TopTop
Begin typing your search above and press return to search.

വായിക്കുമോ, വിട്ടുകളയുമോ, കൂട്ടിച്ചേര്‍ക്കുമോ? ഇടതുപക്ഷത്തിൻ്റെ നയപ്രഖ്യാപനത്തെ ആരിഫ് ഖാൻ എങ്ങനെ നേരിടും

വായിക്കുമോ, വിട്ടുകളയുമോ, കൂട്ടിച്ചേര്‍ക്കുമോ? ഇടതുപക്ഷത്തിൻ്റെ നയപ്രഖ്യാപനത്തെ ആരിഫ് ഖാൻ എങ്ങനെ നേരിടും

പൗരത്വ നിയമഭേദഗതിക്കെതിരായ പോരാട്ടം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വം ഇല്ലാതെ തന്നെ രാജ്യമെമ്പാടും കത്തിപ്പടരുകയാണ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് രാജ്യത്ത് ഈ സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രധാന നേതാവ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സമരവുമായി സഹകരിക്കുമ്പോഴും സമരത്തിന്റെ നേതൃ സ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇതിനെതിരായ സംസ്ഥാനങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരാണ്. നിരവധി നടപടികളിലൂടെ കേന്ദ്രത്തിനെതിരെ സംസ്ഥാനം പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഇതിനെതിരെ സംസ്ഥാനത്തെ രാഷ്ട്രപതിയുടെ പ്രതിനിധി കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ മറ്റ് ഗവര്‍ണര്‍മാര്‍ ചെയ്യാത്ത രീതിയില്‍ രാഷ്ട്രീയ പോരാട്ടവും നടത്തിയതോടെ കേരളം ദേശീയ ശ്രദ്ധയിലായി. ഈ സാഹചര്യത്തിലാണ് ഈ മാസം 29നു നടക്കുന്ന നിയമസഭാ സമ്മേളനം ശ്രദ്ധേയമാകുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതോടെയാണ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞത്. അനാവശ്യ ചെലവാണെന്നും ഒരു പ്രസക്തിയിലെന്നും പറഞ്ഞ് ഗവര്‍ണര്‍ സ്വന്തം സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ ഇതുകൊണ്ട് അവസാനിപ്പിക്കാതെ പൗരത്വ നിയമത്തിനെതിരെ കേരളം ചെയ്തതുപോലെ നിയമസഭ പ്രമേയങ്ങള്‍ പാസ്സാക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് പ്രമേയം പാസ്സാക്കുകയും ചെയ്തു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് കേരള മോഡല്‍ പ്രസക്തമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വിലയിരുത്തി. ഭരണ പ്രതിപക്ഷ കക്ഷികള്‍ സഹകരിച്ചുള്ള മുന്നേറ്റം ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷമാണ് കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്നെ അറിയിക്കാതെ സുപ്രീം കോടതിയില്‍ പോയത് നിയമപ്രകാരമല്ലെന്നായി ഗവര്‍ണര്‍ ആരിഫ് ഖാന്റെ ആക്ഷേപം. ഇത് സംബന്ധിച്ച വാഗ്വാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
എന്നാല്‍ ഇതുവരെ നടന്നതല്ല, ഇനി നടക്കാന്‍ പോകുന്നതാണ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്ന ആശങ്കയാണ് പൊതുവില്‍ ഉന്നയിക്കപ്പെടുന്നത്. കാരണം നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. ഈ മാസം 29 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങേണ്ടത്. ഗവര്‍ണര്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളോട് യോജിക്കാത്ത ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ എന്ത് പറയും. സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന പ്രസംഗം അതെപോലെ വായിക്കുമോ. ഇതാദ്യമൊന്നുമല്ല, ഗവര്‍ണര്‍മാര്‍ മന്ത്രിസഭയോട് ഏറ്റുമുട്ടി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത്. അന്നും നയപ്രഖ്യാപന പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനായി ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന രീതികള്‍ ഉണ്ട്. തീര്‍ത്തും അപ്രിയമായ കാര്യങ്ങള്‍ വായിക്കാതെ വിടുക. അല്ലെങ്കില്‍ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം വായിക്കുക. തുടങ്ങിയവായാണ് അത്.
2001 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സുഖ്‌ദേവ് സിംങ് കാംഗായിരുന്നു ഗവര്‍ണര്‍. മുന്‍ സര്‍ക്കാറിനെ (ഇ കെ നായനാരുടെ സര്‍ക്കാര്‍) വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ അന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് വായിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. അതേപോലെ കഴിഞ്ഞ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പ്രസംഗിക്കാതെ വിട്ടുകളഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പണ്ട് കേരള നിയമസഭ ശാസന പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സിണ്ടിക്കേറ്റ് അംഗങ്ങളെ നിര്‍ദ്ദേശിച്ച ഗവർണർ രാം ദൂലാരി സിന്‍ഹക്കെതിരെയായിരുന്നു പ്രമേയം. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ അല്ല, മറിച്ച് ചാന്‍സിലര്‍ക്കെതിരെ ആയിരുന്നു പ്രമേയം എന്നായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ ന്യായീകരണം. പുതുവര്‍ഷത്തിലെ ആദ്യ യോഗത്തില്‍ ഗവര്‍ണര്‍ പ്രസംഗിക്കണമെന്ന വ്യവസ്ഥ മറികടക്കാന്‍ ഡിസംബറില്‍ യോഗം ചേര്‍ന്ന് ജനുവരിയില്‍ തുടര്‍ന്ന ചരിത്രവും കേരള നിയമസഭയ്ക്കുണ്ട്. അങ്ങനെ ഗവർണർ സർക്കാർ പോരാട്ടങ്ങളുടെ പല പല രീതികൾ കേരളത്തിന് അന്യമല്ല.
ചില ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വിട്ടുകളയുന്നത് ഇന്ന് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെ പണ്ട് 1969 ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ചെയ്തപ്പോള്‍ അതിനെതിരെ പ്രമേയം പാസ്സാക്കിയ ചരിത്രവും കേരള നിയമസഭയ്ക്കുണ്ട്. അത് അവതരിപ്പിച്ചത് ഇ എം എസ്സും
എന്നാല്‍ അതെല്ലാം മറ്റൊരു രാഷ്ട്രീയ പാശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങളാണ്.
സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യമായ ഏറ്റുമുട്ടല്‍ നടത്തുകയും അതൊക്കെ നിയമാനുസൃതമെന്ന പറയുകയും ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഭിന്ന വഴി സ്വീകരിക്കുമോ എന്നതാണ് രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്ന ആശങ്ക. താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അംഗീകരിച്ച പ്രമേയത്തിന് എതിരായുള്ള വാദങ്ങള്‍ സ്വന്തം നിലയില്‍ ആരിഫ് ഖാന്‍ കൂട്ടിചേര്‍ക്കുമോ? നേരത്തെ നിയമസഭ അവതരിപ്പിച്ച പ്രമേയത്തെ തള്ളി പറയുമോ? അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ അത് ചിലപ്പോള്‍ പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ അസ്വാഭാവികതകളില്‍ ഒന്നായി മാറാന്‍ സാധ്യതയുണ്ട്. ഗവര്‍ണര്‍ മന്ത്രിസഭ അംഗീകരിച്ചതില്‍ നിന്ന് ഭിന്നമായ കാര്യങ്ങൾ ചേർത്ത് പ്രമേയം വായിച്ചാല്‍ അതിനോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും?. പ്രസംഗം വായിക്കുമ്പോള്‍ ഭരണ കക്ഷി എംഎല്‍എമാര്‍ (ഈ വിഷയത്തില്‍ പ്രതിപക്ഷവും) എങ്ങനെ അതിനെ സ്വീകരിക്കും. അത്തരമൊരു അവസ്ഥയെ ഭരണ പ്രതിസന്ധി എന്ന മട്ടില്‍ കണ്ട് ഇടപെടാന്‍ കേന്ദ്ര തയ്യാറാകുമോ? സാധ്യതകള്‍ നിരവധിയാണ്. നയപ്രഖ്യാപനം നടക്കുമ്പോള്‍ സഭയുടെ അധികാരി ഗവര്‍ണറാണെന്നും അദ്ദേഹത്തിന് അച്ചടക്ക നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും വാദമുണ്ട്. എന്തൊക്കെ അധികാര സാധ്യതകളാണ് ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ കേന്ദ്ര ഭരണകക്ഷിക്കൊഴികെ ആര്‍ക്കും.
ഗവര്‍ണര്‍ എന്നത് പേരിനുള്ള ഒരു പദവിയാണെന്നും മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണെന്നുമുള്ള ഭരണഘടനാ വിദഗ്ദരുടെ നിലപാടുകളൊന്നും ആരിഫ്ഖാനെ സ്വാധീനിച്ചതായി തോന്നുന്നില്ല. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ തുടര്‍ വഴി എന്താണെന്നതിനുള്ള ഉപദേശങ്ങള്‍ തേടാന്‍ ഗവര്‍ണര്‍ വിദഗ്ദരെ കണ്ടുവെന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാരണങ്ങള്‍ക്കൊണ്ട് തന്നെ ഈ മാസം 29 -ാംതീയതി നിര്‍ണായകമാകും. ആ ദിവസത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതം പിന്നെയും നീളുമെങ്കിലും


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories