TopTop
Begin typing your search above and press return to search.

ഫേസ്ബുക്ക് ഇടപാടിന് തൊട്ടു മുന്‍പ് അംബാനി കുടുംബം ഓഹരികളുടെ കൂട്ടക്കൈമാറ്റം നടത്തിയതെന്തിന്?

ഫേസ്ബുക്ക് ഇടപാടിന് തൊട്ടു മുന്‍പ് അംബാനി കുടുംബം ഓഹരികളുടെ കൂട്ടക്കൈമാറ്റം നടത്തിയതെന്തിന്?

റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ഡേറ്റ, ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗമായ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ നേടിയെടുക്കുന്നതിന് വേണ്ടി 5.7 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 43,000 കോടി രൂപയുടെ) നിക്ഷേപം, അമേരിക്കന്‍ സാമൂഹ്യ മാധ്യമ ഭീമനായ ഫേസ്ബുക്ക് ഏപ്രില്‍ 22ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സ് ഗ്രൂപ്പിന്റെ മാതൃക കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) കുടുംബത്തിനകത്തെ ഓഹരി ഉടമസ്ഥതയില്‍ ചില അഴിച്ചുപണികള്‍ നടത്തിക്കഴിഞ്ഞ ഉടനെയായിരുന്നു ഈ പ്രഖ്യാപനം. ആര്‍ഐഎല്ലിന്റെ ഉപകമ്പനിയാണ് റിലയന്‍സ് ജിയോ.

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആഴ്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24ന് രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് ശേഷവും എങ്ങനെയാണ് ആര്‍ഐഎല്ലിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പിനുള്ളിലെ വിവിധ സ്ഥാപനങ്ങളില്‍ ഓഹരികള്‍ എങ്ങനെയാണ് നീങ്ങിയതെന്ന്, ബോംബെ ഓഹരി കമ്പോളത്തിന്റെ (ബിഎസ്ഇ) വെബ്‌സൈറ്റില്‍ ലഭ്യമായ ഓഹരികളുടെ 'കൂട്ടകൈമാറ്റ' വിവരങ്ങളുടെയും നിയന്ത്രണ ഏജന്‍സിക്ക് സമര്‍പ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമായതുമായ രേഖകളുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ പുനര്‍നിര്‍മ്മിച്ചു.

മാര്‍ച്ച് 25നും പിന്നീട് മാര്‍ച്ച് 27നും നടന്ന രണ്ട് കൈമാറ്റങ്ങളിലൂടെ, ആര്‍ഐഎല്‍ പ്രൊമോട്ടര്‍ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയായ ദേവര്‍ഷി കൊമേഴ്‌സ്യല്‍ എല്‍എല്‍പിയുടെ (പരിമിത ബാധ്യത പങ്കാളിത്തം) 2026 കോടി ഓഹരികള്‍ കമ്പോളത്തില്‍ വിറ്റുകൊണ്ട് ആ കമ്പനിയിലെ അവകാശം 11.21 ശതമാനത്തില്‍ നിന്നും 8.01 ശതമാനത്തിലേക്ക് കുറച്ചു. മറ്റ് രണ്ട് പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനികളായ തത്വം എന്റര്‍പ്രൈസസ് എല്‍എല്‍പിയും സമര്‍ജിത് എന്റര്‍പ്രൈസസ് എല്‍എല്‍പിയുമാണ് ഈ ഓഹരികളില്‍ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കൃത്യമായി പറയുകയാണെങ്കില്‍ 19.28 കോടി ഓഹരികള്‍.

ആര്‍പിഎല്ലിന്റെ 'പ്രൊമോട്ടര്‍ ഗ്രൂപ്പില്‍' ഉള്‍പ്പെട്ടതാണ് ഈ മൂന്ന് കമ്പനികളും. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ദേവര്‍ഷി കമേഴ്‌സ്യല്‍സിന്റെയും തത്വം എന്റര്‍പ്രൈസസിന്റെ വിവരങ്ങള്‍ ലഭ്യമാണ്. അംബാനി കുടുംബത്തിന്റെ അടുപ്പക്കാരനായ പ്രിയന്‍ ജയന്തിലാല്‍ ഷായ്‌ക്കൊപ്പം നിത അംബാനിയും ആകാശ് അംബാനിയും രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാരാണ്. സമര്‍ജിത് എന്റര്‍പ്രൈസസ്, ഷായെയും സഞ്ചീവ് മോരേശ്വര്‍ ദണ്ഡേക്കറെയും ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുംബെയിലെ നരിമാന്‍ പോയിന്റിലുള്ള ഒരേ രജിസ്‌ട്രേഡ് ഓഫീസ് വിലാസമാണ് മൂന്ന് കമ്പനികളും പങ്കുവെക്കുന്നത്. ബിഎസ്ഇയ്ക്കും ദേശീയ ഓഹരി കമ്പോളത്തിനും (എന്‍എസ്ഇ) പ്രൊമോട്ടര്‍ ഗ്രൂപ്പിന് വേണ്ടി നിയന്ത്രണ സംവിധാനങ്ങളില്‍ സമര്‍പ്പിക്കുന്ന ഫയലുകളിലെ ഒപ്പിടാന്‍ അംഗീകാരമുള്ള വ്യക്തിയായ ഷായാണ് കൈമാറ്റ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ദേവര്‍ഷി കമേഴ്‌സ്യല്‍ എല്‍എല്‍പി വിറ്റ ആര്‍ഐഎല്ലിന്റെ ബാക്കി 98.17 ലക്ഷം ഓഹരികള്‍, ഇന്ത്യയിലെ (ഏഷ്യയിലെയും) ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നിത, മൂന്ന് മക്കളായ ആകാശ്, ഇഷ (ഇരട്ടകള്‍), ആനന്ദ് എന്നിവര്‍. ഈ വാങ്ങലിലൂടെ ആര്‍ഐഎല്ലിലുള്ള കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവകാശം 75 ലക്ഷം ഓഹരികളായി ഉയര്‍ന്നു. ഇടപാട് നടന്ന സമയത്ത്, നിയന്ത്രണ അധികാരികള്‍ക്ക് സമര്‍പ്പിച്ച രേഖയില്‍ 'മൊത്തത്തില്‍, പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി ഉടമസ്ഥതയ്ക്ക് മാറ്റമുണ്ടാകുന്നില്ല,' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കാര്യം ഓഹരി കമ്പോള കൈമാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഒഴികെ മറ്റാരും അത്ര കണ്ട് ശ്രദ്ധിച്ചില്ല. എന്‍എസ്ഇയ്ക്ക് സമര്‍പ്പിച്ച രേഖ വഴി ഈ നീക്കം പ്രഖ്യാപിക്കപ്പെട്ട ഒരു ദിവസത്തിന് ശേഷം, അതായത് മാര്‍ച്ച് 20ന് ആര്‍ഐഎല്ലിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ കൈമാറ്റങ്ങള്‍ മൂലം ഉണ്ടായത്. ഓഹരി കൈമാറ്റം നടന്നതിന് ശേഷം ആര്‍ഐഎല്‍ ഓഹരി വിലയില്‍ ഉണ്ടായ ഏറ്റവും വലിയ നേട്ടം ഫേസ്ബുക്ക് ഇടപാട് പ്രഖ്യാപിച്ച ഏപ്രില്‍ 22ന് ആയിരുന്നു. വാങ്ങുന്ന സമയത്ത് 950നും 1,100നും ഇടയില്‍ വട്ടമിട്ട് നിന്നിരുന്ന ആര്‍ഐഎല്‍ ഓഹരി വില, ഇടപാട് നടന്ന ദിവസം കമ്പോളം അടയ്ക്കുമ്പോഴേക്കും 1,359 രൂപയായി ഉയര്‍ന്നു. ഈ ലേഖകര്‍ക്ക് കിട്ടിയ വിവരങ്ങള്‍ പ്രകാരം (പട്ടിക കാണുക), ഫേസ്ബുക്ക് ഇടപാടിന് തൊട്ടുമുമ്പ് ഉടമസ്ഥത ക്രമത്തില്‍ വരുത്തിയ മാറ്റങ്ങളുടെ മാത്രം ഫലമായി അംബാനി കുടുംബത്തിന് 292 കോടി രൂപയിലേറെ സാങ്കല്‍പിക ലാഭം ഉണ്ടായി.

ഒരു പക്ഷെ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആര്‍ഐഎല്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കൈമാറ്റത്തെ കുറിച്ച് ഒരു വിശദീകരണം സംഭവിച്ചേക്കാമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ധനകാര്യ അവലോകകന്‍ ഈ ലേഖകരോട് പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകളുടെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളിലെ വിവിധ കമ്പനികള്‍ക്കിടയില്‍ നികുതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഓഹരി ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഇത്തരം കൈമാറ്റങ്ങള്‍ നടക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ചില സ്ഥാപനങ്ങളില്‍ മൂലധന നഷ്ടവും മറ്റ് ചിലതില്‍ മൂലധന ലാഭവും കാണിക്കുക എന്നതാവാം ഇത്തരം കൈമാറ്റങ്ങളുടെ ഉദ്ദേശം. അല്ലെങ്കില്‍, മാതൃസ്ഥാപനത്തിലുള്ള പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ മൊത്തം ഓഹരി ഉടമസ്ഥതയില്‍ മാറ്റങ്ങള്‍ വരുത്താതെ, പ്രൊമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും പ്രാപ്യമായ വരുമാനം കുറയ്ക്കാന്‍ വേണ്ടിയും ആകാം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാക്ഷാത്കരിക്കപ്പെട്ട ലാഭത്തില്‍ നിന്നും നഷ്ടങ്ങള്‍ തട്ടിക്കിഴിക്കുന്നതിനും അതുവഴി നികുതി അടവുകള്‍ ലാഭിക്കുന്നതിനും വേണ്ടിയാണ് സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.' ഈ ലേഖനം എഴുതുന്നതിനിടയില്‍, ചില അനുമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന (ആ അനുമാനങ്ങളുടെ പരിഷ്‌കരിച്ച രൂപം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്) ഒരു ഇ-മെയില്‍ 2020 ഏപ്രില്‍ 24ന് രാവിലെ 10:16ന് ചോദ്യാവലിയുടെ രൂപത്തില്‍ മുകേഷ് അംബാനിക്ക് ലേഖകരില്‍ ഒരാളായ പരഞ്‌ജോയ് അയച്ചു കൊടുത്തു. അതേ ദിവസം രാവിലെ 11:46ന് അതേ ചോദ്യാവലി ഇ-മെയില്‍ രൂപത്തില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് തുഷാര്‍ പാനിയയ്ക്കും അയച്ചു കൊടുത്തു. 2020 ഏപ്രില്‍ 24ന് വൈകിട്ട് 7:57ന്, മുംബെയിലെ ഫോര്‍ട്ട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എ എസ് ദയാല്‍ ആന്റ് അസോസിയേറ്റ്‌സ് അഡ്വക്കേറ്റ്‌സ് ആന്റ് സോളിസിറ്റേഴ്‌സിലെ അതുല്‍ ദയാല്‍ പരഞ്‌ജോയ്ക്ക് താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ അയച്ചു. ദയാലിന്റെ കത്ത് പദാനുപദം, പൂര്‍ണമായി താഴെ കൊടുത്തിരിക്കുന്നു: പ്രിയ മി. തകുര്‍ത്ത, ഞങ്ങളുടെ കക്ഷികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മുകേഷ് ഡി അംബാനിക്ക് താങ്കള്‍ അയച്ച ഇ-മെയില്‍ അവര്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അതില്‍, അംബാനി കുടുംബാംഗങ്ങള്‍ക്ക് ഇടയിലും, കുടുംബാംഗങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഇടയിലും ആര്‍ഐഎല്‍ ഓഹരികളുടെ 'വ്യാപാരം' നടന്നതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ നിങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആ സന്ദേശത്തില്‍, കുടുംബാംഗങ്ങള്‍ക്കും പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്കും ഇടയിലുള്ള കുടംബ ആസ്തികള്‍ പുനഃസംഘടിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള ആ 'കൈമാറ്റത്തെ' അപകീര്‍ത്തിപ്പെടുത്തുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ അനുമാനങ്ങളില്‍ വരച്ചു കാണിക്കുന്നത് പോലെ എന്തെങ്കിലും അനൗചിത്യം അല്ലെങ്കില്‍ അത് വലിയ ലാഭങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്ന് ആരോപിക്കുന്നത് അത്യന്തം അബദ്ധജഡിലവും വായനക്കാരെ വഴിതെറ്റിക്കാന്‍ ഉദ്ദേശിച്ചുള്ള തെറ്റായ അവതരണവുമാണ്. ഓഹരി കമ്പോളങ്ങള്‍ക്ക് ഈ 'ഇടപാടിനെ' സംബന്ധിച്ച് ഞങ്ങളുടെ കക്ഷികള്‍ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു എന്നും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഈ 'ഇടപാട്' നടന്നിട്ടുള്ളതെന്നും ദയവായി ശ്രദ്ധിക്കുക. സത്യസന്ധവും യഥാര്‍ത്ഥവുമായ വസ്തുതകള്‍ താഴെ ചുരുക്കി പറയുന്നു:1. നിങ്ങളുടെ അന്വേഷണത്തില്‍ വിശേഷിപ്പിക്കുന്ന 'ഇടപാട്' 'കുടുംബത്തിലും കുടുംബ സ്ഥാപനങ്ങള്‍ക്കുള്ളിലും നടന്ന ഒരു കൈമാറ്റം മാത്രമാണ്,' അതായത്, പ്രൊമോട്ടര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് 'ഇടയിലും നൂറു ശതമാനം കുടുംബത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും 'ഇടയില്‍' നടന്നത് മാത്രം.2. ദേവര്‍ഷി കമേഴ്‌സ്യല്‍ എല്‍എല്‍പി, തത്വം എന്റര്‍പ്രൈസസ് എല്‍എല്‍പി, സമര്‍ജി എന്റര്‍പ്രൈസസ് എല്‍എല്‍പി എന്നീ സ്ഥാപനങ്ങളെല്ലം 100 ശതമാനവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 3. കുടുംബത്തിന് അകത്ത് നടക്കുന്ന ഒരു ഓഹരി കൈമാറ്റത്തില്‍ കുടുംബത്തിന് എന്തെങ്കിലും 'ലാഭമോ' അല്ലെങ്കില്‍ 'നഷ്ടമോ' ഇല്ല എന്ന് മാത്രമല്ല ഉണ്ടാവാന്‍ സാധ്യതയുമില്ല. 4. ദേവര്‍ഷി കമേഴ്‌സ്യല്‍ എല്‍എല്‍പിയുടെ 20,26,33,414 ഓഹരികളുടെ വില്‍പനയും ഈ ഓഹരികള്‍ കുടുംബാംഗങ്ങളായ തത്വവും സമര്‍ജിത്തും വാങ്ങിയതുമായിരുന്നു വ്യാപാരം.5. എന്നാല്‍, (i) ദേവര്‍ഷി 20,26,33,414 ഓഹരികള്‍ ഒരു മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങിയതെന്നും (ii) മറ്റ് സ്ഥാപനങ്ങളും വ്യക്തികളും 20,26,33,414 ഓഹരികള്‍ മൂന്നാം കക്ഷിയില്‍ നിന്നും വാങ്ങിയെന്നുമാണ് എക്‌സല്‍ ഷീറ്റില്‍ തെറ്റായി കാണിച്ചിരിക്കുന്നത്. 'ദേവര്‍ഷി ഓഹരികള്‍ വിറ്റുവെന്നത്,' 'ദേവര്‍ഷി വാങ്ങിയെന്ന്' വസ്തുതാ വിരുദ്ധമായി കാണിച്ചിരിക്കുന്നു. 22/04/2020 ലെ വിലയുമായി താരതമ്യപ്പെടുത്തുകയും 14,741 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയതായി കാണിക്കുകയും ചെയ്തിരിക്കുന്നു.6. യഥാര്‍ത്ഥത്തില്‍, അവര്‍ക്ക് പൂര്‍ണമായും ഉടമസ്ഥതയുള്ള സ്ഥാപനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ നടന്ന 'ഇടപാട്' എക്‌സല്‍ ഷീറ്റില്‍ കൃത്യമായാണ് രേഖപ്പെടുത്തപ്പെട്ടിരുന്നതെങ്കില്‍ ദേവര്‍ഷിയുടെ ഓഹരികള്‍ക്കും ഓഹരികളുടെ മൂല്യത്തിനും നേരെ ന്യൂന ചിഹ്നം (-) രേഖപ്പെടുത്തേണ്ടി വരികയും അപ്പോള്‍ ഉത്തരം ശൂന്യം എന്ന് ലഭിക്കുകയും ചെയ്യുമായിരുന്നു.

7. ഒരു കുടംബത്തിലെ അംഗങ്ങള്‍ക്കിടയില്‍, അതായത് ഒരു കുടുംബ സ്ഥാപനം അല്ലെങ്കില്‍ വ്യക്തിയില്‍ നിന്നും മറ്റൊരു കുടുംബ സ്ഥാപനം, അല്ലെങ്കില്‍ വ്യക്തിയിലേക്ക് ഓഹരികളുടെ കൈമാറ്റം നടക്കുമ്പോള്‍, ലാഭം അല്ലെങ്കില്‍ നഷ്ടം ഉണ്ടാക്കാന്‍ സാധിക്കില്ല.ഇടപാടിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് മുകളില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ നിങ്ങള്‍ മുഖവിലയ്ക്ക് എടുക്കുമെന്നും വസ്തുതാവിരുദ്ധമോ തെറ്റിധാരണജനകമോ ആയ ഏതെങ്കിലും റിപ്പോര്‍ട്ടുകളെ ആശ്രയിക്കില്ലെന്നും എന്റെ കക്ഷി വിശ്വസിക്കുന്നു.അതുല്‍ ദയാല്‍ എ എസ് ദയാല്‍ ആന്റ് അസോസിയേറ്റ്‌സ് 15-ബി, ബുര്‍ജോര്‍ജി ബറൂച്ച മാര്‍ഗ്, ഫോര്‍ട്ട് മുംബെ-400023 പരഞ്‌ജോയ് ഗുഹ തകുര്‍ത്തയുടെ പ്രതികരണം താഴെ:എ എസ് ദയാല്‍ ആന്റ് അസോസിയേറ്റ്‌സ്, അഡ്വക്കേറ്റ്‌സ്, സോളിസിറ്റേഴ്‌സ് ആരോപിക്കുന്നത് പോലെ ശ്രീ മുകേഷ് അംബാനിയുമായുള്ള ആശയവിനിമയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപമോ അനൗചിത്യമോ ഇല്ല. എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകള്‍ ആരാഞ്ഞറിയുക എന്ന ഏക ഉദ്ദേശത്തോടെയും ഉത്തമവിശ്വാസത്തോടെയും നടത്തിയിട്ടുള്ള ഒരു അന്വേഷണം മാത്രമാണത്. ലഭിച്ച വിവരങ്ങള്‍ വസ്തുതാപരമാണോ അല്ലെയോ എന്ന് അറിയുന്നതിനായി അവ ശ്രീ അംബാനിക്കും ആര്‍ഐഎല്ലിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. മുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനം വായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകുന്നത് പോലെ, ശ്രീ ദയാല്‍ വെളിപ്പെടുത്തിയ വസ്തുനിഷ്ഠമായ നിലപാടും പ്രസിദ്ധീകരിച്ച വിവരവും തമ്മില്‍ യാതൊരു വൈരുദ്ധ്യവും നിലനില്‍ക്കുന്നില്ല. ഞങ്ങള്‍ വായനക്കാരെ 'തെറ്റിധരിപ്പിക്കുകയോ' അല്ലെങ്കില്‍ 'തെറ്റായ' വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ല എന്നതിനാല്‍, ഉത്തരവാദിത്വപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ആര്‍ഐഎല്ലിന്റെയും അംബാനി കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അതിന്റെ പ്രൊമോട്ടര്‍മാരുടെയും കാഴ്ചപ്പാടുകള്‍ ലഭ്യമാകുന്നതിനായി നിരവധി ഫോണ്‍ വിളികളും ഇ-മെയിലുകളും ഫോണ്‍ സന്ദേശങ്ങളും നടത്തിയിട്ടുണ്ട്.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)newsclick.in പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ


Next Story

Related Stories