TopTop
Begin typing your search above and press return to search.

മഹാരാജാവിന്റെ പ്രജാവാത്സല്യങ്ങളും ചരിത്രം രാജകീയ ഇടപെടലാണെന്ന മിഥ്യാബോധവും

മഹാരാജാവിന്റെ പ്രജാവാത്സല്യങ്ങളും ചരിത്രം രാജകീയ ഇടപെടലാണെന്ന മിഥ്യാബോധവും

ചരിത്രം എല്ലാക്കാലത്തും വിജയികളുടെ മാത്രം കഥയാണെന്ന വിമർശനമാണ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്വചിന്തകൻ വാൾട്ടർ ബെഞ്ചമിന് ഉണ്ടായിരുന്നത്. വരേണ്യ ചരിത്ര രചനാ രീതിയുടെ ഏറ്റവും വലിയ വിമര്‍ശനമായി പിന്നീട് ഈ വിമര്‍ശനം വളര്‍ന്ന് ലോകം മുഴുവനും എത്തിച്ചേര്‍ന്നു. വരേണ്യതയെ വിമര്‍ശിച്ചുകൊണ്ടുള്ള ആഴമുള്ള ചരിത്ര പഠനങ്ങള്‍ കേരളത്തിലും നടന്നിട്ടുണ്ട്. എന്നാല്‍ ചരിത്ര ഗവേഷണം സാമൂഹ്യ, രാഷ്ട്രീയ വീക്ഷണത്തില്‍ പുരോഗമനപരമായ വലിയ മാറ്റമൊന്നും വരുത്തുന്നില്ല എന്ന സംശയം ബലപ്പെടുത്തുകയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ വെച്ച് പുലര്‍ത്തുന്ന രാജഭക്തി. കേരളത്തില്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ നടന്ന ജനകീയ പോരാട്ടങ്ങളുടെ ചരിത്രത്തെ പാടേ അവഗണിച്ചുകൊണ്ട് രാജഭരണ കേന്ദ്രീതമായ ചരിത്രധാരണകള്‍ അഭിമാനത്തോടെ വിളിച്ച് പറയുക കൂടിയാണ് കേരളത്തിലെ വലത് രാഷ്ട്രീയ നേതൃത്വം. കേരളത്തിലെ വലതുപക്ഷ നേതാക്കൾക്ക് അവരുടെ അധികാരവും വരേണ്യതയും പറഞ്ഞുറപ്പിക്കാനുള്ള വഴികളിൽ ഒന്നാണ് കേരള ചരിത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് പൂവിട്ടു പൂജിച്ചു വെച്ചിരിക്കുന്ന രാജകുടുംബങ്ങളുടെ വീരഗാഥകളുടെ തുടർച്ച അവകാശപ്പെടുക എന്നത്.

എ.കെ ആന്റണി എന്ന കോൺഗ്രസിന്റെ സമുന്നത നേതാവിനും തോന്നിയത് ആധുനിക കേരള ചരിത്രം തിരുവിതാകൂർ രാജഭരണത്തിന്റെ വംശാവലിയില്‍ കേന്ദൃതമാണ് എന്നാണ്. അതുകൊണ്ടാണ് നിപ വൈറസ് പ്രതിരോധ പ്രവർത്തന കാലത്തെ അനുഭവവും പെരുമാറ്റച്ചട്ടങ്ങളും, സർക്കാരിന്റെ ജാഗ്രതയും ചേര്‍ത്ത് വെച്ച് കേരളം കൊറോണ എന്ന മഹാമാരി തടഞ്ഞു നിറുത്തിയതിനുള്ള പ്രശംസയുടെ പ്രധാന വിഹിതം തിരുവിതാംകൂറിലെ രാജകുടുംബത്തിന് കൊടുത്തത്. രാജഭരണകാലത്തെ നടപ്പ് രീതികള്‍ പോലെ തന്നെ ചരിത്രം വ്യക്തികേന്ദ്രിതമായി മുൻപോട്ടു പോകണമെന്ന് തിരുവനന്തപുരത്തെ ഹജൂർ കച്ചേരിയിൽ ഇരുന്നത് കൊണ്ട് ആന്റണിക്കും തോന്നാം. എല്ലാ വികസന പ്രവർത്തനങ്ങളും മഹാരാജാവ് തുടങ്ങുകയും ഞങ്ങൾ തുടരുകയും ചെയ്യുന്നു എന്ന വീക്ഷണമാണ് ആധുനിക തിരുവിതാംകൂറിന്റെ വരേണ്യ ചരിത്രം. ഉദാരമതികളും നന്‍മയുടെ ഉറവിടങ്ങളുമായ രാജകുടുംബങ്ങളുടെ പ്രജാവാത്സല്യത്തിന് മുന്‍പില്‍‍ ചരിത്രം ജനകീയ പോരാട്ടങ്ങളുടേത് കൂടിയാണ് എന്ന കാര്യം രാഷ്ട്രീയ നേതാക്കൾ മറന്ന് പോകുന്നു.

'കൂട്ടായ മിഥ്യാബോധം' (Collective Illusion) എന്ന സംജ്ഞയാണ് ചരിത്രം രാജകീയ ഇടപെടലാണ് എന്ന, കേരളത്തില്‍ ഇപ്പോഴും പ്രബലമായ ധാരണയെ വിശേഷിപ്പിക്കാൻ ചേരുന്നത്. 'കൊച്ചി രാജാവ് തൊട്ടത്', 'രാജഭരണകാലത്ത് സംഭവിച്ചത്', 'രാജാവ് പണിത വഴികള്‍'... ഇത്തരം പ്രയോഗങ്ങൾ പൊതു സംസാരങ്ങളിൽ പതിവാണ്. എന്നാൽ, തിരുവിതാംകൂർ ഭരിച്ച രണ്ട് രാജാക്കന്‍മാരുടെ പേര് ചോദിച്ചാൽ രാജഭക്തര്‍ക്ക് അറിയാനുള്ള സാധ്യതയില്ല. തിരുവിതാംകൂർ രാജഭരണ കാലത്തെപ്പറ്റി അഭിമാനം കൊള്ളുന്നവർ ആ നാട്ടുരാജ്യത്തിന്റെ ദേശീയഗാനം കേട്ടിരിക്കാനുള്ള സാധ്യതയും വിരളമാണ്. പെരുമ്പാവൂരോ പൂക്കാട്ടുപടിയോ ഏതു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു എന്ന ചോദ്യത്തിന് രാജഭക്തരിൽ നല്ലൊരു ശതമാനവും ഉത്തരം നൽകില്ല. എന്നാല്‍ ആധുനിക കേരളം മഹാരാജാക്കള്‍‍ സംഭാവന നല്‍കിയതാണ് എന്നതില്‍ ഇവര്‍ക്ക് സംശയവുമില്ല. കേരളത്തിലെ വരേണ്യ ബൌദ്ധിക വ്യവഹാരം രാജഭരണകാലം എന്ന ഗൃഹാതുരത്വം എല്ലായിടത്തും കണ്ടെത്തുകയാണ്. കോതമംഗലം, കോത രാജാവിന്റെ ദേശവും, ആരോഗ്യരംഗത്തെ നേട്ടം തിരുവിതാംകൂർ മഹാരാജാക്കന്‍മാരുടെ പ്രജാവാത്സല്യവും ആയിട്ട് വാഴ്ത്തപ്പെടുന്നു.

തിരുവിതാംകൂറിലെ മുന്‍തലമുറ രാഷ്ട്രീയക്കാര്‍ എന്തായിരുന്നു ചെയ്തത്? രാജഭരണത്തിന് സ്തുതിഗീതം പാടി കാലം കഴിച്ചവരായിരുന്നോ എല്ലാവരും? അല്ല എന്നാണ് കൊച്ചിയിലും തിരുവിതാംകൂറിലെയും നിയമസഭ രേഖകള്‍ വരെ സൂചിപ്പിക്കുന്നത്. അറിവ് നേടാനും യാത്ര ചെയ്യാനും ആരാധനാലയങ്ങളില്‍ പ്രവേശിക്കാനും ആധുനിക വൈദ്യ സംവിധാനങ്ങള്‍ നേടിയെടുക്കാനും നികുതി ഇളവിനും വേണ്ടി പോരാട്ടങ്ങള്‍ നടത്തിയതിന്‍റെ ചരിത്രമാണ് കേരളത്തിലെ നാട്ടു രാജ്യങ്ങളിലെ കൊളോണിയല്‍ കാലത്തെ ചരിത്രത്തിന്‍റെ ഗതി നിര്‍ണയിച്ചിരുന്നത്. എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന പോരാട്ടങ്ങളുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. എന്നിരിക്കലും ചരിത്രം എന്ന് പറയുമ്പോള്‍ രാജകുടുംബത്തിന്‍റെ കാര്യം കേന്ദ്ര സ്ഥാനത്ത് പറഞ്ഞില്ല എങ്കില്‍ അത് ചരിത്ര രചനയാവില്ല എന്ന ധാരണയ്ക്കാണ് മുന്‍കൈ.

വലത് രാഷ്ട്രീയ നേതൃത്വത്തിന്‍റെ ചരിത്ര വീക്ഷണത്തില്‍ അപകോളനീകരണം കാര്യമായി നടന്നിട്ടില്ല എന്നത് കൊണ്ടാണ് കേരളചരിത്രം രാജഭരണ ചരിത്രമായി മനസിലാക്കുന്നത്. ഇംഗ്ലീഷ് ചരിത്ര രചനാ രീതിയില്‍ നിന്ന് കടംകൊണ്ട രാജ്യവും രാജാവും കേന്ദ്രീതമായ ചരിത്ര രചനയാണ് കേരളത്തില്‍ കൊളോണിയല്‍ കാലത്ത് പ്രബലമായിരുന്നത്. ശങ്കുണ്ണി മോനോന്‍റെ തിരുവിതാംകൂര്‍‍ ചരിത്രവും പദ്മനാഭ മേനോന്‍റെ കൊച്ചി രാജ്യ ചരിത്രവും ഇതിനുള്ള നല്ല ഉദാഹരണങ്ങളാണ്. രാജകീയ ഭരണവര്‍ഗത്തിന്റെ ഉദയവും വളര്‍ച്ചയും എന്ന ഏകമാനമായ മുന്നേറ്റമാണ് ചരിത്രമെന്ന് കൊളോണിയല്‍ കാലത്തെ വരേണ്യ ചരിത്ര ഗവേഷകര്‍ പറഞ്ഞുവെച്ചു. വലിയ മാറ്റമൊന്നുമില്ലാതെ രാഷ്ട്രീയ മണ്ഡലത്തില്‍ അത് ഇന്നും തുടരുന്നു. പത്തൊന്‍പത്-ഇരുപത് നൂറ്റാണ്ടുകളിലെ കേരള ചരിത്രം ജനകീയ ചരിത്രമായി കാണുന്ന പഠനങ്ങള്‍ സ്കൂള്‍ തലത്തില്‍ തുടങ്ങി നല്ല പ്രാധാന്യത്തോടെ പഠിപ്പിക്കുക എന്നതാണ് രാജഭക്തിയും രാജകുടുംബ കേന്ദ്രീതമായ ചരിത്ര വീക്ഷണവും ഇല്ലാതാക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. ചരിത്രമെന്നാല്‍ പടയോട്ടങ്ങളുടെയും കീഴ്പ്പെടുത്തലുകളുടെയും കഥയല്ല എന്ന് കുട്ടികള്‍ മനസ്സിലാക്കണം. അവരവര്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെയും നിത്യജീവിതത്തിലെ വെല്ലുവിളികളുടെയും, അവഗണകളുടെയും പോരാട്ടങ്ങളുടെയും വിമര്‍ശനവും വിലയിരുത്തലുമാണ് ചരിത്രമെന്ന് വരുംതലമുറക്കെങ്കിലും പറഞ്ഞു കൊടുക്കണം. അപ്പോഴാണ് ചരിത്രം ഭരണനേട്ടങ്ങളുടെ സ്തുതിഗീതമല്ല, ഭരണവർഗം അധികാരം നിലനിറുത്തുന്നതിന് രൂപപ്പെടുത്തുന്ന അധീശത്വ രാഷ്ട്രീയത്തിന്‍റെ വിമർശനമായി ആളുകൾ മനസ്സിലാക്കുക.

ആന്തരിക സംഘര്‍ഷങ്ങള്‍ സാമൂഹ്യ മാറ്റം സംഭവിക്കുന്നതില്‍ എല്ലാ കാലത്തും പ്രധാനമാണ്. മഹാമനസ്ക്കാരായ രാജാക്കന്‍മാരും സന്തുഷ്ടരായ പ്രജകളുമായിരുന്നു നിലനിന്നിരുന്നത് എങ്കില്‍ കേരളം അങ്ങനെ തന്നെ മുന്‍പോട്ട് പോയേനെ. കൊടും പട്ടിണിയും, ജോലിയും ഭക്ഷണവും തേടിയുള്ള പലായനങ്ങളും ഉണ്ടാവുകയില്ലായിരുന്നു. രാജഭരണത്തിനെതിരെ ഐക്യ കേരള പ്രസ്ഥാനം രൂപപ്പെടുകയില്ലായിരുന്നു. പുരോഗമനം എന്ന് വാഴ്ത്തിപ്പാടുന്ന പല വികസന പ്രവര്‍ത്തനങ്ങളും കര്‍ഷകരുടെയും, മത്സ്യത്തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവിതം ദുസ്സഹമാക്കുകയാണ് ചെയ്തിട്ടുള്ളത്. രാജഭരണം പ്രജകള്‍ക്ക് ഒരു അനുഗ്രഹമായിരുന്നു എന്ന ധാരണ പരത്തുന്നതില്‍ നിന്ന് ജനങ്ങള്‍ ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ മാറി നില്‍ക്കേണ്ടതുണ്ട്. കൊളോണിയല്‍ മുതലാളിത്തത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തിയതില്‍ മുഴുകിയിരുന്ന തദ്ദേശീയ ഭരണവര്‍ഗത്തെ ഉദാരമതികള്‍ എന്ന സ്തുതിഗീതം പാടി എത്ര നാള്‍ മുന്‍പോട്ട് പോകും കേരളത്തിലെ വരേണ്യ ഭരണവര്‍ഗം!

[ചിത്രം: കൊച്ചി, മലബാര്‍ ഭരണാധികാരി, ജര്‍മന്‍ പെയിന്റര്‍ Hans Burgkmair (1473–1531) - വിക്കിമീഡിയ കോമണ്‍സ്]

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories