TopTop
Begin typing your search above and press return to search.

ആനന്ദ് തെല്‍തുംദെ, ഗൗതം നവ്‌ലാഖ്; കൊറോണക്കാലമായിട്ടു പോലും നീതി ബോധമുള്ള രണ്ട് ബുദ്ധിജീവികളെ തടവിലിടുന്ന ഇന്ത്യന്‍ ജനാധിപത്യം

ആനന്ദ് തെല്‍തുംദെ, ഗൗതം നവ്‌ലാഖ്; കൊറോണക്കാലമായിട്ടു പോലും നീതി ബോധമുള്ള രണ്ട് ബുദ്ധിജീവികളെ തടവിലിടുന്ന ഇന്ത്യന്‍ ജനാധിപത്യം

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനെയ്ക്ക് സമീപം കൊറേഗാവ് ഗ്രാമത്തില്‍ ഒരു യുദ്ധം നടന്നു. ആംഗ്ലോ മറാത്ത യുദ്ധം. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ പിടിമുറുക്കുന്നതില്‍ വലിയ പങ്കാണ് ആ യുദ്ധത്തിനുണ്ടായിരുന്നതെന്ന് പല ചരിത്രകാരന്മാരും പറയുന്നു. ആ യുദ്ധത്തിന്റെ ഒരു സ്മാരകം ബ്രീട്ടീഷുകാര്‍ അന്ന് പണിതിരുന്നു. അതില്‍ പരാമര്‍ശിക്കപ്പെട്ട 49 പേരില്‍ 22 പേരും ദളിത് വിഭാഗമായ മഹര്‍ സമുദായത്തില്‍പ്പെട്ടവരാണ്. മഹര്‍ വിഭാഗത്തില്‍പ്പെട്ട സൈനികരുടെ ധീരതയുടെ സൂചകമായാണ് അത് കണക്കാക്കുന്നത്. അവര്‍ പോരാടിയത് ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് വേണ്ടിയായിരുന്നു. അന്ന് ബ്രിട്ടീഷ് സൈന്യത്തിലേക്ക് കൂടുതലായി മഹര്‍ സമുദായത്തില്‍പ്പെട്ടവരെ എടുത്തിരുന്നു.

1893 ല്‍ ബ്രിട്ടീഷുകാര്‍ മഹര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ സൈന്യത്തില്‍ നല്‍കിയ സംവരണം അവസാനിപ്പിച്ചു. അത് പുനഃസ്ഥാപിക്കണമെന്നതായിരുന്നു മഹര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ആഗ്രഹം. ജാതിവിവേചനത്തിന്റെ ക്രൂരതയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അതുമാത്രമാണ് മാര്‍ഗമുണ്ടായിരുന്നത്. എന്തുകൊണ്ട് മഹര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈന്യത്തില്‍ സംവരണം വേണമെന്ന് ചൂണ്ടിക്കാണിക്കാന്‍ അന്നത്തെ സമുദായ നേതാക്കള്‍ ഉദാഹരിച്ചത് ഭീമാ കൊറേഗാവ് യുദ്ധത്തില്‍ അവര്‍ നടത്തിയ സേവനങ്ങളാണ്.ആ ആവശ്യം ഉന്നയിച്ച് ബ്രിട്ടീഷ് അധികാരികളെ കണ്ടവരുടെ കൂട്ടത്തില്‍ ബി ആര്‍ അംബേദ്ക്കറുടെ അച്ഛന്‍ രാംജി അംബേദ്ക്കറും ഉണ്ടായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ സൈനികര്‍ ഉണ്ടാക്കിയ കലാപമായിരുന്നു മഹറുകള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണന വേണ്ടെന്ന് വെയ്ക്കാന്‍ ബ്രിട്ടീഷ് സൈന്യത്തെ പ്രേരിപ്പിച്ചത്.

പിന്നീട് ഡോ. ബി ആര്‍ അംബേദ്ക്കര്‍ ഭീമ കൊറേഗാവ് യുദ്ധത്തെ ജാതി വ്യവസ്ഥയ്‌ക്കെതിരായ കലാപവുമായി കാണുന്നുണ്ട്. അങ്ങനെ കാണുന്നത് ശരിയാണോ എന്നത് സംബന്ധിച്ച് ദളിത് ചിന്തകര്‍ക്കിടയില്‍ ഇന്ന് അഭിപ്രായ വ്യത്യാസമുണ്ട്. ഭീമ കൊറേഗാവ് യുദ്ധത്തെ അത്തരത്തില്‍ വിലയിരുത്തി ഇപ്പോള്‍ ആചരിക്കുന്നതില്‍ കടുത്ത അഭിപ്രായ വ്യത്യാസമുള്ള ചിന്തകനും എഴുത്തുകാരനുമാണ് ഡോ. ആനന്ദ് തെല്‍തുംദെ. അദ്ദേഹം പറയുന്നത് ചില പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ചിലപ്പോള്‍ ചില മിത്തുകള്‍ കൂടി ആവശ്യമായി വരും. അക്കാലത്ത് അത് ന്യായികരിക്കപ്പെടാം. എന്നാല്‍ ഇപ്പോള്‍ രണ്ട് നൂറ്റാണ്ടിന് ശേഷം അതിനെ അങ്ങനെ കാണുന്നത് അസ്വസ്ഥജനകമാണെന്നാണ്. അത് കേവലമായ സ്വത്വവാദപരമായ നിലപാടായി പോകുമെന്ന് ആനന്ദ് തെല്‍തുംദെ ഇതുമായി ബന്ധപ്പെട്ട ഒരു

ലേഖനത്തില്‍

നിരീക്ഷിക്കുന്നുണ്ട്. ഭീമ കൊറേഗാവ് സംഭവത്തിന്റെ പിന്നീട് വലിയ വിവാദമായ 200-ാം വാര്‍ഷിക പരിപാടി നടക്കുമ്പോഴായിരുന്നു ആനന്ദ് തെല്‍തുംദെ അതിനോടുള്ള തന്റെ വിയോജിപ്പ് അറിയിച്ചത്. ഇങ്ങനെ ഭീമാ കൊറേഗാവ് യുദ്ധ വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ ചിന്തകനും എഴുത്തുകാരനുമാണ് ഡോ. ആനന്ദ് തെല്‍തുംദെ. എന്നാല്‍ ഇന്ന് അദ്ദേഹത്തോട് ഇന്ത്യയിലെ പരമോന്നത കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. എന്തിന്റെ പേരില്‍? ഭീമാ കൊറേഗാവ് വാര്‍ഷികാഘോഷത്തെ തുടര്‍ന്ന് നടന്ന കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയില്‍ ഭാഗമായി എന്ന് ആരോപിച്ച്! പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗൗതം നവ്‌ലാഖിനോടും കോടതി ഇന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഇന്ന് കീഴടങ്ങും. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെയും നീതിന്യായ സംവിധാനത്തെയും കുറിച്ച് കുറെ ചോദ്യങ്ങളാണ് ഇത് ബാക്കിയാക്കിയാക്കുന്നത്.

യുഎപിഎയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ ആനന്ദ് തെല്‍തുംദെ ഇങ്ങനെ എഴുതി. 'യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയെന്നാല്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയെന്നാണ് അര്‍ത്ഥം എന്ന കാര്യം പലര്‍ക്കും മനസ്സിലായിട്ടില്ല. കൊടും ക്രിമിനലിനും പോലും ചെറിയ ശിക്ഷ കൊണ്ട് രക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമുള്ളപ്പോഴാണ് രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഒരു നിരപരാധിയെ വര്‍ഷങ്ങളോളം തടവില്‍ ഇടാന്‍ കഴിയുന്നത്' ഇപ്പോള്‍ ഇന്ത്യന്‍ ജയിലുകളില്‍ ഉള്ള രാഷ്ട്രീയ തടവുകാരുടെ എണ്ണം നോക്കിയാല്‍ ആനന്ദ് തെല്‍തുംദെ പറയുന്നത് വസ്തുതയാണെന്ന് ബോധ്യപ്പെടും. ഭീമ കൊറാഗാവ് സംഭവവുമായി ബനധപ്പെട്ട നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആനന്ദ് തെല്‍തുംദെയുടെ പങ്കാളിത്തത്തിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും ആനന്ദ് തെല്‍തുംദെയെ കുറിച്ച് നേരിട്ട് പരമാര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംദെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം. ആ വാദമാണ് പ്രഥമദൃഷ്ട്യാ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ അംഗീകരിച്ചിരിക്കുന്നത്. ഭീമാ കൊറേഗാവ് സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്വീകരിച്ച സമീപനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയെ തുടര്‍ന്ന് കലാപം ഉണ്ടാക്കിയത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്‌ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് നിരവധി പേര്‍ പരസ്യമായി പറഞ്ഞതാണ്. പൊലീസ് ഏക്‌ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. ഇദ്ദേഹത്തിനെതിരെ മൊഴി നല്‍കിയ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി പിന്നീട് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു. പിന്നീടാണ് കേസ് അട്ടമിറിക്കപ്പെടുന്നത് എന്ന സംശയം ബലപ്പെടുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 'സ്വതന്ത്രാന്വേഷണം' നടത്തുകയും എല്ലാറ്റിനും പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ചിലരാണെന്ന് 'കണ്ടെത്തുക'യും ചെയ്തു. പിന്നിടാണ് സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംങ്, ഷോമ സെന്‍സ മഹേഷ് റൗത്ത്,അരുണ്‍ ഫരേറ, വരവരറാവു തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. നേരത്തെ തന്നെ ഗൗതം നാവ്‌ലാക്കിനെയും ആനന്ദ് തെല്‍തുംദയേയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയിരിന്നുവെങ്കിലും കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. ആ സ്‌റ്റേയാണ് ഇപ്പോള്‍ കോടതി നീക്കിയത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഒന്നര വര്‍ഷത്തോളമായി ജയിലിലാണ്. രാജ്യത്തെ മികച്ച ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമായ ഇവരുടെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധമുണ്ടായി. പ്രൊഫസര്‍ റൊമിലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്ക് തുടങ്ങിയവര്‍ കോടതിയെ സമീപിച്ചു. ഫലമുണ്ടായില്ല. ഇപ്പോള്‍ ആനന്ദ് തെല്‍തുംദെയേയും ഗൗതം നാവ്‌ലാഖിനെയും അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കേസ് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത് മാര്‍കിസ്റ്റ് ചിന്തകനാണ് ആനന്ദ് തെല്‍തുംദെ. ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ് എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും കുറിച്ച് പരിശോധിക്കുന്നു. നലബിബറല്‍ നയങ്ങള്‍ ജാതി വ്യവസ്ഥയില്‍ എന്തെങ്കിലും ആഘാതം ഉണ്ടാക്കിയോ എന്ന കാര്യവും തെല്‍തുംദെയുടെ പ്രധാന അന്വേഷണ വിഷയങ്ങളിലൊന്നാണ്. ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരില്‍ സവിശേഷ സ്ഥാനമുള്ള എഴുത്തുകാരനാണ് ഗൗതം നവ്‌ലാക്ക്. ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റായിരുന്നു ഇദ്ദേഹം. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് എഴുതിയ 'Days and Nights: In the Heartland of Rebellion' എന്ന പുസ്തകം പ്രശസ്തമാണ്. കാശ്മീര്‍ വിഷയത്തില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

ഇങ്ങനെ രണ്ട് പ്രധാനപ്പെട്ട ബുദ്ധിജീവികളെയാണ് പ്രഥമദൃഷ്ട്യാ പോലും സംശയം തോന്നിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും മാരകമായ വകുപ്പുകള്‍ ചുമത്തി ജയിലിലേക്ക് അയക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഇപ്പോള്‍ തന്നെ അപകടത്തിലായി എന്ന് കരുതുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ഏത് രീതിയിലാണ് അടയാളപ്പെടുത്തുകയെന്നത് വ്യക്തമാണ്.

ഭീമാ കൊറേഗാവ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് ഈയടുത്ത്

കാരവന്‍

മാഗസിന്‍ പുറത്തുവിട്ട തെളിവുകള്‍ സൂചന നല്‍കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ റോണ വില്‍സണുമായി ബന്ധപ്പെട്ടതാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്‌സലൈറ്റുകളുടെ രൂപരേഖ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ചുവെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞത്. കോടതിയില്‍ ഹാജരാക്കുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കുകയും ചെയ്ത വില്‍സന്റെ ഹാര്‍ഡ് ഡിസ്‌ക്ക് കാരവന്‍ മാഗസിന്‍ സൈബര്‍ ഫോറന്‍സിക്ക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ചു. അപ്പോഴാണ് പുറത്തുനിന്ന് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനും ഫയലുകള്‍ അതില്‍ ഉള്‍പ്പെടുത്താനുമുള്ള മാല്‍വയര്‍ ആ ഡിസ്‌ക്കില്‍ ഉണ്ടെന്ന് വ്യക്തമായത്. കേസില്‍ തിരിമറി നടത്തിയതിന്റെ തെളിവുകളും ലഭിച്ചതായും കാരവന്‍ മാഗസിന്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ചൊന്നും പൊലീസോ കോടതിയൊ ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ല.

സുധാ ഭരദ്വാജ് ഉള്‍പ്പെടെയുള്ള അറസ്റ്റിലായവരുടെ പൊതു പ്രവര്‍ത്തനങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ സുതാര്യമായിരുന്നു. അവര്‍ പ്രവര്‍ത്തിച്ച ഇന്ത്യയിലെ ഏറ്റവും ദരിദ്രമേഖലകളിലെ ജനങ്ങളുടെ ജീവിതം ഉണ്ട്. അതൊന്നും നീതിന്യായ സംവിധാനത്തിന് വിഷയമല്ല. ഇവരൊക്കെ ഇപ്പോള്‍ തടവറിയിലാണ്. വിചാരണ തുടങ്ങിയിട്ടില്ല. ഇനി ആനന്ദ് തെല്‍തുംദെയും ഗൗതം നാവ്‌ലാക്കും അവരോടൊപ്പം ചേരും.

ലോകം കൊറോണയെ നേരിടുന്നതിന്റെ ഭാഗമായി കൊടും ക്രിമിനലുകളെ പോലും ജയിലില്‍നിന്ന് വിട്ടയക്കുകയാണ്. ആ സമയത്താണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യ അതിന്റെ ഏറ്റവും നല്ല ബുദ്ധിജീവികളില്‍ രണ്ട് പേരെ ദൂരൂഹമായ വാദങ്ങളുയര്‍ത്തി തടവറയിലാക്കുന്നത്. .

ഈ സവിശേഷ ജനാധിപത്യത്തില്‍ നീതിയുടെ സ്ഥാനം എവിടെയായിരിക്കും?


Next Story

Related Stories