TopTop

സ്വാര്‍ഥത്തിനപ്പുറമൊരു രാഷ്ട്രീയമില്ല; പാലയുടെ തീരുമാനം എന്തായാലും കേരള കോണ്‍ഗ്രസില്‍ അടി കനക്കും

സ്വാര്‍ഥത്തിനപ്പുറമൊരു രാഷ്ട്രീയമില്ല; പാലയുടെ തീരുമാനം എന്തായാലും കേരള കോണ്‍ഗ്രസില്‍ അടി കനക്കും

പാല ഉപതെരഞ്ഞെടുപ്പിന്റെ വോട്ട് നാളെ എണ്ണും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ആഭ്യന്തരരാഷ്ട്രീയം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും യുഡിഎഫ് ക്യാമ്പ് തികച്ചും പ്രതീക്ഷാനിര്‍ഭരമാണ്. 54 വര്‍ഷം കെ.എം. മാണി കൈപ്പിടിയിലൊതുക്കിയ മണ്ഡലം അദ്ദേഹത്തിന്റെ ശിഷ്യനായ ജോസ് ടോം പുലിക്കുന്നേലിലൂടെ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസം ജോസ് കെ. മാണി ക്യാമ്പിലും യുഡിഎഫിലും ദൃഢം.കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും ഒക്കെ അനുകൂലമാകുന്നത് യുഡിഎഫ് ക്യാമ്പിനാണ്. എക്‌സിറ്റ് പോളും ആ തരത്തിലുള്ള സുചനയാണ് തരുന്നത്. ഫലം എന്തുതന്നെയായാലും കേരള കോണ്‍ഗ്രസിലെ തമ്മിലടി വരും നാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് വ്യക്തം. അതിനുള്ള സൂചനകള്‍ പുറത്ത് വന്നുകഴിഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ. മാണി വിഭാഗത്തേയും പി.ജെ. ജോസഫ് വിഭാഗത്തേയും കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് വെടി നിര്‍ത്തലിലേക്ക് എത്തിക്കുകയായിരുന്നു. പോളിംഗ് ദിവസത്തില്‍ തന്നെ അത് തകരുന്നതിന്റെ സൂചനകള്‍ ജോസഫ് പക്ഷ നേതാവായ ജോയി എബ്രഹാമിലൂടെ കണ്ടു. ജോയി എബ്രഹാമിന്റെ പ്രസ്താവനയുടെ പേരില്‍ ജോസ് വിഭാഗം യുഡിഎഫിനെ പരാതിയുമായി സമീപിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിയിലും ചിഹ്നത്തിലും തുടങ്ങിയ പോര് ജോസഫിനെ കൂക്കി വിളിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു. വോട്ടെടുപ്പ് മുന്നില്‍ വെച്ച് അടക്കി നിര്‍ത്തിയിരുന്നതെല്ലാം ഫലം വരുന്നതോടെ വലിയ വെള്ളച്ചാട്ടം കണക്കെ പുറത്തേക്ക് വരുക തന്നെ ചെയ്യും. ഇരു പക്ഷത്തിനും അലക്കി വെളുപ്പിക്കാന്‍ വിഴുപ്പുകള്‍ ഏറെയുണ്ട്. അഞ്ചു ഉപതെരഞ്ഞെടുപ്പുകള്‍ കൂടി ഒരു മാസത്തിനുള്ളില്‍ നടക്കാനുണ്ടെന്നത് ഇരു പക്ഷത്തേയും പക്ഷെ സൗമ്യരാക്കി തീര്‍ക്കണമെന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നും ഈ പാര്‍ട്ടി കാര്യമായ സ്വാധീനമല്ലെന്നതും മറ്റൊരു കാര്യമാണ്. പക്ഷെ വെടിനിര്‍ത്തലുമായെത്താന്‍ യുഡിഎഫ് നേതൃത്വത്തിനും കോണ്‍ഗ്രസിനും സമയം കിട്ടണമെന്നില്ല.

മുന്‍പിന്‍ നോക്കാതെ ചെറിയ വൃത്തത്തിനകത്ത് നേതാക്കളുടെ താല്പര്യ സംരക്ഷകരായി നിന്ന് അടിയുണ്ടാക്കുകയെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രം. സ്വാര്‍ഥത്തിനപ്പുറമൊരു രാഷ്ട്രീയം അവര്‍ക്കില്ല. ആകെ സമൂഹത്തിന് മാതൃകയാക്കാമായിരുന്ന കുറെ നേതാക്കള്‍ ആദ്യകാലത്തുണ്ടായിരുന്നുവെങ്കില്‍ പോകെപ്പോകെ അതും നഷ്ടമായി. നേതാക്കള്‍ തമ്മില്‍ വ്യക്തിപരമായ അകലം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് പൊതുവേദികളിലും മറ്റും പ്രസംഗിക്കാറുണ്ടെങ്കിലും ഇത്തരം അകലങ്ങള്‍ മാത്രമാണ് ഭിന്നതകളിലേക്ക് അവരെ എത്തിച്ചത്. വ്യക്തിതാല്പര്യങ്ങളുടേയും സ്ഥാനമാനങ്ങളുടേയും പേരിലല്ലാതെ ആശയങ്ങളുടെ പേരില്‍ ഭിന്നിച്ച ചരിത്രം കേരള കോണ്‍ഗ്രസില്‍ ദൃശ്യമായി കണ്ടിട്ടില്ല.

ഈ പാര്‍ട്ടിയുടെ തുടക്കം മുതലുള്ള ഓരോ ഘട്ടവും തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതായിരുന്നില്ലേ? കേരള കോണ്‍ഗ്രസിന്റെ രൂപീകരണം തന്നെ എടുക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് മതിയായ പരിഗണന ലഭിക്കാതെ മുറിവേറ്റ ഒരു വിഭാഗം നേതാക്കള്‍ തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി ഒത്തുചേര്‍ന്നതാണ് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി മാറിയത്. ഇങ്ങനെ ഒത്തു ചേരുമ്പോള്‍ ഒരു സമ്മര്‍ദ്ദഗ്രൂപ്പ് എന്നതിനപ്പുറം പാര്‍ട്ടി രൂപപ്പെടുത്തണമെന്ന് ചിന്തിച്ചിരുന്നില്ല. പാര്‍ട്ടിയായി നില്‍ക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴും ശക്തി തെളിയിച്ച് കോണ്‍ഗ്രസില്‍ തിരികെ എത്തണമെന്നതായിരുന്നു താല്പര്യമെന്ന് സ്ഥാപക നേതാക്കളില്‍ ഒരാളായ ജോസഫ് പുലിക്കുന്നേല്‍ തന്നെ എഴുതിയിട്ടുണ്ട്. പി.ടി. ചാക്കോയോട് ആര്‍.ശങ്കറും കൂട്ടരും കൈക്കൊണ്ട സമീപനത്തില്‍ വ്യാകുലരായ ചാക്കോ പക്ഷപാതികള്‍ക്ക് കത്തോലിക്ക സഭയുടേയും നായര്‍ സര്‍വീസ് സൊസൈറ്റിയുടേയും ആശിര്‍വാദവും ഉണ്ടായിരുന്നു.

തുടക്കകാലത്ത് പലരും കരുതുന്നതുപോലെ കത്തോലിക്ക സഭയ്ക്കു വലിയ പങ്കാളിത്തം പാര്‍ട്ടിയിലുണ്ടായിരുന്നില്ലെന്നും സഭയ്ക്കു താല്പര്യം കോണ്‍ഗ്രസിനോട് തന്നെ ആയിരുന്നുവെന്നും പുലിക്കുന്നേല്‍ തന്നെ എഴുതിയിട്ടുണ്ട്. കെ.എം.മാണി സംഘടനയില്‍ കരുത്തനാകുന്നതോടെയാണ് സഭ പാര്‍ട്ടിയില്‍ എല്ലാക്കാര്യങ്ങളിലും നിര്‍ണായകശക്തിയായി തീരുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയെ ഉപയോഗിക്കാന്‍ സഭയ്ക്കും സഭയെ പ്രയോജനപ്പെടുത്താന്‍ കെ.എം. മാണിയ്ക്കും സാധിച്ചുവത്രെ.

അതെന്തായാലും, കോണ്‍ഗ്രസ് സംഘടനയ്ക്കകത്ത് ശക്തിയുണ്ടായിരുന്ന ചാക്കോ വിഭാഗത്തെ ആസൂത്രിതമായി ശങ്കറും കൂട്ടരും ഒതുക്കിയപ്പോള്‍ അവിശ്വാസം കൊണ്ടുവന്ന് സര്‍ക്കാരിനെ മറിച്ചിട്ട 15 എംഎല്‍എമാരുടെ നടപടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ തുടക്കത്തിനുള്ള അടിയന്തര സാഹചര്യം. അന്നു മുതല്‍ ഇതുവരെയുള്ള പാര്‍ട്ടിയുടെ ഗതികളെല്ലാം നിയന്ത്രിച്ചത് നേതാക്കളുടെ തീര്‍ത്തും വ്യക്തിപരമായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാത്രമായിരുന്നു. അതിനപ്പുറം എന്താണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം? കര്‍ഷകരുടെ, വിശേഷിച്ചും കുടിയേറ്റ കര്‍ഷകരുടെ താല്പര്യ സംരക്ഷണമായിരുന്നു കേരള കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ ആണിക്കല്ല്. നേതാക്കളുടെ താല്പര്യ സംരക്ഷണം തന്നെയായിരുന്നു ഇതില്‍ അന്തര്‍ഭവിച്ചിരുന്നതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ജോസഫ് പുലിക്കുന്നേല്‍ തന്നെ പിന്നീട് ചോദിച്ച ചോദ്യമുണ്ട്: ' ഈ രാജ്യത്തെ കര്‍ഷകരുടെ രക്ഷാകവചമാണെന്നൊക്കെ ചുമ്മാ പറയും. അല്ലാതെ കര്‍ഷകര്‍ക്കുവേണ്ടി എന്താണ് ചെയ്തത്?''. കെ.എം. മാണിയും മറ്റും അധ്വാന വര്‍ഗ സിദ്ധാന്തമെന്നൊക്കെ പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ വെറും ചുവരെഴുത്തുകള്‍ മാത്രം.

ഒരു മന്ത്രിയോ, മുന്‍മന്ത്രിയോ പോലുമില്ലാതെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി. കുറച്ചു മുന്‍ എംഎല്‍എമാര്‍ മാത്രമായിരുന്നു അതിന്റെ മൂലധനം. അധികാരത്തിന്റെ ചുഴി സൃഷ്ടിച്ച് അതിലൂടെ വിലപപേശി നില്‍ക്കാനാകുമെന്ന് മാത്രം കരുതിയവര്‍. അതിനപ്പുറം ഒന്നുമില്ല. സമ്മര്‍ദ്ദത്തിലൂടെ കോണ്‍ഗ്രസില്‍ തിരികെ എത്താം എന്നതായിരുന്നു ഒത്തുകൂടുമ്പോള്‍ അവരുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പതാകയുടെ മധ്യത്തിലെ ചര്‍ക്ക നീക്കി കൊടിയാക്കിയത് പിന്നീട് ചര്‍ക്ക കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസില്‍ മടങ്ങിയെത്താം എന്നു കരുതി തന്നെ ആയിരുന്നു. പക്ഷെ, അത് സാധ്യമായില്ല. അങ്ങനെ കേരള കോണ്‍ഗ്രസുണ്ടായി. ആ പാര്‍ട്ടി പലകാലങ്ങളിലായി പിളര്‍ന്നു. ഓരോ മന്ത്രിയുടെ ചുറ്റും ഗ്രൂപ്പുകളുണ്ടായി. അവയൊക്കെ തന്നെ പിന്നീട് ഓരോ കേരള കോണ്‍ഗ്രസുകളായി പിളര്‍ന്നു. ആര്‍. ബാലകൃഷ്ണ പിള്ളയായിരുന്നു ഇതിനു തുടക്കമിട്ടതെന്നാണ് പൊതുവെ കരുതുന്നതെങ്കിലും ഇ. ജോണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ 'ഒറിജിനല്‍ കേരള കോണ്‍ഗ്രസ്' എന്ന പേരില്‍ ചെറിയൊരു പിളര്‍പ്പ് അതിനു മുന്‍പ് തന്നെ സംഭവിച്ചിരുന്നതായി ആര്‍. ബാലകൃഷണ പിള്ള തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ കാലത്തും വ്യക്തിതാല്പര്യം അതിന്റെ ആണിക്കല്ലായി നിലകൊണ്ടു. നേതാക്കന്മാരുടെ മക്കളെല്ലാം നേതാക്കന്മാരായി. അവരെല്ലാം സ്വകാര്യ സ്വത്ത് പോലെ ഓരോ കേരള കോണ്‍ഗ്രസ് കഷണം കൊണ്ടു നടക്കുന്നു. കെ. എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസ്, ആര്‍. ബാലകൃഷ്ണ പിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍, കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണി, പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്...നോക്കുക ഇവരെല്ലാം ഓരോ കേരള കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ട്. ഈ തലപ്പുകളെ നിര്‍മിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം.
Next Story

Related Stories