TopTop
Begin typing your search above and press return to search.

ഡല്‍ഹിയില്‍ കലാപം നടന്നെന്നു സമ്മതിച്ചതുതന്നെ വലിയ കാര്യം, അമിത് ഷാ പ്രഖ്യാപിച്ച അന്വേഷണത്തില്‍ എന്തു നീതി പ്രതീക്ഷിക്കാന്‍

ഡല്‍ഹിയില്‍ കലാപം നടന്നെന്നു സമ്മതിച്ചതുതന്നെ വലിയ കാര്യം, അമിത് ഷാ പ്രഖ്യാപിച്ച അന്വേഷണത്തില്‍ എന്തു നീതി പ്രതീക്ഷിക്കാന്‍

53 പേര്‍ കൊല്ലപ്പെട്ട ഡൽഹി കലാപത്തെക്കുറിച്ചു അന്വേഷിക്കാൻ ഡൽഹി ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലയെന്നുമൊക്കെ പറയുമ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കലാപവുമായി ബന്ധപ്പെട്ടു ഇന്നലെ പാർലമെന്റിൽ നൽകിയ വിശദീകരണം ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്‌. പ്രത്യേകിച്ചും ഏതു തരത്തിലുള്ള നീതിയാണ് സർക്കാർ ഉറപ്പുവരുത്താൻ പോകുന്നത് എന്ന കാര്യത്തിൽ. വെറും 36 മണിക്കൂർ കൊണ്ട് ഡൽഹി കലാപം അമർച്ച ചെയ്യാൻ പൊലീസിന് കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അവർ പ്രശംസ അർഹിക്കുന്നുവെന്നും ഷാ പറയുമ്പോൾ കലാപം സംബന്ധിച്ച ഇനിയങ്ങോട്ടുള്ള അന്വേഷണം ഏതു തരത്തിലുള്ളതാവും എന്ന് സംശയിക്കാതെ തരമില്ല. പോരെങ്കിൽ കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഡൽഹി ഹൈക്കോടതിയിൽ നിന്ന് തന്നെയുള്ള ഒരു സിറ്റിംഗ് ജഡ്ജിയെ വെച്ച് കേസ് അന്വേഷണം നടത്തും എന്ന് കൂടി മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ. ഡൽഹി കത്തിയെരിയുമ്പോൾ, ആളുകൾ കൊലചെയ്യപ്പെടുമ്പോൾ കേവലം കാഴ്ചക്കാരായി പോലീസ് മാറിയെന്നു വിമർശിക്കുകയും കലാപത്തിന് തിരി കൊളുത്തിയ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അടക്കമുള്ള ബി ജെ പി നേതാക്കളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലായെന്നു ചോദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് മുരളീധറിനെ അന്ന് രാത്രി തന്നെ നാടുകടത്തിയ സംഭവം കൂടി ഇതിനോട് ചേർത്ത് വായിക്കുമ്പോൾ ഇനിയങ്ങോട്ടുള്ള അന്വേഷണത്തെക്കുറിച്ചും നടപ്പാക്കുമെന്ന് അമിത് ഷാ അവകാശപ്പെടുന്ന നീതിയെക്കുറിച്ചുമുള്ള സംശയങ്ങൾ ബലപ്പെടാതെ തരമില്ല. വടക്കു കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23 നു അർദ്ധരാത്രിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം ശാന്തമായതു മാര്‍ച്ച് ഒന്നാം തിയ്യതിയോട് കൂടിയാണെന്ന യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്ര അഭ്യന്തര മന്ത്രി വെറും 36 മണിക്കൂർ കൊണ്ട് കലാപം അമർച്ച ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്നത് . എങ്കിലും ഒരു കാര്യം മന്ത്രി സമ്മതിക്കുന്നുണ്ട്: കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 526 പേർക്ക് പരിക്കേറ്റുവെന്നും 326 കടകളും 142 വീടുകളും നശിപ്പിക്കപ്പെട്ടുവെന്നും. കൂട്ടത്തിൽ രണ്ടു കാര്യങ്ങൾ കൂടി മന്ത്രി സമ്മതിക്കുന്നുണ്ട് : കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഇന്ത്യൻ പൗരന്മാർ ആണെന്നും യു പി യിൽ നിന്നുമെത്തിയ 300 ലേറെ പേർ അക്രമ സംഭവങ്ങൾക്കു പിന്നിലുണ്ടെന്നും. കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും നീതി നടപ്പിലാക്കുമെന്നുമൊക്കെ ഉറപ്പു നൽകുമ്പോഴും ഇന്ത്യയിൽ അരങ്ങേറിയ 76 ശതമാനം കലാപങ്ങളും കോൺഗ്രസ് ഭരണ കാലത്തായിരുന്നു നടന്നതെന്ന് കൂടി പറഞ്ഞു വെക്കുമ്പോൾ മന്ത്രി ഇന്നലെ പാർലമെന്റിൽ നൽകിയ ഉറപ്പുകളെക്കുറിച്ചുള്ള സംശയം ഇരട്ടിയാവുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിലായിരുന്നു ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൂറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ട്രംപും മോദിയും അമിത് ഷായുമൊക്കെ ഗുജറാത്തിൽ ആയിരുന്ന വേളയിലായാണ് വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം ട്രംപിന്റെ സന്ദർശനത്തെ യാതൊരു തരത്തിലും ബാധിച്ചില്ലെന്നതും ഡൽഹിയിലെ കലാപത്തെ കേവലം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായി ട്രംപ് ചുരുക്കി കണ്ടുവെന്നതും ഏറെ ശ്രദ്ധേയമാണ്. അതേ പോലെ തന്നെ ഏറെ സംശയം ഉയർത്തുന്ന ഒന്നാണ് ബി ജെ പി യുടെ യോഗി ആദിത്യ നാഥ് ഭരിക്കുന്ന യു പി യിൽ നിന്നുള്ള 300 ലേറെ വരുന്നവരുടെ കലാപത്തിലുള്ള പങ്കും. എന്നാൽ ഈ വിഷയങ്ങളെ ഗൗരവമായി കാണാതെയുള്ള കേന്ദ്ര അഭ്യന്തര മന്ത്രിയുടെ അഴകൊഴമ്പൻ മട്ടിലുള്ള മറുപടിയിൽ നിന്ന് തന്നെ ഇനിയങ്ങോട്ടുള്ള അന്വേഷണവും നടപടികളും ഏതു തരത്തിലുള്ളതാവും എന്ന് ഏറെക്കുറെ അനുമാനിക്കാനാവും. 'ഡൽഹി കത്തുമ്പോൾ ഇവിടുത്തെ നീറോ ഫിഡിലുമായി ഗുജറാത്തിൽ ട്രംപിനെ പാട്ടുപാടി കേൾപ്പിക്കുകയായിരുന്നു' എന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പരിഹാസത്തിനു മറുപടിയായി അമിത് ഷാ പറഞ്ഞത് കലാപ വിവരം അറിഞ്ഞ ഉടൻ തന്നെ താൻ ഉണർന്നു പ്രവർത്തിച്ചുവെന്നും തന്റെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തര ഉപദേഷ്ടാവ് അജിത് ഡോവൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് എന്നുമാണ്. എത്ര നിരുത്തരവാദപരമായ മറുപടിയാണ് ഇതെന്ന് നോക്കുക.

എന്ത് തന്നെയായാലും കലാപം സംബന്ധിച്ചു അന്വേഷണം ഉണ്ടാവും എന്ന കാര്യത്തിൽ തർക്കം വേണ്ട. പക്ഷെ ഏതു വിധത്തിലുള്ള അന്വേഷണം എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. അമിത് ഷായുടെ ഇന്നലത്തെ മറുപടി കേൾക്കുമ്പോൾ അന്വേഷണത്തിന് ദിശ കേന്ദ്ര സർക്കാരിനും അതിനെ നയിക്കുന്ന സംഘടനകൾക്കും അനുകൂലമായ ഒന്നാവാനെ തരമുള്ളൂ. അന്വേഷണത്തിന് പ്രത്യേക സമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ അത് എത്ര കാലം കൊണ്ട് പൂർത്തിയാവും എന്നും പറയാനും ആവില്ല. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories