TopTop
Begin typing your search above and press return to search.

അരുന്ധതി റോയ് എഴുതുന്നു: ഓഗസ്റ്റ് അഞ്ച്, ഇന്ത്യയ്ക്ക് നാണക്കേടിന്റെ ദിനം

അരുന്ധതി റോയ് എഴുതുന്നു:  ഓഗസ്റ്റ് അഞ്ച്, ഇന്ത്യയ്ക്ക് നാണക്കേടിന്റെ ദിനം

ഇന്നേയ്ക്ക് ഒരു വര്‍ഷം മുന്‍പ് ഓഗസ്റ്റ് അഞ്ചാം തീയതി കാശ്മീരിലെ എഴുപതു ലക്ഷത്തോളം വരുന്ന ജനങ്ങളാണ് ഇന്ത്യന്‍ സൈന്യത്താല്‍ വീട്ടു തടങ്കലില്‍ ആക്കപ്പെട്ടിരുന്നത്. ഏകദേശം പതിമൂവായിരത്തോളം വരുന്ന പ്രക്ഷോഭകരും, കൊച്ചു കുട്ടികളും, കശ്മീരിലെ മുന്‍ മുഖ്യ മന്ത്രി മാരും മറ്റു ഇന്ത്യ അനുകൂല രാഷ്ട്രീയ പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുകയും കരുതല്‍ തടങ്കലില്‍ ആക്കപ്പെടുകയും ഉണ്ടായി, ഇതില്‍ ചിലര്‍ ഇന്നും ആ തടങ്കലില്‍ തന്നെ തുടരുന്നു. ഇതിനു പുറമേ ഓഗസ്റ്റ് നാലാം തീയതി അര്‍ദ്ധ രാത്രി ഫോണുകളും ഇന്റര്‍നെറ്റ് സേവനങ്ങളും വിഛേദിക്കപ്പെട്ടു.

ഓഗസ്റ്റ് ആറാം തീയതി, പാര്‍ലമെന്റില്‍ ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തിനു ഭരണഘടനാപരമായി ലഭ്യമായിരുന്ന വിശേഷാധികാരങ്ങള്‍ റദ്ദു ചെയ്തു കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ഈ നിയമത്തിലൂടെ ഒരു സംസ്ഥാനം എന്ന നിലയില്‍ നിന്നും ഈ പ്രദേശം ലഡാക്ക് എന്നും ജമ്മു കശ്മീര്‍ എന്നും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റപ്പെട്ടു. ഇതിലൂടെ ലഡാക്കിന് സ്വന്തമായി ഒരു നിയമനിര്‍മാണ സംവിധാനം തന്നെ ഇല്ലാതെ വരികയും ന്യൂ ഡല്‍ഹിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ ഈ പ്രദേശത്തെ കൊണ്ടുവരികയും ചെയ്തു. ഇതിലൂടെ കാശ്മീരിന്റെ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെട്ടു എന്നാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളോട് പറഞ്ഞത്. അതായത് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന കശ്മീരിന്റെ സ്വയം ഭരണത്തിനായുള്ള പോരാട്ടങ്ങളും, ഇതിലേക്കായി ബലി കഴിക്കപ്പെട്ട പതിനായിര കണക്കിന് പട്ടാളക്കാരുടെയും, കലാപകാരികളുടെയും, സാധാരണ പൗരന്‍മാരുടെയും ജീവനുകളും ഇതിനോട് ചേര്‍ന്നുണ്ടായ എണ്ണമറ്റ തിരോധാനങ്ങളും ക്രൂരതകളുമെല്ലാം ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കപ്പെട്ടു! ഇത് പോരാതെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഇന്ത്യയുടെ നിയന്ത്രണ രേഖയ്ക്ക് വെളിയില്‍ നില്‍ക്കുന്ന കശ്മീരിലെ മറ്റു പ്രദേശങ്ങള്‍ ആയ പാകിസ്ഥാന്റെ അധീനതയിലുള്ള ആസാദ് കാശ്മീരും, ഗില്ഗിത്, ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളും ഇന്ത്യയുടെ അധീനതയില്‍ കൊണ്ട് വരുന്നതിനായി ജീവന്‍ പോലും ബലി കഴിക്കാന്‍ തയ്യാറാണെന്ന് കൂടി പറയുകയുണ്ടായി. ജമ്മു കശ്മീര്‍ രാജഭരണകൂടത്തിന്റെ കീഴിലായിരുന്നു, ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ്അക്‌സായി ചിന്നിലും അദ്ദേഹം അവകാശം ഉന്നയിച്ചു.

ഇങ്ങനെ പറയുന്നതിലൂടെ ശരിക്കും അദ്ദേഹം അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്, കാരണം ഇദ്ദേഹം സ്വന്തമാക്കും എന്ന് പറയുന്ന ഈ പ്രദേശം മൂന്ന് ആണവ ശക്തികളുടെ അധീനതയില്‍ ആണുള്ളത്. അതുവരെ ഉണ്ടായിരുന്ന വീര പരിവേഷത്തിനൊപ്പം കശ്മീരിനേല്‍പ്പിച്ച ഈ പ്രഹരം കൂടി ആയപ്പോള്‍ നരേന്ദ്ര മോദിയുടെ പ്രഭാവം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ ഒന്നു കൂടി വര്‍ദ്ധിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഈ നീക്കത്തിനെ തുടര്‍ന്നാകാം, പതിവിനു വിപരീതമായി ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അവരുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകളില്‍ ഗില്ഗിത്, ബാല്‍ട്ടിസ്ഥാന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍കൊള്ളിക്കാന്‍ തുടങ്ങി. ഇതെ സമയം ഇന്ത്യ അതിര്‍ത്തി വിഷയങ്ങളിലെ വാക്കുകളിലും പ്രവര്‍്ത്തികളിലും മുന്‍കരുതല്‍ പാലിക്കണം എന്നുള്ള ചൈനയുടെ നിര്‍ദേശത്തെ നമ്മള്‍ ആരും തന്നെ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല.

പോയ വര്‍ഷം കശ്മീരിലെ പ്രശ്‌നങ്ങള്‍ ഒരര്‍ത്ഥത്തിലും അവസാനിച്ചിരുന്നില്ല. ഈ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മുപ്പത്തി നാല് സൈനികരും, 154 കലാപകാരികളും, 17 സാധാരണക്കാരുമാണ് കാശ്മീരില്‍ കൊലചെയ്യപ്പെട്ടത്. കൊറോണ വൈറസ് പ്രതിസന്ധിയില്‍ അകപെട്ടിരിക്കുന്ന ഒരു രാജ്യം ഇത്തരം സംഭവ വികാസങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്നുള്ളത് തികച്ചും സ്വാഭാവികമാണ്. നിശാനിയമവും, പ്രവര്‍ത്തന രഹിതമായ വിവര സാങ്കേതിക വ്യവസ്ഥയും ഈ സംസ്ഥാനത്ത് ജനങ്ങളുടെ ജീവിതത്തിനു മേല്‍ ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. ആശുപത്രി സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം, ജോലി, കച്ചവടം, സ്‌കൂള്‍, ബന്ധു ജനങ്ങളുമായുള്ള സമ്പര്‍ക്കം എന്ന് തുടങ്ങി നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നിന്നും അകലെയാണ്. അമേരിക്ക പോലും ഇറാഖുമായി യുദ്ധം ചെയ്തിരുന്ന കാലത്ത് ഇത്തരം സമീപനം സ്വീകരിച്ചിരുന്നില്ല.

നിശാനിയമങ്ങളോ, വിവര സാങ്കേതിക പ്രശ്‌നങ്ങളോ ഒന്നുമില്ലാതിരുന്നിട്ട് കൂടി ഏതാനും മാസങ്ങളായി നില നില്‍ക്കുന്ന ലോക്ക് ഡൗണ്‍ നമ്മളില്‍ പലരെയും അസ്വസ്ഥരാക്കുകയും മനസ്സിന്റെ സമനില പോലും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സൈനികവത്കരിക്കപ്പെട്ടിരിക്കുന്ന കശ്മീര്‍ പോലൊരു പ്രദേശത്തിനെ കുറിച്ച് ചിന്തിക്കു. കൊറോണ വൈറസ് നമുക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കു മുകളില്‍ നിങ്ങളുടെ തെരുവുകളില്‍ ആകമാനം മുള്ളുവേലികളും, വീടുകള്‍ക്കുള്ളിലേക്കിടിച്ചു കയറി നിങ്ങളുടെ കുടുംബാഗങ്ങളെ മര്‍ദ്ദിക്കുകയും, നിങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്ന സൈനിക ഭടന്മാരും, ഉച്ചഭാഷിണികളില്‍ ഇവര്‍ മര്‍ദ്ദിക്കുന്ന ആളുകളുടെ കരച്ചിലും ഒക്കെയായി ഒരു അന്തരീക്ഷം മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കു. ഇതിനു പുറമേ അറുനൂറിലധികം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ക്കും അനിയന്ത്രിതമായി നീണ്ടു നില്‍ക്കുന്ന നിശാനിയമങ്ങള്‍ക്കും മുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത സുപ്രീം കോടതിയും, പുതുതായി പ്രാബല്യത്തില്‍ വന്ന - ഇന്ത്യന്‍ വംശജര്‍ ആര്‍ക്കും തന്നെ കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ അനുവദിക്കുന്ന - സ്ഥിരതാമസക്കാരൻ ആരെന്ന നിർവചിക്കുന്ന നിയമവും എല്ലാം എന്താണ് സൂചിപ്പിക്കുന്നത്? ഇതേവരെ കശ്മീര്‍ നിവാസികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സ്റ്റേറ്റ് സബ്ജക്ട് സര്‍ട്ടിഫിക്കറ്റിന് ഇന്ന് കശ്മീരില്‍ പ്രസക്തിയില്ല. ഈ രേഖ ഇന്ന് തങ്ങളുടെ സംസ്ഥാനത്ത് ജീവിക്കുന്നതിനു ആവശ്യമായ ഡോമിസില്‍ സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുമ്പോള്‍ ഒരു തിരിച്ചറിയല്‍ രേഖ എന്നത് മാത്രമായേ പരിഗണിക്കപ്പെടുന്നുള്ളൂ. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ലക്ഷ്യം വെയ്ക്കുന്നത് കശ്മീരിലെ ജനതയെ സാംസ്‌കാരികമായി ഉന്മൂലനം ചെയ്യുക എന്നതാണ്.കശ്മീരില്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ള ഡോമിസില്‍ നിയമം വാസ്തവത്തില്‍ ഇന്ത്യയില്‍ ഈ അടുത്ത കാലത്ത്, 2019 ഡിസംബറില്‍, നിലവില്‍ വന്ന ഇസ്ലാം വിരുദ്ധ നിയമങ്ങള്‍ ആയ പൗരത്വ ഭേദഗതി നിയമത്തിന്റെയും, ദേശീയ പൗരത്വ പട്ടികയുടെയും ബാക്കി പത്രം ആണ്. രാജ്യത്ത് കയറി കൂടിയിരിക്കുന്ന ചിതലുകളെ ഉന്മൂലനം ചെയ്യുകയാണ് ഈ നിയമങ്ങളുടെ ഉദ്ദേശ്യം എന്നാണ് അഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. അസ്സമില്‍ ഈ നിയമം ഇപ്പോള്‍ തന്നെ വലിയ പുകിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ദശ ലക്ഷകണക്കിന് മനുഷ്യരാണ് ഈ നിയമത്തെ തുടര്‍ന്ന് പൗരത്വ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്ത് പല രാജ്യങ്ങളും അഭയാര്‍ത്ഥി പ്രശ്‌നം നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ തങ്ങളുടെ സ്വന്തം ജനങ്ങളെ അഭയാര്‍ഥികള്‍ ആക്കി കൊണ്ടിരിക്കുകയാണ്. മുന്‍പ് കണ്ടിട്ടില്ലാത്ത വിധം സ്വദേശം നഷ്ടം ആയവരുടെ എണ്ണം രാജ്യത്തു പെരുകുന്നു. ഇവിടെ പറഞ്ഞ മൂന്നു നിയമങ്ങളും രാജ്യത്തെ സ്വന്തം ജനങ്ങളോട് ആവശ്യപ്പെടുന്നത് പൗരത്വം ലഭ്യമാകുന്നതിലേക്കായി ഒരു കൂട്ടം രേഖകള്‍ ഹാജരാക്കാന്‍ ആണ് (1935ല്‍ നാസികള്‍ ജര്‍മ്മനിയില്‍ കൊണ്ടുവന്ന ന്യൂറംബര്‍ഗ് നിയമവും അവിടുത്തെ പൗരന്‍മാരോട് ആവശ്യപ്പെട്ടതും ഇത്തരത്തില്‍ പൂര്‍വികാവകാശം തെളിയിക്കുന്നതിലേക്കുള്ള രേഖകള്‍ ഹാജരാക്കാനായിരുന്നു).

എന്താണ് ഇതിനെ വിളിക്കേണ്ടത്? ശത്രുവിനെതിരെയുള്ള യുദ്ധം എന്നോ? അതോ മനുഷ്യത്വത്തിനെതിരെ ഉള്ള യുദ്ധം എന്നോ?

അതേപോലെ വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഈ ഒത്തു കളിയുടെയും തെരുവിലെ ആഘോഷങ്ങളുടെയും പേരെന്താണ്? ജനാധിപത്യം എന്നാണോ? ഒരു വര്‍ഷം പിന്നിടുമ്പോള്‍ കശ്മീരിനെ ചൊല്ലിയുള്ള ഈ ആഘോഷ പരിപാടികള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. കാരണം നമ്മുടെ വാതില്‍ക്കല്‍ അസന്തുഷ്ടനായ ഒരു വ്യാളി എത്തിയിരിക്കുന്നു. ഈ കഴിഞ്ഞ ജൂണ്‍ മാസം പതിനേഴാം തീയതി രാജ്യം ഉണരുന്നത് ഒരു കേണല്‍ അടക്കമുള്ള ഇരുപതു ഇന്ത്യന്‍ പട്ടാളക്കാര്‍ ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുഖേന ലഡാക്കിലെ അതി ശൈത്യ പ്രദേശമായ ഗല്‍വാന്‍ താഴ വാരത്തിനടുത്ത് വെച്ചു കൊലചെയ്യപ്പെട്ടു എന്നുള്ള വാര്‍ത്തയും കേട്ട് കൊണ്ടാണ്. തൊട്ടടുത്ത ദിവസം പുറത്തു വന്ന വാര്‍ത്തകള്‍ പറഞ്ഞത് ഗല്‍വാന്‍ അടക്കമുള്ള ഒന്നിലധികം പ്രദേശങ്ങളില്‍ അക്രമം ഉണ്ടായി എന്നാണ്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്ന നൂറു കണക്കിനു ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൈവശം ആക്കി എന്ന വാര്‍ത്ത ശരി വച്ചു. എന്തായിരുന്നു ഇത്? ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത് പോലെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും കൂടാതെയുള്ള ചൈനയുടെ വെറുമൊരു സൈനിക ആക്രമണം ആയിരുന്നോ? അതോ ചൈനക്കാരുടെ ദീര്‍ഘ നാളത്തെ താല്പര്യം ആയിരുന്ന ആസാദ് കശ്മീരിനെയും അക്‌സായ് ചിന്‍ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന വ്യാപാര പാത നിര്‍മ്മിക്കുന്നതിലേക്കുള്ള കാല്‍വെയ്പ്പ് ആയിരുന്നോ? ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രകോപനാത്മകമായ പരാമര്‍ശങ്ങളെ തുടര്‍ന്നുള്ള ചൈനയുടെ പ്രതികരണം ആകാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യ പോലെ ഇത്രയും അധികം ദേശീയവാദികളായ ഒരു സര്‍ക്കാരിനു തങ്ങളുടെ പരമാധികാര പ്രദേശങ്ങളില്‍ ചിലത് നഷ്ടമാകുക എന്നതിനപ്പുറം ഒരപമാനമില്ല. എന്നാല്‍ ഇങ്ങനെ സംഭവിച്ചതായി ഭാവിക്കാന്‍ പാടില്ലല്ലോ! എന്ത് ചെയ്യാന്‍ കഴിയും ഈ സാഹചര്യത്തില്‍? ഇതിനൊരുത്തരം വീണു കിട്ടി. ഗല്‍വാനില്‍ ഏറ്റ പ്രഹരത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രധാന മന്ത്രി മോദി രാജ്യത്തെ അഭിസംഭോധന ചെയ്തു 'ഒരിഞ്ചു ഭൂമി പോലും ആരും കൈവശപ്പെടുത്തിയിട്ടില്ല' എന്നും 'ആരും തന്നെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലേക്ക് നുഴഞ്ഞു കയറിയിട്ടില്ല' എന്നും 'ഒരു സൈനിക താവളങ്ങളും ആരും തന്നെ കൈവശപ്പെടുത്തിയിട്ടില്ല' എന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.

മോഡിയുടെ വിമര്‍ശകന്‍മാര്‍ക്ക് ഇത് കേട്ടിട്ട് ചിരി അടക്കാന്‍ സാധിച്ചില്ല.പക്ഷേ ചൈനീസ് സര്‍ക്കാര്‍ മോഡിയുടെ വാക്കുകളെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. കാരണം അവര്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് മോദി പറഞ്ഞത്! പക്ഷേ മോദിയുടെ വാക്കുകള്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര നിസ്സാരമല്ല. ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ പരസ്പരം സന്ധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നപ്പോഴും, സമൂഹ മാധ്യമങ്ങളില്‍ പലരും ഇന്ത്യയുടെ സൈനിക നടപടികളെ പരിഹസിച്ചു കൊണ്ടിരുന്നപ്പോഴും, ചൈനക്കാര്‍ ഇന്ത്യയുടെ കൈവശം ആയിരുന്ന പ്രദേശങ്ങള്‍ വിട്ടു തരാന്‍ തയ്യാര്‍ അല്ല എന്ന് അറിയിച്ചപ്പോഴുമെല്ലാം ലക്ഷകണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ മോദി ജയിച്ചു! ടിവിയില്‍! ടിവി ആണോ അതോ ടെറിട്ടറി ആണോ വലുത്? അത് നിങ്ങള്‍ അല്ല തീരുമാനിക്കേണ്ടത്!

എങ്ങനെ ഒക്കെ കീറി മുറിച്ചാലും ഇന്ത്യക്കിപ്പോള്‍ രണ്ടു വശത്തും രണ്ടു ശത്രുക്കള്‍ ഉണ്ട്. കിഴക്ക് ചൈനയും പടിഞ്ഞാറു പാകിസ്ഥാനും. ഇതിനു പുറമേ നമ്മുടെ സര്‍ക്കാരിന്റെ അഹങ്കാരം അയല്‍ രാജ്യക്കാരായ ബംഗ്ലാദേശിനെയും, നേപ്പാളിനെയും ആദ്യം തന്നെ നമ്മളില്‍ നിന്നും അകറ്റിയിരുന്നു. ഈ അവസരത്തില്‍ അമേരിക്ക, തങ്ങളുടെ സ്വന്തം പ്രശ്‌നങ്ങള്‍ക്ക് നടുവില്‍, ഇന്ത്യയുടെ രക്ഷക്കായി എത്തും എന്നുള്ളതായിരുന്നു അവകാശ വാദം. അതെയോ? സിറിയയിലും, ഇറാഖിലും ഇവര്‍ കുര്‍ദുകളെ രക്ഷിച്ചത് പോലെ, സോവിയറ്റുകളില്‍ നിന്നും അഫ്ഘാനികളെ രക്ഷിച്ചതുപോലെ, വടക്കന്‍ വിയത്‌നാമില്‍ നിന്നും തെക്കന്‍ വിയത്‌നാമിനെ രക്ഷിച്ചത് പോലെ ഇവര്‍ നമ്മളെയും രക്ഷിക്കാന്‍ വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ! ഈ കഴിഞ്ഞ രാത്രി ഒരു കശ്മീരി സുഹൃത്ത് എനിക്കൊരു സന്ദേശം അയച്ചു. 'ഇന്ത്യയും പാകിസ്ഥാനും ചൈനയും ഞങ്ങളുടെ തലയ്ക്കു മുകളില്‍ നിന്ന് കൊണ്ട് ഒരു യുദ്ധത്തിനു തയ്യാര്‍ എടുക്കുക ആണോ' എന്നതായിരുന്നു ചോദ്യം. ഇത് സംഭവിച്ചു കൂടാത്ത ഒന്നല്ല. കാരണം ഈ മൂന്നു രാജ്യങ്ങളും മനുഷ്യത്വത്തെ മുന്‍ നിര്‍ത്തി അ.തില്‍ നിന്നും ഒഴിവാകാന്‍ സന്മനസ് ഉള്ളവരല്ല.

ഔദ്യോഗികമായി ഒരു യുദ്ധ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ തന്നെയും ചൈനയുടേതിനു സമാനമായ യുദ്ധ കോപ്പുകളുമായി ഒരു സൈന്യത്തെ ലഡാക്കില്‍ നിര്‍ത്തുക എന്നതിനു പോലും ഇന്ത്യ ഇപ്പോള്‍ ചിലവിടുന്ന പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടി ചിലവിടേണ്ടതായിവന്നേക്കാം. ഒരു പക്ഷേ അതില്‍ കൂടുതല്‍. ഈ അവസരത്തില്‍ ഒരു യുദ്ധം ആരംഭിക്കുക എന്നു വെച്ചാല്‍ ആദ്യമേ തന്നെ ( കോവിഡിനു മുന്‍പ്) താഴേക്ക് പൊയ്‌ക്കോണ്ടിരുന്ന ഒരു സമ്പദ് ഘടനയുടെ (തൊഴിലില്‍ ഇല്ലായ്മ നാല്പത്തിയഞ്ച് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തോതില്‍) മുകളില്‍ ഏല്‍പ്പിക്കുന്ന അവസാനത്തെ പ്രഹരമായി മാറാനാണ് സാധ്യത. ഇപ്പോള്‍ കോവിഡിനു ശേഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 3.2 മുതല്‍ 9.5 ശതമാനം വരെ താഴേക്കു പോയേക്കാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഈ മത്സരത്തില്‍ മോദി ഇപ്പോള്‍ അത്ര നല്ല ഒരു സ്ഥാനത്തല്ല നില്‍ക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഓഗസ്റ്റ് ആദ്യ വാരം മറ്റു ചില നേട്ടങ്ങളും നമുക്ക് സമ്മാനിച്ചു. യാതൊരു മുന്നറിയിപ്പുകളും കൂടാതെ നടപ്പാക്കിയ ലോക്ക് ഡൗണിനു ശേഷവും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്, കൊറോണ പരിശോധനകളുടെ എണ്ണം കുറവായിട്ടു കൂടിയും ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള രാജ്യം എന്ന അവസ്ഥയിലേക്ക് നമ്മള്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കൊറോണ രോഗികളുടെ കൂട്ടത്തില്‍ നമ്മുടെ സര്‍വ ശക്തനായ ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ ആയ ഇദ്ദേഹം അനുയായികള്‍ പറയുന്ന ചികിത്സ രീതികള്‍ - ഗോ മൂത്രം പാനം ചെയ്യുകയോ, ദിവ്യ ഔഷങ്ങള്‍ പ്രയോഗിക്കുകയോ, ശംഖൊലി മുഴക്കുകയോ, ഹനുമാന്‍ ചാലിസ ഉരുവിടുകയോ, പാത്രങ്ങള്‍ കൂട്ടി മുട്ടിക്കുകയോ, സംസ്‌കൃത ശ്ലോകത്തിന്റെ താളത്തില്‍ ഗോ കൊറോണ ഗോ എന്നു മുദ്രാ വാക്യം വിളിക്കുകയോ ഒന്നും ചെയ്യാതെ രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ച ചികത്സ ( ആധുനിക വൈദ്യ സഹായം) തേടി കൊണ്ട്, മുന്തിയ സ്വകാര്യ ആശുപത്രിയില്‍ സര്‍വ സൗകര്യങ്ങേളാടും കൂടി ചികിത്സയിലാണ്.

ഓഗസ്റ്റ് അഞ്ചാം തീയതി ഇന്ത്യയുടെ പ്രധാന മന്ത്രി എവിടെയായിരിക്കും?

ഇവര്‍ പറയുന്നത് പോലെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിനു ഈ ദിവസം (ഓഗസ്റ്റ് അഞ്ച്) കശ്മീരിലെ ജനങ്ങളുടെ ഇടയില്‍ അവരുടെ സ്‌നേഹോപകാരവും ഏറ്റു വാങ്ങി കൊണ്ട് നില്‍ക്കാമായിരുന്നു. പക്ഷെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപെട്ടിട്ടില്ല. അത് വീണ്ടും പ്രശ്‌നത്തിലേയ്ക്കാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. ലഡാക്ക് ഇന്ന് ഏതാണ്ട് ഒരു യുദ്ധ ഭൂമിയാണ്. അത് കൊണ്ട് മോദി ഇന്ന് അപകടം പിടിച്ച ആ പ്രദേശം വിട്ടിട്ട് വളരെ സുരക്ഷിതമായ ഒരു സ്ഥലത്തേക്കു മറ്റൊരു വാഗ്ദാനം നിറവേറ്റുന്നതിലേക്കായി പോയിരിക്കുകയാണ്. നിങ്ങള്‍ ഈ ലേഖനം വായിക്കുമ്പോഴേക്കും അദ്ദേഹം പുരോഹിതന്‍മാരാല്‍ ചുറ്റപ്പെട്ട്, ഇന്ത്യയിലെ ലക്ഷങ്ങളായ ജനങ്ങളുടെയും സുപ്രീം കോടതിയുടെയും അനുഗ്രഹത്തോടെ അയോധ്യയില്‍ 1992ല്‍ തന്റെ പാര്‍ട്ടി അംഗങ്ങളുടെ ഒത്താശയോട് കൂടി തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് എന്ന് പേരായ പള്ളി നിന്നിരുന്ന സ്ഥലത്ത് റാം മന്ദിര്‍ നിര്‍മ്മിക്കുന്നതിനായുള്ള തറക്കല്ലിടുന്ന ചടങ്ങില്‍ സന്നിഹിതനായിരിക്കും. അതൊരു നീണ്ട യാത്രയായിരുന്നു. നമുക്കതിനെ ഇഛാശക്തിയുടെ വിജയം ആയി കണക്കാക്കാം. ലോക്ക് ഡൌണ്‍ ആണെങ്കിലും അല്ലെങ്കിലും ഇന്ന് ഞാന്‍ ഈ ലേഖനം എഴുതി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ആ മുഹൂര്‍ത്തത്തിനായുള്ള തയ്യാറെടുപ്പുകള്‍ എനിക്കിവിടെ കാണാന്‍ സാധിക്കുന്നുണ്ട്. തീരെ നിഷ്‌കളങ്കരോ അല്ലാത്ത പക്ഷം തീവ്ര ആശയ വാദികളോ മാത്രമേ ഇതൊന്നും രാജ്യത്തിന്റെ പട്ടിണിക്കും തൊഴിലില്ലായ്മക്കും പരിഹാരമകില്ല എന്നുള്ള വിശ്വാസം കാത്തു സൂക്ഷിക്കുന്നവരായി ഉണ്ടാകുള്ളൂ. ഇപ്പോള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന റാം മന്ദിര്‍ ഇന്ത്യയിലെ ലക്ഷകണക്കിന് വരുന്ന ഹിന്ദു വിശ്വാസികളുടെ വിശ്വാസത്തിന്റെ പ്രശ്‌നം കൂടിയാണ്.

2019 ഓഗസ്റ്റ് മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 365 ദിവസങ്ങള്‍ക്കിടയില്‍ ഉള്ള സംഭവങ്ങള്‍ - കാശ്മീരിനെ ഇന്ത്യയുമായി ഏകോപിപ്പിച്ചതും, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയുടെ നടപ്പാക്കല്‍, റാം മന്ദിര്‍ ഉദ്ഘാടനം - എല്ലാം തന്നെ മോദിയുടെ നേതൃത്വത്തിലുള്ള ഒരു ഹിന്ദു രാജ്യത്തിലേക്കുള്ള കാല്‍വെയ്പ്പായി തീര്‍ച്ചയായും കണക്കാക്കാം. എന്നാല്‍ ഉച്ചത്തിലുള്ള ഈ നയ പ്രഖ്യാപനങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന തോല്‍വികളും ഉണ്ട്. പകിട്ടോടു കൂടി തുടങ്ങി വെച്ചതെല്ലാം നന്നായി പര്യവസാനിച്ചു കൊള്ളണം എന്നുമില്ല. വെറും 17.2 ശതമാനം ആളുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വേണ്ടി വോട്ട് ചെയ്തതെന്നു നാം ഓര്‍ക്കുന്നത് നന്നായിരിക്കും.എന്തു കൊണ്ടായിരിക്കാം ഓഗസ്റ്റ് അഞ്ച് എന്നൊരു തീയതി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി മോദിയും സംഘവും തിരഞ്ഞെടുത്തത്? ആ ദിവസം ഹിന്ദു വിശ്വാസ പ്രകാരം കാര്യമായ പ്രാധാന്യം ഒന്നുമുള്ള ദിവസമല്ല. ഇത് കൂടാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ലോക്ക് ഡൌണ്‍ നില നില്‍ക്കുന്നതിനാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിലേക്ക് അധികം ആര്‍ക്കും എത്താനും സാധ്യമല്ല. പിന്നെ എന്ത് കൊണ്ടാകാം ഓഗസ്റ്റ് അഞ്ച് എന്ന ഈ ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത്. കശ്മീരിനേറ്റ മുറിവില്‍ എരിവു തേക്കാനോ? അതോ ചൈനയുമായുള്ള തര്‍ക്കത്തില്‍ മങ്ങിപ്പോയ ഇന്ത്യയുടെ അന്തസ് വീണ്ടെടുക്കാനോ? കാരണം ഇവര്‍ ടിവിയില്‍ കൂടി എന്ത് പറഞ്ഞാലും അതിര്‍ത്തിയില്‍ വമ്പിച്ച ഉപജാപങ്ങള്‍ നടന്നിട്ടുണ്ട്. ലോകക്രമം തന്നെ മാറിമറിയുകയാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് മുന്നേറുക എന്നത് അത്ര എളുപ്പമാകില്ല. അതുകൊണ്ട് ഓഗസ്റ്റ് അഞ്ച് എന്ന തീയതി രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവ് ആയി കണക്കാക്കാനും സാധ്യമാണ്. എതായിരുന്നാലും ഇന്ത്യയും, ചൈനയും, പാകിസ്താനുമെല്ലാം കശ്മീരിന്റെ ആകാശത്ത് യുദ്ധത്തിന് ഒരുമ്പെടുകയാണെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അവിടുത്തെ ജനങ്ങളെ ഓര്‍ക്കുകയെന്നതാണ്.


ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ


Next Story

Related Stories