TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ് : ആശയക്കുഴപ്പങ്ങളുടെ നാഥനില്ലാക്കളരി

കോണ്‍ഗ്രസ് : ആശയക്കുഴപ്പങ്ങളുടെ നാഥനില്ലാക്കളരി

പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കൂടുതല്‍ ഗുരുതരമായ തകര്‍ച്ചയിലേയ്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.


ദേശീയനേതൃത്വത്തിലെ പൊരുത്തക്കേടുകള്‍ സംസ്ഥാന നേതൃത്വങ്ങളിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്ന വിമതസ്വരങ്ങള്‍ക്കു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയപരമായി എങ്ങനെ നേരിടണമെന്നതിനെച്ചൊല്ലിയും നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.

ഇങ്ങനെ പലവിധ പ്രശ്‌നങ്ങള്‍ ഗ്രസിച്ച കോണ്‍ഗ്രസ് ഇന്നൊരു നാഥനില്ലാക്കളരിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാനഘടകങ്ങള്‍ക്കുള്ളിലുള്ള ചേരിപ്പോര് തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളെ തുടക്കത്തിലേ പുറകോട്ടടിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകുമെന്നു ആകാംക്ഷയുയര്‍ന്നു. എന്നാല്‍ പുതിയ പ്രസിഡന്റ് ആരാണെന്നുള്ള പ്രഖ്യാപനം അനന്തമായി നീണ്ടു. ഒടുവില്‍, ആരോഗ്യകാരണങ്ങളാല്‍ കുറച്ചു കാലമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്ന സോണിയ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്തേയ്ക് തിരിച്ചെത്തുകകയായിരുന്നു.
സോണിയ ഗാന്ധിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിന് പുതുജീവന്‍ പകരും എന്നാണ് കരുതപ്പെട്ടതെങ്കിലും ഈ നീക്കം പാര്‍ട്ടിയെ പിന്നെയും ഉലയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഹരിയാനയില്‍, മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എല്ലാ എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനത്തു സ്വയം അവരോധിച്ചു. ദേശീയ നേതൃത്വം ആദ്യം ഹൂഡയെ പിന്തുണച്ചിരുന്നില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊടുക്കുകയാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ചു ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് അശോക് തന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജി വച്ചു. ഹരിയാന കോണ്‍ഗ്രസ് ഘടകത്തിലെ പടലപ്പിണക്കം വെളിവാക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പൊതുമധ്യത്തില്‍ ഉന്നയിച്ചാണ് തന്‍വര്‍ പാര്‍ട്ടി വിട്ടത്.

മുംബൈയിലെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് നിരുപമാകട്ടെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുപറഞ്ഞത്. ചേരിപ്പോരും ഉള്ളുകളികളുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാധാരണമാണെങ്കിലും ഇത്ര കാലത്തിനിടയില്‍ ഒരു നേതാവും സ്വന്തം പാര്‍ട്ടിയിലെ മറ്റൊരു നേതാവിനെ ടെലിവിഷന്‍ പ്രേക്ഷര്‍ക്ക് മുന്നില്‍ കഴിവ് കെട്ടവനെന്നു വിളിച്ചിട്ടില്ല. മുന്‍ എം.പി മിലിന്ദ് ദിയോറയെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പതനത്തിനു ഉത്തരവാദി എന്ന് കുറ്റപ്പെടുത്തിയ നിരുപം മൂന്നോ നാലോ സീറ്റുകളിലൊഴികെ ഒരിടത്തും കോണ്‍ഗ്രസിന് കെട്ടി വച്ച കാശു പോലും ലഭിക്കില്ലെന്നും തുറന്നടിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര ബിന്ദു ആയ ഗാന്ധി കുടുംബത്തിനെച്ചൊല്ലി കുറച്ചു കാലമായി ഉയരുന്ന ഊഹാപോഹങ്ങള്‍ ആദ്യമായി സ്ഥീരീകരിച്ചതും നിരൂപമാണ്. സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഇടയില്‍ രൂപപ്പെട്ടിട്ടുള്ള ആഴത്തിലുള്ള വിടവിനെ കുറിച്ച് നിരുപം തുറന്നു പറഞ്ഞു.

സോണിയ ഗാന്ധിയുടെ വിശ്വസ്തര്‍ ആയിരുന്ന പാര്‍ട്ടിയിലെ പഴയ തലമുറ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെ കരുതിക്കൂട്ടി ദ്രോഹിക്കുന്നു എന്നാണ് നിരുപം ആരോപിച്ചത്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നിരൂപമിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നവയാണ്. പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി അവരോധിച്ച നേതാക്കളെ ഓരോരുത്തരെയായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ത ആയിരുന്ന റായ്ബറേലി എം.എല്‍.എ അദിതി സിംഗ് പാര്‍ട്ടിയുമായി പിണങ്ങി ബി.ജെ.പി യിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. പഞ്ചാബില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിംഗിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ നവ്ജ്യോത് സിംഗ് സിദ്ദു തന്റെ പഴയ കൂടാരമായ ബി.ജെ.പി യിലേയ്ക് തിരികെ പോകാന്‍ സാധ്യത ഉണ്ടെന്നുള്ള സൂചനകള്‍ ഉയരുന്നുണ്ട്. ബി.ജെ.പി യാകട്ടെ സഖ്യകക്ഷി ആയ അകാലി ദള്‍ (ബാദല്‍) വിഭാഗവുമായി അത്ര ചേര്‍ച്ചയിലുമല്ല.

സിദ്ദുവിന് രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ ഉണ്ടായിരുന്നെങ്കിലും അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ വ്യകതമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍, മുതിര്‍ന്ന നേതാവായ കമല്‍ നാഥും യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയും നയിക്കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് ദേശീയ നേതൃത്വത്തിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

രാജസ്ഥാനിലും സമാനസ്ഥിതിയാണ്. വ്യത്യസ്ത തലമുറയില്‍പ്പെട്ട നേതാക്കള്‍ ഭിന്ന ധ്രുവങ്ങളിലാണ്. മുഖ്യമന്ത്രി ആയ അശോക് ഗെഹ്ലോട്ട് രാഹുല്‍ ഗാന്ധിയ്ക്ക് അനഭിമതന്‍ ആണെങ്കിലും അദ്ദേഹത്തിന് സോണിയയുടെ ഉപദേശകരുടെ ശക്തമായ പിന്തുണയുണ്ട്. ഉപമുഖ്യമന്ത്രി ആയ സച്ചിന്‍ പൈലറ്റ് ആകട്ടെ തന്റെ സ്വാധീനം വ്യാപിപ്പിക്കുന്നതില്‍ വ്യാപൃതനാണ്.

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെത്തുടര്‍ന്നു സ്ഥാനമൊഴിഞ്ഞു. പാര്‍ട്ടിയില്‍ യുവജനങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മന്റെ സ്ഥാനം തെറിച്ചു.

ആഭ്യന്തര വിഷയങ്ങള്‍ക്ക് പുറമെ, കോണ്‍ഗ്രസിന്റെ പ്രധാന പ്രതിയോഗി ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുദിനം വര്‍ധിച്ചുവരുന്ന ജനപിന്തുണയെ എങ്ങിനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ ഗുരുതരമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.മോദിയ്ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ കടന്നാക്രമിച്ചിട്ടും മോദിയുടെ ജനപ്രീതി ഒട്ടും തന്നെ കുറയുന്നില്ലെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയെ കണ്ണടച്ച് വിമര്‍ശിക്കുന്ന നയം ഉപേക്ഷിച്ചു കാതലായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതാകും നല്ലതെന്നാണ് ഇവരുടെ അഭിപ്രായം. നരേന്ദ്ര മോദി ശരിയായ കാര്യങ്ങള്‍ പറയുമ്പോഴും ചെയ്യുമ്പോഴും അതിനെ അഭിനന്ദിക്കണമെന്നു പറഞ്ഞതിന് കേരളത്തില്‍ നിന്നുള്ള എം.പി ആയ ശശി തരൂരിന് സംസ്ഥാന ഘടകത്തിന് വിശദീകരണം കൊടുക്കേണ്ടി വന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിദേശ നയത്തെയും കാശ്മീരിന് സവിശേഷാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിയെയും പ്രകീര്‍ത്തിച്ചു കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ശബ്ദങ്ങള്‍ ഉയരുന്നത് ഇതിനു തെളിവാണ്. കോണ്‍ഗ്രസ് നയത്തിലെ പാളിച്ചകളാണ് ഇതിലൂടെ പുറത്തു വരുന്നത്. കാശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരടക്കം പല കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആയുസ്സു രണ്ടു വര്‍ഷത്തില്‍ അവസാനിച്ചതോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല 1998 മാര്‍ച്ച് മുതല്‍ 2017 ഡിസംബര്‍ വരെ പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധിയില്‍ തന്നെ വന്നു ചേര്‍ന്നിരിക്കുകയാണ്.
തന്റെ രാഷ്ട്രീയജീവിതത്തില്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലവും അതിന്റെ പതനവും അനുഭവിച്ചറിഞ്ഞിട്ടുള്ള നേതാവാണ് സോണിയ. പാര്‍ട്ടിയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍പ് ഗാന്ധി കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതതുണ്ട്. ഏറെ കൊട്ടിഘോഷിച്ചു പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേയ്ക് കൊണ്ട് വന്നെങ്കിലും അതും വോട്ടര്‍മാരെ സ്വാധീനിച്ചില്ല. ഇതുവരെ കോണ്‍ഗ്രസിലെ പ്രകടമല്ലാത്ത ശക്തികേന്ദ്രമായിരുന്ന പ്രിയങ്ക, ഹിന്ദി ഹൃദയഭൂമിയില്‍ നിലംപരിശാക്കപ്പെട്ട കോണ്‍ഗ്രസിന് പുതുജീവന്‍ പകരുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ജനങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന രാഹുല്‍ ഗാന്ധി അപൂര്‍വമായാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെല്ലുന്നതിനു പകരം ട്വിറ്ററിലാണ് രാഹുല്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.
കോണ്‍ഗ്രസിനെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള അപചയത്തില്‍ നിന്നുള്ള ഒരു തിരിച്ചു വരവ് സാധ്യമാകണമെങ്കില്‍ ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അത് ചെയ്യാത്തിടത്തോളം കാലം കൂടുതല്‍ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ തിരിച്ചു വരവോടെ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള അവരുടെ ഉപദേശകവൃന്ദവും പഴയ പ്രതാപത്തിലേയ്ക് തിരിച്ചു വന്നിട്ടുണ്ട്. ഇവരെ ഒഴിവാക്കി യുവജനങ്ങളെ പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധി കൃത്യമായ നടപടികള്‍ എടുത്തിരുന്നെങ്കിലും പാര്‍ട്ടി അതില്‍ നിന്നെല്ലാം പുറകോട്ടു പോകുകയാണ്.
കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ നില്‍ക്കുന്ന ഈ അവസരം മുതലാക്കി ബി.ജെ.പി അതിന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കുകയാണ്. കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളിലൊരാളായ പി.ചിദംബരം ജയിലിലാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ പല തരത്തിലുള്ള അനേഷണങ്ങള്‍ നേരിടുകയാണ്.
മഹാരാഷ്ട്രയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ബി.ജെ.പി യുടെ വാതില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്കായി തുറന്നിട്ടാല്‍ രണ്ടോ മൂന്നോ നേതാക്കളൊഴിച്ചു ആരും തന്നെ കോണ്‍ഗ്രസിലോ സഖ്യകക്ഷി ആയ എന്‍.സി.പി യിലോ ബാക്കി ഉണ്ടാകില്ലെന്നാണ്.
ഇനി ഇരു തിരിച്ചു വരവ് അസാധ്യമാകുംവണ്ണമുള്ള ഒരു പതനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്നത്. സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുന്നതിന് പകരം മിനിക്കുപണികളാണ് നടക്കുന്നത്.


ഗൗതം ദത്ത്‌

ഗൗതം ദത്ത്‌

മാധ്യമ പ്രവർത്തകൻ

Next Story

Related Stories