TopTop
Begin typing your search above and press return to search.

'അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?'

അടൂർ ഗോപാലകൃഷ്ണന്‍ എന്തിനാണ് കെ.പി കുമാരനെ അവഹേളിക്കുന്നത്?

'പിന്നെയും' എന്ന ഒരു ചിത്രത്തെ മാത്രം മാറ്റി നിറുത്തി, ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അടൂര്‍ ഗോപാലകൃഷണന്‍റെ എല്ലാ ചിത്രങ്ങളേയും അതിന്‍റെ വ്യതിരിക്തതകളോടെ ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകന്‍റെ കുറിപ്പാണിത്.

ആഗസ്റ്റ് 16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രദീപ് പനങ്ങാട് അടൂരുമായി നടത്തിയ അഭിമുഖത്തിന്‍റെ ആദ്യ അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ കാലത്ത് 'സ്വയം‌വരം' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ്‌ പ്രധാനമായും അദ്ദേഹം അതില്‍ വിവരിക്കുന്നത്. ഇതുവരെ ഒരു അഭിമുഖത്തിലും പ്രകടിപ്പിക്കാത്തതു പലതും അദ്ദേഹം അതില്‍ വിവരിച്ചിട്ടുണ്ട്. കെ.പി.കുമാരന്‍ എന്ന ചലച്ചിത്രകാരനെ നിലവിട്ട രീതിയില്‍ അവഹേളനാത്മകമായിട്ടാണ്‌ ആ അഭിമുഖം അവതരിപ്പിച്ചിരിക്കുന്നത്. 'സ്വയം‌വര'ത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏതെല്ലാം തരത്തില്‍ ക്രിയാത്മകമായി പങ്കെടുത്തിട്ടുണ്ട് എന്നുള്ള കാര്യം അതുമായി ബന്ധപ്പെട്ട, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പലര്‍ക്കും അറിയാം. അതില്‍ ഇതുവരെ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി എഴുതിയോ പറഞ്ഞോ അറിവുമില്ല. 'സ്വയം‌വര'ത്തിന്‍റെ തിരക്കഥാകൃത്തായിരുന്ന കെ.പി.കുമാരനെ ഒരു വെറും കേട്ടെഴുത്തുകാരനായി മാത്രം ചിത്രീകരിക്കുകയും അദ്ദേഹത്തിന്‍റെ പേര്‌ ചിത്രത്തില്‍ ചേര്‍ത്തത് താന്‍ ജീവിതത്തില്‍ ചെയ്ത വലിയൊരു തെറ്റാണെന്നുമാണ്‌ ആ അഭിമുഖത്തില്‍ അടൂര്‍ പറയുന്നത്. ഇത് കെ.പി കുമാരനെ തരംതാഴ്ത്താനും അവഹേളിക്കാനുമുള്ള ബോധപൂര്‍‌വ്വമായ ശ്രമമാണ്‌. 'സ്വയം‌വര'ത്തിന് 50 വയസ്സാകാറാകുമ്പോഴാണ്‌ ഈ ആരോപണം പുറത്തുവരുന്നത് എന്നുള്ളതുകൊണ്ടു തന്നെ അതിലെ ദുരുദ്ദേശങ്ങള്‍ വ്യക്തമാണ്‌. ഒരു സ്വതന്ത്രസം‌വിധായകനെന്ന നിലയില്‍ പില്‍ക്കാലങ്ങളില്‍ കെ.പി.കുമാരന്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ രേഖപ്പെടുത്തുക കൂടി ചെയ്തിട്ടുള്ളതിനാല്‍ ഇതിലെ ഗൂഢലക്ഷ്യം ആര്‍ക്കും മനസ്സിലാവുന്നതാണ്‌. കുളത്തൂര്‍ ഭാസ്ക്കരന്‍ നായര്‍, സ്വയം‌വരത്തിന്‍റെ തലക്കെട്ടുകളില്‍ സഹതിരക്കഥാകൃത്തെന്ന നിലയില്‍ കെ.പി.കുമാരന്‍റെ പേരു ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി അദ്ദേഹം തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്. വെറുമൊരു കേട്ടെഴുത്തുകാരന്‍റെ കൂലിപ്പണിയേ കുമാരനുണ്ടായിരുന്നുള്ളുവെങ്കില്‍ അദ്ദേഹം അങ്ങനെ പറയുമായിരുന്നോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു.

'ദ് റോക്ക്' എന്ന ചിത്രം കെ.പി.കുമാരന്‍റെ പേരിലാണ്‌ ആത്യന്തികമായി അറിയപ്പെടുന്നത്. അതിന്‍റെ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ മാത്രം ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊണ്ട് അടൂര്‍ വരുന്നതും സംശയാസ്പദമാണ്‌; അവിശ്വസനീയമാണ്‌. ട്രാക്കുകള്‍ മിക്സ് ചെയ്ത് ആ ഹ്രസ്വചിത്രം ദില്ലിക്കയച്ചത് താന്‍ തന്നെയാണെന്ന് അടൂര്‍ പറയുന്നുണ്ട്. അപ്പോള്‍ അതിന്‍റെ തലക്കെട്ടുകളില്‍ സം‌വിധായകന്‍റെ സ്ഥാനത്ത് കെ.പി. കുമാരന്‍റെ പേര്‌ അടൂര്‍ കണ്ടിരിക്കില്ലേ? അപ്പോള്‍, ദില്ലിക്ക് അയയ്ക്കുന്നതിന്‍റെ മുമ്പായി എന്തുകൊണ്ട് അദ്ദേഹം തിരുത്തിയില്ല എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്. ദ് റോക്ക് കുമാരന്‍റെ ഹ്രസ്വചിത്രമാകുമ്പോള്‍, അതിനു പുരസ്ക്കാരം കിട്ടിയെന്നറിയുന്നതു മുതല്‍ കുമാരന്‍ അടൂരിന്‍റെ ശത്രുവായി മാറി എന്നദ്ദേഹം എഴുതുന്നതിന്‍റെ കാരണവും വ്യക്തമാക്കുന്നില്ല. മുമ്പൊരു അഭിമുഖത്തില്‍, 'ചിത്രലേഖ'യുടെ ഫിലിം റോളുകള്‍ അനുവാദമില്ലാതെ കരസ്ഥമാക്കി കെ.പി. കുമാരന്‍ 'ദ് റോക്കി'ലൂടെ പുരസ്ക്കാരം നേടിയെടുത്തു എന്നും പറഞ്ഞിട്ടുണ്ട്. ഒരേ ചിത്രത്തെക്കുറിച്ചുള്ള ഈ രണ്ടു വ്യത്യസ്ത നിലപാടുകള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നവയാണ്‌. അതു രണ്ടും ചേരുന്നില്ല എന്നതു തന്നെയാണ്‌ വ്യക്തമാക്കുന്നത്.

''സിനിമ സം‌വിധായകന്‍റെ കലയാണ്‌'' എന്നുള്ള പഴയകാലമുദ്രാവാക്യം പോലും സൃഷ്ടിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്‌. സം‌വിധായകന്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയുണ്ടാവില്ല. പണം മാത്രം മുടക്കിയാല്‍ ഒരു സിനിമയുണ്ടാവില്ല. അത് കൂട്ടായ ഒരു പ്രതിഭാസമ്മേളനമാണ് എന്നുള്ളത് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌. പറഞ്ഞുകൊടുക്കുന്നതുപോലെ എല്ലാ സാങ്കേതികജോലികളും ചെയ്തു തീര്‍ത്താല്‍ മാത്രം ഒരു സിനിമ പൂര്‍ത്തിയാവുന്നില്ലല്ലോ. അതില്‍ പല സങ്കേതിക അറിവുകളും ക്രിയാത്മകമായി സമ്മേളിച്ചാലേ അനുഭവവേദ്യമാകൂ എന്നുള്ള കാര്യം ആര്‍ക്കാണ്‌ അറിയാത്തത്! 'തനിക്കുശേഷം പ്രളയം' എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍. 'സ്വയംവരം' മലയാളസിനിമയുടെ ഒരു വഴിത്തിരിവായതിനാലും അതിന്‍റെ കര്‍ത്താവു അടൂരായതുകൊണ്ടും മാത്രമുള്ള ഒരു അസാധാരണ പദവിക്ക് അര്‍ഹനാണ്‌ അദ്ദേഹം. ആ ബഹുമാനം ലോകസിനിമ തന്നെ അദ്ദേഹത്തിനു നല്‍കുന്നുമുണ്ട്. അതിനനുയോജ്യമായിട്ടുള്ള ഒരു പ്രകടനമല്ല ഇക്കാലത്ത് നാം അടൂരില്‍ നിന്നു കേട്ടുകൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹം സ്വന്തം നിലയില്‍ത്തന്നെ ഉണ്ടാക്കിയെടുത്ത പ്രസിദ്ധിക്ക് വിഘാതമായി വരുന്നുണ്ട്. നവചലച്ചിത്രസം‌വിധായകരുടെ കൂടെയുണ്ടെന്നുള്ള ഒരു പ്രതീതി പോലും അദ്ദേഹം അടുത്തകാലത്താണ്‌ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഏതോ ഒരു ലേഖനത്തില്‍ ഒന്നോ രണ്ടോ പേരുകള്‍ സൂചിപ്പിച്ചതൊഴിച്ചാല്‍ അദ്ദേഹം പുതിയകാലത്തിന്‍റെ ചലച്ചിത്രസം‌രംഭങ്ങള്‍ക്ക് ഒരു സംഭാവനയും ചെയ്തിട്ടില്ല. സ്വന്തം നാട്ടുകാരന്‍ ഡോ. ബിജു സിനിമയെടുത്തപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തയാളാണ്‌ അദ്ദേഹം. ഡോ. ബിജു സിനിമയെക്കുറിച്ച് പഠിക്കാത്തയാളാണെന്നുള്ള വ്യംഗ്യാര്‍ത്ഥം മുന്‍‌നിര്‍ത്തി അദ്ദേഹത്തിന്‍റെ ഹോമിയോ പ്രൊഫഷനെ വരെ മോശമാക്കി അടൂര്‍ സംസാരിച്ചിട്ടുണ്ട്.

അരവിന്ദനോടുള്ള എതിര്‍പ്പിന്‍റെ കാരണം അദ്ദേഹം സിനിമ അക്കാദമികളില്‍ പഠിച്ചിട്ടില്ല എന്നുള്ളതായിരുന്നു. ചുരുക്കത്തില്‍ സിനിമ പഠിക്കാത്തവര്‍ സിനിമ ചെയ്യുന്നത് ശരിയല്ല എന്നാണ്‌ എപ്പോഴും പറഞ്ഞുവരുന്നത്. അങ്ങനെയാണെങ്കില്‍ കെ.ജി. ജോര്‍ജിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചയാളല്ലേ? അതിനു വ്യക്തമായ ഉത്തരമില്ല. ഒരിക്കല്‍ രോഗാവസ്ഥയില്‍ കെ.ജി.ജോര്‍ജ്ജിനെ വീട്ടില്‍‌പ്പോയി കണ്ടതൊഴിച്ചാല്‍ കെ.ജി. ജോര്‍ജ്ജിനേയും അദ്ദേഹം ശത്രുനിരയിലാണ്‌ പ്രതിഷ്ഠിച്ചിട്ടുള്ളത്. കുളത്തൂര്‍ ഭാസ്ക്കരന്‍ നായരും അദ്ദേഹത്തിന്‍റെ പ്രസിദ്ധ 'ശത്രുക്കളി'ല്‍ ഒരാളായി മാറിയിരുന്നു.

ചുരുക്കത്തില്‍ സ്വന്തം നില മെച്ചപ്പെടുത്താനും സ്വയം പ്രകാശിപ്പിക്കാനുമല്ലാതെ യാതൊരു സംഭാവനയും അടൂര്‍ ചലച്ചിത്രലോകത്തിനായി ചെയ്തിട്ടില്ല. അല്ലെങ്കില്‍ ആ തെളിവുകള്‍ ആരെങ്കിലും നിരത്തട്ടെ. സ്വതന്ത്രസിനിമക്കാരുടെ വേദികളില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ടതുകൊണ്ടോ, അവിടങ്ങളില്‍ അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചതു കൊണ്ടോ മാത്രം സിനിമ വളരുകയില്ല. അഭിമുഖത്തില്‍ മറ്റു പലതും സൂചിപ്പിക്കുന്നതിനിടയില്‍ അഭിനേത്രി ശാരദയെ വേദിയിലിരുത്തി നീരസപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം തന്നെ പറയുന്നുണ്ട്. സ്വയം‌വരത്തില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു അത്. പ്രതിഫലം ചിലപ്പോഴൊക്കെ സിനിമക്കാര്‍ക്കിടയില്‍ പരസ്യമാകുമെങ്കിലും അത് രഹസ്യമായ ഒരു കരാറാണ്‌. അത് പരസ്യമാക്കുന്നത് ശരിയല്ല. അല്ലെങ്കില്‍ അതിനായി അവരുടെ അനുവാദമുണ്ടായിരിക്കണം. ശാരദ ഇരിക്കുന്ന വേദിയില്‍ തങ്ങള്‍ക്കു താങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന തുക എണ്ണിപ്പറയുന്നത് ആ അതിഥിയെ പരസ്യമായി അവഹേളിക്കുന്നതിനു തുല്യമാണ്‌. അതാണ്‌ അവര്‍ക്ക് അതില്‍ നീരസം പ്രകടിപ്പിക്കേണ്ടി വന്നത്. ലോകം ഒത്തിരി കണ്ടവനാണെന്ന നിലയില്‍ 'മാസ്റ്റേഴ്‌സ്' എന്ന നിരയിലേക്കുയര്‍ന്ന അടൂര്‍ ആ വേദിയില്‍ ചെയ്തത് രാഷ്ട്രീയമായി ശരിയായില്ല.

ഇപ്പോഴും ജൂറികളായി വരുന്നവര്‍ക്ക് സിനിമയെക്കുറിച്ച് ധാരണകളില്ല എന്നു പറയാനൊക്കെ അടൂരിനു മാത്രമേ കഴിയുള്ളു. അതും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അഭിമുഖം നടത്തിയ പ്രദീപ് പനങ്ങാട് വളരെയധികം വായനാനുഭവങ്ങള്‍ നമുക്കു തന്ന വ്യക്തിയാണ്‌. അദ്ദേഹം ഇതങ്ങനെ തന്നെ പകര്‍ത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിനയച്ചതും ക്രിയാത്മകമായി ശരിയല്ല. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് : തിന്നുന്നവനറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിയണം! ഇത് ഉണ്ണാന്‍ ബാക്കിനില്‍ക്കുന്നവരെക്കൂടി ബാധിക്കുന്ന ഒരു പ്രക്രിയയാണ്‌. അപ്പോള്‍ ചിലരെങ്കിലും ചില ഔചിത്യങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കാണിക്കണ്ടതാവശ്യമാണ്‌. മത്രമല്ല, ''ആ പേര്‌ തിരക്കഥയില്‍ വച്ചത് ഞാന്‍ ചെയ്ത തെറ്റ്'' എന്ന ഒരു തലക്കെട്ട് ആ അഭിമുഖത്തിനു അദ്ദേഹമിട്ടതാവാന്‍ വഴിയില്ല. അത് പത്രാധിപന്‍റെ കൈകടത്തലാവാം. അത് അദ്ദേഹത്തിനു താല്പര്യമുണ്ടെങ്കില്‍ വ്യക്തമാക്കട്ടെ. ക്രിയാത്മകമായ വായനയ്ക്ക് പൊതുസമ്മതമായ ഒരു മാധ്യമം എന്ന നിലയ്ക്ക് പത്രാധിപര്‍ക്കെങ്കിലും ഈക്കാര്യത്തില്‍ ഔചിത്യം കാണിക്കാമായിരുന്നു.

തമ്മില്‍ത്തല്ലിക്കുന്ന നിര്‍മ്മാണപ്രക്രിയ അല്ലല്ലോ നമുക്ക് വേണ്ടത്. ഇക്കാര്യത്തില്‍ കെ.പി.കുമാരന്‍റെ പക്ഷത്തുനില്‍ക്കാന്‍ സിനിമക്കാര്‍ ആരും തന്നെ ഉണ്ടാവില്ല. രഹസ്യമായി പിന്തുണയ്ക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ത്തന്നെ പരസ്യമായി അടൂരിനെ വിമര്‍ശിക്കാന്‍ ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതാനുഭവങ്ങള്‍ ഒരു പുസ്തകരൂപത്തിലാക്കാന്‍ ഞാന്‍ അനുമതി ചോദിച്ചു ചെന്നപ്പോള്‍, ഞാന്‍ ആരെയും വേദനിപ്പിക്കാനില്ലെന്നു പറഞ്ഞ് വിമുഖതപ്രകടിപ്പിച്ചയാളാണ്‌ കെ.പി കുമാരന്‍. അടൂരിനു കൃത്യമായി ഒരു മറുപടി പരസ്യമായി കൊടുക്കാന്‍ പോലും അദ്ദേഹം തയ്യാറാവുമെന്ന് എനിക്കു തോന്നുന്നില്ല. മലയാളസിനിമയുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ വച്ചുനീട്ടിയ സ്ഥാനങ്ങള്‍ പോലും രാഷ്ട്രീയ അടിമത്തം ഭയന്ന് നിരാകരിച്ചയാളാണ്‌ കുമാരനെന്ന് അടുത്തുപരിചയമുള്ള പലര്‍ക്കുമറിയാം. കാലം വിലയിരുത്തട്ടെ. ആരൊക്കെ എന്തൊക്കെയാണ്‌ സിനിമാലോകത്തിനു സംഭാവന ചെയ്തതെന്ന് കാലം കണക്കുപറയട്ടെ. പക്ഷേ ഒന്നു പറയാം; സിനിമയായാലും നാടകമായാലും സാഹിത്യമായാലും ചരിത്രമായാലും രാഷ്ട്രീയമായാലും സ്വന്തം നിലപാടുള്ളയാളാണ്‌ കെ.പി.കുമാരന്‍. അതിനെക്കുറിച്ചൊക്കെ സംസാരിച്ചും എഴുതിയും ഉണ്ടാക്കിയും അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. പ്രായം കൂടിവരുമ്പോഴും തരം പോലെ മാറി മാറി അഭിപ്രായപ്രകടനം നടത്താനുള്ള വിവരക്കേടിന് അദ്ദേഹം നിന്നുകൊടുക്കുമെന്നും തോന്നുന്നില്ല. പ്രളയ - മഹാമാരിക്കാലങ്ങള്‍ മനുഷ്യനെ ചെറുതാക്കാനും സ്വയം ഉള്ളിലേയ്ക്കു നോക്കാനും പ്രകൃതി നല്‍കുന്ന പാഠങ്ങളാണ്‌. എന്നിട്ടും മനുഷ്യര്‍ പഠിക്കുന്നില്ല. തങ്ങള്‍ ഔദ്ധത്യത്തിന്‍റെ പരമകോടിയിലാണെന്നു പലരും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


സുരേഷ് നെല്ലിക്കോട്

സുരേഷ് നെല്ലിക്കോട്

മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും ഇന്ത്യന്‍ എക്സ്പ്രസ്, ഖലീജ് ടൈംസ് (ദുബായ്) എന്നിവയിലും എഴുതിയിട്ടുണ്ട്. വോള്‍സ്റ്റ്രീറ്റ് എക്സ്ചെയ്‌ഞ്ച് സെന്‍ററിന്‍റെ അബുദാബി ഏരിയ മാനേജര്‍ ആയിരുന്നു. മൂവ്‌മെന്‍റ് ഫോര്‍ ഇന്‍ഡിപ്പെന്‍ഡെന്‍റ് സിനിമ (MIC)യില്‍ അംഗമാണ്‌. ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രസ് - ഇന്‍ഡസ്ട്രി അക്രഡിറ്റേഷനുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിങ്ടനില്‍.

Next Story

Related Stories