TopTop
Begin typing your search above and press return to search.

പദവിയെ അപമാനിക്കുന്ന വിധം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് മദപ്പാടിന്റെ ലക്ഷണമാണ് ബഹു. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പദവിയെ അപമാനിക്കുന്ന വിധം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് മദപ്പാടിന്റെ ലക്ഷണമാണ് ബഹു. കേരള ഗവര്‍ണ്ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടഞ്ഞു നിൽക്കുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടഞ്ഞ ആനക്ക് മദപ്പാടുണ്ടോ എന്നു പരിശോധിച്ചു ചങ്ങലക്കിടുകയാണ് പതിവ്. തുടർ ചികിത്സകൾ പിന്നാലെയുണ്ട്. പക്ഷെ രോഗം നിർണയിക്കാതെ ചികിത്സ വിധിക്കുന്നത് ഒട്ടുമേ ശരിയല്ലല്ലോ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്ഥാപന വാർഡുകളുടെ എണ്ണം കൂട്ടാനുള്ള കേരള സർക്കാരിന്റെ ഓർഡിനൻസ് ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു എന്ന വാർത്തയ്ക്ക് തൊട്ടു പിന്നാലെയാണ് ഈ ഇടച്ചിൽ വാർത്ത വന്നത്. വാർത്ത ഒട്ടുമേ അവാസ്തവവുമല്ല. തദ്ദേശ സ്ഥാപന പുനർനിർണയ ഓർഡിനൻസ് ഒപ്പിടാൻ വിസ്സമ്മതിച്ചതിനു പിന്നിലെ ചേതോവികാരം വ്യക്തമാക്കിക്കൊണ്ട് ഗവർണർ പറഞ്ഞ തൊടുന്യായം തന്നെയാണ് ഇടച്ചിൽ വാർത്തയ്ക്കും ആധാരം. തദ്ദേശ സ്ഥാപന വാർഡുകളുടെ എണ്ണം കൂട്ടാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പിണറായി സർക്കാരിന്റെ ഓർഡിനൻസ് ദുരുപദിഷ്ടിതവും സെൻസസ് ചട്ടങ്ങളുടെ ലംഘനവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ആരോപിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ ബില്ല് കൊണ്ടുവന്നു പാസ്സാക്കിക്കൂടെ എന്ന ഗവർണറുടെ ചോദ്യത്തിന്റെ കുന്തമുന വ്യക്തമായതും അപ്പോൾ മാത്രമാണ്. ഭരണഘടനാപരമായി ഗവർണർ എന്ന നിലയിൽ താനാണ് സംസ്ഥാനത്തിന്റെ തലവൻ എന്നും, തന്നെ അറിയിക്കാതെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോയ സർക്കാർ അനുഭവിക്കും എന്നു വിശദീകരിച്ചതിൽ നിന്നും ഗവർണറുടെ ഇടച്ചിൽ സ്വരത്തിന്റെ മൂർച്ച തികച്ചും വ്യക്തം.

തീർന്നില്ല. തറവാട്ടു കാരണവരായ തന്നോട് ആലോച്ചില്ലെന്നു മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതും അതിനു മുൻപ് കേരള നിയമസഭ പ്രസ്തുത നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതുമൊക്കെ താൻ പത്രദ്വാര അറിയേണ്ട ഗതികേടുണ്ടായി എന്നുകൂടി ഗവർണർ പറയുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. നമ്മുടെ മാന്യ ഗവർണറെ സംബന്ധിച്ചിടത്തോളം നീതിയും ന്യായവും നിയമവുമൊന്നുമല്ല പ്രശ്നം എന്നത് തികച്ചും വ്യക്തം. തന്നെ ചോദ്യം ചെയ്യുകയോ അവഗണിക്കുകയോ ചെയ്‌താൽ എല്ലാവരുടെയും കഞ്ഞികുടി മുട്ടിക്കും എന്ന പഴയകാല തറവാട്ടു കാരണവർമാരുടെ മാർക്കട മുഷ്ടി തന്നെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പയറ്റുന്നത്. മാന്യ ശ്രീമാന്മാർ മോദിജിയും അമിത് ഷാ ജിയും ശിപാർശ ചെയ്തു രാഷ്ട്രപതിയാൽ നിയമിതനായ താൻ അറിയാതെ കേരളക്കരയിൽ ഒരില പോലും അനങ്ങാൻ പാടില്ലെന്ന സന്ദേശം തന്നെയാണ് മൂപ്പർ നൽകുന്നത്.

കേരളത്തിൽ ഗവർണർ ആയി വിരുന്നു വന്ന ആരിഫ് മുഹമ്മദ് ഖാൻ കേരളത്തെ പഠിക്കാൻ ശ്രമിച്ചപ്പോൾ കാലഹരണപ്പെട്ട തറവാട്ടു കാരണവർ സ്വഭാവം മാത്രം പഠിച്ചു ഗതികേടിലായതാണോ അതോ അദ്ദേഹത്തിനു ഫെഡറൽ സംവിധാനത്തെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും അറിയാഞ്ഞിട്ടാണോ എന്നതൊക്കെ നിയമജ്ഞർ വിലയിരുത്തട്ടെ. എന്തായാലും ഒരു കാര്യം ഉറപ്പ്. തറവാട്ടുകാരണവർ വേഷം മനഃപാഠം ആക്കാൻ ശ്രമിച്ച ഖാൻ ജി എം ടി വാസുദേവൻ നായരുടെ 'നാലുകെട്ട്' വായിക്കാൻ മറന്നു. നാലുകെട്ട് പൊളിച്ചു കാറ്റും വെളിച്ചവും കടക്കുന്ന ഭവനങ്ങൾ നിർമിക്കുന്ന അപ്പുണ്ണിമാരെ വായിക്കാൻ മറന്നു. തന്നോട് ആലോചിക്കാതെ പ്രമേയം പാസ്സാക്കുകയും പിന്നീട് സുപ്രീം കോടതിയിൽ കേസ്സു പോവുകയും ചെയ്തതിനെതിരെ എന്തു നിയമ നടപടി തേടാൻ കഴിയുമെന്നു നോക്കട്ടെ എന്ന ആ ഒഴുക്കൻ മറുപടിയിൽ നിന്നും എല്ലാം ഏറെക്കുറെ വ്യക്തം.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആളൊരു കേമനാണ്. പുതിയ പുതിയ രാഷ്ട്രീയ ലാവണങ്ങൾ തേടിയുള്ള യാത്രയിൽ ആരെ, എവിടെ, എങ്ങനെ ആക്രമിക്കണം എന്നു മാത്രമല്ല സുഖിപ്പിക്കണം എന്നും നന്നായി അറിയാം. അതുകൊണ്ടുകൂടിയാവണം കേരളത്തിൽ ഗവർണർ ആയി ചുമതലയേറ്റ ഉടൻ തന്നെ അദ്ദേഹം ഭാര്യയുമൊത്തു മലപ്പുറം സന്ദർശിച്ചതും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതും. അമിത് ഷായുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട നാടാണ് എന്നറിയാഞ്ഞിട്ടാവില്ലല്ലോ അന്നത്തെ ആ യാത്ര. ഒരു പക്ഷെ അന്ന് പൗരത്വ ഭേദഗതി ബില്ലും നിയമവും ഒന്നും വരാത്ത കാലമായിരുന്നതിനാൽ ഞാനും നിങ്ങ ആള് എന്ന സന്ദേശം നൽകി കൂടുതൽ മാപ്പിളാരെ കുറുവടി പാർട്ടിയിലേക്ക് ആകർഷിക്കുക എന്നൊരു ഗൂഢ ലക്‌ഷ്യം ഉണ്ടായിരുന്നില്ലേ എന്നും ഇപ്പോൾ സംശയിക്കേണ്ടിവരുന്നു. ബി ജെ പിക്കുവേണ്ടി സ്ഥാനാർഥിയാവാൻ മലപ്പുറത്ത് നിന്നും ആളെകിട്ടിയിരുന്നു എന്നതു മാത്രമല്ല മലപ്പുറംകാരല്ലെങ്കിലും എ പി അബ്ദുള്ളക്കുട്ടിയും താഹ ബാഫഖി തങ്ങളുമൊക്കെ ബി ജെ പി യിലേക്ക് ചേക്കേറിയതിനു തൊട്ടു പിന്നാലെ തന്നെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻറെ കേരള ഗവർണർ ആയുള്ള രംഗപ്രവേശം. അബ്ദുള്ളക്കുട്ടി ആരിഫ് ഖാൻ ജിയെപ്പോലെ തന്നെ രാഷ്ട്രീയ ലാവണങ്ങൾ മാറി മാറി പരീക്ഷിക്കുന്ന കൂട്ടത്തിലാണ്. രണ്ടാമൻ താഹയാവട്ടെ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ സയ്ദ് ഉമ്മർ ബാഫഖി തങ്ങളുടെ ചെറുമകനും. അബ്ദുള്ളകുട്ടി മോദിജിയുടെ സ്വന്തം കുട്ടിയായി ഇപ്പോഴും ബി ജെ പി യിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളായി തുടരുന്നുണ്ടെങ്കിലും പൗരത്വ നിയമത്തിൽ പ്രതിക്ഷേധിച്ച് താഹ അടുത്തിടെ ബി ജെ പി അംഗ്വതം രാജിവച്ചു.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ബഹുമാന്യനായ ഗവർണറുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം പെടുത്തുന്നു. അത് താങ്കൾക്കും മുൻപ് മോദി സർക്കാർ തന്നെ നിയമിച്ച മറ്റൊരു ഗവർണർ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ജസ്റ്റിസ് പി സദാശിവം എന്നായിരുന്നു എന്നുമാണ്. വെറുപ്പിന്റെയോ വിഘടനത്തിന്റെയോ പ്രചാരകൻ ആയിട്ടല്ല ആ മാന്യദേഹം കേരളത്തിന്റെ ഗവർണർ പദവി അലങ്കരിച്ചത്. അതേ സമയം താങ്കൾ ഇപ്പോൾ പറയുന്നമാതിരി വെറും ഒരു റബ്ബർ സ്റ്റാമ്പും ആയിരുന്നില്ല അദ്ദേഹം. എന്നാൽ താങ്കൾ ഇപ്പോൾ തദ്ദേശ ഓർഡിനൻസിന്റെ മറ പറ്റി പൗരത്വ നിയമത്തെ സാധൂകരിക്കാൻ നടത്തുന്ന ശ്രമത്തെ ആരും അംഗീകരിക്കില്ലെന്നു മാത്രമല്ല അത് താങ്കളുടെ പദവിയുടെ ശോഭ വല്ലാതെ കെടുത്തുന്നുമുണ്ട്. ഒരു പൗരൻ എന്ന നിലയിൽ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം താങ്കൾക്കും ഉണ്ട്. പക്ഷെ താൻ അലങ്കരിക്കുന്ന പദവിയെ അപമാനിക്കുന്ന വിധം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് മദപ്പാടിന്റെ ലക്ഷണമായി ആരെങ്കിലും കണ്ടാൽ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.


Next Story

Related Stories