TopTop
Begin typing your search above and press return to search.

അംബികാസുതൻ മാങ്ങാട് പറയുന്നു: മഹാമാരികള്‍ പഠിപ്പിക്കുന്ന വിശ്വമാനവികതയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍

അംബികാസുതൻ മാങ്ങാട് പറയുന്നു: മഹാമാരികള്‍ പഠിപ്പിക്കുന്ന വിശ്വമാനവികതയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍

അംബികാസുതന്‍ മാങ്ങാട് ലോക്ഡൗണ്‍ കാലത്ത് ഏര്‍പ്പെട്ടിരിക്കുന്നത് മുഖ്യമായും വായനയിലാണ്. മഹാമാരികള്‍ മനുഷ്യനെ പഠിപ്പിക്കുന്ന പാഠങ്ങള്‍ എന്ത് എന്ന ചിന്തയിലേക്കും അദ്ദേഹം കടന്നു പോകുന്നു. കാസര്‍കോട് എന്ന തന്റെ നാടിന് മെഡിക്കല്‍ കോളെജ് കിട്ടാന്‍ കൊറോണ വരേണ്ടിവന്നല്ലോ എന്നാണ് എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്ന ഈ എഴുത്തുകാരന്‍ ചോദിക്കുന്നത്.

വായനയും എഴുത്തും ചെടികളുടെ പരിപാലനവുമൊക്കെയായാണ് ലോക് ഡൗണ്‍ കാലം ചെലവിടുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ജപ്പാന്‍ സന്ദര്‍ശിച്ചതിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ നിന്നും ആദ്യം തന്നെ കോവിഡ് ജപ്പാനില്‍ എത്തിയെങ്കിലും അവര്‍ക്ക് അതിനെ കൃത്യമായി പ്രതിരോധിക്കുവാന്‍ സാധിച്ചു. അവരുടെ ജീവിത ശൈലി തന്നെയാണ് അതിനവരെ സഹായിച്ചത് എന്നാണ് എനിക്കു തോന്നുന്നത്. ഒരു മഹാമാരിയും ഇല്ലാതിരുന്നിട്ടും മുഖത്ത് മാസ്‌ക് ധരിച്ച ധാരാളം മനുഷ്യരെ അവിടെ കണ്ടിരുന്നു. ജലദോഷമുള്ളവരടക്കം മാസ്‌ക് ധരിച്ച് രോഗം മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. വാഷ് ബെയ്‌സിന്‍ ഉപയോഗിക്കുന്നവര്‍ അത് കഴുകി വൃത്തിയാക്കാതെ പോകാറില്ല. പൊതുനിരത്തില്‍ തുപ്പുകയോ ഒരു തുണ്ടു കടലാസെങ്കിലും വലിച്ചെറിയുകയോ ചെയ്യാറില്ല. പുഴയോരത്തും കാട്ടിലുമൊന്നും എന്തെങ്കിലും മാലിന്യം കാണുക അസാധ്യമാണെന്നു പറയാം . ലക്ഷക്കണക്കിനു മനുഷ്യരുള്ള ടോക്കിയോ നഗരത്തില്‍ പോലും ഈ ശുചിത്വം കാണാം. ശരീരത്തില്‍ സ്പര്‍ശിക്കാത്ത അഭിവാദന രീതിയാണ് അവരുടേത്. വിവാഹ മടക്കമുള്ള ചടങ്ങുകളില്‍ പോലും പരിമിതമായ ആളുകള്‍ മാത്രമേ പങ്കെടുക്കാറുളളു. നമ്മുടെ നാട്ടിലേതു പോലെ ഗൃഹസന്ദര്‍ശനങ്ങള്‍ അവര്‍ നടത്താറില്ല. വീടുകളിലേക്ക് അവര്‍ ആരെയും ക്ഷണിക്കാറുമില്ല. ഒടുവില്‍ പറഞ്ഞ കാര്യങ്ങളില്‍ നന്‍മ കാണുക സാധ്യമല്ലെങ്കിലും അത് കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ അവരെ സഹായിച്ചു എന്നു വേണം കരുതാന്‍. അവര്‍ പിന്‍തുടരുന്ന വ്യക്തി ശുചിത്വം മറ്റുള്ളവരോടുള്ള കരുതല്‍ എന്നിവയുടെ ഉറവിടം ബുദ്ധ മതവും ഷിന്റോ മതവും ആണെന്നു തോന്നുന്നു. പ്രകൃതിയെ കുറിച്ചും സഹജീവികളെ കുറിച്ചും നമ്മുടെ നാട്ടിലെ മതങ്ങളും ഒരു പാട് സംസാരിക്കാറുണ്ടെങ്കിലും അതൊന്നും അതാത് മതവിശ്വാസികളുടെ ശീലങ്ങളെയും ജീവിതവൃത്തികളെയും കാര്യമായി സ്വാധീനിക്കാറില്ല. പക്ഷേ ജപ്പാന്‍ ജനത വ്യത്യസ്തരാണ്.

സമയ പരിമിതി മൂലം മാറ്റി വച്ച പല പുസ്തകങ്ങളും തിരികെയെടുത്ത് വായിക്കാന്‍ തുടങ്ങിയത് ഈ ലോക് ഡൗണ്‍ കാലത്താണ്. കെ. സേതുരാമന്റെ 'മലയാളി ഒരു ജനിതക വായന'യും വി.ജെ ജയിംസിന്റെ 'നിരീശ്വരനും' അക്കൂട്ടത്തിലുള്ളവയാണ്. യാദൃച്ഛികമാകാം ഈ പുസ്തകങ്ങള്‍ കൊറോണക്കാലത്തെ പല തിരിച്ചറിവുകളെയും ഉള്‍ക്കൊള്ളുന്നവയാണ്. ആഫ്രിക്കയിലുണ്ടായ ഒരൊറ്റ ജാതി മനുഷ്യരില്‍ നിന്നാണ് നാം പല ജാതിയായും പല മതമായും മാറിയത് . ഒരേ ചോരയില്‍ നിന്നു വന്ന മനുഷ്യരാണ് നാമെല്ലാം. 'മലയാളി ഒരു ജനിതക വായന' ഇതൊക്കെയാണ് പറയുന്നത്. ചോരയൊന്നാണെന്ന് ജനിതക രഹസ്യങ്ങളുടെ ചുരുളഴിച്ച് കണ്ടെത്തുന്നതിനും എത്രയോ മുന്‍പ് പൊട്ടന്‍ തെയ്യം അത് പറഞ്ഞിട്ടുണ്ട്. നാം കൊറോണക്കാലത്ത് വീണ്ടും അതോര്‍ത്തെടുക്കുകയാണ്. മനുഷ്യര്‍ക്കെല്ലാം ഒരേ ലക്ഷണങ്ങളോടെ ഒരേ രോഗം വരുമ്പോള്‍ ,ഒരേ മാതാപിതാക്കളുടെ സന്തതി പരമ്പരയില്‍ പെട്ടവരാണ് നാമെന്നു കൂടിയാണ് ഓര്‍മിപ്പിക്കപ്പെടുന്നത്. സേതുരാമന്റെ പുസ്തകം ശാസ്ത്രീയമായി തന്നെ ഇതിനെ വിശകലനം ചെയ്യുന്നുണ്ട്. രാജ്യാതിര്‍ത്തികളോ ജാതി മത വംശീയ വേര്‍തിരിവുകളോ ബാധകമല്ലാത്ത മഹാമാരികള്‍ ഒരര്‍ത്ഥത്തില്‍ വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പുത്തന്‍ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുകയാണ്.വി.ജെ.ജയിംസിന്റെ നിരീശ്വരന്‍ ഉന്നയിക്കുന്ന വിഷയത്തിനും കോവിഡുമായി ബന്ധമുണ്ട് എന്നു കാണാം. ഒരു നിരീശ്വരന്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് നോവലില്‍, ഒടുവില്‍ നിരീശ്വരന്‍ ഈശ്വരനെപ്പോലെ വികസിക്കുന്നു. ആക്ഷേപ ഹാസ്യത്തിലൂടെ നോവലിസ്റ്റ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുതിയ മാനങ്ങളുണ്ടാകുന്നതായി ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ആരാധനാലയങ്ങളെയും ദൈവങ്ങളെയും ആചാരങ്ങളെയും ഉപേക്ഷിച്ച ജനത ആതുരാലയങ്ങളെയും ഔഷധങ്ങളെയും ശാസ്ത്രത്തെയും സ്വീകരിക്കുന്നതാണ് നാമിന്ന് കാണുന്നത്. ഇവിടെയും നിരീശ്വരന്‍ പ്രതിഷ്ഠിക്കപ്പെടുകയാണ്.തോട്ടിയുടെ മകനിലൊക്കെ കോളറ വന്ന് മനുഷ്യര്‍ പുഴുക്കളെ പോലെ ചാകുന്നത് നാം വായിക്കുന്നുണ്ട്. അന്ന് ഇല്ലാത്ത പണം നേര്‍ച്ചകള്‍ക്കും വഴിപാടുകള്‍ക്കുമായി ജനം ചെലവിടുകയാണ്. ഇന്ന് അവിടെ നിന്നൊക്കെ നാം ഏറെ മാറിക്കഴിഞ്ഞു. ഒരു കാസര്‍കോടുകാരന്‍ എന്ന നിലയില്‍ മറ്റു ചിലതുകൂടി പറയാതിരിക്കാന്‍ സാധിക്കില്ല. ഏതൊക്കെ സര്‍ക്കാര്‍ മാറി മാറി ഭരിച്ചിട്ടും കോവിഡ് വരേണ്ടി വന്നു കാസര്‍കോടിന് പേരിനെങ്കിലും ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാകാന്‍. എന്‍ഡോസള്‍ഫാന്‍ ഇരകളുടെയടക്കം ദീര്‍ഘകാല ആവശ്യമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളജും. മതിയായ ചികിത്സ കിട്ടാതെ എത്രയോ കുട്ടികള്‍ നാളിതുവരെ മരിച്ചു. എന്‍ഡോസള്‍ഫാന്റെ ഇരകളായവര്‍ക്ക് തിരുവനന്തപുരത്തും മംഗലാപുരത്തും പരിയാരത്തും പോകേണ്ട ദുരവസ്ഥയായിരുന്നു. കോവിഡ് മൂലം സര്‍ക്കാരിന്റെ കണ്ണു തുറന്നു എന്നത് ആശ്വാസകരമാണ്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകും എന്നാണ് വിശ്വസിക്കുന്നത്.

തയ്യാറാക്കിയത് നിശാന്ത് പരിയാരം


Next Story

Related Stories