TopTop
Begin typing your search above and press return to search.

ഡീഗോയും മറഡോണയും കണ്ടുമുട്ടുമ്പോൾ

ഡീഗോയും മറഡോണയും കണ്ടുമുട്ടുമ്പോൾ

ഡീഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ ജീവിതം പുനഃസൃഷ്ടിക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യമാണ്. അതൊരു സിനിമയോ, പുസ്തകമോ അല്ലെങ്കിൽ ഒരു ലേഖനം മാത്രമോ ആകട്ടെ, ആ ഫുട്ബോൾ പ്രതിഭയെ ഒരു ചട്ടക്കൂടിനുള്ളിൽ പൂർണ്ണതയോടെ പകർത്തുക ഏറെക്കുറെ അസാധ്യമാണ്. നിരവധി അടരുകൾ ഉള്ള ആ ജീവിതം വരച്ചിടാനുള്ള ഓരോ ശ്രമവും, സ്വീകരിക്കുന്ന സമീപനത്തെ ആശ്രയിച്ചു ഓരോരോ അനുഭവമാണ് സമ്മാനിക്കുന്നത്.

കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ത്യയിലെ തീയേറ്ററുകളിലെത്തിയ, ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന ആർകൈവൽ ഡോക്യുമെന്ററി, മറഡോണ നാപ്പോളിയിൽ ചിലവഴിച്ച 7, 8 വർഷങ്ങളിലെ സംഭവങ്ങളിലൂടെ അദ്ദേഹത്തിന്റെ ജീവിതവും കരിയറും നോക്കിക്കാണുന്നു. മറഡോണയെന്ന വ്യക്തിത്വത്തിന്റെ സങ്കീർണ്ണത വെളിപ്പെടുത്തുന്ന സന്ദർഭങ്ങൾക്കൊപ്പം, മറഡോണയെന്ന ഫുട്ബോൾ വിസ്മയത്തെ അടയാളപ്പെടുത്തുന്ന ലോകകപ്പിലെ ദൃശ്യങ്ങളും ഡോക്യൂമെന്ററിയിൽ നിറയുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അയാൾ അരക്ഷിതത്വം അനുഭവിക്കുന്ന, കുട്ടിത്തം വിട്ടുമാറാത്ത ഡീഗോ ആണെങ്കിൽ, മറ്റു ചിലപ്പോൾ അയാൾ അസ്വസ്ഥനായ, ഉന്മാദിയായ മറഡോണയാണ്.

1986 ലോകകപ്പിലെ അർജന്റീനയും ഇംഗ്ലണ്ടും തമ്മില്ലുള്ള മത്സരത്തിൽ മറഡോണ നേടിയ രണ്ടു ഗോളുകളെക്കുറിച്ചു സ്പോർട്സ് ജേർണലിസ്റ്റ് ആയ ഡാനിയേൽ അർക്കൂസി ഡോക്യൂമെന്ററിയിൽ ഒരിടത്തു പരാമർശിക്കുന്നുണ്ട്. ദൈവത്തിന്റെ കൈ പതിഞ്ഞ ഗോൾ എന്ന് പിന്നീട് അറിയപ്പെട്ട, തന്റെ കൈ വിദഗ്ദ്ധമായി ഉപയോഗിച്ച് മറഡോണ നേടിയ ഗോൾ ആണ് അതിലൊന്ന്. മറ്റേതാകട്ടെ, നിരവധി ഡിഫൻഡർമാരെ വെട്ടിച്ചു, വിസ്മയിപ്പിക്കുന്ന ഒരു മുന്നേറ്റത്തിലൂടെ നേടിയതും. ഈ രണ്ടു ഗോളുകളും ഫുട്ബോൾ ചരിത്രത്തിലെ സുവർണ ഏടുകളാണെന്നതിനൊപ്പം മറഡോണ എന്ന വ്യക്തി ആരാണെന്നുള്ളതിന്റെ ഉത്തരവുമാണ്. അപക്വം എന്നുപോലും വിശേഷിപ്പിക്കാവുന്ന തീരുമാനങ്ങൾ എടുക്കുന്ന അയാൾ ഒരു പച്ചമനുഷ്യനാണ്. അതേസമയം കളിക്കളത്തിൽ മായാജാലം കാണിക്കുന്ന മറഡോണ ഒരു ദൈവവുമാണ്.

ഈ രണ്ടു വ്യക്തിത്വങ്ങളെയും ഡോക്യൂമെന്ററിയിൽ മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ചിലവഴിച്ചിട്ടുള്ള ഊർജ്ജവും അധ്വാനവും തിരിച്ചറിയാൻ, കാണുന്നയാൾ ഒരു ഫുട്ബോൾ ആരാധകൻ ആകണമെന്നില്ല. 500 മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോ ശേഖരം ഉപയോഗിച്ച് കപാഡിയ സൃഷ്‌ടിച്ച ഈ ഡോക്യുമെന്ററി നേപ്പിൾസിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഘടനപ്പെടുത്തിയിരിക്കുന്നത്. ഒരു ഇറ്റാലിയൻ നഗരമാണ് നേപ്പിൾസ്. കുറ്റകൃത്യങ്ങളുടെ തോത് കൊണ്ട് കുപ്രസിദ്ധമായ ഒരു നഗരം. അങ്ങനെയുള്ള നഗരത്തിലെ ഒരു ഫുട്ബോൾ ക്ലബ് ഡീഗോ മറഡോണ എന്ന ഫുട്ബോൾ മാന്ത്രികനെ ലോക റെക്കോർഡ് സൃഷ്‌ടിച്ച തുക കൊടുത്തു സ്വന്തമാക്കുന്നു. താരപരിവേഷത്തോടെ നേപ്പിൾസിൽ വന്നിറങ്ങുന്ന മറഡോണയുടെ ഓരോ വാക്കും ചലനങ്ങളും പിന്തുടരുന്ന നഗരവാസികളെയാണ് നമ്മൾ ഡോക്യൂമെന്ററിയിൽ കാണുന്നത്. പക്ഷെ, നേപ്പിൾസിൽ നിന്ന് തിരികെ പോകുമ്പോൾ മറഡോണ തനിച്ചാണ്. ഒരുപാടു പ്രശ്നങ്ങളിൽ അകപ്പെട്ടു, അസ്വസ്ഥമായ മനസ്സോടെയുള്ള ഒരു മടക്കം.

ബാഴ്‌സലോണയിലെ താരതമ്യേന മോശം പ്രകടനത്തിനുശേഷം, മറഡോണ വേറെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിലേക്ക് മാറും എന്ന് പ്രതീക്ഷിച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഇറ്റാലിയൻ ലീഗിലെ അവസാന സ്ഥാനക്കാരായിരുന്ന നാപ്പോളിയിലേക്ക് ചേക്കേറാൻ മറഡോണ തീരുമാനിച്ചത്. മറഡോണയുടെ വരവോടെ ക്ലബ്ബിന്റെ രാശി തെളിഞ്ഞു. ലീഗിലെ സ്ഥാനം പടിപടിയായി മെച്ചപ്പെടുത്തിയ ക്ലബ് ഒടുവിൽ കരുത്തരായ യുവന്റസിനെയും എ.സി.മിലാനെയും അട്ടിമറിച്ചു ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായി. നിർഭാഗ്യവശാൽ, നേപ്പിൾസിന്റെ ക്രിമിനൽ അധോലോകം മറഡോണയെയും വെറുതെ വിട്ടില്ല. താരത്തിന്റെ ദൗർബല്യങ്ങളെ ചൂഷണം ചെയ്ത മാഫിയ ഒടുവിൽ അദ്ദേഹത്തെ തകർച്ചയിലേക്കെത്തിച്ചു. നേപ്പിൾസിൽ വരുന്നതിനു മുൻപ് തന്നെ മറഡോണ കൊക്കയ്‌നിനു അടിമയായിരുന്നെങ്കിലും നേപ്പിൾസിൽ വച്ച് സ്ഥിതി കൂടുതൽ വഷളായി.

പക്ഷെ, ഈ സംഭവങ്ങളൊന്നും മറഡോണയുടെ പ്രകടനത്തെയോ ക്ലബ്ബിന്റെ വിജയസാധ്യതകളെയോ ബാധിച്ചില്ല. മറഡോണ വരുന്നതുവരെ, ഇറ്റലിക്കാർ പോലും നേപ്പിൾസിന്റെ ഫുട്ബോൾ പ്രാഗല്ഭ്യത്തിന് അർഹിക്കുന്ന അംഗീകാരം കൊടുത്തിരുന്നില്ല. റോമിനെയും മിലാനെയും വച്ച് നോക്കുമ്പോൾ അന്നാട്ടുകാർക്കു നേപ്പിൾസ് അപ്രസക്തമായിരുന്നു. നഗരത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെയും തൊഴിലാളി സംസ്കാരത്തെയയും പരാമർശിക്കുന്ന 'അൺവാഷ്ഡ് ' എന്ന പരിഹാസപ്പേരിലാണ് നേപ്പിൾസ് ആരാധകർ അറിയപ്പെട്ടിരുന്നതുതന്നെ. മറഡോണയുടെ സാന്നിധ്യം ആരാധകർക്ക് നഗരത്തെ സ്നേഹിക്കാനും ആഘോഷിക്കാനും ഒരു കാരണം നൽകി. വളരെപ്പെട്ടെന്നു, നേപ്പിൾസ് ലോകമറിയുന്ന ഒരു നഗരമായി മാറി. ക്ലബിന് ലോകം മുഴുവൻ ആരാധകരുണ്ടായി. 'അൺവാഷ്ഡ്' എന്ന വിശേഷണം പതിയെ മാഞ്ഞു തുടങ്ങി.

മറഡോണ ഒരു അർജന്റീനിയൻ ആണെന്ന് മറന്നു നേപ്പിൾസ് അയാളെ സ്വന്തമായി കണ്ടു സ്നേഹിച്ചുതുടങ്ങിയിരുന്നു. എന്നാൽ 1990 ലോകക്കപ്പ് സെമിഫൈനലിൽ അർജന്റീന ഇറ്റലിയെ തോല്പിച്ചതോടെ മറഡോണയ്ക്കു നേപ്പിൾസിൽ ഉണ്ടായിരുന്ന താരപരിവേഷം ഇല്ലാതെയായി. നേപ്പിൾസിൽ വച്ച് തന്നെയാണ് സെമി നടന്നത് എന്നത് മുറിവിന്റെ ആഴം കൂട്ടി. ടൈ ബ്രേക്കറിലാണ് ഇറ്റലി പരാജയപ്പെട്ടത്. ഇറ്റലി ലോകക്കപ്പിൽ നിന്ന് പുറത്താകുന്നതിനു കാരണമായ ഈ തോൽവി ഒരുപാടു കാലം ആരാധകരുടെ മനസ്സിൽ മായാതെ നിന്നു. ഇതോടെ മറഡോണ താരത്തിൽ നിന്ന് വില്ലനായി മാറി.

ജീവചരിത്രത്തിന്റെ ഘടനയോടു സാമ്യമുള്ള ഡോക്യുമെന്ററികൾ എടുക്കുന്നതിൽ ആസിഫ് കപാഡിയ അഗ്രഗണ്യൻ ആണെന്നുള്ളത് വസ്തുതയാണ്. അദ്ദേഹത്തിന്റെ ഇതിനു മുൻപത്തെ സംരംഭമായ 'സെന്ന' യും മികച്ച ഒരു ദൃശ്യാനുഭവമാണ്. ദൃശ്യങ്ങൾ മികച്ച രീതിയിൽ കോർത്തിണക്കിയിട്ടുള്ള 'ഡീഗോ മറഡോണയിൽ' ഒരിടത്തു പോലും താരത്തെ മഹത്വവൽക്കരിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. എന്നാൽ, നേപ്പിൾസിലെ മറഡോണയുടെ ദുരനുഭവങ്ങൾ വിവരിക്കുമ്പോൾ സംവിധായകൻ അദ്ദേഹത്തിനു അനുകൂലമായ നിലപാടെടുക്കുന്നുണ്ട്. മറഡോണയെ ഒരു ഇരയായാണ് ഈ ഘട്ടത്തിൽ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ മറഡോണ യഥാർത്ഥത്തിൽ ഒരു ഇരയായിരുന്നിരിക്കാം.

ഇത് ഒരു സുപ്രധാന ചോദ്യം ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് ലോകത്താകമാനമുള്ള ആരാധകർ ഡീഗോ മറഡോണയെ ഇത്രകണ്ട് സ്നേഹിക്കുന്നത്?

മറഡോണയുടെ അത്രതന്നെ പ്രതിഭാശാലികളായ ഒട്ടേറെ ഫുട്ബോൾ താരങ്ങൾ ഉണ്ടായിട്ടുണ്ട്. ആൽഫ്രഡോ ഡി സ്റ്റെഫാനോ, യോഹാൻ ക്രോയ്‌ഫ്, സീക്കോ, റൊണാൾഡോ നാസാരിയോ, റൊണാൾഡീഞ്ഞോ, ലയണൽ മെസ്സി, സിനദീൻ സിദാൻ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരെല്ലാം തന്നെ ലോകം ആരാധിക്കുന്ന ഫുട്ബോൾ താരങ്ങളാണ്. എന്നാൽ ഇവരാരും തന്നെ മറഡോണയെക്കാൾ സ്നേഹിക്കപ്പെടുന്നു എന്ന് പറയാനാകില്ല. മറ്റാർക്കുമില്ലാത്ത ഒരു സുപരിചിതത്വം മറഡോണയിൽ നമ്മൾക്കനുഭവപ്പെടും. ദൗർബല്യങ്ങൾ ഒരുപാടുള്ള, അവ മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാട്ടാൻ മടിയില്ലാത്ത ഒരു പ്രതിഭയായിരുന്നു മറഡോണ. മാർക്കറ്റിംഗിനെക്കുറിച്ചോ ബിസിനെസ്സിനെക്കുറിച്ചോ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. അതിന്റെ ആവശ്യം അദ്ദേഹത്തിന് അനുഭവപ്പെട്ടുമില്ലായിരിക്കാം. ഈ ന്യൂനതകളെയെല്ലാം തന്റെ കഴിവ് കൊണ്ട് മറഡോണ മറികടന്നു. ഒരുപാടു പാളിച്ചകൾ സംഭവിച്ചെങ്കിലും അവയൊന്നും തന്നെ മറഡോണയ്ക്കു കളിയിലുണ്ടായിരുന്ന ഏകാഗ്രത നഷ്ടപ്പെടുത്തിയില്ല.

അർജന്റീനയിലെ ഏറ്റവും ദരിദ്രമായ ചുറ്റുപാടിൽ നിന്നുമാണ് മറഡോണ ഉയർന്നു വന്നത്. ഒരു സാധാരണക്കാരന്റെ എല്ലാ ദൗർബല്യങ്ങളും അദ്ദേഹം പ്രകടിപ്പിച്ചു. കളിക്കളത്തിൽ എത്ര വിസ്മയിപ്പിച്ചുവോ അത്ര തന്നെ കളത്തിനു പുറത്തു ദുഷ്പ്പേര് കേൾപ്പിച്ചു. അഞ്ചടി അഞ്ചിഞ്ചു മാത്രമേ പൊക്കം ഉണ്ടായിരുന്നുള്ളുവെങ്കിലും അതിന്റെ കുറവ് പന്തിനുമേലെയുള്ള ബാലൻസ് കൊണ്ടും അപാരമായ നിയന്ത്രണം കൊണ്ടും മറികടന്നു. അദ്ദേഹത്തിന്റെ അപാരമായ വൈഭവം ഫുട്ബോൾ എന്ന വികാരത്തെ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിച്ചു.

അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ജേഴ്‌സി മറഡോണയുടേത് മാത്രമായിരുന്നില്ല. അതെന്റേതു കൂടിയായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories