TopTop
Begin typing your search above and press return to search.

'ഞാനെന്റെ സമൂഹത്തെ ശരീരത്തില്‍ വരയ്ക്കുന്നു', സുധീഷ്‌ കോട്ടേമ്പ്രം എഴുതുന്നു

ഞാനെന്റെ സമൂഹത്തെ ശരീരത്തില്‍ വരയ്ക്കുന്നു, സുധീഷ്‌ കോട്ടേമ്പ്രം എഴുതുന്നു

കൊറോണ പടര്‍ന്നു പിടിക്കുകയും ഇതിനെ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത കാലത്ത് മലയാളികള്‍ എങ്ങനെ ജീവിക്കുന്നു? ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ എങ്ങനെയാണ് ബാധിക്കുന്നത് എന്നാണ് ഇവിടെ വിശദമാക്കുന്നത്. ചിത്രകാരനും കവിയുമായ സുധീഷ്‌ കോട്ടേമ്പ്രം 'ഞാനെന്റെ സമൂഹത്തെ ശരീരത്തില്‍ വരയ്ക്കുന്നു' എന്നെഴുതുന്നു.

ലോകം 'സ്റ്റാന്‍ഡ് സ്റ്റില്‍' ആയിരിക്കുമ്പോള്‍ സ്വതവേ ക്വാറന്റൈന്‍ ജീവിതശൈലിയായ ഒരാള്‍ എന്തുപറയാന്‍? കൂടുതല്‍ മെച്ചപ്പെട്ട ക്വാറന്റൈന്‍ ആസ്വദിക്കുകയല്ലാതെ? എന്നാല്‍ ഒരു വശത്ത് നാള്‍ക്കുനാള്‍ നീളുന്ന രോഗഭീതിയുടെ പെരുക്കപ്പട്ടിക. മറുവശത്ത് രാജ്യം കത്തുമ്പോള്‍ വീണ വായിക്കുകയും വാഴവെട്ടുകയും ചെയ്യുന്ന കൂട്ടരുടെ അപഹാസ്യപ്പട്ടിക. രണ്ടിനുമിടയില്‍ അരപ്പട്ടിണിക്കാരായ ഒരു ജനതയുടെ തെരുവുവിലാപങ്ങള്‍. അവരെന്നില്‍പ്പെട്ടവരല്ലെന്ന ഉറപ്പിലാണ് ഓരോരുത്തരും ഈ ലോക്ഡൗണ്‍ കാലത്തെ അതിജീവിക്കുന്നത്. അതിനാല്‍ത്തന്നെ എന്റെ ദുരിതകാലവാക്കുകള്‍ രാഷ്ട്രീയശരികേടായിത്തോന്നും. രാഷ്ട്രങ്ങള്‍ അടച്ചിട്ടിരിക്കുന്ന ഈ നേരത്ത് ആ അരാഷ്ട്രീയതയെയും ഞാന്‍ കൂടെക്കൂട്ടുന്നു.

'ഏകാന്തത' എന്ന വാക്കില്‍ സൗന്ദര്യമുണ്ട്. 'ഒറ്റപ്പെടലി'ല്‍ അതില്ല. ഏകാകികളെ ഏകാന്തതടവിന് ശിക്ഷിക്കുന്നത് അവര്‍ക്ക് കിട്ടാവുന്നതിലേറ്റവും നല്ല ജീവിതവാഗ്ദാനമാണ്. എന്നാല്‍ ഒരാള്‍ 'തെരഞ്ഞെടുക്കുന്ന ഏകാന്തത' പോലെ എളുപ്പമല്ല ഫോഴ്സ്ഫുള്‍ ആയ ഒരേകാന്തത. നാട്ടിലേക്കുള്ള അവസാനത്തെ വണ്ടിയും ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ റദ്ദുചെയ്യുന്നു എന്ന വാര്‍ത്ത അകലെയേതോ നാടുകളിലിരുന്നു കേള്‍ക്കുമ്പോള്‍ ഭയം വണ്ടിപിടിച്ചുവരും. ലോകം അവസാനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലെ അത് നമ്മെ ചുരുക്കിക്കളയും. സ്വന്തം നാടുകളിലേക്കും സ്വന്തം ശരീരങ്ങളിലേക്കും ചുരുങ്ങിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ എന്റെ ശരീരത്തിന്റെ ഇംഗിതങ്ങളെ സമൂഹശരീരവുമായി ചേര്‍ത്തുവായിക്കുന്നു. എനിക്ക് ചായക്കടകളും തെരുവുകളും ബാറുകളും കടല്‍പ്പാലങ്ങളും പോഞ്ഞാറുണ്ടാക്കുന്നു. പുറപ്പെട്ടുപോകാനൊരു ബാക്ക്പാക്ക് ധൃതികൂട്ടുന്നു. ആളുകളെ കെട്ടിപ്പിടിക്കാതെയെന്റെ കൈകള്‍ തരിക്കുന്നു. ഞാനെന്റെ ഭാഷയില്‍ കണ്ണാടി നോക്കുന്നു. എന്നെത്തന്നെ നോക്കുന്നു. അകലങ്ങളെ അടുപ്പങ്ങളാക്കിയ സോഷ്യല്‍ മീഡിയാസന്ദര്‍ഭത്തില്‍, അതിന്റെ ഉപയോക്താക്കളായ ആരും ഏകാന്തത അനുഭവിക്കുന്നേയില്ല. ''എന്നെ തൊടൂ'' എന്നും ''ഇതാ തൊട്ടുതൊട്ടിരിക്കുന്നു''വെന്നും പല നിറങ്ങളിലും ഭാവങ്ങളിലുമുള്ള ഇമോജികള്‍ പരസ്പരം കൂട്ടിയുരുമ്മുന്നു. ലോകം ഇത്രയും പ്രതീതി നിറഞ്ഞ ഭാവനകളുടേതായിട്ടുണ്ടാവില്ല സമീപകാലത്തൊന്നും. അഥവാ ഒരു ചീത്ത അര്‍ത്ഥത്തില്‍ വിനിയോഗിച്ചിരുന്ന 'പ്രതീതി' ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. എനിക്ക് യാഥാര്‍ഥ്യം വേണ്ട, പ്രതീതി മതിയെന്നുവരുന്നു. ഞാനിതിന്റെ പ്യൂപ്പാവസ്ഥയില്‍ കഴിഞ്ഞുകൊള്ളാമെന്നു വരുന്നു. സ്നേഹിക്കുന്നവരുടെ ഇടയില്‍ ഊണുമുറക്കവുമായി, ഒച്ചയും മൂളലുമായി കൈഫോണുകള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു. ഓരോ സ്‌ക്രീനുകളുടെയും അലൂമിനിയം സിലിക്കേറ്റുപ്രതലങ്ങള്‍ ഉടലുകള്‍ ഉത്ദിപ്പിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഡൊപാമിനുകളാല്‍ നിറയുന്നു. കഴുത്തില്‍ കയറില്ലാതെ കെട്ടഴിച്ചുവിടുന്ന മാടുകളെപ്പോലെ ഞാനെന്റെ പ്രണയങ്ങളെ മേയാന്‍ വിടുന്നു. പരസ്പരം തൊടാതിരിക്കുന്നതിന്റെ പരവേശം നാല്‍പ്പതുഡിഗ്രിയില്‍ കവിഞ്ഞ ചൂടായി ഒറ്റമുറികളില്‍നിന്ന് ഒറ്റമുറികളിലേക്ക് പരക്കുന്നു. സമയം തെറ്റുന്നു. ഇന്നേതാണാഴ്ചയെന്ന് പറയുന്നവര്‍ക്ക് സമ്മാനം എന്ന വാട്സാപ്പുസന്ദേശങ്ങള്‍ വരുമ്പോള്‍ മാത്രം ദിവസത്തിന്റെ പേരോര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. ഓര്‍ത്തെടുത്താലും ആ ദിവസങ്ങള്‍ക്ക് ആ ദിവസങ്ങളുടേതുമാത്രമായ രുചിയില്ലാതെ അവ മറക്കുന്നു. പുല്ലുതിന്നാന്‍ പോയ പശുക്കള്‍ സമയം തെറ്റാതെ തിരിച്ചുവരുന്നതുകാണുന്നു. സമയം തെറ്റാതെ കാക്കകള്‍ അവയുടെ സ്ഥിരം രഹസ്യകോഡുകള്‍ കൈമാറുന്നത് കാണുന്നു. ലോകം ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്ന് പൂച്ചകള്‍ വൈകിയുണരുന്നു. വെയില്‍ നൂറ്റാണ്ടുകള്‍ താണ്ടിയ താപസിയെപ്പോലെ മരത്തണലുകളെ കൂട്ടിക്കൊണ്ടുപോകുന്നു. ജനല്‍പ്പാളികളടച്ച് ഒരേ സീക്വന്‍സിലുള്ള കാഴ്ചകള്‍ ഞാന്‍ റദ്ദുചെയ്യുന്നു. പുസ്തകങ്ങളെനിക്ക് സ്വാസ്ഥ്യം തരുന്നില്ല. അവ ഉണ്ടായിരുന്ന ലോകത്തെക്കുറിച്ചുമാത്രം സംസാരിക്കുന്നു. റദ്ദായിപ്പോകുന്ന ലോകത്തിന്റെ ഭാഷ അന്വേഷിച്ച് ഞാന്‍ ക്ഷീണിക്കുന്നു. ഏതെഴുത്തും വായന കഴിഞ്ഞു പരക്കുന്ന ശൂന്യതയെക്കൂടി ഉള്ളടക്കം ചെയ്യുന്നുവെന്നുതോന്നും. ഏതു ചിത്രവും നിര്‍ദേശിക്കപ്പെട്ട അര്‍ത്ഥമാനങ്ങള്‍ക്കു പുറത്തേക്കു കടക്കാനുള്ള താക്കോല്‍ കൂടി കരുതുന്നുവെന്നുതോന്നും. വേനലവധിക്കുശേഷം സ്‌കൂള്‍ തുറന്നപോലെ പെട്ടെന്ന് വാചാലമായേക്കും ചിലപ്പോള്‍ പുസ്തകങ്ങളും വാര്‍ത്തകളും ചിത്രങ്ങളും. ചിത്രപ്പകര്‍പ്പുകള്‍ കണ്ടാണ് നമ്മള്‍ വെലാസ്‌കസിനെയും ഫ്രാന്‍സിസ് ബേക്കണെയും ഫ്രിഡ കാഹ്ലോയെയും അറിഞ്ഞത്. ഗോഗിന്റെ മഞ്ഞവെയില്‍ത്തോപ്പുകളില്‍ ഉലാത്തിയത്. നേരിട്ട് കാണണം എന്ന ആഗ്രഹമാണ് എല്ലാ കലാമ്യൂസിയങ്ങളുടെയും നിലനില്പിന് പിന്നില്‍. കോവിഡ് ലോക്ഡൗണ്‍ കാലം മ്യൂസിയങ്ങളിലേക്ക് ഫ്രീ വെര്‍ച്വല്‍ ടൂറുകള്‍ നടത്തുന്നു. അങ്ങനെ 'യാഥാര്‍ത്ഥ്യ'മായിരുന്ന മ്യൂസിയങ്ങള്‍കൂടി പ്രതീതികളായി പുന:രവതരിക്കുന്നു. വായിച്ചു പകുതിക്കുവെച്ച കുന്ദേരയിലേക്ക് കോവിഡ് വാര്‍ത്തകളുടെ കാനേഷുമാരി കടന്നുവരുന്നു. ഗര്‍ണിക്കയിലെ രൂപരഹിതമായ രൂപങ്ങളുടെ കൊളാഷ് വാര്‍ത്താമുറികളുടെ ചുവര്‍ചിത്രമാവുന്നു. ഭാഷ കലങ്ങിയ ബാബേല്‍നഗരം മനസ്സിലും ശരീരത്തിലും മുളച്ചുപൊങ്ങുന്നു. ഞാന്‍ അതിര്‍ത്തികളില്ലാത്ത രോഗഭീതിക്ക് നടുവില്‍ സ്വയം അതിര്‍ത്തി തീര്‍ത്തിരിക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും സ്‌കോര്‍ ബോര്‍ഡുകള്‍ നോക്കാതായി. ആപല്‍ക്കാലത്തെ അനൗണ്‍സ്മെന്റുകള്‍ തെരുവിലൂടെ പോകുന്ന ഒച്ചകേള്‍ക്കാം. ശുചിത്വസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന കലാപ്രകടനങ്ങളും കടന്നുപോകുന്നു. സമാധാനപ്രിയരായ പോലീസുകാര്‍ കടന്നുപോവുന്നു. തടവറകളുടെ ഉപമയിപ്പോള്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു. അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് താമസിച്ച കുറ്റത്തിന് തടവിലായ കിംകി ഡുകിന്റെ 'ത്രീ അയേണ്‍' സിനിമയിലെ തയെ സുക് എന്ന കഥാപാത്രത്തെപ്പോലെ തടവുമുറിയുടെ ചതുരത്തില്‍ ശരീരത്തെ വിന്യസിക്കാന്‍ തോന്നുന്നു. ക്വാറന്റൈന്‍ മുറിയെ നൃത്തവേദിയാക്കാന്‍ തോന്നുന്നു. തന്റെ ശിക്ഷാകാലാവധിക്കുശേഷവും ജയിലിലേക്കുതന്നെ തിരിച്ചുവരാനാഗ്രഹിക്കുന്ന വേണു ഐസക്കിന്റെ 'മുന്നറിയിപ്പി'ലെ രാഘവന്‍ എന്ന കഥാപാത്രത്തെപ്പോലെ ഈ തടവുജീവിതത്തെ പതുക്കെപ്പതുക്കെ ഇഷ്ടപ്പെട്ടുമിരിക്കുന്നു. ഉറക്കത്തില്‍ ഉയരപ്പേടികള്‍ ചെങ്കുത്തായ കുന്നുകളില്‍നിന്ന് താഴേക്ക് താഴേക്ക് എടുത്തെറിയുന്നു. ജലാശയങ്ങളിലേക്ക് ഊര്‍ന്നൂര്‍ന്നുപോവുന്നു. ഉണരുമ്പോള്‍ കരയ്ക്കടിഞ്ഞതുപോലെ നനഞ്ഞൊട്ടിയ ദേഹം. നേരക്കൂടുതലിന്റെ ആനുകൂല്യം ശരീരത്തിലേക്കുതന്നെയുള്ള മടക്കം കൂടിയാണ്. പലയിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ആനന്ദത്തിന്റെ താക്കോലുകള്‍ അപ്പോള്‍ കണ്ടുകിട്ടിയേക്കാം. പുതുതായി കിളിര്‍ത്ത വെള്ളിരോമം നിങ്ങളുടെ പ്രായഘടനയുടെ പുതിയതാളം പരിചയപ്പെടുത്തിയേക്കാം. അടഞ്ഞുകിടപ്പ് അവസാനിക്കുന്ന ദിവസത്തെപ്പറ്റി മുന്‍കൂട്ടി അറിയാം. എങ്കിലും ആ ദിവസം ഒരിക്കലും വന്നെത്താത്ത ഒന്നായിരിക്കുമോ? ആ ദിവസത്തിലേക്കുള്ള കാത്തിരിപ്പു മാത്രമായിത്തീരുമോ ഇനിയുള്ള കാലം? തുടങ്ങി, ശുഭാപ്തിവിശ്വാസമില്ലാത്ത ഒരാളായി മാറിയിരിക്കുന്നു എന്റെ ലോകപൗരത്വം. തുറക്കപ്പെടുന്ന ലോകം ഇനിയൊരിക്കലും പഴയതുപോലെ തുടരാന്‍ കഴിയാത്തവിധം മാറിപ്പോയേക്കുമോ? താക്കോല്‍ മറന്നുപേക്ഷിക്കേണ്ടിവന്ന സ്യൂട്ട്കേസുപോലെ അക്കാലം വഴിയിലുപേക്ഷിക്കപ്പെടുമോ? അതിനുള്ളില്‍ ജീര്‍ണിച്ചവസാനിക്കുമോ നമ്മളോരോരുത്തരും കരുതിവെച്ച സാമൂഹികശരീരം? ഡുകിന്റെ തന്നെ 'ഹ്യൂമന്‍ സ്പേസ് ടൈം ആന്റ് ഹ്യൂമന്‍' എന്ന സമീപകാലചിത്രത്തിലേതുപോലെ പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ വിട്ട് വാനിലൂടൊഴുകുന്ന കപ്പലായി ജീവിതം മാറുമോ? കരുതല്‍ധാന്യങ്ങള്‍ തീര്‍ന്ന് മനുഷ്യര്‍ പരസ്പരം തിന്നുതീര്‍ന്നുപോകുന്ന ആ കപ്പല്‍രാജ്യം സമാഗതമാവുമോ? അത്തരം പേടികള്‍ പേടിക്കാനുള്ള സമയം കൂടി ഞാന്‍ അളന്നെടുക്കുന്നു. കോവിഡാനന്തര ലോകരാഷ്ട്രങ്ങള്‍ എങ്ങനെയാവും തകര്‍ന്ന സമ്പദ്ഘടനകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക? നിലച്ചുപോയ കപ്പല്‍ച്ചാലുകള്‍ പുന:സൃഷ്ടിക്കുക? മുട്ടിലിഴയുന്ന ചെറുരാജ്യങ്ങള്‍? തെരുവില്‍ മരിച്ചുവീഴുന്ന മനുഷ്യരുള്ള നാടുകള്‍? നഗരം വിട്ടുപോയ അസംഘടിത തൊഴിലാളികള്‍ തിരിച്ചുവരുമോ? അവരുടെ കുഞ്ഞുങ്ങളുടെ കണ്ണിലെ തിളക്കം? മരിച്ചവരുടെ ബന്ധുക്കള്‍ മരണം മറന്ന് ചിരിക്കാന്‍ തുടങ്ങുമോ? മരണസംഖ്യകളും രോഗപീഡക്കണക്കുകളും തണുപ്പുറഞ്ഞ ആതുരാലയങ്ങളും ഒരു നീണ്ട കഥയിലേതുപോലെ കള്ളമായേക്കുമോ? നടക്കാനിരിക്കുന്നത് അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള യുദ്ധങ്ങളാവുമോ? പകര്‍ച്ചവ്യാധി തന്നെയും മനുഷ്യന്‍ മനുഷ്യകുലത്തെ ഉന്നംവെച്ച ജൈവായുധമോ? പകര്‍ച്ചവ്യാധിക്ക് മതവും ജാതിയുമുണ്ടോ? അതിന് യുദ്ധകാലനുണകളുടെ രാഷ്ട്രീയമുണ്ടോ? എനിക്കൊന്നുമറിയില്ല. ഞാന്‍ ഭാവനയുടെ എളിയ കൊത്തുപണിക്കാരന്‍. ഇപ്പോള്‍ കൈയ്യെത്തിപ്പിടിക്കാനാവാത്ത എന്റെ ചായക്കടകളെ, വായനശാലകളെ, നിശാസദസ്സുകളെ, രാത്തെരുവുകളെ ജീവിതം ജീവിതയോഗ്യമാക്കിയിരുന്ന ആള്‍പ്പെരുമാറ്റങ്ങളെ അതേ അളവിലെനിക്ക് അനുഭവിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥയുടെയും അടിയന്തര ഏകാന്തതയുടെയും നടുവിലിരുന്ന് കല ചെയ്യാന്‍ എന്റെ കൈവിറയ്ക്കുന്നു. പകരം ഞാനെന്റെ സമൂഹത്തെ ശരീരത്തില്‍ വരയ്ക്കാന്‍ തുടങ്ങുന്നു. Also Read:


Next Story

Related Stories