TopTop
Begin typing your search above and press return to search.

അമര്‍ത്യാ സെന്‍ എഴുതുന്നു: തങ്ങള്‍ എല്ലാക്കാലവും അധികാരത്തിലുണ്ടാകുമെന്ന് കരുതുന്നവര്‍ സിയാ ഉള്‍ ഹഖിനെപ്പോലുള്ള ഏകാധിപതികളുടെയും ചരിത്രമറിയണം

അമര്‍ത്യാ സെന്‍ എഴുതുന്നു: തങ്ങള്‍ എല്ലാക്കാലവും അധികാരത്തിലുണ്ടാകുമെന്ന് കരുതുന്നവര്‍ സിയാ ഉള്‍ ഹഖിനെപ്പോലുള്ള ഏകാധിപതികളുടെയും ചരിത്രമറിയണം

ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള നടപടികള്‍ ഇന്ത്യയില്‍ സാധാരണമായി കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ നിയന്ത്രണത്തിലുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 'ദി വയറി'ന്റെ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ എടുത്ത പൊലീസ് നടപടി ജനാധിപത്യത്തെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രത്തോളം വ്യാപകമായിരിക്കുന്നുവെന്ന് കാണിക്കുന്നു

എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ള വീക്ഷണമല്ല 'ദി വയറി'നുള്ളത്. ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കാനും പത്രാധിപരുടെ അറസ്റ്റിലേക്ക് പോലും നയിച്ചേക്കാവുന്ന സ്ഥിതിയുമാണ് ഉണ്ടായിരിക്കുന്നതെന്നത് ഭീകരമായ അവസ്ഥയാണ്.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ നീക്കം മൂലം ഒരു ആത്മാഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ എനിക്ക് ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വരികയാണ്. ക്രിമിനല്‍ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ഈ സംഭവത്തെ അപലപിക്കുകയും ചെയ്യുന്നതോടൊപ്പം എന്റെ രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാതിരിക്കാന്‍ കഴിയുന്നുമില്ല.
വയറിനെതിരെയും വരദരാജനെതിരെയും ക്രിമിനല്‍ കേസില്‍ നടപടിയെടുക്കുക എന്ന അങ്ങേയറ്റത്തെ അനീതി ഇന്ത്യയെ സംബന്ധിച്ച് അസ്വസ്ഥജനകമാണ്. ഇപ്പോഴത്തെ നേതൃത്വത്തിന്‍ കീഴില്‍ എത്രത്തോളം അസഹിഷ്ണുതയുള്ള രാജ്യമായി ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാറിയിരിക്കുന്നുവെന്ന കാര്യം ലോകം മുഴുവന്‍ കാണുകയാണ്. സമീപവര്‍ഷങ്ങളില്‍ ജനാധിപത്യ രീതികളില്‍നിന്നുള്ള ഇന്ത്യയുടെ പതനം ലോകം മുഴുവന്‍ ചര്‍ച്ചയായതും അപലപിക്കപ്പെട്ടതുമാണ്. അത് ഇന്ത്യയുടെ സുഹൃത്തുക്കളെ സന്തോഷിപ്പിക്കുകയും സുഹൃത്തുക്കളെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് കരകയറാന്‍ സമയം എടുക്കും. അതിന് ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം മാറണം. അത് പെട്ടന്നല്ലെങ്കില്‍ കുറച്ചുകഴിഞ്ഞ് സംഭവിക്കുക തന്നെ ചെയ്യും. ഇപ്പോഴത്തെ സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനുണ്ടാക്കിയ വീഴ്ച മാത്രമല്ല, അത് ആഭ്യന്തര തലത്തിലുണ്ടാക്കിയ ഭവിഷ്യത്തുക്കളാണ് കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കുക.
ജനാധിപത്യം ഇന്ത്യയില്‍ പല നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ സ്ഥിരമായി ആവര്‍ത്തിച്ചിരുന്ന, കൊടിയ നാശം വിതച്ച ഭക്ഷ്യക്ഷാമം ഇല്ലാതായത് ഇന്ത്യയില്‍ ജനാധിപത്യ ഭരണ സമ്പ്രദായവും മാധ്യമ സ്വാതന്ത്ര്യവും നിലവില്‍ വന്നതോടെയാണ്. അതുമാത്രമല്ല, മറ്റു നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ സഹിഷ്ണുതയുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും സാധ്യതകളുപയോഗിച്ച് ഉണ്ടായ ബൗദ്ധികമായ സര്‍ഗാത്മകതയാണ് ഇതിലൊന്ന്. അങ്ങേയറ്റം രൂക്ഷമായ അസമത്വവും പട്ടിണിയും ഇല്ലാതാക്കുകയെന്നതും ജനാധിപത്യത്തിന്റെ ലക്ഷ്യങ്ങളാണ്. അത് കൂടുതല്‍ മികച്ച നയസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന് നേടിയെടുക്കാവുന്നതാണ്. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ ചൈന മികച്ച നേട്ടം ഉണ്ടാക്കിയെന്ന് പറയുമ്പോഴും അത് ഭാഗികമായ കാര്യം മാത്രമെ ആകുന്നുള്ളൂ. ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡിന്റെ സമയത്ത് ചൈന ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമവും ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നടപടിയുണ്ടാവുകയെന്നത് വിവേക പൂര്‍ണമായ നടപടിയാവില്ല.
പൊതു തെരഞ്ഞെടുപ്പിപ്പില്‍ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അധികാരത്തെ പല രീതിയില്‍ നിര്‍വചിക്കാം. ചിലപ്പോള്‍ ഭരണഘടന അനുശാസിക്കുന്നതിനപ്പുറവും ഈ വ്യാഖ്യാനം നീണ്ടുപോകും. 2019-ല്‍ ഭരണകക്ഷിക്ക് വിജയം നേടിക്കൊടുത്തത് യുദ്ധമാണോ, അതോ ഭരണ പാര്‍ട്ടിക്കുള്ള വലിയ സമ്പത്താണോ കാരണമായത് എന്നത് പ്രസക്തമല്ല.(ഫാക്ക്‌ലാന്റ് യുദ്ധം മാര്‍ഗരറ്റ് താച്ചറിന് 1982-ല്‍ പിന്നിട്ട് നിന്ന ശേഷം 1983-ല്‍ വലിയ വിജയം നേടിക്കൊടുത്തിരുന്നു) മറിച്ച് ഒരു തെരഞ്ഞെടുപ്പ് വിജയം നല്‍കുന്ന അധികാരത്തെ സംബന്ധിച്ച് തെറ്റായ വ്യാഖ്യാനങ്ങളുണ്ടാകുന്നുവെന്നതാണ് പ്രശ്‌നം.
സര്‍ക്കാരിന് എതിരാണെന്നതുകൊണ്ട് മാത്രം ഒരാളെ രാജ്യദ്രോഹിയാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിക്ക് നല്‍കുന്നില്ല. രാഷ്ട്രീയമായ വിയോജിപ്പിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കാനുമുള്ള അധികാരവും നല്‍കുന്നില്ല. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ പറഞ്ഞുവെന്നത് കൊണ്ടുമാത്രം യു.പി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതുപോലെ ആര്‍ക്കെങ്കിലും എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയുമോ?
അവസാനമായി രണ്ട് വസ്തുതകള്‍ കൂടി. ഭരിക്കുന്നവര്‍ക്ക് വ്യാമോഹമുണ്ടാകാമെങ്കിലും ഒരു സര്‍ക്കാരും എല്ലാ കാലവും നിലനില്‍ക്കുന്നില്ല. പൊതു സ്വീകാര്യമായ രീതികളില്‍നിന്നുള്ള വ്യതിയാനത്തെ ഇപ്പോള്‍ സര്‍ക്കാര്‍ കാണുന്നത് പോലെ ഭാവിയിലെ സര്‍ക്കാരുകളും കണ്ടു കൊള്ളണമെന്നില്ല. സിയാ ഉള്‍ ഹഖിന്റെ ഭരണത്തിനെതിരെ ഫെയ്‌സ് അഹമ്മദ് ഫെയ്‌സ് എഴുതിയ ഹം ദേഖേംഗേ എന്ന കവിത, ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ മറ്റൊരു രീതിയില്‍ വിലയിരുത്തപ്പെടുമെന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. അന്ന് സിയാ ഉള്‍ ഹഖ് ഏറ്റവും കരുത്തനായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം എങ്ങനെയാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയമായി അജയ്യരെന്ന് കരുതിയ ലാറ്റിന്‍ അമേരിക്കയിലെ ഏകാധിപതികള്‍ എങ്ങനെയാണ് ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നത്. അതിശക്തരായ ഭരണാധികാരികളെക്കുറിച്ച് വിലയിരുത്തിയ ചരിത്രത്തിന് ഇന്ത്യന്‍ ഭരണാധികാരികളുടെ പ്രവര്‍ത്തനത്തോട് മാത്രം നിസ്സംഗമാകാന്‍ കഴിയില്ല.
രണ്ടാമത്തെ വിഷയം ഇന്ത്യയുടെ ദേശീയ ചരിത്രവുമായി ബന്ധപ്പെട്ടാണ്. നിരവധി പേര്‍ ജീവത്യഗം ചെയ്തും മറ്റ് ചിലര്‍ വലിയ കഷ്ടപാടുകള്‍ സഹിച്ചുമാണ് സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യന്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയത്. വ്യത്യസ്ത ചിന്തകളും ബോധ്യങ്ങളും മതവിശ്വാസങ്ങളുമുള്ള പൗരന്മാരുടെ ഒരു മനോഹരമായ ജനാധിപത്യ രാജ്യത്തിന് വേണ്ടിയാണ് അവര്‍ സമരം ചെയതത്. മഹാന്മാരായ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനും ശ്രമിക്കുന്ന യു പി പോലീസിന്റെതുപോലുള്ള നടപടി സാധൂകരിക്കുന്ന, ഏകപക്ഷീയ സമീപനങ്ങള്‍ പുലര്‍ത്തുന്ന സര്‍ക്കാരുകള്‍ക്ക് വേണ്ടിയായിരുന്നില്ല അന്നത്തെ പ്രക്ഷോഭം. പൗരന്മാരെ നിലയില്‍ മോശമായി പരിഗണിക്കപ്പെടുന്നത് എങ്ങനെയാണെന്ന് കൊളോണിയല്‍ ഭരണകാലത്ത് നമുക്ക് മനസ്സിലായതാണ്. നമ്മുടെ തന്നെ ജനാധിപത്യ സംവിധാനത്തില്‍ അങ്ങനെ പരിഗണിക്കപ്പെടുന്നതിനെ നമ്മള്‍ അംഗീകരിക്കേണ്ടതുണ്ടോ?
(നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ ദി വയറില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ അനുമതിയോട് കൂടി പ്രസിദ്ധീകരിക്കുന്നത്)


അമര്‍ത്യ സെന്‍

അമര്‍ത്യ സെന്‍

നോബല്‍ സമ്മാന ജേതാവായ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍

Next Story

Related Stories