TopTop
Begin typing your search above and press return to search.

ഏഷ്യനെറ്റിനെയും മീഡീയാ വണ്ണിനെയും നിരോധിച്ച ഉത്തരവുകളില്‍ ഉണ്ട് ഫാസിസത്തിന്റെ സവിശേഷതകള്‍, നമ്മൾ എങ്ങനെയാണ് പക്ഷെ ഇതിനെ പ്രതിരോധിക്കുന്നത്?

ഏഷ്യനെറ്റിനെയും മീഡീയാ വണ്ണിനെയും നിരോധിച്ച ഉത്തരവുകളില്‍ ഉണ്ട് ഫാസിസത്തിന്റെ സവിശേഷതകള്‍, നമ്മൾ എങ്ങനെയാണ് പക്ഷെ ഇതിനെ പ്രതിരോധിക്കുന്നത്?

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ചാനലാണ് ഏഷ്യാനെറ്റ്. മലയാളത്തില്‍ സമീപ കാലത്ത് വ്യത്യസ്ത നിലപാടുകളിലൂടെ ശ്രദ്ധേയമായ ചാനലാണ് മീഡിയവണ്‍. രണ്ടും കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍. ഈ രണ്ട് ചാനലുകള്‍ക്കാണ് നരേന്ദ്ര മോദിയുടെ ഭരണകൂടം രണ്ട് ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള സൂചനകളില്‍ ഡല്‍ഹി കലാപം ഭരണകൂടത്തിന് ഇഷ്ടപെടാത്ത രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് വിലക്ക് കിട്ടിയ രണ്ട് മാധ്യമങ്ങളും മലയാളത്തില്‍നിന്നുള്ളതാണ്. പല മാധ്യമങ്ങള്‍ക്കും പല രീതിയില്‍ പല സമയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനെക്കാളൊക്കെ രാഷ്ട്രീയ സവിശേഷത ഈ വിലക്കിനുണ്ട്. അതിന് കാരണം ഇവയെ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലെ വാക്കുകളാണ്. നിരോധന ഉത്തരവില്‍ പറയുന്ന കാര്യങ്ങളെ ഡീ കോഡ് ചെയ്ത് എടുത്താല്‍ ആര്‍എസ്എസ് നടപ്പിലാക്കുന്ന ഫാസിസത്തിന്റെ രൂപരേഖ കാണാം.

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍നിന്ന് ആര്‍എസ്എസ് ഭരണത്തെ വ്യത്യാസപ്പെടുത്തുന്നതെന്തെന്ന ചോദ്യത്തിന് വിഖ്യാത സാമ്പത്തിക ശാസ്ത്രകാരന്‍ പ്രഭാത് പട്‌നായിക്ക് നല്‍കിയ ഉത്തരം, അന്ന് ആള്‍ക്കൂട്ട ആക്രമി സംഘം ഉണ്ടായിരുന്നില്ലെന്നതാണ്. ഇന്ന് ഫാസിസത്തിന്റെ നടത്തിപ്പുകാര്‍ ആര്‍എസ്എസ്സും അതുപോലുള്ള കൊടും വര്‍ഗീയ സംഘങ്ങളാണ്. അതാണ് വ്യത്യാസം. ആ വ്യത്യാസം നിങ്ങള്‍ക്ക് മീഡിയ വണ്ണിനെ നിരോധിച്ച ഉത്തരവില്‍ കാണാം. മീഡിയ വണ്ണിന് നിരോധനം വിധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഒരിടത്ത് സംശയമൊന്നും ഇല്ലാതെ ഇന്ത്യയുടെ വാര്‍ത്ത വിതരണ വകുപ്പ് പറയുന്ന കാര്യം അവര്‍ ആര്‍എസ്എസ്സിനോട് വിമര്‍ശനാത്മക സമീപനം പുലര്‍ത്തിയെന്നതാണ്. ഇത്തരം ഒരു ഉത്തരവ് ഇന്ന് ജനാധിപത്യം എന്ന വിളിക്കപ്പെടുന്ന ഒരു രാജ്യത്ത് മാത്രമെ ഇറങ്ങൂ അത് മോദി ഭരിക്കുന്ന ഇന്ത്യയിലാണ്. അടുത്ത കുറ്റം മീഡിയ വണ്‍ ചെയ്തത് ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചുവെന്നതാണ്. പൊലീസിനെയും ഇപ്പോഴത്തെ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആര്എസ്എസ് എന്ന സംഘടനയെയും വിമര്‍ശിക്കുന്നത് ഒരു പ്രധാനപ്പെട്ട മാധ്യമ സ്ഥാപനത്തെ നിരോധിക്കുന്നതിന് തുല്യമായ കുറ്റമാണെന്ന പ്രഖ്യാപനം, ഇന്ത്യയില്‍ അടിയന്തരവാസ്ഥ കാലത്തുപോലും ഉണ്ടാകാത്തതാണ്. അന്ന് മാധ്യമങ്ങള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞു എന്ന പഞ്ച് ഡയലോഗ് നടത്തിയ ആര്‍എസ്എസ്സിന്റെ പ്രിയ പുത്രന്‍ എല്‍ കെ അദ്വാനി ഇപ്പോഴും ഡല്‍ഹിയിലുണ്ട്. അങ്ങനെ മുട്ടിലിഴയാന്‍ തയ്യാറാകാത്ത മാധ്യമങ്ങളെയാണ് മോദി ഭരണ കൂടം രണ്ട് ദിവസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റിന് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കേണ്ടതാണ്. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു സമുദായത്തോട് ചേര്‍ന്നുനിന്നു എന്നാണ് പറയുന്നത്. ഒരു സ്ഥലത്ത് ഹിന്ദുത്വവാദികള്‍ ബോധ പൂര്‍വം സൃഷ്ടിച്ചെടുത്ത കലാപത്തില്‍ ഒരു സമൂദായത്തില്‍പെട്ടവര്‍ ആക്രമിക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തുവെന്നതാണ് നിരോധനത്തിന് കാരണമായി മോദിയുടെ മന്ത്രാലയം കണ്ടെത്തിയ കുറ്റം. അതായത് റിപ്പോര്‍ട്ടിംങ് എന്നത് നടന്ന സംഭവങ്ങള്‍ പറയുകയല്ല, മറിച്ച് ഭരണകൂടത്തിന്റെ നിലപാടിനൊപ്പിച്ച് പറയുകയാണ് വേണ്ടതെന്നാണ് നിരോധന ഉത്തരവിലൂടെ മോദി സര്‍ക്കാര്‍ മാധ്യമങ്ങളോട് പറയുന്നത്. ഹിന്ദുത്വത്തിന് നിരക്കാത്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നതാണ് ഇതില്‍നിന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ചാനലുകള്‍ക്കെതിരെയുള്ള കുറ്റപത്രം അവര് യാഥാര്‍ത്ഥ്യത്തെ അതേരീതിയില്‍ വാര്‍ത്തകളായി അവതരിപ്പിച്ചുവെന്നതാണ്. അത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇനി അനുവദിക്കില്ലെന്നതിന്റെ സൂചനയാണ് മോദി ഭരണകൂടം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് എടുത്ത ഹിന്ദു രാഷ്ട്രത്തിലേക്ക് നയിക്കുന്ന രീതിയിലുളള നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ കൂടുതല്‍ മേഖലകളില്‍ ഹിന്ദുത്വം പിടിമുറുക്കുന്നുവെന്നതിന്റെ വിളംബരം തന്നെയാണ് ഈ നിരോധനവും അതിനു കാരണമായി നടത്തിയ ഡല്‍ഹിയിലെ മുസ്ലീം ആക്രമണവും.
ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായിട്ടും ഏഷ്യാനെറ്റിനെതിരെ ഇത്ര കടുത്ത നടപടികള്‍ എന്തുകൊണ്ട് ഉണ്ടായി എന്നതിന് വരും ദിവസങ്ങളില്‍ ഉത്തരം ലഭിക്കുമെന്ന് കരുതാം.
സംഗതി ഇത്രയും തെളിഞ്ഞ് വന്നിരിക്കയാണ്. ഇനി എങ്ങനെയാണ് ഒരു ബഹുസ്വര സമൂഹം അതിജീവിക്കുക. മാധ്യമങ്ങള്‍ എന്ത് ചെയ്യും? പൗരസമൂഹം എന്ത് പ്രതിരോധം പണിയും ഫാസിസത്തിനെതിരെ. ഇന്നലെ കേരളത്തിലെ രണ്ട് പ്രധാന ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് മറ്റ് സ്ഥാപനങ്ങള്‍ അതിനോട് പ്രതികരിച്ചതില്‍ നിന്ന് വ്യക്തമാകുന്നുണ്ട് ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മാതൃഭൂമിയില്‍ അത് സംബന്ധിച്ച വാര്‍ത്ത വന്നത്. അപ്പോഴും മലയാള മനോരമ അങ്ങനെ ഒരു വാര്‍ത്ത നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മനോരമയിലും നിരോധന വാര്‍ത്ത വന്നു. എന്തായിരിക്കും ഈ അലസ പ്രതികരണത്തിന് കാരണം? ഭരണകൂടത്തോടുള്ള പേടിയായിയായിരിക്കുമോ, നിരോധിക്കപ്പെട്ടവര്‍ക്ക് വരും ദിവസങ്ങളില്‍ ഇതുമൂലം കുടുതല്‍ ശ്രദ്ധ കിട്ടുമോ എന്ന പ്രൊഫഷണല്‍ ഭീതിയാണോ കാരണം എന്നൊന്നും അറിയില്ല, എന്തായാലും നിരോധന വാര്‍ത്തയോടുള്ള കേരളത്തിലെ മറ്റ് മാധ്യമങ്ങളുടെ സമീപനം ഇതായിരുന്നു. ഇത് കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും പലപ്പോഴും അങ്ങനെതന്നെയായിരുന്നു. കാശ്മിരീല്‍ പല പല കാലങ്ങളില്‍ മാധ്യമങ്ങള്‍ നിരോധിക്കപ്പെട്ടപ്പോഴും, (മാസങ്ങളായി മാധ്യമങ്ങള്‍ ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയല്ല, അതിന് മുമ്പു തന്നെ) അതിനെയൊന്നും ഗൗരവത്തിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. സിബിഐ ജഡ്ജ് ആയിരുന്ന ലോയ ദുരൂഹമായി മരിച്ച വാര്‍ത്ത ദി കാരവന്‍ കൊണ്ടുവന്നപ്പോള്‍ ആ വാര്‍ത്തയ്‌ക്കെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്തകൊണ്ട് പ്രതിരോധം തീര്‍ക്കുകയായിരുന്നു മറ്റ് ചില മാധ്യമങ്ങള്‍ ചെയ്തത്. അത് ചെയ്തത് ആര്എസ്എസ് അനുകൂല മാധ്യമങ്ങളായിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് ഫാസിസം വരുന്നതിന്റെ വരവറിയിച്ചപ്പോഴും ഇപ്പോള്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴും മാധ്യമങ്ങളുടെ പ്രതികരണം സംശയാസ്ദപദമായ രീതിയിലായിരുന്നു. അല്ലെങ്കില്‍ കേരളത്തില്‍ ദശാബ്ദങ്ങള്‍ക്കുളളിലെ ഏറ്റവും വലിയ മാധ്യമ നിരോധനം ഉണ്ടായതിനെ ഇങ്ങനെയാവുമായിരുന്നില്ല മറ്റ് മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടാവുക. അവര്‍ ചിലപ്പോള്‍ അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സര്‍ക്കാരിനെതിരെ നിലപാടിന്റെ ഭാഗമായി കുറച്ചു നേരത്തെക്കെങ്കിലും സംപ്രേഷണം നിര്‍ത്തിവെച്ചേനെ. എന്നാ ല്‍ നിരോധിച്ച സംഭവം പോലും വാര്‍ത്തയാക്കാതിരിക്കാനാണ് അവര്‍ ശ്രമിച്ചതെന്ന കാര്യം ഫാസിസത്തിനെതിരായ പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ എങ്ങനെ ്പ്രതികരിക്കുമെന്നതിന്റെ സൂചന നല്‍കുന്നുണ്ട്.
അപ്പോള്‍ നമ്മള്‍ ഒരു ജനാധിപത്യ മതസൗഹാര്‍ദ്ദ രാജ്യം എന്ന നിലയില്‍ ആര്‍എസ്എസ്സിനെ അതിജീവിക്കുമോ, അതോ ഫാസിസത്തെ നോര്‍മ്മലൈസ് ചെയ്ത് (ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതുപോലെ) അതിനെ പൂര്‍ണമായും വഴങ്ങി, ഉള്‍ക്കൊണ്ട് ജീവിക്കുമോ? ഇന്ത്യയില്‍ ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തും എന്ന് നമ്മള്‍ കരുതി പോന്ന സ്ഥാപനങ്ങള്‍ അതിന് തയ്യാറാകുമെന്നതിന്റെ ഒരു സൂചനയുമില്ല. മാധ്യമങ്ങളുടെ കാര്യം മാത്രമല്ല, ഇതിനൊക്കെ ഭരണഘടനപരമായി ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങള്‍ പോലും മുട്ടിലിഴഞ്ഞ് പോകുന്നത് നാം കാണുന്നതാണ്. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെതിരെ സുപ്രീം കോടതി പരാമര്‍ശം നടത്തിയത്. അദ്ദേഹം കോടതിയെ വിമര്‍ശിച്ചുവെന്നതായിരുന്നു പ്രകോപനം. കോടതിയെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ പൗരന് അവകാശമില്ലേ എന്ന കാര്യം അവിടെ നില്‍ക്കട്ട. ഇവിടെ ബിജെപിയുടെ ഐടി വിഭാഗം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വിഡീയോയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ പരമാര്‍ശം എന്ന കാര്യമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഡല്‍ഹി കലാപത്തിന് കാരണമായെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്ന, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ആഴ്ചകള്‍ക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി തീരുമാനിച്ചത്. പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും പരിഗണിക്കുന്നതില്‍ സുപ്രീം കോടതിക്കുള്ള താല്‍പര്യമില്ലായ്മ ഇതിനകം തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. ഇങ്ങനെ ജനാധിപത്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കരുതിയ സ്ഥാപനങ്ങള്‍ പൂര്‍ണമായി കീഴടങ്ങുകയോ കീഴ്‌പെടാന്‍ തയ്യാറായി നില്‍ക്കുകയോ ചെയ്തിരിക്കുകയാണ്. അതിന് തയ്യാറല്ലെന്ന് ഭരണകൂടം കണ്ടെത്തിയവരെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന് അതിനെതിരായ ആഭ്യന്തര ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അടിയന്തരാവസ്ഥ പ്രഖ്യപനം അതാണ് തെളിയിച്ചത്. ഇന്ത്യയിലെ എല്ലാ സംവിധാനവും അര്‍ദ്ധ രാത്രിയില്‍ ക്യാബിനറ്റ് പോലും അറിയാതെ പുറപ്പെടുവിച്ച ഉത്തരവിന് വഴങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് നോക്കൂ. എല്ലാം സംവിധാനങ്ങളും തയ്യാറാണ് കീഴടങ്ങാന്‍ എന്ന് നേരത്തെ തന്നെ അറിയിച്ച മട്ടാണ്. കാശ്മീരിനെ തടവിലിട്ട്ിട്ട് ഏഴ് മാസം കഴിഞ്ഞു. ഒരു കോടതിക്ക് പോലും ഇടപെടണമെന്ന് തോന്നിയിട്ടില്ല. വ്യാപകമായി കൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നഗ്‌നമായ നിയമ ലംഘനങ്ങള്‍.. ഒരു പ്രതിരോധവും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ കോടതി വിധികള്‍ എങ്ങനെയാണ് ഹിന്ദുത്വത്തിന് ആശ്വാസം പകരുന്നതെന്നതിന് സമീപകാല സംഭവങ്ങള്‍ ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ ഹിന്ദുത്വത്തിന് കീഴ്‌പെടുത്തുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചിരിക്കുന്നുവെന്ന വസ്തുതയാണ് ആദ്യം അംഗീകരിക്കേണ്ടത്. പ്രതിരോധ സമരങ്ങള്‍ പൂര്‍ണമായും വ്യവസ്ഥാപിതമായാണോ നടക്കുന്നത് എന്ന കണക്കെടുപ്പിലാണ് ഇന്ത്യയിലെ മുഖ്യധാര. ഇങ്ങനെയൊക്കെ ആവുമ്പോഴും ആര്‍എസ്എസ് എന്നത് മറ്റ് സംഘടനകളെ പോലുള്ള ഒന്നാണെന്നും അതിന്റെ ആശയ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഋഷി സമാന ജീവിതം നയിക്കുന്നവരുണ്ടെന്നുമുള്ള രാഷ്ട്രീയ വിലയിരുത്തലുകളില്‍ അഭിരമിച്ചുനില്‍ക്കുകയാണ് നമ്മുടെ മുഖ്യധാര രാഷ്ട്രീയം. നമ്മള്‍ ഇതും അതിജീവിക്കുമെന്നുമുള്ള പൊള്ളയായ, ഒരു യുക്തിയുമില്ലാത്ത വീരവാദങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയുന്നതല്ല ഹിന്ദുത്വത്തിന്റെ ഭീഷണി. നിഴലിന് നീളം കൂടുകയാണ്. ഇരുട്ട് പരക്കുകയും ചെയ്യുന്നുണ്ട്.

(ഇന്ന് പുലര്‍ച്ചെ മുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്)


എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍

Next Story

Related Stories