TopTop
Begin typing your search above and press return to search.

അമേരിക്കന്‍ രാഷ്ട്രീയം; ആഴത്തില്‍ കുഴിക്കുമ്പോള്‍

അമേരിക്കന്‍ രാഷ്ട്രീയം; ആഴത്തില്‍ കുഴിക്കുമ്പോള്‍

പണ്ട് ഞാന്‍ അനിയന്ത്രിതമായ ചില സാഹചര്യങ്ങളില്‍ പെട്ട് ആറാം ക്ളാസ്സില്‍ തൃശൂര്‍ മോഡല്‍ സ്‌കൂളില്‍ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കര്‍ വലിച്ചു വലിച്ചു കേറ്റിക്കൊണ്ടിരുന്ന എന്നെ അവിടെ ചേര്‍ക്കുക ആയിരുന്നു സുഹൃത്തുക്കളെ . അല്ലാതെ ഞാന്‍ സ്വയം ....ഏയ് .)

ലേറ്റ് ആയി ചെന്ന ഞാന്‍ ഏറ്റവും പുറകു ബെഞ്ചില്‍ പോയിരിക്കുകയും 'തൃശൂര്‍ മേട്ടാസ്' എന്നറിയപ്പെട്ടിരുന്ന ഒരു ഗാങ്ങിന്റെ ഭാഗം ആവേണ്ടി വരികയും ചെയ്തു . പല വേണ്ടാതീനങ്ങള്‍ കാണിക്കുന്ന ഈ ഗാങിന്റെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ ഞാന്‍ പിന്നെ ഒരിക്കല്‍ പറയാം ..

ഒരിക്കല്‍ , ഞങ്ങള്‍ ഇന്റെര്വല് സമയത്ത് പുറത്ത് ഇങ്ങനെ ഉലാത്തിക്കൊണ്ടിരിക്കുമ്പോ രണ്ടു അഞ്ചാം ക്ളാസുകാര്‍ തമ്മില്‍ അടി കൂടുന്നത് കണ്ടു . വളരെ ഡീസന്റും പൊതുജനസമ്മതനും ആയ രമേശും , മഹാ തല്ലിപ്പൊളിയും തല്ലുകൊള്ളിയുമായ തോമാസും തമ്മിലാണ് അടി .

ഇത് കണ്ടതും , ഞങ്ങടെ ഗാങ്ങിന്റെ നേതാവായ ജലീല്‍ , ചാടി വീണ് രമേശനെ ഉന്തുകയും , തെറി വിളിക്കുകയും ചെയ്ത് , തോറ്റു കൊണ്ടിരുന്ന തോമാസിനെ രക്ഷിച്ചു

ഇത് കണ്ട എനിക്ക് കാര്‍മിക് ദോഷം ഉണ്ടായി .

സോറി. ധാര്‍മിക രോഷം . അതാണ് ഉണ്ടായത് . ഞാന്‍ ചോദിച്ചു .

'നീ എന്തിട്ടിനാ ആ തെണ്ടീടെ സൈഡ് പിടിച്ചേ ?'

അപ്പൊ ജലീല്‍ , വളരെ ഗൗരവത്തോടെ , ആ സാര്‍വലൗകിക സത്യം , ആ ഭയാനക യാഥാര്‍ഥ്യം , ആ പരമ ലളിത ലോക നിയമം ചുരുക്കത്തില്‍ സംഗ്രഹിച്ചു പറഞ്ഞു തന്നു :

'ഡാ ഡാവേ. അവന്‍ തെണ്ടീണ് . പച്ചേ , അവന്‍ മ്മ്ടെ തെണ്ടീണ് .'

എന്തിന് , കോള്‍ഡ് വാര്‍ സമയത്ത് , അമേരിക്കന്‍ പ്രസിഡണ്ടിന്റെ ആളുകള്‍ തന്നെ , ലോകത്തെ ചില രാജ്യങ്ങളിലെ പോക്കിരി ഏകാധിപതികളെ പറ്റി പറഞ്ഞിട്ടുണ്ട് -

'He is a Bastard. But - he is OUR Bastard '

നമ്മള്‍ ഒരു കാര്യം മനസിലാക്കണം . ഭീകര യുക്തി ഭദ്രമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന് സ്വയം വിചാരിക്കുന്ന നമ്മള്‍ മിക്കവരും , ആദ്യം വികാരപരമായി തോന്നുന്ന വിധേയത്വങ്ങളെ ന്യായീകരിക്കുക ആണ് മിക്കപ്പോഴും . നമ്മടെ ചിന്തകള്‍ക്ക് മലബന്ധം ഇവ്വിധം ഉണ്ടാക്കുന്ന ഫുഡ് ഐറ്റംസില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് , സ്വജാതിയോട് , സ്വ വര്‍ഗത്തോട് , സ്വ ഗ്രൂപ്പിനോട് തോന്നുന്ന കൂറ് . മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നതേ ഈ വയറിങ് ഡിഫക്‌റ്റോടു കൂടി ആണ് . അതിന്റെ കാരണങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല .

ഇത്രയും വിരുതന്മാരും , ബുദ്ധിമാന്മാരുമായ അമേരിക്കക്കാര്‍ വലിയ ഒരു വിഭാഗം , പൊതുവെ സ്ത്രീ വിരുദ്ധനും, ശാസ്ത്ര വിരുദ്ധനും , ഉളുപ്പില്ലാതെ നുണ പറയുന്നവനും , സര്‍വോപരി വകതിരിവ് തീരെ കുറവ് ഉണ്ടെന്നു തോന്നിപ്പിക്കുന്നവനും , ജനാധിപത്യ രീതികളോട് തീരെ ബഹുമാനം ഇല്ലാത്തവനുമായ ആളിനെ ഇത്രയും പിന്തുണക്കുന്നത് എന്ത് കൊണ്ട് ? ഇതാണ് ചോദ്യം .

ഉത്തരം വളരെ ലളിതമാണ് . എന്നാല്‍ ചരിത്രപരമായ ആഴം ഉള്ളതുമാണ് .

ലോകത്തെ ആദ്യത്തെ ശരിയായ ജനാധിപത്യം എന്നറിയപ്പെടുന്ന അമേരിക്കന്‍ ഡെമോക്രസി പറയുന്നു :

'ഈ സത്യം - എല്ലാ മനുഷ്യരും തുല്യര്‍ ആയി സൃഷ്ടിക്കപ്പെട്ടതാണ് എന്ന സത്യം - പരമമായ ഒരു സത്യമായി ഞങ്ങള്‍ കണക്കാക്കുന്നു '

നുണ ! നല്ല സൊയമ്പന്‍ നയന്‍ വണ്‍ സിക്‌സ് നുണ . ചെറിയ ഒരു മാറ്റം വേണം :

'ഞങ്ങള്‍ വെളുമ്പന്‍ ജാതിക്കാര്‍ ഒക്കെ' - എന്ന് തിരുത്തണം!

എന്തൊക്കെ കോപ്രായങ്ങള്‍ ആണ് 'അമേരിക്ക കണ്ടു പിടിച്ചേ ' എന്നും പറഞ്ഞ് സായിപ്പന്മാര്‍ കാണിച്ചു കൂട്ടിയത് ? പതിനയ്യായിരം കൊല്ലങ്ങള്‍ ആയി അവിടെ ഉണ്ടായിരുന്ന സംസ്‌കാരസമ്പന്നര്‍ ആയ ജനതയെ തോക്കും , കുതിരയും , ലോഹ ആയുധങ്ങളുടെയും ആധുനിക ടെക്‌നൊളജിയുടെയും സഹായത്തോടെ കൊന്നൊടുക്കി ബാക്കി ഉള്ളവരെ നമ്മുടെ ആദിവാസികളെ എന്ന പോലെ ഒരു സൈഡാക്കി . അവരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചു .

അവര്‍ പെട്ടന്ന് മരിച്ചു പോകുന്നു എന്ന് മനസിലാക്കി , ആഫ്രിക്കയില്‍ നിന്ന് പതിനായിരക്കണക്കിന് ആഫ്രിക്കന്‍ വംശജരെ പിടിച്ചു കൊണ്ട് വന്നു , മൃഗങ്ങളാക്കി , അടിമപ്പണി ചെയ്യിച്ചു . അടിച്ചു , ഇടിച്ചു , പീഢിപ്പിച്ചു . വിശന്ന് ഒരു കഷ്ണം ബ്രെഡ് എടുത്താല്‍ ചാട്ടക്ക് നാല്‍പ്പത് അടി . മുറിവില്‍ ഉപ്പും മുളകും ചേര്‍ത്ത വെള്ളം പിന്നെ തേക്കും കേട്ടോ - കുറ്റം പറയരുതല്ലോ . നിലത്ത് കമത്തി കിടത്തി കെട്ടി വച്ചാണ് അടിക്കുക . ഗര്‍ഭിണികളെ അടിക്കുമ്പോ വയര്‍ വയ്ക്കാന്‍ നിലത്ത് കുഴി മാന്തി കൊടുക്കും - ഹോ എന്തൊരു കരുതല്‍ ആണീ വെളുത്ത മനുഷ്യര്‍ക്ക് !

മക്കളെയോ , ഭാര്യയെയോ , ഭര്‍ത്താവിനെയോ , ചന്തയില്‍ വില്‍ക്കുമ്പോ , പിന്നെ ഇനി കാണില്ലല്ലോ എന്നോര്‍ക്കുമ്പോ ചില കറുത്ത മനുഷ്യര്‍ക്ക് കരച്ചില്‍ വരും കേട്ടോ . പക്ഷെ അതിനു കിട്ടും അടി ! ഇങ്ങനെ ചിരിച്ചോണ്ടിരിക്കണം . ഇല്ലെങ്കില്‍ ഉള്ള വില കിട്ടിയില്ലെങ്കിലോ?

അങ്ങനെ അധികകാലം ഇല്ല കേട്ടോ . സിംപിള്‍ ആയി ഒരു ഇരുനൂറ്റന്പത് കൊല്ലം . അത്രേ ഉള്ളു .

അത് കഴിഞ്ഞാണ് അമേരിക്ക രണ്ടു ഭാഗമായി അങ്ങോട്ടും ഇങ്ങോട്ടും അടിച്ചത് . അടിമത്തം അങ്ങനെ തന്നെ നില നിര്‍ത്തണം എന്ന് തെക്കന്മാരും , അത് നിര്‍ത്തണം എന്ന് അബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ വടക്കന്‍മാരും .

പ്ലീസ് നോട്ട് - ലിങ്കണ്‍ ഒരു റിപ്പബ്ലിക്കന്‍ ആയിരുന്നു - ട്രംപിന്റെ പാര്‍ട്ടി . അത് കൊണ്ട് തന്നെ , ആ കാലം മുതല്‍ 1960 കള്‍ വരെ , തെക്കന്‍ സ്റ്റേറ്റുകളില്‍ ഉള്ള വെളുമ്പന്‍മാര്‍ ഒക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി സപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നു .

അത് പോട്ടെ. കഷ്ടം എന്താണെന്നു വച്ചാല്‍ , വടക്കന്മാര്‍ 1865 ല്‍ യുദ്ധം ജയിച്ചെങ്കിലും , വെളുമ്പന്‍മാര്‍ തമ്മിലുള്ള ഒരു അനൗദ്യോഗിക കരാര്‍ വഴി കറുത്തവന്മാരെ അടിമകളെ പോലെ തന്നെ, ഏറ്റവും താഴ്ന്ന ജാതിയാക്കി വച്ചു . വേറെ ജോലി ചെയ്യാന്‍ പറ്റില്ല . സ്വത്ത് കയ്യാളാന്‍ പറ്റില്ല . വെളുമ്പന്‍മാരുടെ സ്ഥലങ്ങളില്‍ ഒന്നും പ്രവേശിപ്പിക്കാന്‍ പാടില്ല . കൊടിയ അപ്പാര്‍തീഡ് ! കുറെ ഉടായിപ്പ് നിയമങ്ങളുണ്ടാക്കി വോട്ട് ചെയ്യാനും സമ്മതിച്ചില്ല . പിന്നെ ഒരു നൂറു കൊല്ലം ആള്‍ക്കൂട്ട കൊലകളുടെ കാലം ആയിരുന്നു . ആയിരക്കണക്കിന് കറുത്ത വര്‍ഗക്കാരെ ആണ് പരസ്യമായി ഇങ്ങനെ പേപ്പട്ടിയെ പോലെ കൊന്നിട്ടുള്ളത് .

ഇതിനൊക്കെ ഇച്ചിരി മാറ്റം വരുന്നത് 1960 കളില്‍ ആണ് . മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഒക്കെ നടത്തിയ സമരങ്ങള്‍ ഓര്‍ക്കു . ഡെമോക്രാറ്റ് ആയ പ്രെസിഡന്റ്‌റ് ലിണ്ടന്‍ ജോണ്‍സണ്‍ സിവില്‍ അധികാരങ്ങള്‍ 1964 ല്‍ , കറുത്ത വര്‍ഗക്കാര്‍ക്ക് കൊടുത്തു . ഇതേ അറുപതു കളില്‍ ആണ് വന്‍തോതില്‍ ലോകത്തെ പല ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറ്റക്കാര്‍ വന്നത് . സൗത്ത് അമേരിക്കയില്‍ നിന്ന് വന്ന ലാറ്റിനോകളെ വെളുമ്പന്‍മാര്‍ സ്വജാതി ആയി അംഗീകരിക്കുന്നില്ല . പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ , ഒരു സെന്‍സസ് റിപ്പോര്‍ട്ടും വന്നു - 2042 ആകുമ്പോഴേക്കും വെളുമ്പന്‍മാര്‍ അന്‍പത് ശതമാനത്തിനു താഴെ ആവും ! (ഒരു മാതിരി വെളുത്ത ലാറ്റിനോകളെ കൂട്ടിയിട്ടില്ല കേട്ടോ )

പോരെ പൂരം ! മിക്ക വെളുമ്പന്‍മാരും തിരിഞ്ഞു . റിപ്പബ്ലിക്കന്‍ സപ്പോര്‍ട്ടര്‍മാര്‍ ആയി . അത് അവരുടെ പാര്‍ട്ടി പോലായി . മഹത്തായ വെളുമ്പന്‍ സംസ്‌കാരം , പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ , യൂറോപ്യന്‍ പൈതൃകം , ആര് സംരക്ഷിയ്ക്കും ? ഇത് വരെ ഉണ്ടായിരുന്ന ജാത്യ ഉന്നതി എന്താവും ?

പിന്നെ നോക്കിയാല്‍ അറിയാം . 1964 കഴിഞ്ഞ് , ആകെ മൂന്നു ഡെമോക്രാറ്റിക് പ്രെസിഡന്റുകളെ ഉണ്ടായിട്ടുള്ളൂ - കാര്‍ട്ടര്‍ , ബില്‍ ക്ലിന്റണ്‍ , ബാരാക് ഒബാമ . ഇവര്‍ക്കാര്‍ക്കും വെള്ളക്കാരുടെ ഭൂരിപക്ഷം വോട്ട് കിട്ടിയിട്ടില്ല !

ഒബാമ2008 ല്‍ കയറിയപ്പോ , ജാതി പോയെ , വംശീയത പോയെ എന്നായി ആളുകള്‍ . എവിടെ ?

2008 ല്‍ 43 ഉം , 2012 ല്‍ , 39 ഉം ശതമാനം വെളുമ്പന്‍മാരേ , ഇത്രയും മിടുക്കനും വാഗ്മിയും കഴിവുള്ളവനുമായ ഒബാമക്ക് വോട്ട് ചെയ്തിട്ടുള്ളു!

പിന്നെ ട്രംപ് വന്നപ്പോ , ചരിത്രത്തിലെ ഏറ്റവും മോശം പ്രെസിഡന്റ്റ് സ്ഥാനാര്‍ഥി ആണെന്ന് മിക്കവരും പറഞ്ഞിട്ടും , ഭൂരിപക്ഷം വെളുത്ത വര്‍ഗക്കാര്‍ ആണുങ്ങളും പെണ്ണുങ്ങളും (വെള്ളക്കാരി ഹിലാരിക്ക് ചെയ്യാതെ ) ട്രംപിനാണ് വോട്ട് ചെയ്തത് !

അതായത് സഹോ , സഖീസ് - ജാതി , മതം , വര്‍ഗം - ഇവക്ക് മീതെ , അമേരിക്ക ആയാലും , പരുന്തും , പട്ടവും പോട്ടെ , എയ്റോപ്ലെയ്ന്‍ പോലും പറക്കില്ല .

എങ്കിലും ചെറിയ ഒരു പ്രതീക്ഷയുടെ കിരണം ഉണ്ട് കേട്ടോ - വിദ്യാഭ്യാസം കൂടുന്തോറും ട്രംപിനു വോട്ട് ചെയ്യാനുള്ള അദമ്യ വാഞ്ച കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു .

എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീവ്ര കാപിറ്റലിസ്റ്റ് പോളിസി ഏറ്റവും കഷ്ടപ്പെടുത്തുന്ന പാവങ്ങളായ വെളുമ്പന്‍മാര്‍ ആണ് ട്രംപിന്റെ ഏറ്റവും വലിയ ആരാധകര്‍! എന്നാല്‍ ശരിക്കും നോക്കിയാല്‍ വെളുത്ത വര്‍ഗക്കാരുടെ സ്ഥിതി മറ്റുള്ള ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് മോശമായിട്ടുണ്ടോ ? ഇല്ല . പക്ഷെ വേറെ വര്‍ഗക്കാരുടെ സ്ഥിതി നന്നായിട്ടുണ്ട് ! ഒബാമ കാലത്തോടെ , ജാതീയ ഉയര്‍ച്ചക്ക് കോട്ടം തട്ടുമോ എന്ന ഭയവും !

അപ്പൊ, എകണോമി , പോളിസികള്‍ ഇവയൊക്കെ കൂലം കഷമായി നോക്കി ആണോ , ഈ ആളുകള്‍ വോട്ട് ചെയ്യുന്നത് ?

കേര വൃക്ഷ അനവധി ഫല - തേങ്ങാക്കൊല .

ഏറ്റവും പ്രബുദ്ധ ജനങ്ങള്‍ ഉണ്ട് എന്ന് നമ്മള്‍ വിചാരിക്കുന്ന അമേരിക്കയില്‍ പോലും ഇപ്പൊ കുറെ ഏറെ ആളുകള്‍ വിചാരിക്കുന്നത് ഇതാണ് :

'ജനാധിപത്യം വേണോ വെളുമ്പത്വം വേണോ ? വെളുമ്പത്വം പോരേ ?'

നമ്മുടെ ഇവിടെ ഒന്നും അടുത്ത കാലത്തൊന്നും വരാന്‍ സാദ്ധ്യത ഇല്ലാത്തത്ര ശക്തിയില്‍ അവിടെ ലിബറല്‍ ചിന്താ ധാരകള്‍ ഉണ്ട് - എന്നിട്ടാണ് ഈ സ്ഥിതി . അത് കൊണ്ട് തന്നെ ട്രംപിന് നല്ല രാഷ്ട്രീയ എതിര്‍പ്പ് ഉണ്ട് കേട്ടോ .

അപ്പൊ ഞാന്‍ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാല്‍ , ട്രംപിന് ഒരൊറ്റ മുദ്രാവാക്യം മതി ശരിക്കും . അതാണ് പണ്ടും പറഞ്ഞത് , ഇപ്പോഴും പറയുന്നത് :

'വെളുമ്പന്‍സ് ഖത്രെ മേ ഹേ .'..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories