TopTop
Begin typing your search above and press return to search.

ഭരണഘടന സ്ഥാപകനെന്ന നിലയിലല്ല, റാഡിക്കല്‍ ചിന്തകനായാണ് അംബേദ്ക്കര്‍ വീണ്ടെടുക്കപ്പെടേണ്ടത്

ഭരണഘടന സ്ഥാപകനെന്ന നിലയിലല്ല, റാഡിക്കല്‍ ചിന്തകനായാണ് അംബേദ്ക്കര്‍ വീണ്ടെടുക്കപ്പെടേണ്ടത്

സമാകാലിക ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഡോ. ബി.ആര്‍ അംബേദ്ക്കറോട് ചോദിച്ചാല്‍ എന്തായിരിക്കും മറുപടിയെന്ന്, സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഴാങ് ഡ്രീസ് ഒരു ലേഖനത്തില്‍ സ്വയം ചോദിക്കുന്നുണ്ട്. അതിന് സ്വയം മറുപടി പറയുന്നതിന് അദ്ദേഹം ആശ്രയിക്കുന്നത് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോട് നോം ചോസ്‌കി പറഞ്ഞ ഉത്തരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം എന്ന ചോദ്യത്തിന് ചോംസ്‌കി നല്‍കിയ ഉത്തരം, അതൊരു നല്ല ആശയമായിരിക്കുമെന്നായിരുന്നുവത്രെ. ബി.ആര്‍ അംബേദ്ക്കറിനോട് സമാന ചോദ്യം ചോദിച്ചാലും ഇതേ ഉത്തരമായിരിക്കും കിട്ടുകയെന്ന് ഡ്രീസ് അനുമാനിക്കുന്നു.

ഇന്ത്യയുടെ വ്യവസ്ഥിതിയുമായി ചേര്‍ത്ത് നിര്‍ത്തി മാത്രം അംബേദ്ക്കറിനെ അവതരിപ്പിക്കുയെന്നത് ഇന്ന് ഭരണ വര്‍ഗ പാര്‍ട്ടികളുടെ മാത്രമല്ല, ചില ദളിത് പ്രസ്ഥാനങ്ങളുടെയും രീതിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവ് എന്നൊക്കെയുള്ള അതിവൈകാരികമായ വിശേഷണങ്ങളാല്‍ അദ്ദേഹത്തെ തളച്ചിടുകയാണ് പലരും ചെയ്യാറുള്ളത്. ഇത്തരം വിശേഷണങ്ങളില്‍ ഇന്ത്യയിലെ ഭരണവര്‍ഗ പാര്‍ട്ടികളും സംവിധാനങ്ങളും ഏറെ സന്തുഷ്ടരാണ്. ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കപ്പെടുക എത്രത്തോളം വെല്ലുവിളി നിറഞ്ഞാതാണ് എന്ന തന്റെ ബോധ്യം അംബേദ്ക്കര്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനാധിപത്യവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പതിവായ ഉദ്ധരിക്കപ്പെടുന്ന വാക്കുകളില്‍ തന്നെ അതുണ്ട്. സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടി്ത്തറ എന്ന് പറഞ്ഞ അംബേദ്ക്കര്‍ റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പറഞ്ഞ കാര്യങ്ങള്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്നതാണ്.
"രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ടാകും. സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ അസമത്വം തുടരുകയും ചെയ്യും. എത്രനാള്‍ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നമ്മള്‍ സമത്വം നിഷേധിക്കും. അങ്ങനെ ചെയ്യുന്നെങ്കില്‍ അത് ജനാധിപത്യത്തെ അപകടത്തിയിട്ടായിരിക്കും"
ഇന്ത്യയിലെ ജനാധിപത്യം അപകടത്തില്‍പ്പെട്ടുപോയതിനെക്കുറിച്ചാണ് ലോകത്തെ രാഷ്ട്രീയ മീമാംസകരും നിരീക്ഷകരും ഇപ്പോള്‍ ആശങ്കപ്പെടുന്നത്. ജനാധിപത്യവുമായി ബന്ധപ്പെട്ട് നേരത്തെ മുന്നോട്ടുവെച്ചിരുന്ന അവകാശവാദങ്ങള്‍ പോലും ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം കൈയൊഴിയുന്നുണ്ട്. അതിന് അവരെ പ്രാപ്തമാക്കുന്ന രീതിയില്‍ രാഷ്ട്രീയ ഘടന മാറിയിട്ടുമുണ്ട്
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുമ്പോഴും അതേക്കുറിച്ച് വ്യാമോഹങ്ങള്‍ പുലര്‍ത്തിയിരുന്ന ആളായിരുന്നില്ല അംബേദ്ക്കര്‍. ഉപരിവര്‍ഗത്തിന് ആ സംവിധാനത്തിന് മേല്‍ക്കൈ ലഭിക്കുന്നതിനെക്കുറിച്ച് അംബേദ്ക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. "എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തില്‍ രണ്ട് വര്‍ഗങ്ങളുണ്ട്. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും". കൃത്യമായി നടക്കുന്ന തെരഞ്ഞെടുപ്പുകളും പ്രായപൂര്‍ത്തി വോട്ടവകാശവും ഉന്നതവര്‍ഗം സ്ഥിരമായി അധികാരം പിടിച്ചെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കില്ലെന്നും അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. അധികാരി വര്‍ഗം അതായി തന്നെ തുടരുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങള്‍ ജനാധിപത്യം സൃഷ്ടിക്കുന്നില്ലെന്ന്. ഇത്തരത്തില്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുമ്പോഴും അതിന്റെ പരിമിതികളെക്കുറിച്ചും ഉപരി വര്‍ഗത്തിന്റെ താല്‍പര്യങ്ങളില്‍ അത് തളച്ചിടപ്പെടുന്നതും അംബേദ്ക്കറിന് അറിയാമായിരുന്നു. ഇതിന് എന്താണ് പരിഹാരം എന്ന കാര്യം അംബേദ്‌ക്കര്‍ ആലോചിക്കുകയും ചെയ്തിരുന്നു. ഭരണഘടന നിര്‍മ്മാണ സഭയ്ക്ക് സമര്‍പ്പിച്ച ഒരു രേഖയില്‍ ഇതേക്കുറിച്ച് അംബേദ്ക്കര്‍ പരിശോധിക്കുന്നുണ്ടെന്ന് Dr. Ambedkar and Future of Indian Democracy എന്ന ലേഖനത്തില്‍ ഴാങ് ഡ്രീസ് പറയുന്നു. ഒരു സോഷ്യലിസ്റ്റ് ഭരണഘടനയിലൂടെ മാത്രമെ ഇത് സാധ്യമാകുവെന്നായിരുന്നു അംബേദ്ക്കര്‍ കരുതിയത്. സാമ്പത്തിക, സാമൂഹിക സമത്വത്തെ രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം നടപ്പിലാക്കാന്‍ സോഷ്യലിസ്റ്റ് ഭരണഘടനയാണ് പരിഹാരം എന്നായിരുന്നു അംബേദ്ക്കര്‍ തന്റെ നിര്‍ദ്ദേശമായി സമര്‍പ്പിച്ചത്.
ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമായി അംബേദ്ക്കര്‍ കണ്ടതൊന്നും പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് അംബേദ്ക്കറിന്റെ നിലപാടുകളെ ഇന്നും പ്രസക്തമാക്കുന്നത്. രാഷ്ട്രീയ ജനാധിപത്യമെന്ന സങ്കല്‍പ്പത്തിന് തന്നെ എത്രത്തോളം തിരിച്ചടികളാണ് സാമൂഹ്യ ഘടന ഏല്‍പ്പിച്ചത് എന്നതിന് സമകാലിക ഇന്ത്യ തെളിവായി ഉണ്ട്. സാമൂഹ്യ സമത്വവും സാമ്പത്തിക സമത്വവും ഇല്ലാതാവുക മാത്രമല്ല, കൂടുതല്‍ രൂക്ഷമായ സാഹചര്യമാണ് ഇന്നുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യം പേരിന് മാത്രമായി. വിമതത്വവും സാമുദായിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കവും സ്വാഭാവിക വല്‍ക്കരിക്കപ്പെടുകയും ചെയ്തു. കൃത്യമായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ അധികാരി വര്‍ഗത്തെ നിയന്ത്രിക്കുന്നതിന് തടസ്സമാകില്ലെന്ന അംബേദ്ക്കറിന്റെ വിമര്‍ശനത്തെ ഇപ്പോഴത്തെയും ഇന്ത്യന്‍ അവസ്ഥ ശരിവെയ്ക്കുന്നുമുണ്ട്. ജനാധിപത്യത്തിന് അനിവാര്യമാണെന്ന് അംബേദ്ക്കര്‍ കരുതിയ ശാസ്ത്രീയ ബോധത്തെ എങ്ങനെയൊക്കെയാണ് ഭരിക്കുന്നവര്‍ അട്ടിമറിച്ചതെന്നതിന് കൊറോണക്കാലത്തും ഉദാഹരണങ്ങള്‍ ഉണ്ട്.
ഇങ്ങനെ തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ത്യയുടെ സാമൂഹിക ഘടന എങ്ങനെയൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് വിമര്‍ശനം സമഗ്രമായി ഉന്നയിച്ച ചിന്തകന്‍കൂടിയായിരിന്നു അംബേദ്ക്കര്‍. ജനാധിപത്യമെന്നത് തന്നെ നല്ല സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തിനുള്ള മാര്‍ഗമായിരുന്നു അംബേദ്ക്കറിന്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായിരുന്നു ഈ സങ്കല്‍പം. അതിലേക്ക് നീങ്ങാന്‍ പോയിട്ട്, ഭരണഘടന സ്ഥാപിതമായ സമയത്ത് രാഷ്ട്രീയ ജനാധിപത്യം പോലും അപ്രസക്തമാക്കപ്പെടുന്ന സമകാലിക അവസ്ഥയിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം എത്തിപ്പട്ടിരിക്കുന്നത്.
ഈ ഘട്ടത്തിലും ഇന്ത്യയുടെ സാമൂഹ്യ ഘടനയെക്കുറിച്ചും , ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന ജനാധിപത്യ സംവിധാനം അകപ്പെടാവുന്ന ദുരന്തങ്ങളെകുറിച്ചും മുന്നറിയിപ്പ് നല്‍കിയ വിപ്ലവകരമായ ചിന്തകന്‍ എന്ന നിലയിലുള്ള അംബേദ്ക്കറിന് പകരം, ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ എന്ന നിലയിലുള്ള അംബേദ്ക്കറിനാണ് കൂടുതല്‍ സ്വീകാര്യത വരുന്നതെന്ന് തോന്നുന്നു. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട്, അത് നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന വെല്ലവിളികളെക്കുറിച്ചും അതിന്റെ പരിമിതികളെക്കുറിച്ചും ബോധ്യമുണ്ടായിരുന്ന അംബേദ്ക്കറിനെ, മുഖ്യധാര പലപ്പോഴും മറച്ചുപിടിക്കുകയാണ് ചെയ്യാറുള്ളത്.
ഇന്ത്യന്‍ ഭരണഘടന 1935-ലെ ഇന്ത്യ ആക്ടിനെ എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്നത് ഇക്കാര്യങ്ങള്‍ പരിശോധിച്ച രാഷ്ട്രീയ ചിന്തകര്‍ പലരും ചൂണ്ടിക്കാട്ടിയതാണ്. പെറി ആന്റേഴ്‌സണ്‍ മുതല്‍ ആനന്ദ് തെല്‍തുംദെയടക്കമുള്ളവര്‍ ഇക്കാര്യം വിശദമായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 1935-ലെ ഇന്ത്യ ആക്ടിലെ 75 ശതമാനം ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഭരണഘടന എന്ന പുതിയ പാത്രത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നാണ് തെല്‍തുംദെ ഇത് സംബന്ധിച്ച് എഴുതിയത്. എന്നുമാത്രമല്ല, എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി, തന്നെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തിയതെന്നും അംബേദ്ക്കര്‍ തന്നെ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 1953-ല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് അംബേദ്ക്കര്‍ പറഞ്ഞത് കോണ്‍ഗ്രസ് തന്നെ ഭരണഘടന എഴുതാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ്. ഭരണഘടന നിര്‍മ്മാണ സഭയിലെ കോണ്‍ഗ്രസിന്റെ ആധിപത്യത്തെയാവും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. തെല്‍തുംദെ പറയുന്നത് കോണ്‍സ്റ്റിറ്റ്യൂവെന്റ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അംബേദ്ക്കറെ ഭരണഘടന നിര്‍മ്മാണ സഭയുടെ ചെയര്‍മാനാക്കിയത് ദളിത് വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ത്ങ്ങളുടെതാണെന്ന് തോന്നിക്കാന്‍ വേണ്ടിയാണെന്നാണ്. ആ ഗാന്ധിയന്‍ നീക്കം പൂര്‍ണമായി ഫലപ്രാപ്തിയിലെത്തിയെന്നും അദ്ദേഹം വിലയിരുത്തുന്നു. (Republic of Caste- Anand Teltumbde)
അംബേദ്‌ക്കര്‍ പോലും അഭിരമിച്ചിട്ടില്ലാതിരുന്ന പദവിയില്‍ മാത്രമായി അദ്ദേഹത്തെ ഇരുത്തുകയാണ് ഇപ്പോഴും പലരും ചെയ്യുന്നത്. ഭരണഘടനയുടെ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന പദവിയില്‍ അംബേദ്ക്കറെ തടഞ്ഞുനിര്‍ത്തി, ഇന്ത്യയിലെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെയും കാവല്‍ക്കാരനാക്കി മാറ്റുന്നതിലൂടെ അംബേദ്ക്കര്‍ എന്ന റാഡിക്കലായ ചിന്തകനെ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യാതെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. തുടക്കം മുതല്‍ അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഉയര്‍ത്തിയ എല്ലാ ആശങ്കകളും ശരിയാണെന്ന് തെളിയിക്കുന്ന ഭരണമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. അതിനെതിരായ ചെറുത്തുനില്‍പ്പിലേക്ക് ഊര്‍ജ്ജമാകേണ്ടതാണ് അംബേദ്ക്കറിന്റെ ചിന്തകളും അന്വേഷണങ്ങളും. അതിനെ പരിമിതപ്പെടുത്തി വെയ്ക്കുകയാണ് അദ്ദേഹത്തിന്റെ തന്നെ ചില ആരാധകരും ഇന്ത്യന്‍ ഭരണകൂടവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories