TopTop
Begin typing your search above and press return to search.

സംഘപരിവാറിന്റെ ഹിന്ദുരാഷ്‌ട്ര സങ്കൽപ്പവും മൗദൂദിയൻ മതരാഷ്‌ട്രവാദവും ഒന്ന്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധം മതനിരപേക്ഷതയുടെ അടിത്തറയിൽ മാത്രം-എം ബി രാജേഷ് എഴുതുന്നു

സംഘപരിവാറിന്റെ ഹിന്ദുരാഷ്‌ട്ര സങ്കൽപ്പവും മൗദൂദിയൻ മതരാഷ്‌ട്രവാദവും ഒന്ന്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധം മതനിരപേക്ഷതയുടെ അടിത്തറയിൽ മാത്രം-എം ബി രാജേഷ് എഴുതുന്നു

'ലാൽ കിലേ സേ ആയേ ആവാസ്‌ സെഹ്‌ഗൾ ധില്ലൻ ഷാനവാസ്‌ ' സ്വാതന്ത്ര്യസമരകാലം; ഡൽഹിയിലെ ചെങ്കോട്ടയിൽ തടവിൽ കഴിഞ്ഞ മൂന്ന്‌ ഐഎൻഎ ഭടൻമാരാണ് പ്രേംകുമാ സെഹ്ഗാളും ഗുരുബക്ഷ് സിംഗ് ധില്ലനും ഷാനവാസ്ഖാനും. മൂന്ന് വ്യത്യസ്ത മതസ്ഥർ. ജയിലിൽ സന്ദർശിച്ച ഗാന്ധിജിയോട്‌ അവർ പറഞ്ഞത്‌ തങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ തങ്ങൾക്ക്‌ ഹിന്ദു ചായയും മുസ്ലിം ചായയും പ്രത്യേകം നൽകുന്നുവെന്നായിരുന്നു. തങ്ങൾ അത്‌ ഒന്നിച്ചൊഴിച്ച്‌ പകുത്ത്‌ കുടിച്ചാണ്‌ ആ കുതന്ത്രത്തെ നേരിടുന്നതെന്നും അവർ പറഞ്ഞു. അക്കാലത്ത്‌ അവരുടെ മോചനത്തിനായി രാജ്യമാകെ ജനലക്ഷങ്ങൾ തെരുവുകളിൽ ഉയർത്തിയ മുദ്രാവാക്യമാണ്‌ മുകളിൽ കൊടുത്തത്‌. ‘‘ചെങ്കോട്ടയിൽ നിന്നുയരും ശബ്ദം സെഹ്‌ഗൾ ധില്ലൻ ഷാനവാസ്‌’’. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം ആളിക്കത്തുമ്പോൾ ഈ ചരിത്രപാഠം എന്നത്തേക്കാൾ പ്രസക്തമാണിന്ന്‌. പൗരത്വ നിയമം ഇപ്പോൾ നടപ്പാക്കാൻ നിശ്ചയിച്ചതിൽ സംഘപരിവാറിന്‌ കൃത്യമായ ലക്ഷ്യവും കണക്കുകൂട്ടലുമുണ്ട്‌. കടുത്ത സാമ്പത്തികമാന്ദ്യം രാജ്യത്തെ ജനകോടികളുടെ ജീവിതത്തെ തകർക്കുമ്പോൾ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ അവർക്കുമുന്നിൽ വേറെ വഴികളൊന്നുമില്ല. അതിനാൽ ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും മാന്ദ്യത്തിന്റെയും ദുരിതം മുഴുവൻ അനുഭവിക്കുന്ന സാധാരണ മനുഷ്യരുടെ ഉറച്ച ഐക്യം കാത്തുസൂക്ഷിച്ച്‌, മതനിരപേക്ഷ‌മായ ഒരടിത്തറയിൽനിന്ന്‌ പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തുതോൽപ്പിക്കുകയാണ്‌ വേണ്ടത്‌. എന്നാൽ ഇതിന്‌ വിപരീതമായി സംഘപരിവാറിന്റെ കെണിയിൽ അറിഞ്ഞും അറിയാതെയും തലവച്ച്‌ അവരുടെ ലക്ഷ്യം നിറവേറ്റിക്കൊടുക്കും വിധം പ്രതിരോധത്തെ വർഗീയവൽക്കരിക്കാൻ ചില ശക്തികളുടെ പ്രവർത്തനം കാരണമാകുന്നുണ്ട്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധം മതനിരപേക്ഷതയുടെ ദൃഢമായ അടിത്തറയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടത്‌ താഴെ പറയുന്ന നാല്‌ കാരണങ്ങളാൽ സുപ്രധാനമാണ്‌. ഒന്ന്‌, രാഷ്‌ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഹനിച്ച്‌ പൗരത്വത്തിന്റെ മാനദണ്ഡമായി മതത്തെ പ്രതിഷ്‌ഠിക്കുന്നതിനും അതുവഴി മതാധിഷ്‌ഠിത ഹിന്ദുരാഷ്‌ട്രത്തിന്റെ ശിലാന്യാസം നടത്തുന്നതിനുമെതിരെയാണ്‌ സമരം. ഇത്തരമൊരു സമരം മതാടിസ്ഥാനത്തിലോ, മതനിരപേക്ഷ ജനകീയ ഐക്യത്തെ ശിഥിലമാക്കുന്ന വർഗീയ ചേരിതിരിവുണ്ടാക്കുന്ന വിധമോ വളർത്തിയെടുത്താൽ ഹിന്ദുരാഷ്‌ട്രം ലക്ഷ്യം വയ്‌ക്കുന്നവരുടെ വഴി എളുപ്പമാക്കലായിരിക്കും ഫലം. കാരണം ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികളെല്ലാം ഒരുപോലെ മതനിരപേക്ഷ രാഷ്‌ട്രവീക്ഷണത്തെ നിരാകരിക്കുന്നവരും മതരാഷ്‌ട്ര വാദത്തിന്റെ വക്താക്കളുമാണ്‌. ഇന്ത്യയുടെ വിഭജനത്തലേക്കു തന്നെ നയിച്ചത്‌ മതരാഷ്‌ട്രവാദത്തിന്റെ കാര്യത്തിൽ സവർക്കറും ജിന്നയും യോജിച്ചതായിരുന്നല്ലോ. 1937ലെ ഹിന്ദു മഹാസഭാസമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു രാജ്യമായി മുന്നോട്ടുപോകാനാവില്ല എന്ന്‌ സവർക്കർ പ്രഖ്യാപിച്ചു. 1941ൽ ജിന്നയും മതാടിസ്ഥാനത്തിൽ ദ്വിരാഷ്‌ട്രവാദം ഉന്നയിച്ചു. മതമാണ്‌ രാഷ്‌ട്രത്തെ നിർണയിക്കുന്നത്‌ എന്ന നിലപാടിൽ ഇരുവരും യോജിച്ചിരുന്നു. വർഗീയവാദികൾ തമ്മിലുള്ള പരസ്‌പരാശ്രിതത്വത്തിന്റെ അന്തർധാര ആർഎസ്‌എസ്‌ സ്ഥാപകൻ ഹെഡ്‌ഗേവാറുടെയും ജമാത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗലാനാ മൗദൂദിയുടേയും നിലപാടുകളിലും കാണാം. മതനിരപേക്ഷ രാഷ്‌ട്രവീക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്‌ടിയാണല്ലോ. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരം നടത്തി പാഴാക്കുന്നതിനുപകരം ഹിന്ദുരാഷ്‌ട്രം കെട്ടിപ്പടുക്കാനായി കരുതിവയ്‌ക്കാനുള്ളതാണ്‌ ഹിന്ദുക്കളുടെ ഊർജം എന്നാണ്‌ ഹെഡ്‌ഗേവാർ അനുയായികളെ ഉപദേശിച്ചത്‌. മൗദൂദിയാകട്ടെ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നവരെ വഴിതെറ്റിയവരായിട്ടാണ്‌ വിശേഷിപ്പിച്ചത്‌. സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ നിന്ന്‌ വിട്ടുനിൽക്കണമെന്ന്‌ മൗദൂദി മുസ്ലീങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഹിന്ദുരാഷ്‌ട്രം എന്തായിരിക്കുമെന്ന്‌ നിർവചിക്കുകയും അതിന്റെ ആശയാടിത്തറ വിശദീകരിക്കുകയും ചെയ്‌ത ആർഎസ്‌എസ്‌ ഗുരു എം എസ്‌ ഗോൾവാൾക്കറെപ്പോലെ വിഭജനാനന്തരം ഇന്ത്യ ഹിന്ദുരാഷ്‌ട്രമാവണമെന്നത്‌ മൗദൂദിയുടെകൂടി ഇംഗിതവും ആവശ്യമായിരുന്നുവെന്നറിയാമോ? 1947 മെയ്‌ മാസത്തിൽ പത്താൻകോട്ടിൽ നടത്തിയ ഒരു പ്രസംഗത്തിൽ മൗദൂദി പറഞ്ഞു‐‘‘രാജ്യം വിഭജിക്കപ്പെടുമെന്ന്‌ ഉറപ്പായിരിക്കുന്നു. ഒരുഭാഗം മുസ്ലീങ്ങൾക്ക്‌ കൈമാറ്റം ചെയ്യപ്പെടുമ്പോൾ മറുഭാഗം ഇസ്ലാമികേതരഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ആദ്യത്തേതിൽ, ഞങ്ങൾ അള്ളാഹു നിശ്ചയിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയുടെയും ഭരണകൂടത്തിന്റെയും അടിത്തറ പാകാനുള്ള ജനവികാരം വളർത്തിയെടുക്കാൻ ശ്രമിക്കും. മറുഭാഗത്ത്‌ നിങ്ങൾക്കായിരിക്കും ഭൂരിപക്ഷം. ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുന്നു, ദൈവത്തെയോർത്ത്‌ നിങ്ങൾ രാമന്റെയും കൃഷ്‌ണന്റെയും ബുദ്ധന്റെയും നാനാക്കിന്റെയും തത്വങ്ങളും ജീവിതവും അപഗ്രഥിക്കൂ... വേദങ്ങളും പുരാണങ്ങളും ശാസ്‌ത്രങ്ങളും ഗ്രന്ഥങ്ങളും സൂക്ഷ്‌മമായി പഠിച്ച്‌ അവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭരണഘടന സ്ഥാപിക്കൂ...’’ അതായത്‌ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാവേണ്ടത്‌ ഗോൾവാൾക്കറോളം തന്നെ മൗദൂദിയുടെയും ആവശ്യമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇരുവരും പങ്കുവച്ച ആ സ്വപ്‌നം യാഥാർഥ്യമാകാതെ ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യരാഷ്‌ട്രമായിത്തീർന്നു. അതിന്‌ കാരണം ഇരുവരും ഒരുപോലെ തള്ളിപ്പറഞ്ഞ സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളുമുൾപ്പെടെയുള്ള ഇന്ത്യൻ ജനതയുടെയാകെ ഐക്യത്തോടെയുള്ള പങ്കാളിത്തവും ഒന്നിച്ചനുഷ്‌ഠിച്ച ത്യാഗങ്ങളുമായിരുന്നു. മതവേർതിരിവുകളില്ലാതെ പൊരുതിയ ഇന്ത്യൻ ജനതയുടെ ത്യാഗങ്ങളിലും സഹനങ്ങളിലുമാണ്‌ മതനിരപേക്ഷ ഇന്ത്യ വേരൂന്നിയത്‌. നാം അഥവാ നമ്മുടെ രാഷ്‌ട്രം നിർവചിക്കപ്പെടുന്നു എന്ന പുസ്‌തകത്തിൽ ഗോൾവാൾക്കർ പറഞ്ഞുവച്ചത്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക്‌ ഒന്നുകിൽ ഹിന്ദുവംശത്തിൽ ലയിക്കുകയോ അല്ലെങ്കിൽ ഹിന്ദുരാഷ്‌ട്രത്തിന്‌ കീഴടങ്ങിയും പൗരത്വാവകാശങ്ങൾ പോലുമില്ലാതെയും ഇവിടെ കഴിയുകയോ അല്ലെങ്കിൽ രാജ്യംവിട്ടുപോവുകയോ ചെയ്യാം എന്നായിരുന്നല്ലോ. ഇനി മൗദൂദി പറയുന്നതു നോക്കൂ. ‘‘ഹിന്ദുനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഹിന്ദുഗവൺമെന്റ്‌ ഇന്ത്യയിൽ വരികയും മനുവിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ അവിടത്തെ മുസ്ലീങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ഭരണത്തിൽ അവർക്ക്‌ ഒരുപങ്കും നൽകാതിരിക്കുകയും മാത്രമല്ല, അവർക്ക്‌ പൗരത്വാവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്‌താലും എനിക്കതിൽ യാതൊരു എതിർപ്പുമില്ല.’’ അതായത്‌ പാകിസ്ഥാൻ ഇസ്ലാമിക രാഷ്‌ട്രമാകുന്നതുപോലെ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാവണം. അങ്ങനെ ഹിന്ദുരാഷ്‌ട്രമാകുമ്പോൾ അവിടത്തെ മുസ്ലീങ്ങൾക്ക്‌ പൗരത്വാവകാശങ്ങൾ പോലും കൊടുത്തില്ലെങ്കിലും വിരോധമില്ലെന്ന്‌. മതരാഷ്‌ട്രത്തിൽ, അത്‌ ആരുടെതായാലും പൗരത്വത്തിന്റെ മാനദണ്ഡം മതം മാത്രമായിരിക്കണമെന്ന പ്രമാണം മൗദൂദിയും ഉയർത്തിപ്പിടിക്കുന്നു. മതനിരപേക്ഷ ഇന്ത്യയിലെ മുസ്ലീങ്ങളുടെ താൽപ്പര്യത്തിന്‌ എത്രമാത്രം വിനാശകരമാണ്‌ മൗദൂദിയൻ മൗലികവാദമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 1947ൽ തന്നെ മറ്റൊരു പ്രസംഗത്തിൽ മൗദൂദി പറയുന്നു. ‘‘ഞങ്ങളുടെ വീക്ഷണത്തിൽ മതനിരപേക്ഷത, ദേശീയത, ജനാധിപത്യം എന്നീ മൂന്ന്‌ തത്വങ്ങളും തെറ്റാണ്‌. ഇവയാണ്‌ മനുഷ്യവംശത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ഞങ്ങളുടെ എല്ലാ ശക്തിയുമെടുത്ത്‌ ഈ തത്വങ്ങൾക്കെതിരായി ഞങ്ങൾ പോരാടും’’. ഗോൾവാൾക്കറുടെ വിചാരധാരയുമായും മതനിരപേക്ഷതയെ കപടമെന്നും ഈയിടെയായി‘മതേതറ’യെന്നും പരിഹസിക്കുന്ന സംഘപരിവാർ സമീപനവുമായി എത്ര ഗാഢമായ സാഹോദര്യമാണ്‌ മൗദൂദി പുലർത്തുന്നത്? ജനാധിപത്യം ഏറ്റവും നല്ല ഭരണരീതിയാണോ എന്ന ചോദ്യത്തിന്‌ ഗോൾവാൾക്കർ നൽകിയ ഉത്തരം ‘‘ഉദാരമതിയായ ഒരു ഏകാധിപതി ഇല്ലാത്തതുകൊണ്ടാണ്‌ ജനാധിപത്യം ഉടലെടുത്തത്‌’’ എന്നായിരുന്നു. ജനാധിപത്യത്തോടുള്ള എതിർപ്പിലും ഇരുവരും യോജിക്കുന്നു.

മതാടിസ്ഥാനത്തിലുള്ള പൗരത്വത്തെ പിന്തുണയ്‌ക്കുന്ന മൗദൂദിയൻ മതരാഷ്‌ട്രവാദം എവിടെയാണ്‌ സംഘപരിവാറിന്റെ ഹിന്ദുരാഷ്‌ട്ര സങ്കൽപ്പത്തിന്‌ എതിരാകുന്നത്‌? മൗദൂദിയൻ ആശയങ്ങളിൽനിന്ന്‌ എങ്ങനെയാണ്‌ മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നതിനേയും ഹിന്ദുത്വത്തിന്റെ മതരാഷ്‌ട്രനിർമിതിയേയും ചെറുക്കാനാവുക? രണ്ടാമതായി, മതമല്ല മതനിരപേക്ഷമായ ദേശീയതയാണ്‌ രാഷ്‌ട്രത്തെ രൂപപ്പെടുത്തുന്നത്‌ എന്ന്‌ മറക്കരുത്‌. അതിന്‌ ഏറ്റവും വലിയ തെളിവ്‌ മതാധിഷ്‌ഠിത പാകിസ്ഥാനും മതനിരപേക്ഷ ഇന്ത്യയും തന്നെയാണ്‌. മതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ പാകിസ്ഥാൻ എന്ന രാഷ്ട്രം കാൽ നൂറ്റാണ്ടുപോലും ഒന്നിച്ചു നിന്നില്ല. ഉറുദുഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ കിഴക്കൻ പാകിസ്ഥാനിലെ മുസ്ലീംജനത എതിർത്തത്‌ ബംഗാളിഭാഷയുടെ അഭിമാനം ഉയർത്തിപ്പിടിച്ചാണ്‌. പാകിസ്ഥാൻ വിഭജിച്ച്‌, ബംഗ്ലാദേശ്‌ എന്ന പുതിയ രാഷ്‌ട്രം പിറവിയെടുക്കാൻ കാരണമായത്‌ മതനിരപേക്ഷമായ ബംഗാളി ദേശീയതയായിരുന്നു. (അന്ന്‌ പാകിസ്ഥാൻ സൈന്യത്തിനൊപ്പം ചേർന്ന്‌ മതനിരപേക്ഷമായ ദേശീയ വിമോചനപോരാട്ടത്തെ തകർക്കാൻ കൂട്ടക്കൊലകൾ നടത്തിയ അവിടത്തെ ജമാ അത്തെ ഇസ്ലാമി നേതാക്കൾക്ക്‌ വിചാരണയ്‌ക്കൊടുവിൽ വധശിക്ഷ ലഭിച്ചത്‌ അടുത്തകാലത്തായിരുന്നല്ലോ). ഇന്ത്യ ഭിന്നിക്കാതെ ഏഴുപതിറ്റാണ്ടിലേറെക്കാലം എല്ലാ വൈവിധ്യങ്ങളുടെയും നാനാത്വത്തിന്റെയുമെല്ലാം നടുവിൽ നിലനിന്നത്‌ ഇസ്ലാമിക രാഷ്‌ട്രമായ പാകിസ്ഥാനെപ്പോലെ ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമാവാതിരുന്നതുകൊണ്ടാണെന്ന സത്യം വിസ്‌മരിക്കരുത്‌. മതനിരപേക്ഷത തകർന്നാൽ എന്താണ്‌ സംഭവിക്കുക എന്നതിന്‌ അനേകം പാഠങ്ങൾ നമുക്കുചുറ്റുമുണ്ട്‌. അഫ്‌ഗാനിസ്ഥാനിൽ കമ്യൂണിസ്‌റ്റ്‌ ഗവൺമെന്റിനെ അട്ടിമറിച്ച്‌ മതരാഷ്‌ട്രം സ്ഥാപിച്ച താലിബാൻ എത്ര അഗാധമായ പതനത്തിലേക്കാണ്‌ ആ രാജ്യത്തെ നയിച്ചത്‌ എന്ന്‌ നാം കൺമുന്നിൽ കണ്ടവരാണല്ലോ. മതനിരപേക്ഷമായ അറബ് ദേശീയതയുടെ വക്താവായ സദ്ദാംഹുസൈനെ അധികാരഭ്രഷ്‌ടനാക്കിയും പിന്നീട്‌ തൂക്കിലേറ്റിയും മതഭീകരതയ്‌ക്ക്‌ വഴിയൊരുക്കിക്കൊടുത്ത അമേരിക്ക പഴയ മെസൊപ്പൊട്ടേമിയൻ നാഗരികതയുടെ നാടിനെ ഭൂമിയിലെ നരകമാക്കിയതെങ്ങനെയെന്നും മറക്കാൻ സമയമായിട്ടില്ല. സിറിയയുടെ സമാനപാഠങ്ങളും നമ്മുടെ മുന്നിലുണ്ട്‌. മതനിരപേക്ഷ രാഷ്‌ട്രഘടനയെ തകർത്ത്‌ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ഇന്ത്യയെയും അതേ ദുരന്തത്തിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട്‌ സംഘപരിവാറിന്റെ ഹിന്ദുരാഷ്‌ട്രപദ്ധതിയെ അടിയുറച്ച മതനിരപേക്ഷ ജനകീയ ഐക്യത്തിലൂടെയാവണം നേരിടേണ്ടത്‌ . മൂന്നാമതായി, സംഘപരിവാർ ലക്ഷ്യംവയ്‌ക്കുന്ന ഹിന്ദുരാഷ്‌ട്രം ന്യൂനപക്ഷങ്ങൾക്കു മാത്രം എതിരായതല്ല. ഹിന്ദുക്കളിലെ തന്നെ ഭൂരിപക്ഷമായ ദളിത്‌‐പിന്നാക്കവിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇടമില്ലാത്ത രാജ്യമാണെന്ന്‌ ഓർക്കണം. അതോടൊപ്പം എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളെയും വേട്ടയാടി തുരത്തുന്ന ഒന്നായിരിക്കും അവരുടെ ഹിന്ദുരാഷ്‌ട്രം. ആ ഹിന്ദുരാഷ്‌ട്രത്തിന്റെ ആശയാടിത്തറയും ഭരണഘടനാ ചട്ടക്കൂടുമായ മനുസ്‌മൃതി ബ്രാഹ്മണമേധാവിത്വം, പുരുഷ മേധാവിത്വം, ചാതുർവർണ്യം എന്നിവയിലധിഷ്‌ഠിതമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ലല്ലോ. മനുസ്‌മൃതിയുടെ ഈ പ്രത്യയശാസ്‌ത്ര പരിസരമാണ്‌ ഹിന്ദുത്വവർഗീയതയുടെ വളർച്ചയ്‌ക്കൊപ്പം രാജ്യവ്യാപകമായി ദളിതർക്കും സ്‌ത്രീകൾക്കും എതിരായ കടന്നാക്രമണങ്ങൾ എല്ലാ അതിരുകളും വിട്ട്‌ പെരുകാൻ കാരണം. ദളിതർക്കും പിന്നാക്കക്കാർക്കുമുള്ള സംരവണത്തിനെതിരെ പേർത്തും പേർത്തും ഒളിഞ്ഞും തെളിഞ്ഞും ആർഎസ്‌എസ്‌ നിലപാട്‌ ആവർത്തിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ‘‘സംവരണം ഇങ്ങനെ തുടർന്നുകൊണ്ടുപോവുകയാണ്. ജാതിയിൻമേൽ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേകാനുകൂല്യങ്ങൾ ഒരു പ്രത്യേകവിഭാഗമായി തുടരുവാനുള്ള സ്ഥാപിത താൽപ്പര്യങ്ങൾ വളർത്തുകതന്നെ ചെയ്യും’’ എന്ന്‌ ഗോൾവാൾക്കർ വിചാരധാരയിൽ അസ്വസ്ഥനാവുന്നുണ്ട്‌. (പേജ്‌ 408‐409). ആണുങ്ങളാണ്‌ ചരിത്രം സൃഷ്‌ടിക്കുന്നവരെന്നും സ്‌ത്രീകൾ ഹിന്ദുരാഷ്ട്രത്തിന്റെ വീരപുത്രന്മാരെ പ്രസവിക്കാനും അവരെ പോറ്റി വളർത്താനും മാത്രമുള്ളവരാണെന്നും ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവച്ചിട്ടുണ്ട്‌. അതായത്‌, ഹിന്ദുരാഷ്‌ട്രത്തിന്റെ ശിലാന്യാസമായ മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം ഒരു ന്യൂനപക്ഷപ്രശ്‌നം മാത്രമല്ല എന്നർഥം. അതിനെ ചെറുക്കേണ്ടത്‌ ഹിന്ദുരാഷ്‌ട്രവാദത്തിന്റെ ഇരകളാകുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള ചൂഷിതജനതയുടെ ഐക്യമുറപ്പിച്ചുകൊണ്ടാവണം. അവസാനമായി, രാജ്യം ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയിലാണ്‌. തൊഴിലില്ലായ്‌മയും വിലക്കയറ്റവും കാർഷികപ്രതിസന്ധിയും ജനകോടികളുടെ ജീവിതത്തെ തകർച്ചയുടെ പാതാളത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. അടുത്തൊന്നും ഇതിൽനിന്ന്‌ കരകയറുന്ന ലക്ഷണമില്ലെന്ന്‌ നോബൽസമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്‌ത്രജ്ഞർ, ജോസഫ്‌ സ്‌റ്റിഗ്‌ലിറ്റ്‌സ്‌ മുതൽ അഭിജിത്ത്‌ ബാനർജി വരെ പറയുന്നു. ബ്രിട്ടീഷുകാർ കോഹിനൂർ രത്‌നം കവർന്നെങ്കിൽ ബിപിസിഎൽ അടക്കമുള്ള ‘മഹാരത്‌ന’സ്ഥാപനങ്ങളും പൊതുസ്വത്തും കവരാൻ ചങ്ങാതികളായ കോർപ്പറേറ്റുകൾക്ക് കൂട്ടു നിൽക്കുന്നു. കോർപറേറ്റുകൾക്ക്‌ ഇതിനുപുറമേ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ നികുതിയിളവുകളും നൽകുന്നു. ഇതിനെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം സമരങ്ങൾ വളരുകയാണ്‌. ജനങ്ങളിൽ മോദിവാഴ്‌ചക്കെതിരായ അസംതൃപ്‌തി പടരുകയാണ്‌. ഇപ്പോൾ അവർക്ക്‌ ജനങ്ങളെ ഭിന്നിപ്പിച്ചേ മതിയാകൂ. ജനങ്ങളെ ഭിന്നിപ്പിക്കാൻ വർഗീയമായി തീകൊടുക്കുന്നതിനേക്കാൾ സുപരീക്ഷിതമായ മറ്റേത്‌ കുതന്ത്രമുണ്ട്‌?. ജനങ്ങൾ വർഗീയമായി ഭിന്നിപ്പിക്കപ്പെട്ടാൽ അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന്‌ ആർത്തു ചിരിക്കുക സംഘപരിവാറും കോർപറേറ്റ്‌ ചങ്ങാതികളുമായിരിക്കും. അതുകൊണ്ട്‌ ജനകീയ ഐക്യത്തിന്റെ മതനിരപേക്ഷ കരുത്തിൽ പടരേണ്ട പോരാട്ടത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. ജാലിയൻ വാലാ ബാഗ്‌ മുതൽ നാവിക കലാപം വരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം മതനിരപേക്ഷമായി ഇന്ത്യ ഒരുമിച്ച്‌ പൊരുതിയതിന്റേതാണ്. അതുകൊണ്ടാണ്‌ ഇന്ത്യ അതിജീവിച്ചത്‌. ജനറൽ ഡയറിനെ വെടിവച്ചുകൊന്ന ഉദ്ദംസിങ്ങിനോട് ബ്രിട്ടീഷ്‌ ജഡ്‌ജി പേര്‌ ചോദിച്ചപ്പോൾ മറുപടി റാം മുഹമ്മദ്‌ സിങ്‌ എന്നായിരുന്നു. സ്വാതന്ത്ര്യത്തിനായി പൊരുതിയ രക്തസാക്ഷികളുടെ ചോര വീണ മണ്ണിൽ ചവിട്ടിനിന്ന്‌ ആ ചരിത്രപാഠങ്ങൾ നമ്മളെല്ലാം ഉറക്കെച്ചൊല്ലേണ്ട നിർണായക സന്ദർഭമാണിത്‌. ഐക്യവും ഭരണഘടനയുമാണ് ഈ പേരാട്ടത്തിലെ നമ്മുടെ ആയുധം. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories