ന് കുറച്ച് നാളുകളായി വിട്ട് നില്‍ക്കുകയാണെങ്കിലും പരസ്യഷൂട്ടുകളും സിനിമ ഷൂട്ടിങ്ങും ടിവി ഷോകളും ഒക്കെയായി തിരക്കിലും ഓട്ടത്തിലുമായിരുന്നു. പിന്നെ ദിവസവും ജിമ്മില്‍ പോയുള്ള വര്‍ക്ക് ഔട്ട്, ഷോപ്പിങ് ഒക്കെയും നിന്നു. ആദ്യ ദിവസങ്ങളില്‍, പുതിയ ഒരു അനുഭവമാണല്ലോ, ഒന്നിരുന്ന് നോക്കാം എന്ന് കരുതി. സത്യത്തില്‍ ഒരു എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. ഹസ്ബന്‍ഡ് അരുണും മോള്‍ കല്യാണിയും എല്ലാം വീട്ടില്‍ തന്നെയുണ്ട്. കൊള്ളാമല്ലോ എന്ന് തോന്നി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അതിന്റെ ഭീകരത മനസ്സിലാവുന്നത്. സത്യം പറയുകയാണെങ്കില്‍ മൊത്തത്തില്‍ ഡൗണ്‍ ആയി. എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന അരുണ്‍ പോലും വല്ലാതെ അസ്വസ്ഥനായി. പക്ഷെ പിന്നെ പതിയെ കാര്യങ്ങളെ പോസിറ്റീവ് ആയി എടുക്കാന്‍ കഴിഞ്ഞു. എന്തായാലും ഇങ്ങനെയൊക്കെ വന്നു. അതിനെ ഫേസ് ചെയ്‌തേ പറ്റൂ. ഇപ്പോ ഈ അവസ്ഥയോട് പരുവപ്പെട്ടു.

ഞങ്ങള്‍ക്ക് ഷോപ്പുണ്ട്. അല്ലെങ്കില്‍ എല്ലാ ദിവസവും ഷോപ്പില്‍ നിന്ന് മാറാത്ത അരുണ്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ ഇരുന്ന് ഇരുന്ന് 'ഇനി എങ്ങനെ കടയില്‍ പോവും' എന്നാണ് ചോദ്യം. വീട്ടില്‍ മാത്രം ഇരിക്കുന്നതിന്റെ മടുപ്പ് ഇടയ്ക്ക് ഉണ്ടാവുമെങ്കിലും വിശ്രമവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആലോചന. കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാടിന്റെ ഇന്റര്‍വ്യൂ വായിച്ചതാണ് ഇപ്പോള്‍ ഓര്‍മിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന് വീട്ടിന്റെ പിന്നാമ്പുറത്തുള്ള മരം ഏതാണെന്ന് പോലും അറിയില്ലായിരുന്നു എന്നദ്ദേഹം അതില്‍ പറയുന്നുണ്ട്. അതുപോലെയാണ്. സത്യത്തില്‍ വീട്ടില്‍ ഇത്രയൊക്കെ മരങ്ങള്‍ ഉണ്ടായിരുന്നു എന്നും ഏതെല്ലാം മരങ്ങള്‍ ഉണ്ടെന്നുമെല്ലാം ഇപ്പഴാണ് ഇത്ര ശ്രദ്ധയോടെ നോക്കുന്നത്. അരുണിന്റെ അമ്മ തമാശയ്‌ക്കെങ്കിലും ചോദിക്കും, "കല്യാണം കഴിഞ്ഞ് വന്നിട്ട് ഇത്രയും വര്‍ഷം ആയിട്ട് ഇപ്പഴാണ് നമുക്ക് എത്ര പറമ്പുണ്ടെന്ന് അറിയുന്നത്" എന്ന്. തൊടിയുടെ അതിരുകള്‍ പോലും ഏതെന്നൊക്കെ ഈ ദിവസങ്ങളില്‍ മനസ്സിലാക്കി!

മോള്‍ക്ക് ഊഞ്ഞാല് കെട്ടിക്കൊടുക്കുക, അവളെ പുതിയ ഓരോ കാര്യങ്ങള്‍ പഠിപ്പിക്കുക; അതൊക്കെയാണ് പുതിയ പരിപാടികള്‍. കഴിഞ്ഞ ദിവസം ഓല കീറി ഈര്‍ക്കിലിയാക്കി ചൂലുണ്ടാക്കാന്‍ അവള്‍ പഠിച്ചു. അവള്‍ക്കത് പിന്നെ വലിയ ഇന്ററസ്റ്റ് ആയി. രണ്ട് ദിവസം മുഴുവന്‍ അതായിരുന്നു പരിപാടി. എന്റെ അമ്മയെ ഫോണില്‍ വിളിച്ച് തുമ്പുള്ള ചൂലിന് 50 രൂപ, തുമ്പില്ലാത്ത കുറ്റിച്ചൂലിന് 20 രൂപ എന്നൊക്കെ വില പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യാനും തുടങ്ങി. വിദേശത്തുള്ള റിലേറ്റീവ്‌സിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടവും പേടിയും തോന്നും. എന്റെ ബ്രദര്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ഒറ്റയ്ക്ക് കഴിയുകയാണ്. അതൊക്കെ ആലോചിക്കുമ്പോള്‍ നമ്മള്‍ എത്ര ബ്ലെസ്ഡ് ആണെന്ന് തോന്നും. ഇറങ്ങി നടക്കാന്‍ പറമ്പുണ്ട്. നെഗറ്റിവിറ്റിയെ മറികടന്ന് പോസിറ്റീവ് ആവാന്‍ പല വഴികളുണ്ട്. രോഗത്തിന്റെ കാര്യത്തിലായാലും കേരളം വളരെ മെച്ചമാണ്. ഇവിടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അങ്ങനെയൊക്കെ ആലോചിച്ച് പോസിറ്റീവ് ആയിരിക്കുന്നു.

പക്ഷെ ചെറിയ നിരാശ തോന്നിയത് ഏപ്രിലില്‍ ഇറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ 'വണ്‍'-ന്റെ റിലീസ് മാറ്റി വക്കേണ്ടി വന്നതിലാണ്. അതില്‍ പ്രധാന സ്ത്രീകഥാപാത്രമായി ഞാനുണ്ട്. മാര്‍ച്ചില്‍ സിനിമയുടെ പ്രമോഷന്‍ തുടങ്ങി, ഏപ്രില്‍ ആദ്യം റിലീസ് ആവുമെന്നായിരുന്നു പ്രതീക്ഷ. സിനിമയുടെ രണ്ട് ടീസര്‍ ഇറങ്ങി. സിനിമയില്‍ മമ്മൂട്ടിക്ക് സ്ത്രീകള്‍ പെയര്‍ ആയി ഇല്ല. അതില്‍ ഉള്ള സ്ത്രീകഥാപാത്രങ്ങളില്‍ ഒരാള്‍ ഞാനാണ്. മമ്മൂട്ടിയുമായി കോമ്പിനേഷന്‍ സീനും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട സീനുകളിലും പ്രാധാന്യത്തോടെ ഉണ്ട്. മുമ്പും രണ്ട് സിനിമകളില്‍ റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ബിഗ് ബജറ്റ് സിനിമയില്‍ ആദ്യമായാണ്. ഇതുവരെ സീരിയലിലും സിനിമകളിലും ചെയ്തിട്ടുള്ള ഇമേജില്‍ നിന്ന് മാറിയുള്ള ക്യാരക്ടറുമാണ്. അതിന്റെ ത്രില്ലിലായിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് മലയാളത്തിലെ പ്രധാനപ്പെട്ട ഒരു ചാനലില്‍ നിന്ന് ഡാന്‍സ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നതിനായി ക്ഷണിച്ചിരുന്നു. ഞാനത് ആഗ്രഹിച്ചിരുന്നതുമാണ്. എന്നാല്‍ ലോക്ക് ഡൗണായതോടെ അതും തീരുമാനമായിട്ടില്ല.

വീട്ടില്‍ ഞങ്ങള്‍ ചെറുതായി മൈക്രോ ഫാമിങ്ങും തുടങ്ങി. പയറിന്റെ ഇല ഇന്ന് വിളവെടുത്ത് തോരനാക്കി. മോള്‍ക്കും അതിലൊക്കെ വലിയ ഇന്ററസ്റ്റ് ആണ്.

(തയാറാക്കിയത്: കെ.ആര്‍ ധന്യ)


Next Story

Related Stories