TopTop
Begin typing your search above and press return to search.

ബിനീഷ് കോടിയേരിയെ നിര്‍ത്തി കെ ടി റമീസിനെ മുക്കി, പി കെ ഫിറോസിന്റേത് വെറും വിവാദ മുട്ടയോ?

ബിനീഷ് കോടിയേരിയെ നിര്‍ത്തി കെ ടി റമീസിനെ മുക്കി, പി കെ ഫിറോസിന്റേത് വെറും വിവാദ മുട്ടയോ?


മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഇക്കഴിഞ്ഞ ദിവസം ഒരു വലിയ ആരോപണം ഉന്നയിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ലഹരി, സ്വർണക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു അത്. മയക്കുമരുന്ന് കേസിൽ കർണാടകത്തിൽ പിടിയിലായ പ്രതികളിലൊരാളായ മുഹമ്മദ് അനൂപും ബിനീഷും സുഹൃത്തുക്കളാണെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഫിറോസിന്റെ ആരോപണം. അനൂപിന്റെ ബംഗളുരുവിലെ ബിസിനസ് സംരംഭങ്ങളിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മയക്കുമരുന്ന് കച്ചവടത്തിൽ അയാൾക്കും പങ്കുണ്ടെന്നും സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ബിനീഷിലൂടെ മലയാള സിനിമാ ലോകത്തേക്ക് വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചേരുന്നുണ്ടെന്നും ഇതുകൂടാതെ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കെ ടി റമീസുമായും ബിനീഷിനു അടുത്ത ബന്ധമാണുള്ളതെന്നും റമീസ് ഉൾപ്പെട്ട സ്വർണക്കടത്തു കേസിലെ തന്നെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ പിടിയിലായ ജൂലൈ 10 നു ബിനീഷും അനൂപും ഏറെ തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നിങ്ങനെ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ട്ടിക്കാൻ പോന്ന ഒട്ടേറെ കാര്യങ്ങളാണ് ഇന്നലെ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ഫിറോസ് പുറത്തുവിട്ടത്. എന്നാൽ വൈകിട്ടത്തെ ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ റമീസ് ബന്ധം എന്തുകൊണ്ടോ ഫിറോസ് വിഴുങ്ങിക്കളഞ്ഞു. ബിനീഷിനെതിരായ ബാക്കി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ ചർച്ചയിൽ ഫിറോസ് ഒരു വാദം മുന്നോട്ടുവെച്ചിരുന്നു: 'ബിനീഷ് കോടിയേരിക്കെതിരെ പറയുന്നുവെന്നുകരുതി ഞാൻ കോടിയേരി ബാലകൃഷ്‌ണനെയോ സി പി എമ്മിനെയോ ടാർഗറ്റ് ചെയ്യുന്നില്ല' എന്ന്. എന്നുവെച്ചാൽ തന്റെ ആരോ
പണ
ങ്ങൾക്കു പിന്നിൽ മനസ്സാ വാചാ കർമണാ യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്ന്.
എന്നാൽ ബിനീഷ് കോടിയേരി കേരളത്തിലെ ഏതെങ്കിലുമൊരു പൗരൻ അല്ലെന്നും അയാൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ആണെന്നും വരുമ്പോൾ ഫിറോസ് അവകാശപ്പെടുന്നതുപോലെ രാഷ്ട്രീയം തൊട്ടുതീണ്ടാത്ത ഒന്നല്ല അദ്ദേഹത്തിന്റെ ആരോപണം എന്നത് ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന കാര്യമാണ്. അപ്പോൾ പിന്നെ എന്തിനുവേണ്ടിയായാണ് ഇങ്ങനെയൊരു ഒരു മുൻ‌കൂർ ജാമ്യം എന്നതും എന്തുകൊണ്ട് വാർത്താ സമ്മേളനത്തിൽ നിന്നും ചാനൽ ചർച്ചയിലേക്ക് എത്തിയപ്പോൾ മുസ്ലിം ലീഗിലെ ഉന്നത നേതാക്കളുമായി കുടുംബ ബന്ധം ആരോപിക്കപ്പെടുന്ന കെ ടി റെമീസിന്റെ പേര് അപ്പാടെ വിഴുങ്ങിക്കളഞ്ഞുവെന്നതുമൊക്കെ ഫിറോസ് തന്നെ വിശദീകരിക്കേണ്ട കാര്യങ്ങളാണ്. ഫിറോസിന്റെ ഈ കള്ളക്കളിയെക്കുറിച്ചു ചർച്ചയിൽ പങ്കെടുത്ത ബി ജെ പി പ്രതിനിധിയും യുവ മോർച്ച നേതാവുമായ സന്ദീപ് വാര്യർ സംശയം പ്രകടിപ്പിച്ചെങ്കിലും ഫിറോസ് വഴങ്ങിയില്ലെന്നു മാത്രമല്ല 'സന്ദീപിന്റെ ഭാഷ എനിക്ക് വശമില്ല,' എന്നു പറഞ്ഞു പരിഹസിക്കുകയാണുണ്ടായത്. ഒരു പക്ഷെ ആങ്കർക്ക് 'എല്ലാം' പിടികിട്ടിയതുകൊണ്ടാവാം അല്ലെങ്കിൽ മുടക്കമില്ലാതെ വിവാദ മുട്ടയിടുന്ന താറാവിനെ എന്തിനു ദ്രോഹിക്കണം എന്നു കരുതിയുമാവാം സാധാരണ കാണാറുള്ള തരത്തിലുള്ള ക്രോസ്സ് വിസ്താരമൊന്നും കണ്ടില്ല.

തനിക്കു യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്നും കോടിയേരി ബാലകൃഷ്ണനെയോ അതുവഴി സി പി എമ്മിനെയോ ടാർഗറ്റ് ചെയ്യുന്നില്ല എന്നൊക്കെ ഫിറോസ് അവകാശപ്പെട്ടെങ്കിലും അയാൾ ആരോപണവുമായി രംഗത്തുവന്ന രാഷ്ട്രീയ സാഹചര്യവും ആരോപണം ആർക്കെതിരെയാണെന്നതും വളരെ പ്രധാനപ്പെട്ടത്‌ തന്നെ. സിനിമ പ്രവർത്തകൻ എന്നൊക്കെ അറിയപ്പെടുമ്പോഴും ബിനീഷ് കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയാണ്. അതുകൊണ്ടു തന്നെ ബിനീഷിനെതിരായ ഏതൊരു ആരോപണവും സ്വാഭാവികമായും സി പി എം സംസ്ഥാന സെക്രെട്ടറിയിലേക്കും അതുവഴി സി പി എമ്മിലേക്കും ചെന്നുചേരും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവാനിടയില്ല. ബിനീഷ്
കോ
ടിയേരിക്കെതിരെ പി കെ ഫിറോസ് എന്ന മുസ്ലിം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറി ആരോപണവുമായി രംഗത്തുവന്ന ടൈമിങ്ങും ഏറെ പ്രസക്തമാണ്. തിരുവോണത്തലേന്നു വെഞ്ഞാറമൂടിൽ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവം തികച്ചും അപ്രതീക്ഷിതമായി യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. കൊലപാതകത്തിൽ പാർട്ടി പങ്കില്ലെന്നും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലക്കു കാരണമെന്നും ഒക്കെ പറഞ്ഞു പാർട്ടിയെ വെള്ളപൂശാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ നടത്തുന്ന ശ്രമം വേണ്ടത്ര ഏശിയതായി തോന്നുന്നില്ല. വിവാദമായ സ്വർണക്കടത്തുകേസിൽ പിടിയിലായവരുടെ പാർട്ടി ബന്ധം മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ നേതൃത്വത്തെയും പ്രധിരോധത്തിലാക്കിയിക്കുന്നു. ഇവിടേക്കാണ്‌ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ആരോപണവുമായി ഒരു രക്ഷകനെ പോലെ ഫിറോസ് കടന്നുവന്നിരിക്കുന്നത്.

ഫിറോസിന്റെ ഈ രക്ഷക വേഷത്തിനു പിന്നിൽ കൗതുകം ഉണർത്താൻ പോന്ന മറ്റു ചിലതുണ്ട്. അതിലേക്കു വരുന്നതിനു മുൻപായി തനിക്കെതിരെ ഫിറോസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെക്കുറിച്ചു ബിനീഷ് കോടിയേരി എന്ത് പറയുന്നു എന്നു കൂടി നോക്കാം. ഫിറോസിന്റെ ആരോപണങ്ങളെ തള്ളിക്കളയുമ്പോഴും മുഹമ്മദ് അനൂപുമായി തനിക്കുള്ള സൗഹൃദം ബിനീഷ് നിഷേധിക്കുന്നില്ല. വര്‍ഷങ്ങളായി അനൂപ് മുഹമ്മദിനെ അറിയാമെന്നും അയാളും അയാളുടെ കുടുംബവുമായി നല്ല സൗഹൃദമാണെന്നും ബംഗളുരുവിൽ റെസ്റ്റോറന്റ് തുടങ്ങാൻ പണം നൽകി സഹായിച്ചിട്ടുണ്ടെന്നും എന്നാൽ നാളിതുവരെ അനൂപിന് ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയിലെന്നുമൊക്കെയാണ് തനിക്കെതിരെ യൂത്ത് ലീഗ് നേതാവ് ഉന്നയിച്ച ആരോ
പണ
ങ്ങളോടുള്ള ബിനീഷിന്റെ പ്രതികരണം. ആരോപണം സംബന്ധിച്ചു ഏതു അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബിനീഷ് പറയുന്നു. അനൂപിന്റെ പിതാവും മകന്റെ മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ചു അറിയില്ലെന്ന നിലപാടിലാണ്. എന്തായാലും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അനൂപ് അറസ്റ്റിലായിരിക്കുന്നതെന്നതിനാൽ മറിച്ചു തെളിയിക്കപ്പെടുന്നതുവരെ അയാൾക്കെതിരായ കുറ്റം അങ്ങനെ തന്നെ നിലനിൽക്കും. മയക്കു മരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടു ബിനീഷ് കൊടിയേരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കു, അനൂപുമായുള്ള സൗഹൃദവും പണമിടപാടും ഒഴികെ മറ്റു തെളിവുകളൊന്നും ഫിറോസ് ഇതേവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ വിശദമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ വെളിപ്പെടുകയുള്ളു. അക്കാര്യം തല്ക്കാലം അന്വേഷണ ഏജൻസിക്കു വിടാം.

ഫിറോസിലേക്കു തന്നെ മടങ്ങി വന്നാൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒരു ആരോപണ ഉൽപ്പാദന ഫാക്ടറി ആയി മാറിയിട്ടുണ്ട് ഫിറോസ്. ഫിറോസ് ഉയർത്തിയ ആരോപണങ്ങളിൽ ഭൂരിഭാഗവും സ്വന്തം ജില്ലക്കാരനും പഴയ യൂത്ത് ലീഗ് നേതാവും ഇപ്പോൾ പിണറായി മന്ത്രിസഭയിൽ അംഗവുമായ കെ ടി ജലീലിനെതിരെ ഉള്ളവയായിരുന്നു. ഇതിൽ ബന്ധു നിയമനം ഉൾപ്പെടയുള്ളവ ഉദ്ദേശിച്ച ഫലം ചെയ്തില്ലെങ്കിലും യു എ ഇ കോൺസുലേറ്റ് മുഖേന കേരളത്തിലെത്തിച്ച ഖുർആൻ വിതരണവുമായി ബന്ധപ്പെട്ടുള്ള ആരോപണം ബാക്കി നിൽക്കുന്നുണ്ട്. ജലീലിനെതിരെ കുരിശുയുദ്ധം തന്നെ പ്രഖ്യാപിച്ചിട്ടുള്ള ഫിറോസിന് ജലീൽ വേട്ടയുടെ കാര്യത്തിൽ മാതൃക യൂത്ത് ലീഗിന്റെ പഴയ നേതാവ് കെ എം ഷാജിയാണ്. ചാനൽ ചർച്ചകളിലൂടെയും അല്ലാതെയും ലീഗ് അണികൾക്കിടയിൽ മോശമല്ലാത്ത ഒരു ഇമേജ് ഫിറോസിന് ഉണ്ടെങ്കിലും കെ ടി ജലീലിനെയും കെ എം ഷാജിയേയുമൊക്കെ പോലെ തന്നെ ഇടയ്ക്കിടെ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന സ്വഭാവം ഫിറോസിനും ഉണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയും എസ് ഡി പി ഐ യുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തിനിതിരെ പരസ്യ എതിർപ്പുമായി രംഗത്തുവന്നത് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ലീഗിന്റെ സമുന്നത നേതാവായിരുന്ന പൂക്കോയ തങ്ങൾ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കോഴിക്കോട്ടെ ഒരു പ്രസംഗത്തിൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഫിറോസ് തന്റെ എതിർപ്പ് പ്രകടമാക്കിയത്. എന്നാൽ അടുത്ത ദിവസം തന്നെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി കണ്ണുരുട്ടിയതോടെ ഫിറോസ് നിശബ്ദനായി എന്നത് വേറെ കാര്യം. മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ചു പുരോഗമനപരമായ നിലപാട് ഫേസ്ബുക്കിലൂടെ പങ്കുവെക്കുക വഴി ഒരിക്കൽ മുസ്ലിം ലീഗിനെ എക്കാലവും പിന്തുണച്ചുപോന്ന ഇ കെ വിഭാഗം സമസ്തയുടെ അപ്രീതിക്കും ഫിറോസ് പാത്രമായി. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു ഈ സംഭവം. സമസ്തയുടെ എതിർപ്പിനെ തുടർന്ന് ഫിറോസ് നിലപാട് തിരുത്തിയെങ്കിലും കൊടുവള്ളിയിൽ ഒരു സീറ്റു ഏതാണ്ട് ഉറപ്പിച്ച ഫിറോസിന് അവിടെയെന്നല്ല ഒരിടത്തും ആ തിരെഞ്ഞെടുപ്പിൽ സീറ്റു തരപ്പെട്ടില്ല. വരുന്ന തിരഞ്ഞെടുപ്പിലും ഫിറോസ് കൊടുവള്ളിയിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റു ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള ഇമേജ് ബിൽഡിംഗ് കൂടിയായി വേണം ഫിറോസിന്റെ ഇപ്പോഴത്തെ രക്ഷക വേഷത്തെ കാണേണ്ടത് എന്നു തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories