TopTop
Begin typing your search above and press return to search.

മോദി-ഷാ 'സൂട്ട് ബൂട്ട്' സര്‍ക്കാരിനുള്ള ഉഗ്രന്‍ മറുപടിയായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ വിജയം, ഡല്‍ഹിക്ക് മാത്രമല്ല രാജ്യത്തിനാകെ അതാവശ്യം

മോദി-ഷാ

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കും അധികാര ദുർവിനിയോഗത്തിനും നേരെ ഒരു കനത്ത വെല്ലുവിളി ഉയർത്തുവാനുള്ള ഒരവസരമായിരിക്കും വരാൻ പോകുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയ്ക്കു ലഭിക്കുന്നത്.

ഈ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്ന പക്ഷം നമ്മുടെ രാഷ്ട്രവും അതിന്റെ പരമാധികാരവും നേരിടുവാൻ പോകുന്ന വലിയൊരു വെല്ലുവിളിയായിരിക്കുമത്. രാജ്യത്തെ മറ്റൊരു പ്രധാന കക്ഷിയായ കോൺഗ്രസ്സാകട്ടെ ഡൽഹിയിൽ വിശ്വാസ്യതയില്ലാത്തതും നിഷ്ക്രിയരുമായ ഒരു കൂട്ടം നേതാക്കളുടെ ഒരു സംഘമായി പരിണമിച്ചിരിക്കുന്നതായി കാണാം. വളർന്നുകൊണ്ടിരിക്കുന്ന കാവി രാഷ്ട്രീയത്തിനു ബദലാവാൻ സാധിക്കുന്ന തരത്തിലുള്ള നയങ്ങളോ രാഷ്ട്രീയ പദ്ധതികളോ മുന്നോട്ടു വയ്ക്കാൻ കോൺഗ്രസിനൊട്ടു സാധിച്ചിട്ടുമില്ല.

ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ ആൻഡ് കമ്പനിക്ക് കുറ്റങ്ങളും പോരായ്മകളും ഇല്ലെന്നല്ല, മറിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഡൽഹി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപിക്കു മുന്നിൽ തക്കതായ വെല്ലുവിളിയുയർത്തുവാൻ സാധ്യതയുള്ളത് ആം ആദ്മി പാർട്ടി മാത്രമാണ്.

ജനാധിപത്യമൂല്യങ്ങൾക്ക് സാധുതയുള്ളൊരിടം തലസ്ഥാനത്തു നിലനിർത്തുന്നതിനായി ഡൽഹിയിൽ ബിജെപി അധികാരത്തില്‍ വരുന്നത് തടയേണ്ടത് അത്യാവശ്യമാണ്, ഡൽഹിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്‌തമായിരിക്കുന്നതിനു ചില ന്യായീകരണങ്ങളുണ്ടായിരിക്കാം. എന്നിരുന്നാലും അതേ അധികാരം ഇപ്പോൾ ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഉപകരണമായാണ് കേന്ദ്രസർക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മറ്റേതൊരു പോലീസിനെയും പോലെത്തന്നെ ഡൽഹി പോലീസും ദരിദ്രർക്കും നിരാലംബർക്കും എതിരാണ്. ഡൽഹി പോലീസിലെ ഉന്നതാധികാരികൾ കേന്ദ്രിമന്ത്രിമാരോടും മറ്റു ഉന്നതരോടും മാത്രം ഉത്തരം പറയേണ്ടുന്നവരാണ് എന്നതിനാൽ അവരുടെ ജനവിരുദ്ധ സ്വഭാവം കൂടുതൽ വ്യക്തമായി വെളിയിൽ വരുന്നു എന്ന് മാത്രം.

കഴിഞ്ഞ ചില ആഴ്ചകളായി നമുക്ക് സങ്കല്പിക്കാവുന്നതിനപ്പുറമുള്ള ക്രൂരതകളും മർദ്ദനങ്ങളുമാണ് ഡൽഹി പോലീസ് നടത്തിവരുന്നത്. ഡൽഹി പോലീസിന്റെ തലപ്പത്തുള്ളവരാകട്ടെ കുറുവടി സർക്കാരിന്റെ നടത്തിപ്പുകാരായി സ്വയം അവരോധിച്ചിരിക്കുകയാണ്. ജാമിയ മിലിയ സര്‍വ്വകലാശാലയിൽ ക്രമസമാധാനപാലനത്തിനെന്ന പേരിൽ നടത്തിയ മർദ്ദനങ്ങളും, അതേസമയം ജെ എൻ യുവിൽ ഗുണ്ടകൾക്ക് വിളയാടാൻ മൗനസമ്മതം നൽകിയതും പോലീസ് കറുവടി സർക്കാരിന്റെ നയങ്ങളുമായി സഹകരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

രാജ്യതലസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് സേന ഇത്തരത്തിൽ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തീർത്തും ആശങ്കാജനകമാണ്.

ഇതിനാൽ തന്നെ ഡൽഹിയിൽ ഒരു ഭരണമാറ്റം ആവശ്യമാകുന്നത്, ഡൽഹി പോലീസിനെ നിയന്ത്രണത്തിൽ കൊണ്ടുവരാനായിട്ടെങ്കിലും അത്തരമൊരു രാഷ്ട്രീയ മാറ്റം അത്യാവശ്യമാണ്. എന്തെന്നാൽ ബി ജെ പി അംഗമല്ലാത്ത ഒരു എം എൽ എയ്‌ക്ക്‌ ഒരിക്കലും ഡൽഹി പോലീസിന്റെ ജനവിരുദ്ധനയങ്ങൾ ന്യായീകരിക്കേണ്ട ആവശ്യം വരികയില്ല, അതേസമയം ഡൽഹിയിൽ ഒരു ബിജെപി സർക്കാർ വരികയാണെങ്കിൽ രാഷ്ട്രീയ പിൻബലമുള്ള മര്‍ദ്ദകനയങ്ങൾ പിന്തുടരുന്ന ഒരു ഡൽഹി പോലീസിനെയാണ് നമുക്ക് കാണാൻ സാധിക്കുക.

ഡൽഹിയിൽ ബി ജെ പിക്കു ലഭിക്കുന്ന ഓരോ വോട്ടും ഡൽഹി പോലിസിന്റെ ജനവിരുദ്ധ നയങ്ങൾക്ക് കൂടിയുള്ള പിന്തുണയായിട്ടാണ് കാണേണ്ടത്. ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെടുവാൻ പോകുന്ന ബി ജെ പി സർക്കാർ കേന്ദ്ര സർക്കാരിന്റെ ശിങ്കിടിയായിരിക്കുമെന്നുറപ്പാണ്. ബി ജെ പി നേതാക്കളായ മനോജ് തിവാരിയും, വിജയ് ഗോവലും കേന്ദ്ര സർക്കാരിന്റെ മര്‍ദ്ദക സംവിധാനങ്ങളെ ചെറുക്കുമെന്ന് നമുക്കൊരുറപ്പും പറയാൻ സാധിക്കില്ല.

ഡൽഹിയിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വോട്ട് ചോദിക്കുന്ന ബിജെപി അവിടുത്തെ പ്രാദേശിക താല്പര്യങ്ങളെയും അധികാര സമവാക്യങ്ങളെയും പൂർണമായും അവഗണിക്കുന്നുവെന്നതും വ്യക്തമാണ്. ഡൽഹിയുടെ ആത്മാഭിമാനത്തിനു മുകളിലാണ് മോദി-ഷാ സംഘത്തിന്റെ ഈ ആധിപത്യം. ഡൽഹിക്കു മുകളിലുള്ള ഗുജറാത്തി രാഷ്ട്രീയ പ്രഭുക്കന്മാരുടെ ഈ ഏകാധിപത്യഭരണം അന്തസുള്ള ഒരു ഡല്‍ഹിക്കാരനും അംഗീകരിക്കാവുന്നതല്ല.

പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരങ്ങൾ രാജ്യത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തലസ്ഥാനത്തിന്റെ അധികാരത്തിൽ നിന്നും ബിജെപി യെ അകറ്റി നിർത്തേണ്ടത് രഷ്ട്രീയമായ ഒരു അനിവാര്യതയാണ്. ഡല്‍ഹിയിലെ ബിജെ പിയാകട്ടെ ആം ആദ്മി പാർട്ടിക്കെതിരായി കടുത്ത പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആം ആദ്മി പാർട്ടിയുടെ സർക്കാരിനെ എതിർക്കുന്ന കേന്ദ്ര സർക്കാരും ഡൽഹിയിലെ ബിജെപിയും കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുടർച്ചയായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ തകിടം മറിക്കുന്ന ഇത്തരം നടപടികൾക്കു ആക്കം കൂട്ടുവാൻ മാത്രമേ തലസ്ഥാനത്തൊരു ബി ജെ പി സർക്കാർ അധികാരമേറ്റെടുക്കുന്നതിലൂടെ സംഭവിക്കുകയുള്ളൂ. ഡൽഹിയിലെ രാഷ്ട്രീയത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് രേഖപ്പെടുത്തുന്ന ഓരോ വോട്ടും ഒട്ടും തന്നെ ആകര്‍ഷകമല്ലാത്ത രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനുള്ള സമ്മതപത്രങ്ങളായാണ് കണക്കാക്കപ്പെടുക. ഡൽഹിയിലെ കോൺഗ്രസ് നേതാക്കളാകട്ടെ രാഹുൽ- സോണിയ-പ്രിയങ്ക ത്രിമൂർത്തികളുടെ പാദസേവയ്ക്കപ്പുറത്തുള്ള യാതൊരു രാഷ്ട്രീയ പദ്ധതികളും പ്രഖ്യാപിക്കുവാൻ അശക്തരുമാണ്.

ആം ആദ്മി പാർട്ടിയിലാകട്ടെ പുതിയ രാഷ്ട്രീയത്തിന്റെ ചുവടുകൾ പഠിച്ച ഒരു കൂട്ടം ചെറുപ്പക്കാർക്ക് ഭൂരിപക്ഷമുണ്ട്. അവരോടൊപ്പം തന്നെ അഴിമതിയിലും സ്വജനപക്ഷപാതത്തിലുമധിഷ്‌ഠിതമായ പഴയ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം പ്രാദേശിക നേതാക്കളുണ്ടെങ്കിലും ചെറുപ്പക്കാർക്ക് തന്നെയാണ് കൂടുതൽ ജനസ്വാധീനം. തുടക്കത്തിലേ ചില പതറലുകൾക്കു ശേഷം പാർട്ടിയിലെ ചില കളങ്കിതരായ വ്യക്തിത്വങ്ങളെ മാറ്റിനിർത്തിയ ആം ആദ്മി പാർട്ടി, കെജ്‌രിവാളിന്റെ അഹംബോധത്തെ കൂടി ഉൾക്കൊള്ളാവുന്ന തരത്തിലുള്ള ഒരു അധികാര ക്രമീകരണത്തിലേക്കെത്തിച്ചേർന്നിട്ടുണ്ട്.

ഒരു പക്ഷെ വികസനത്തിന്റെ പദ്ധതികളെ കോൺട്രാക്ടർമാരുടെ അഴിമതി നിറഞ്ഞ ശൃംഖലകളിൽ നിന്നും മോചിപ്പിക്കുവാൻ ആം ആദ്മി പാർട്ടിക്കു സാധിച്ചിട്ടില്ല എന്നത് സത്യമായിരിക്കാം. പല ആം ആദ്മി പാർട്ടി പ്രവർത്തകരും ചെറിയ തോതിലുള്ള അഴിമതികളും കളവുകളും നടത്തുന്നുമുണ്ടാകാം. എന്നിരുന്നാലും കോൺഗ്രസ്സും ബി ജെ പിയും നടത്തിക്കൊണ്ടിരിക്കുന്നത് പോലെയുള്ള കൂറ്റൻ അഴിമതികൾ ആപിന്റെ പരിധികൾക്കപ്പുറത്താണ്. ഇത് ആ പാർട്ടിയുടെ ഒരു നേട്ടമായി കണക്കാക്കാൻ കഴിയില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്.

പൊതുവിദ്യാഭ്യാസം, ശുചിത്വം, പൊതുജനാരോഗ്യം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിൽ തീർത്തും പുതിയൊരു സമീപനവുമായാണ് ആം ആദ്മി സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ദരിദ്രരെ കൂടി ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരിക്കണം തങ്ങളുടെ വികസനപദ്ധതികൾ എന്നവരുറപ്പിക്കുന്നുണ്ട്. മാധ്യമങ്ങളിലും മറ്റഭിപ്രായ രൂപീകരണ സംവിധാനങ്ങളിലും ഭൂരിപക്ഷമായിരിക്കുന്ന മധ്യവർഗത്തിനെ പ്രീണിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ആം ആദ്മി സർക്കാർ രൂപീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. റൈസിന കുന്നിന്റെ മുകളിലുള്ള "സൂട് ബൂട്ട്" സർക്കാരിനുള്ള ഒത്തൊരു മറുപടിയായിരിക്കും ഡൽഹിയിലെ ആം ആദ്മി സർക്കാർ.

അധികാരത്തിനുവേണ്ടിയുള്ള ഒത്തുതീർപ്പുകൾ നിർമ്മിക്കുന്നതിലും അവസരവാദപരമായ നിലപാടുകളെടുക്കുന്നതിലും അരവിന്ദ് കെജ്‌രിവാൾ ആർക്കും പുറകിലല്ലെങ്കിലും ആം ആദ്മി പാർട്ടിയുടെ നേരിയ ഒരു വിജയം പോലും, അനർഹമായ പദവിയിലിരുന്നുകൊണ്ട് മർദ്ദക സംവിധാനങ്ങളുപയോഗിച്ച ഏകാധിപത്യ ഭരണം നടത്തുന്ന അമിത് ഷായുടെ ഭരണത്തെക്കാളും എന്തുകൊണ്ടും നല്ലതാണ് ആം ആദ്മി സർക്കാർ.

അമിത് ഷായുടെ ഉത്തരവുകൾ അനുസരിക്കാൻ ബാധ്യതയില്ലാത്ത ഒരു രാഷ്ട്രീയ സംവിധാനമാണ് ഇപ്പോൾ തലസ്ഥാനത്തിനത്യാവശ്യം. ജാർഖണ്ഡ് തിരഞ്ഞെടുപ്പിനുശേഷം ബിജെപിക്കു മറുപടി നൽകുവാനുള്ള മികച്ചൊരവസരമായിരിക്കും വരുന്ന ഡൽഹി തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലൂടെ 2019ൽ തങ്ങള്‍ക്ക് ലഭിച്ച വൻഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിലിരിക്കുന്ന ബിജെപിയോട് നിങ്ങളുടെ തോന്ന്യവാസങ്ങൾ ഈ നാട്ടിലെ ജനങ്ങൾ അനുവദിച്ചു തരില്ല എന്ന് പറയുവാനുള്ള ഒരവസരം കൂടിയായിരിക്കുമത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories