TopTop
Begin typing your search above and press return to search.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകേണ്ട എന്നുറപ്പുള്ള ഹിന്ദുവാണ് ഞാന്‍, ഭൂരിപക്ഷവാദം മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായ ആശയം

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകേണ്ട എന്നുറപ്പുള്ള ഹിന്ദുവാണ് ഞാന്‍, ഭൂരിപക്ഷവാദം മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായ ആശയം

പരസ്പരവിരുദ്ധമായ രണ്ടു ആശയങ്ങളാല്‍ വിഭജിതമാണ് ഇന്ത്യ ഇന്ന്. ഒരു വശത്ത്, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന വലതുപക്ഷ കക്ഷികള്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്. സര്‍ക്കാരിന്റെ ഈ ഹിന്ദുത്വ അജണ്ടയെ പരാജയപ്പെടുത്താന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന ലിബറലുകളും ന്യൂനപക്ഷങ്ങളും, ഞാനടക്കമുള്ള ഇന്ത്യയുടെ ബഹുമുഖസംസ്‌കാരത്തില്‍ അഭിമാനം ഉള്ളവരായ വ്യക്തികളും ചേരുന്ന കൂട്ടായ്മയാണ് മറുവശത്ത്.

ഇന്ത്യയിലെ ഭൂരിപക്ഷമതം ഹിന്ദുമതമായിരിക്കെത്തന്നെ, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി കാണാത്ത മതേതര ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ മൂല്യങ്ങളെ അനുകരിക്കുന്നവരാണെന്നാണ് വലതുപക്ഷക്കാരുടെ പ്രധാന വിമര്‍ശനം. സ്വന്തം മതത്തിലും ചരിത്രത്തിലും സംസ്‌കാരത്തിലുമുള്ള വിശ്വാസമില്ലായ്മയാണ് ഈ അനുകരണത്തിനു നമ്മെ പ്രേരിപ്പിക്കുന്നതെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.

എന്നാല്‍ സത്യമിതല്ല. ഹിന്ദുവായി ജനിച്ച ഞാന്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകരുതെന്നു ഉറച്ചു വിശ്വസിക്കുന്നതിനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്.

ആദ്യമായി, ഒരു മതേതര രാജ്യമായ ഇന്ത്യയില്‍, ഞാന്‍ വെറും ഒരു ഹിന്ദുവെന്നതിലപ്പുറമാണ്. ഹിന്ദുവാകുന്നതിനോടൊപ്പം ഞാന്‍ ക്രിസ്ത്യാനിയും സിഖും മുസ്ലീമും പാഴ്‌സിയും ബുദ്ധിസ്റ്റും ജൈനനുമെല്ലാമാണ്. നമ്മിലുള്ള ഈ നാനാത്വത്തെയാണ് ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ നോക്കുന്നത്. ഒരുമയോടെ, ഐക്യത്തോടെ ജീവിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കുന്നതിനു പകരം അവര്‍ നമ്മെ വിഭജിച്ചു വ്യത്യസ്ഥരാക്കാന്‍ ശ്രമിക്കുന്നു. എല്ലാ ഇന്ത്യക്കാരുടെയും മതങ്ങളെയും ആഘോഷങ്ങളെയും ഭക്ഷണരീതികളെയും ഗുരുക്കന്മാരെയും ഭാഷകളെയും സംസ്‌കാരങ്ങളെയും സ്വന്തമെന്നു അംഗീകരിച്ചു ആസ്വദിക്കുന്ന എന്നെപോലെ ഒരാള്‍ക്ക് വിഭജനത്തിന്റെ ഈ രാഷ്ട്രീയം സ്വീകാര്യമല്ല.

രണ്ടാമതായി, ഭൂരിപക്ഷവാദം മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായ ഒരാശയമാണ്. ഒരു പ്രത്യേക തരം ആളുകള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെന്നുള്ളത് ഒരിക്കലും ബാക്കിയുള്ളവരെ അപ്രസക്തരാക്കുന്നില്ല. പല തലത്തിലുള്ള ന്യൂനപക്ഷങ്ങള്‍-ഇടംകൈയ്യന്മാര്‍, എല്‍.ജി.ബി.ടി.ക്യൂ വിഭാഗക്കാര്‍, ആര്‍.എച് നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ- ഏതു ജനവിഭാഗത്തിലും ഉണ്ടാകും. ഒരാളുടെ ജനനം മാത്രമാണോ അയാളുടെ പ്രസക്തി നിശ്ചയിക്കാനുള്ള അളവുകോല്‍? ഇനി മതമാണ് മാനദണ്ഡമെങ്കില്‍, ദൈവത്തിന്റെ സൃഷ്ടികളെ അളക്കാന്‍ നമുക്കെന്തു യോഗ്യത?

എല്ലാത്തരം മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് വികസിതസമൂഹം. അത് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടേതായ ഇടം കൊടുക്കുകയും ഒരേസമയം അവയുടെ വ്യതിരിക്തതകളെയും വൈവിധ്യത്തെയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങളെ വേട്ടയാടുകവഴി കൂടുതല്‍ അധികാരം സ്വന്തമാക്കാമെന്നു സ്വപ്നം കാണുന്നവരാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കക്ഷികളും അവരുടെ അനുയായികളും. സാമൂഹിക-സാമ്ബത്തിക ശ്രേണിയുടെ താഴെത്തട്ടില്‍ നില്‍ക്കുന്ന ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുമ്ബോള്‍ ഇന്ത്യക്കാരെ ഒന്നാകെയാണ് ഇക്കൂട്ടര്‍ നാണം കെടുത്തുന്നത്.

മൂന്നാമതായി, ആര്‍.എസ്.എസ് -ബി.ജെ.പി സംഘം മുന്നോട്ടു വയ്ക്കുന്ന ഹിന്ദുമതത്തിന്റെ സങ്കുചിതമായ നിര്‍വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിശാലവും ബഹുമുഖവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപരവും അതിരുകളില്ലാത്തതുമായ ഹിന്ദു മതത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ആത്മജ്ഞാനം തേടുന്ന, ആചാരങ്ങളെ തള്ളിക്കളയുന്ന ഒന്നാണ്. ഒരു ഹിന്ദുമതവിശ്വാസിയുടെ അന്വേഷണം തുടങ്ങുന്നതും ഒടുങ്ങുന്നതും ചോദ്യങ്ങളിലാണ്. ഇതില്‍ കേവലസത്യങ്ങളോ സ്ഥായിയായ ശരിതെറ്റുകളോ ഇല്ല. കര്‍മ്മവും കര്‍മ്മഫലങ്ങളും മാത്രമാണ് ഇതിലെ സത്യം. രാമനും രാവണനും ആരാധിക്കപ്പെടുന്ന, ദൈവങ്ങള്‍ മനുഷ്യരാകുന്ന സംസ്‌കാരമാണ് എന്റേത്. അവിശ്വാസികളോ അജ്ഞേയവാദികളോ ആയ ഗുരുക്കന്മാരും രചയിതാക്കളില്ലാത്ത വിശുദ്ധ ഗ്രന്ഥങ്ങളും എന്റെ സംസ്‌കാരത്തിന്റെ സവിശേഷതകളാണ്.

എന്നാല്‍ വലതുപക്ഷ വ്യാഖ്യാനത്തിലുള്ള ഹിന്ദുമതം വളരെ വ്യത്യസ്തമാണ്. അത് ഏകപക്ഷീയവും, ജാതീയവും, സ്ത്രീവിരുദ്ധവുമായ ഒരു വിശ്വാസരീതിയാണ്. ഹിന്ദു മതത്തിന്റെ വികലമായ ഈ വ്യാഖ്യാനം പലതിനു ചുറ്റും നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നു. പശു, ബീഫ്, ഹിന്ദി, അമ്ബലങ്ങള്‍, ആര്‍ത്തവം, പ്രാര്‍ത്ഥന, പേരുകള്‍, വിവാഹം, വസ്ത്രധാരണം, ലൈംഗികത, ആചാരങ്ങള്‍, ജീവിതശൈലി എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങളില്‍ സങ്കുചിത മനോഭാവം പുലര്‍ത്തുന്ന, (ഇന്ന് വളര്‍ന്നു വരുന്നത് ഹിന്ദുമതം ആണോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു.) ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന, അരക്ഷിതരായ എന്നാല്‍ അധികാരമുള്ള പുരുഷന്മാര്‍ ഉണ്ടാക്കിയെടുത്ത വിചിത്രവും, അരാജകവും രാഷ്ട്രീയപ്രേരിതവുമായ ഒരു വ്യാജമതം ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നാലാമതായി, ചരിത്രത്തിന്റെ നിഴലില്‍ ഒതുങ്ങി ജീവിക്കുക എന്നത് ആധുനിക സമൂഹങ്ങള്‍ക്ക് ഭൂഷണമല്ല. പല കാലങ്ങളിലായി ഇന്ത്യയെ വിദേശ ശക്തികള്‍ അക്രമിച്ചപ്പോഴും വിഭജനകാലത്തും ഹിന്ദുക്കള്‍ ദുരിതം അനുഭവിച്ചിട്ടുള്ളതിനാല്‍ അതിന്റെ ശിക്ഷ മറ്റുള്ളവര്‍ ഇന്ന് അനുഭവിക്കണമെന്നുള്ളത് തീര്‍ത്തും യുക്തിരഹിതവും അന്യായവുമായ വാദഗതിയാണ്. ഒരു സമൂഹം എന്നുള്ള നിലയ്ക്ക് നാം മുന്നോട്ടു പോകണമെങ്കില്‍ നമ്മുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്;അല്ലാതെ ആവര്‍ത്തിക്കുകയല്ല.

ഞാന്‍ വീണ്ടും വ്യക്തമാക്കുകയാണ്. സര്‍വ മതങ്ങളെയും ഉള്‍കൊള്ളുന്ന ഒരിന്ത്യയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത് ഒരിക്കലും പടിഞ്ഞാറന്‍ മൂല്യങ്ങളുടെ അനുകരണമല്ല. (നമ്മുടെ സംസ്‌കാരം പോലെ പടിഞ്ഞാറന്‍ സംസ്‌കാരത്തിനും ഗുണദോഷങ്ങളുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.) എന്റെ വിശ്വാസങ്ങളെക്കുറിച്ചു പൂര്‍ണ്ണബോധ്യമുള്ളപ്പോഴും ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭരണഘടനയില്‍ 'മതേതരം' എന്നുള്ള പദമുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിതം ആസ്വദിക്കാനുള്ള അവകാശമാണ് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

നമ്മെ ഇന്ത്യക്കാരാക്കുന്ന കാതല്‍ നഷ്ടപ്പെട്ടാല്‍ ഇന്ത്യയെന്ന ആശയത്തില്‍ അവശേഷിക്കുന്നത് പിന്നെന്താണ്?

കടപ്പാട്: eShe

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories