TopTop
Begin typing your search above and press return to search.

കലിപ്പിലാണ് മുരളീധര്‍ജി, പിണറായി വധ കത്തി വേഷത്തിന് ശേഷം ഫേസ്ബുക്കില്‍ മാധ്യമ സംഹാര ആട്ടക്കഥ

കലിപ്പിലാണ് മുരളീധര്‍ജി, പിണറായി വധ കത്തി വേഷത്തിന് ശേഷം ഫേസ്ബുക്കില്‍ മാധ്യമ സംഹാര ആട്ടക്കഥ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരൻ ആകെ കലിപ്പിലാണ്. കേരളത്തിലെവിടെയോ ഉള്ള വീടിന്റെ അടുക്കളയിൽ കുത്തിയിരുന്ന് ഗൾഫിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു എന്ന വ്യാജേന റിപ്പോർട്ടുകൾ നൽകുന്ന ഏതോ ഒരു മാധ്യമ പ്രവർത്തകനും അയാൾ പടച്ചുവിടുന്ന വാർത്തകളുമാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. 'സംഘധ്വനി' എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് മന്ത്രി 'കേരളത്തിലെ ഗൾഫ് ലേഖകനെതിരെ' രംഗത്ത് വന്നിരിക്കുന്നത്. ലേഖകൻ വ്യാജ വാർത്തകൾ നൽകി വിദേശകാര്യ മന്ത്രാലയത്തെയും അതുവഴി കേന്ദ്ര സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയാണ് എന്നാണു മന്ത്രി പറയുന്നത്. പ്രസ്തുത ലേഖകന്റെയോ അയാൾ ജോലി ചെയ്യുന്ന കടലാസ്സിന്റെയോ പേര് മന്ത്രി വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ അക്കാര്യം വീഡിയോ കാണുന്നവർ അന്വേഷിച്ചു കണ്ടെത്തുക തന്നെ വേണം. എന്നാൽ വീഡിയോക്കൊപ്പം ചേർത്തിരിക്കുന്ന ഇൻട്രോ വെച്ച് നോക്കിയാൽ പ്രതി ഏതോ ചാനൽ ലേഖകനും ആവാം. എന്നാൽ മന്ത്രിയുടെ വീഡിയോ കേട്ടാൽ ഒരു കാര്യം മനസ്സിലാകും അടുത്തിടെ ഗൾഫിൽ നിന്നും ഒരു പ്രത്യേക വിഷയം റിപ്പോര്‍ട്ട് ചെയ്ത ഏതാണ്ടെല്ലാവരും തന്നെ വ്യാജ റിപ്പോര്‍ട്ട് നൽകുക എന്ന അധമ ജോലി തന്നെയാണ് ചെയ്തത്. അതിലൊരാൾ മന്ത്രി നേരിട്ട് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ വീട്ടിലിരുന്നാണ് വാർത്ത നൽകുന്നത്. ടിയാൻ ഞാൻ ഈ വാർത്ത നൽകുന്നത് കേരളത്തിൽ ഇന്ന സ്ഥലത്തുള്ള എന്റെ വീട്ടിനുള്ളിൽ ഇരുന്നുകൊണ്ടാണെന്നു കൂടി പറഞ്ഞാൽ ഏറെ നന്നായിരുന്നു എന്നൊരു അഭിപ്രായം കൂടി മന്ത്രിക്കുണ്ട്.

മുരളി മന്ത്രിയെ ചൊടിപ്പിച്ച ആ വാർത്ത ഏതെന്നു അന്വേഷിച്ചു കഷ്ട്ടപ്പെടേണ്ട കാര്യമില്ല. അതേതാണെന്നു മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ തിരികെ എത്തിക്കുന്നതിനു വേണ്ടി ആരംഭിച്ചിട്ടുള്ള ' വന്ദേ ഭാരത്' മിഷന്റെ ഭാഗമായി ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന വിമാനം മുടങ്ങിയതുമായി ബന്ധപ്പെട്ട വാർത്ത തന്നെ. എയർ ഇന്ത്യ വിമാനത്തിലാണ് ഖത്തറിലെ അമ്മാനിലുള്ള ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും 181 യാത്രക്കാർ ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു.

ഗർഭിണികൾ, കൈക്കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയവരുള്‍പ്പെട്ട 181 അംഗ യാത്രാ സംഘം എല്ലാ പരിശോധനകളും പൂർത്തിയാക്കി ഏതാണ്ട് മൂന്നു മണിക്കൂറിലേറെ സമയം കാത്തിരുന്നതിനു ശേഷമാണ് തങ്ങളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകേണ്ട വിമാനം ക്യാൻസൽ ചെയ്ത വിവരം അറിയുന്നത്. എന്തുകൊണ്ടാണ് വിമാനം ക്യാൻസൽ ചെയ്തത് എന്നത് സംബന്ധിച്ചു ഇന്ത്യൻ എംബസ്സിയിൽ നിന്ന് പോലും കൃത്യമായ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇവിടെ കേരളത്തിലും എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പ്രവാസികളെ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയിരുന്നു. ഖത്തറിൽ നിന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരേണ്ട വിമാനം പുറപ്പെടാൻ ഒരുങ്ങുന്ന വേളയിലാണ് ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത വിവരം ഇവിടെയും അറിഞ്ഞത്. തുടക്കത്തിൽ ഖത്തറിൽ നിന്നുമുള്ള അനുമതി വൈകുന്നു എന്നൊരു വിവരം മാത്രമായിരുന്നു കരിപ്പൂരിലും തിരുവനന്തപുരത്തുമൊക്കെ ലഭിച്ചത്. ഇപ്പോൾ വ്യാജ വാർത്തയുടെ പേര് പറഞ്ഞു വാളെടുക്കുന്ന നമ്മുടെ മുരളി മന്ത്രി പോലും അന്ന് ഏതോ മാളത്തിൽ ഒളിച്ചതു പോലെയായിരുന്നു.

പിന്നീടെപ്പോഴോ യാത്രക്കാരിൽ ചിലരുടെ പേപ്പറുകൾ ശരിയാവാതിരുന്നതിനാലാണ് യാത്ര മുടങ്ങിയതെന്ന ഒരു അഴകൊഴമ്പൻ വിശദീകരണം വന്നു. എന്നാൽ ഈ വിശദീകരണം അതേപടി വിഴുങ്ങാൻ മാധ്യമ പ്രവർത്തകർ തയ്യാറായില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ വെളിപ്പെട്ട യാഥാർഥ്യമാണ് അവർ റിപ്പോര്‍ട്ട് ചെയ്തത്.തങ്ങളുടെ അന്വേഷണത്തിൽ വെളിപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ തീർച്ചയായും ആപത്തിൽ പെട്ടവനെ കൊള്ളയടിക്കാൻ എയർ ഇന്ത്യക്കു ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിനും അതിന്റെ ഭാഗമായ വി മുരളീധരനും അത്ര രുചിക്കുന്നതായിരുന്നില്ല. ഉദാഹരണത്തിന് മാതൃഭൂമി.കോം നൽകിയ റിപ്പോർട്ട് തന്നെ നോക്കുക: 'എയർ ഇന്ത്യ വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്ര സർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടെന്നു സൂചന. സൗജന്യ വിമാന സർവീസ് എന്നാണ് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നത്. ഇതിനെ തുടർന്ന് വിമാനത്താവളത്തിൽ പലതരം ഫീസുകളിലും എയർ ഇന്ത്യക്കു ഇളവ് നൽകിയിരുന്നു. ഒഴിപ്പിക്കൽ സ്വഭാവത്തിലുള്ള സർവീസ് ആണ് എയർ ഇന്ത്യയുടേതെന്നും അതിനാൽ സൗജന്യം ആയാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഖത്തറിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ചു എയർപോർട്ടുമായി ബന്ധപ്പെട്ട പലതരം ഫീസുകളിൽ എയർ ഇന്ത്യ ഇളവുകൾ നേടുകയും ചെയ്തു. എയർപോർട്ട് പാർക്കിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ആണ് എയർ ഇന്ത്യക്കു ഇളവുകൾ ലഭിച്ചത്. ഇതനുസരിച്ചു വന്ദേ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ആദ്യ വിമാനം കഴിഞ്ഞ ദിവസം ദോഹയിൽ നിന്നും സർവീസ് നടത്തുകയും ചെയ്തിരുന്നു . ആളുകളിൽ നിന്നും പണം ഈടാക്കി നടത്തുന്ന യാത്രക്ക് ഇളവുകൾ നൽകേണ്ടതില്ലെന്നു വിമാനത്താവളം നിലപാടെടുത്തു. ഇതോടെയാണ് എയർ ഇന്ത്യക്കു ഖത്തർ അനുമതി നിഷേധിച്ചതെന്നാണ് സൂചന.' ഏതാണ്ട് ഒട്ടു മിക്ക പത്രങ്ങളും ചാനലുകളും സമാന വാർത്ത തന്നെയാണ് നൽകിയത്.

ഈ വാർത്തകളൊന്നും ഖത്തർ വിമാനത്താവള അധികൃതരോ ഖത്തർ ഭരണകൂടമോ നിഷേധിച്ചതായി എവിടെയും കണ്ടില്ല. ഇന്ത്യ ഗവണ്മെന്റോ എയർ ഇന്ത്യയോ എന്തുകൊണ്ട് ഞായറാഴ്ചത്തെ വിമാന സർവീസ് മുടങ്ങി എന്നത് സംബന്ധിച്ചു കൃത്യമായ ഒരു വിശദീകരണം ഇനിയും നൽകിയിട്ടില്ല. എന്തുകൊണ്ട് വിമാനം മുടങ്ങിയെന്നു കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായ മുരളീധരനും ഉത്തരമില്ല. അതുകൊണ്ടു തന്നെയാവണം ഇപ്പോൾ ഫേസ് ബുക്ക് വിഡിയോയിലൂടെ മാധ്യമ സംഹാരത്തിനു ഇറങ്ങിയിരിക്കുന്നത്. പക്ഷെ ഇത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന പോലുള്ള ഒരേർപ്പാടായിപ്പോയി.

സാധാരണഗതിയിൽ ഒരു ടിക്കറ്റിന് നാലായിരവും അയ്യായിരവും രൂപ ഈടാക്കുന്നിടത്തു 15000 രൂപയാണ് എയർ ഇന്ത്യ ഇപ്പോൾ മടക്കികൊണ്ടുവരുന്ന പ്രവാസികളിൽ നിന്നും വാങ്ങുന്നത്. ഇങ്ങനെ ഒരു തീവെട്ടി കൊള്ള നടത്താൻ എയർ ഇന്ത്യക്കു അവസരം നല്കുന്നതാവട്ടെ നമ്മുടെ തന്നെ കേന്ദ്ര സർക്കാരും. കുവൈറ്റ് അധിനിവേശക്കാലത്തു വി പി സിങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സർക്കാർ ഒരാളില്‍ നിന്നും നയാപൈസ ഈടാക്കാതെയാണ് ജോർദാനിൽ കുടുങ്ങിയ ഒന്നര ലക്ഷത്തിലേറെ ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിച്ചത്. ആ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണൻ ഇക്കാര്യം അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെക്കുറിച്ചുള്ള തള്ളുകളും ഇടക്കിടെയുള്ള പിണറായി വിമർശനവും മാധ്യങ്ങൾക്കു നേർക്കുള്ള കൊഞ്ഞനം കുത്തലും ഒഴിവാക്കി മുരളീധർജി അവിടുന്ന് ദയവായി അതൊന്നു വായിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories