TopTop

പൗരത്വ പ്രതിഷേധത്തിന്റെ ക്രെഡിറ്റ് പിണറായി ഒറ്റയ്ക്ക് തട്ടിയെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസ്, മുല്ലപ്പള്ളി ലൈനിന് മേല്‍ക്കൈ

പൗരത്വ പ്രതിഷേധത്തിന്റെ ക്രെഡിറ്റ് പിണറായി ഒറ്റയ്ക്ക് തട്ടിയെടുക്കുന്നത് തടയാന്‍ കോണ്‍ഗ്രസ്, മുല്ലപ്പള്ളി ലൈനിന് മേല്‍ക്കൈ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സംയുക്ത പ്രമേയം പാസ്സാക്കിയതിനു പിന്നാലെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പൗരത്വ നിയമം റദ്ദ് ചെയ്യണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സൂട്ട് പെറ്റിഷൻ ഫയൽ ചെയ്യുക വഴി കേരള സർക്കാർ പ്രസ്തുത വിഷയത്തിൽ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 14 -)൦ അനുച്ഛേദം ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണ് നിയമമെന്നാണ് കേരളത്തിന്റെ പ്രധാന വാദം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെങ്കിലും ഇക്കാര്യത്തിൽ എന്തു തീരുമാനമാവും എടുക്കുക എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്. ഭരണഘടനയുടെ 131 - )0 അനുച്ഛേദം അനുസരിച്ചാണ് സൂട്ട് പെറ്റിഷൻ ഫയൽ ചെയ്തിരിക്കുന്നത് എന്നതിനാൽ പെറ്റിഷന് മെറിറ്റ് ഉണ്ടെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പൗരത്വ നിയമത്തെ എതിർത്ത് പ്രമേയം പാസ്സാക്കിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുക കൂടി ചെയ്യുക വഴി കേന്ദ്രത്തിനെതിരെ തുറന്ന പോരാട്ടം തന്നെയാണ് കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസ്സാക്കിയ സംസ്ഥാനം, ആദ്യം കോടതിയെ സമീപിച്ച സംസ്ഥാനം എന്നൊക്കെയുള്ള വിശേഷണങ്ങൾ വന്നു ചേരുമ്പോഴും ഒരു വലിയ വിവാദത്തിനുകൂടി കേരളം വേദിയാവുകയാണ്. പൗരത്വ നിയമത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപമാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഉന്നയിക്കുന്നത്. തുടക്കത്തിൽ ഈ ആക്ഷേപം പ്രധാനമായും കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റേതു മാത്രമായിരുന്നുവെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതേറ്റു പിടിച്ചിരിക്കുന്നു. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചെന്നിത്തല സ്വരം മാറ്റിയതെന്നതും ശ്രദ്ധേയമാണ്.

ഏക ബി ജെ പി എം എൽ എ എതിർത്തില്ലെന്നതിനാൽ കേരള നിയസഭ ഏകകണ്ഠമായി തന്നെ പാസ്സാക്കിയെന്നു പറയാവുന്ന പ്രമേയത്തിന്റെയും പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്തു കത്തിപ്പടരുന്ന പ്രതിക്ഷേധത്തിന്റെയും ക്രെഡിറ്റ് ഒറ്റയ്ക്ക് അടിച്ചുമാറ്റാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം നേരിടുമ്പോഴും സംയുക്ത പ്രക്ഷോഭത്തിന്‌ ഇനിയും സാധ്യത ഉണ്ടെന്നു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. അതേസമയം കോൺഗ്രസിനും യു ഡി എഫിനും ഇനി വേറിട്ട വഴി എന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ഡൽഹിയിൽ വെച്ച് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നതിനാൽ ഇനിയങ്ങോട്ട് കാര്യങ്ങൾ മുല്ലപ്പള്ളി തെളിക്കുന്ന വഴി തന്നെയെന്ന് ഏറെക്കുറെ വ്യക്തം. സംയുക്ത പ്രക്ഷോഭത്തിന്റെ കാര്യത്തിലുള്ള ഈ ഭിന്നത ഏറെ ആശ്വാസം പകരുന്നത് ബി ജെ പിക്കു മാത്രമാണെന്നാണ് വാസ്തവം.

പിണറായി വിജയനെതിരെ മുല്ലപ്പള്ളിയും കൂട്ടരും ഉന്നയിക്കുന്ന പ്രധാന ആക്ഷേപം നിയമസഭ പാസ്സാക്കിയ സംയുക്ത പ്രമേയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി ഒറ്റയ്ക്ക് അടിച്ചു മാറ്റുന്നു എന്നതാണ്. പത്ര പരസ്യം നൽകിയപ്പോൾ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ മാത്രം ചിത്രം നൽകിയെന്നും അവർ പറയുന്നു. പത്രപരസ്യം നിയമസഭ പാസ്സാക്കിയ സംയുക്ത പ്രമേയത്തെക്കുറിച്ചു ആകയാൽ പ്രതിപക്ഷ നേതാവിന്റെ ചിത്രം കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് വാദിക്കാം. എന്നാൽ അതുകൊണ്ടു മാത്രം സംയുക്ത പ്രതിക്ഷേധം എന്നതിനോടുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ എതിർപ്പ് അവസാനിക്കും എന്നു കരുതുക വയ്യ. ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതിനു പിന്നാലെ നടക്കേണ്ട നിയമ സഭ തിരഞ്ഞെടുപ്പും തന്നെയാണ് മുല്ലപ്പള്ളിയുടെ എതിർപ്പിനു പിന്നിൽ. പൗരത്വ നിയമത്തിനെതിരെ പിണറായി വിജയൻ എടുത്തിട്ടുള്ള ശക്തമായ നിലപാട് മുസ്ലിം ജനവിഭാഗം എങ്ങനെ കാണുന്നുവെന്നത് തന്നെയാണ് പ്രശ്നം. യു ഡി എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിലെ തന്നെ ഒരു വലിയ വിഭാഗം സി പി എമ്മുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന്‌ എതിരല്ല. മുസ്ലിം ലീഗിന്റെ കരുത്തായി കണക്കാക്കപ്പെടുന്ന ഇ കെ സുന്നി വിഭാഗത്തിന്റെ നേതാക്കൾ പിണറായി വിജയനെ വരവേൽക്കുന്നതു നൽകുന്ന സൂചനയും മറ്റൊന്നല്ല. ഇതൊക്കെ തീർച്ചയായും കോൺഗ്രസിനെയും മുല്ലപ്പള്ളിയെയും ആശങ്കയിൽ ആഴ്ത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

മുല്ലപ്പള്ളി കടുത്ത സി പി എം വിരോധിയാണെന്നു എല്ലാവര്‍ക്കും അറിയാം. കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ പിണറായി വിജയനെയോ സി പി എമ്മിനെയോ വാഴ്ത്തി പാടേണ്ട ആവശ്യം മുല്ലപ്പള്ളിക്കില്ല. പക്ഷെ സി പി എം വിരോധം പറയുമ്പോഴും മുല്ലപ്പള്ളി ഓർമിക്കേണ്ട മറ്റൊന്നുണ്ട്. സംയുക്ത പ്രക്ഷോഭം, സംയുക്ത പ്രമേയം എന്നൊക്കെയുള്ള ആശയം ആദ്യം മുന്നോട്ടുവെച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു എന്ന്. അതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കാതെ ഇപ്പോൾ അതുമിതും പറയുന്നതിൽ വലിയ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. തുടക്കം മുതൽ പിന്നാക്കം നിന്ന മുല്ലപ്പള്ളി നിയമസഭ പാസ്സാക്കിയ പ്രമേയത്തെക്കുറിച്ചു 'ഒരു സന്ദേശത്തിനപ്പുറം അതൊന്നുമല്ല' എന്ന പ്രസ്താവന പോലും പൗരത്വ നിയമ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന സംശയം ഉയർത്താൻ ഇടയാക്കുമെന്നും എന്തുകൊണ്ട് മുല്ലപ്പള്ളി തിരിച്ചറിയാതെ പോയി എന്ന ചോദ്യവും ഉയർത്തുന്നുണ്ട്‌.


Next Story

Related Stories