TopTop
Begin typing your search above and press return to search.

ബാബറി വിഷയം കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍; പൗരത്വ വിഷയത്തില്‍ എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭം മുസ്ലീം ലീഗിന് വെല്ലുവിളിയാകുമ്പോള്‍

ബാബറി വിഷയം കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍; പൗരത്വ വിഷയത്തില്‍ എസ് ഡി പി  ഐ, ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭം മുസ്ലീം ലീഗിന് വെല്ലുവിളിയാകുമ്പോള്‍

പൗരത്വ നിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്റർ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്നും ആരംഭിച്ച സിറ്റിസൺസ് മാർച്ചിന്റെ രാജ് ഭവന് മുന്നിൽ നടന്ന പ്രതിക്ഷേധ സംഗമം അതിൽ പങ്കെടുക്കാനെത്തിയ വൻ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഒരു പക്ഷെ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിന്റെ താരമൂല്യം ആയിരുന്നു ഇത്രയേറെ ആളുകളെ രാജ് ഭവന് മുന്നിലെത്തിച്ചതെന്നു വാദിക്കാം. പോരെങ്കിൽ സിറ്റിസൺ മാർച്ചിന്റെ പ്രചരണാർത്ഥം എസ് ഡി പി ഐ പതിച്ച പോസ്റ്ററുകളിൽ ചന്ദ്രശേഖർ ആസാദിനെ വിശേഷിപ്പിച്ചത് 'സിംഹം', 'രാവണൻ' എന്നൊക്കെ ആയിരുന്നു എന്നതും പൗരത്വ നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദ് പരിസരത്തു ആസാദും അനുയായികളും ചേർന്നു തീർത്ത പ്രതിക്ഷേധ മതിലും അദ്ദേഹത്തിന്റെ അറസ്റ്റും ജയിൽ വാസവുമൊക്കെ നൽകിയ നായക പരിവേഷവുമൊക്കെ കണക്കിലെടുക്കുമ്പോൾ പത്തു തലയുള്ള ഈ രാവണനെ ശ്രവിക്കാൻ ആളുകൾ തടിച്ചുകൂടുകയെന്നത് തികച്ചും സ്വാഭാവികം.

അതേസമയം ചന്ദ്രശേഖർ ആസാദിന്റെ താരമൂല്യം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയായിരുന്നു എസ് ഡി പി ഐയുടെ സംഘാടക മികവും. പൗരത്വ നിയമത്തിനും പൗരത്വ റജിസ്റ്ററിനും എതിരെയുള്ള കേരളത്തിലെ സംയുക്ത പ്രക്ഷോഭങ്ങളിൽ നിന്നും തങ്ങളെ മാറ്റി നിറുത്തിയവർക്കുള്ള മറുപടി ആയിട്ടുകൂടിയാണ് എസ് ഡി പി ഐ കാസർകോട് നിന്നും രാജ് ഭവനിലേക്കുള്ള സിറ്റിസൺ മാർച്ചിനെയും പ്രതിക്ഷേധ സംഗമത്തെയും രൂപപ്പെടുത്തിയത് എന്നിടത്താണ് അതിന്റെ രാഷ്ട്രീയ പ്രസക്തി എന്നു തോന്നുന്നു. മാർച്ചും പ്രതിക്ഷേധ സംഗമവും എസ് ഡി പി ഐ വക ആയിരുന്നുവെങ്കിലും ജമാ അത്തെ ഇസ്‌ലാമിയുടെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ അവർക്കു ലഭിച്ചു എന്നും കരുതേണ്ടതുണ്ട്. ചന്ദ്രശേഖർ ആസാദിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ജമാ അത്തെ ഇസ്‌ലാമിയുടെ നേതാക്കളും ഉണ്ടായിരുന്നു എന്നത് ഇതിനുള്ള തെളിവ് തന്നെ. എസ് ഡി പി ഐ യെപോലെ തന്നെ സംയുക്ത പ്രക്ഷോഭത്തിൽ നിന്നും ജമാ അത്തെ ഇസ്ലാമിയും അകറ്റിനിര്‍ത്തപ്പെട്ടിരുന്നു എന്നതിനാൽ അവർക്കിടയിലെ ഈ യോജിപ്പിനു മറ്റു കാരണങ്ങൾ തേടേണ്ടതില്ല എന്നു തോന്നുന്നു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ എസ് ഡി പി ഐ യുടെ രാജ് ഭവന് മുന്നിലെ പ്രതിക്ഷേധ സംഗമം കേവലം ഒരു പ്രതിക്ഷേധ സംഗമം എന്നതിനപ്പുറം ഗൗരവതരമായ ചില രാഷ്ട്രീയ ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്‌. പൗരത്വ നിയമ പ്രശ്നത്തിൽ എസ് ഡി പി ഐ യും ജമാ അത്തെ ഇസ്‌ലാമിയും ഉണ്ടാക്കി എടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റം കേരളത്തിൽ, പ്രത്യേകിച്ചും മലബാർ മേഖലയിൽ, ഒരു വലിയ രാഷ്ട്രീയ ശക്തിയായി നിലകൊള്ളുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ എങ്ങനെ ബാധിക്കും എന്നത് തന്നെയാണത്. 1992 - ൽ ബാബരി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ മുസ്ലിം ലീഗിനുള്ളിൽ ഉടലെടുത്ത ഭിന്നത ഒരു പിളർപ്പിലേക്കായിരുന്നു ആ പാർട്ടിയെ നയിച്ചത്. മുസ്ലിം ലീഗു കൂടി പിന്തുണക്കുന്ന കോൺഗ്രസ് ഭരിക്കുന്ന വേളയിലായിരുന്നു ബാബരി പള്ളി തകർക്കപ്പെട്ടതെന്നതിനാൽ ആ പാർട്ടിയുമായുള്ള ബന്ധം വിഛേദിക്കണം എന്ന ആവശ്യമായിരുന്നു ലീഗിന്റെ ദേശീയ നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഉള്ളവർ ഉന്നയിച്ചത്. ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് സേട്ടും കൂട്ടരും പുതിയ പാർട്ടി ഉണ്ടാക്കി കേരളത്തിൽ മുസ്ലിം ലീഗിനും യു ഡി എഫിനും വെല്ലുവിളി ഉയർത്തി. എന്നാൽ ആ വെല്ലുവിളിയെ മുസ്ലിം ലീഗ് അതിജീവിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മരണത്തോടെ അദ്ദേഹം രൂപീകരിച്ച ഐ എൻ എൽ എന്ന പാർട്ടിയുടെ വളർച്ചയും മുരടിച്ചു. ബാബരി പള്ളി കേരളത്തിലെ മുസ്ലിമുകളെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ ഒരു വൈകാരിക പ്രശ്നമായിരുന്നെങ്കിലും അധികം വൈകാതെ തന്നെ അവർ അത് മറക്കുന്നതാണ് കണ്ടത്. അന്നത്തെ മുസ്ലിം ലീഗ് നേതൃത്വം എടുത്ത സമീപനവും ഇക്കാര്യത്തിൽ നിർണായകമായി.

എന്നാൽ എവിടെയോ കിടക്കുന്ന ബാബരി മസ്‌ജിദ്‌ പോലുള്ള ഒരു വിഷയമായല്ല കേരളത്തിലെ മുസ്ലിം ജന സാമാന്യം പൗരത്വ നിയമ പ്രശ്നത്തെ കാണുന്നത്. പിറന്ന മണ്ണിൽ നിന്നും തങ്ങളെ ആട്ടിയോടിക്കാനുള്ള ഒരു കുൽസിത തന്ത്രം എന്ന നിലയിലാണ് അവർ ഈ നിയമത്തെ എടുത്തിട്ടുള്ളത്. തങ്ങളുടെ ജീവനും സ്വത്തും മാത്രമല്ല സ്വത്വവും അപകടത്തിൽ പെട്ടിരിക്കുന്നു എന്നു അവർ ഉറച്ചു വിശ്വസിക്കുന്ന ഘട്ടത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും ഉണർന്നു പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം അവർക്കിടയിൽ ശക്തമാണ്. അവരുടെ ഭയത്തെയും പൗരത്വ നിയമ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് സംബന്ധിച്ച അതൃപ്തിയെയും തന്നെയാണ് എസ് ഡി പി ഐയും ജമാ അത്തെ ഇസ്‌ലാമിയും ഇപ്പോൾ ലക്‌ഷ്യം വെക്കുന്നതും. പൗരത്വ നിയമത്തിനും പൗരത്വ രെജിസ്റ്ററിനും എതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കേരളത്തിൽ മുസ്ലിം ലീഗ് കടുത്ത വെല്ലുവിളി തന്നെയാണ് നേരിടുന്നത്. ബാബരി മസ്‌ജിദ്‌ വിഷയത്തിൽ നേരിട്ട പ്രതിസന്ധിയേക്കാൾ വലിയ രാഷ്ട്രീയ പ്രതിസന്ധി തന്നെയായാണ് മുസ്ലിം ലീഗിനെയും അതുവഴി കോൺഗ്രസ്സും അവരും ചേർന്നു നയിക്കുന്ന യു ഡി എഫിനെയും കാത്തിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories