TopTop
Begin typing your search above and press return to search.

പിണറായിയുടെ വലകുലുക്കി രമേശ് ചെന്നിത്തലയുടെ പെനല്‍റ്റി കിക്ക്, ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയം

പിണറായിയുടെ വലകുലുക്കി രമേശ് ചെന്നിത്തലയുടെ പെനല്‍റ്റി കിക്ക്, ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയം

കൊറോണക്കാലത്തെ സർക്കാർ വിമർശനങ്ങളുടെ പേരിൽ ഏറെ പഴി കേട്ട ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകത്താകമാനം മരണം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരിക്കെതിരെ മികച്ച ചെറുത്തുനിൽപ്പ് നടത്തുന്ന ഏക സംസ്ഥാനം എന്നും പ്രാദേശിക ഭരണകൂടം എന്നുമൊക്കെയുള്ള പ്രശംസ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രവഹിച്ചു കൊണ്ടിരിക്കുമ്പോൾ അനാവശ്യ വിമർശം ഉന്നയിക്കുന്നു എന്ന ആക്ഷേപം ആണ് ചെന്നിത്തലക്കെതിരെ പൊതുവിൽ ഉയർന്നു വന്നത്. ലോകം മാത്രമല്ല രാജ്യവും കേരളം എന്ന കൊച്ചു സംസ്ഥാനവുമൊക്കെ വലിയൊരു ദുരന്ത മുഖത്തു നിൽക്കുമ്പോൾ കേരള സർക്കാരിനെതിരെ കുറ്റം മാത്രം തേടി നടക്കുന്ന ആൾ എന്ന പരിഹാസവും ചെന്നിത്തലക്കെതിരെ ഉയരുകയുണ്ടായി. ഒരു വലിയ പരിധി വരെ പുര കത്തുമ്പോൾ വാഴ വെട്ടുന്നതുപോലുള്ള ഒരേർപ്പാടായി തന്നെയാണ് ബഹുഭൂരിപക്ഷം പേരും ചെന്നിത്തലയുടെ വിമര്‍ശനങ്ങളെ കണ്ടതും പരിഹാസം ചൊരിഞ്ഞതും. കൊറോണ പ്രതിരോധത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കരാർ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്‌ളറിനെ ഏല്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ചെന്നിത്തല രംഗത്ത് വന്നപ്പോഴും തുടക്കത്തില്‍ സംശയത്തോടെയാണ് പലരും കണ്ടത്. കൊറോണയുടെ മറവിൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു നൽകിയ ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. സ്വാഭാവികമായും ദുഃഖവെള്ളിയാഴ്ച ദിനത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഈ ആരോപണത്തെയും തികഞ്ഞ പുച്ഛത്തോടെ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം നേരിട്ടത്..

എന്നാൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ചില ഐ ടി വിദഗ്‌ധർ അഭിപ്രായപ്പെട്ടതോടെ അതൊരു വലിയ ചർച്ചാവിഷയമായി. സ്‌പ്രിംഗ്ളർ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു ഐ ടി വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകാതെ ഐ ടി വകുപ്പിനോട് അന്വേഷിക്കാൻ പറയുക കൂടി ചെയ്തതോടെ ചെന്നിത്തലയുടെ മുഖത്ത് വിജയ പുഞ്ചരി വിടർന്നു. തന്റെ ഈ ആരോപണമെങ്കിലും വെറും പൊയ്‌വെടിയല്ലെന്നു തെളിഞ്ഞല്ലോ എന്ന ചിന്തയിൽ നിന്നും വിരിഞ്ഞ പുഞ്ചിരി. സ്‌പ്രിംഗ്ളർ കരാറിനു പിന്നിൽ യാതൊരു വിധ ദുരുദ്ദേശവും ഇല്ലെന്നു വിശദീകരിച്ചു കൊണ്ട് ഇന്നലെ രാത്രി തന്നെ ഐ ടി സെക്രട്ടറി എം ശിവശങ്കരൻ വിശദമായ ഒരു കുറിപ്പ് ഇറക്കിയിരുന്നെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റ് വിലാസത്തിൽ നിന്നും സ്‌പ്രിംഗ്‌ളറിനെ സർക്കാർ നീക്കിയതോടെ ചെന്നിത്തലയുടെ പുഞ്ചിരി വിജയച്ചിരിയായി മാറിയിരിക്കുന്നു. സ്‌പ്രിംഗ്‌ളറിനെ സർക്കാരിന്റെ വെബ് വിലാസത്തിൽ നിന്നും മാറ്റിയതിനു പുറമെ പദ്ധതിയെക്കുറിച്ചു ഐ ടി സെക്രട്ടറിയുടെ വിവരണം ഉൾപ്പെടുന്ന വീഡിയോയും സർക്കാരിന്റെ ഔദോഗിക മുദ്രയും കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കിയെന്നതും ചെന്നിത്തലയുടെ ആഹ്ലാദം വർധിപ്പിക്കുവാൻ പോന്ന കാര്യം തന്നെ. ചുരുക്കത്തിൽ സർക്കാരിനും തന്റെ വിമര്‍ശകർക്കും മേൽ വൻ വിജയം നേടിയ ആഹ്ലാദത്തിൽ തന്നെയാണ് ചെന്നിത്തലയിപ്പോൾ.

ഒരു അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുയുള്ള സ്ഥാപനമാണ് സ്‌പ്രിംഗ്ളർ. പ്രളയ കാലത്തു കേരളത്തെ അകമഴിഞ്ഞ് സഹായിച്ച ഒരാൾ എന്ന നിലയിലാണ് ഈ അമേരിക്കൻ മലയാളി സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നപ്പോൾ കരാറിൽ ഏർപ്പെട്ടതെന്നാണ് സർക്കാർ വിശദീകരണം. ഈ വിശദീകരണം ശരിയായാലും അല്ലെങ്കിലും സർക്കാരിനെ തല്ക്കാലം വെട്ടിലാക്കിയത് സ്‌പ്രിംഗ്ളരുമായുള്ള കരാറിലെ സുതാര്യതക്കുറവ് തന്നെയാണ്. രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്ത് വന്നതിനു പിന്നാലെ തന്നെ വി എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഐ ടി ഉപദേഷ്ട്ടാവായി പ്രവർത്തിച്ച ജോസഫ് സി മാത്യു വും സുതാര്യത സംബന്ധിച്ച ആശങ്ക ഉന്നയിച്ചിരുന്നു. 'ആരോഗ്യമേഖലയുടേത് പോലെ ഓവര്‍ സെന്‍സിറ്റീവ് ആയ ഡാറ്റ, ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല എന്നത് അടിസ്ഥാനപരമായ കാര്യമാണ്. എന്നാല്‍ ഹെല്‍ത്ത് ഡാറ്റ ഏറ്റവും മോശമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. സ്‌പ്രിംഗ്ളർ എന്ന കമ്പനിയുമായി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഡാറ്റാ പ്രൊട്ടക്ഷൻ സംബന്ധിച്ച ധാരണ എന്താണ്? ' എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിച്ച ജോസഫ് സി മാത്യു തന്നെ പറഞ്ഞത് അയാൾ മനസ്സിലാക്കിയിടത്തോളം അങ്ങനെയൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ്. അതേസമയം ഇതുപോലുള്ള പ്രൊജെക്ടുകളിൽ പുറത്തുനിന്നുള്ളവരുടെ സഹായം സർക്കാരുകൾ തേടാറുണ്ടെന്നും, പക്ഷെ ശേഖരിക്കപ്പെടുന്ന ഡാറ്റയുടെ അവകാശം സർക്കാരിന് മാത്രമായിരിക്കണമെന്നും അല്ലെങ്കിൽ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും ജോസഫ് സി മാത്യു ചൂണ്ടിക്കാട്ടുന്നു.

സർക്കാരിനെതിരെ ഒരു ഗോളെങ്കിലും അടിക്കാൻ ആയെന്ന ആഹ്ലാദത്തിൽ രമേശ് ചെന്നിത്തല നിൽക്കുമ്പോഴും സ്പ്രിംഗ്ളറുമായുള്ള കരാറിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന വാദമാണ് ഇന്ന് തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്‌ദീൻ നൽകിയത്. അമേരിക്കന്‍ 'ബന്ധ'ത്തിന്റെ പഴയൊരു ചരിത്രം പേറുന്ന ധന മന്ത്രി ഡോ ടി എം തോമസ് ഐസകും പ്രതിരോധവുമായി എത്തിയിരുന്നു. ഇത് സംബന്ധിച്ച വിശദീകരണം നൽകേണ്ടത് സത്യത്തിൽ ഐ ടി വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ആകയാൽ മന്ത്രിമാരുടെ വിശദീകരണം സർക്കാരിനെ തുണക്കാൻ പോന്നതാണെന്നു കരുതുക വയ്യ. എവിടെയോ ഒരു വീഴ്ച ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന സംശയം ബാക്കി നിൽക്കുന്നു. അതെവിടെയാണെന്നേ ഇനി അറിയേണ്ടതുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories