TopTop
Begin typing your search above and press return to search.

ട്രാംവേ മുതല്‍ അതിരപ്പിള്ളി വരെയുള്ള 'വികസന പദ്ധതികള്‍'; നൂറ്റാണ്ടുകള്‍ നീളുന്ന കാടരുടെ അതിജീവന ചരിത്രം

ട്രാംവേ മുതല്‍ അതിരപ്പിള്ളി വരെയുള്ള വികസന പദ്ധതികള്‍; നൂറ്റാണ്ടുകള്‍ നീളുന്ന കാടരുടെ അതിജീവന ചരിത്രം

(അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്. 2018-ല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രണ്ടു വര്‍ഷം കഴിയുന്നതിനു മുമ്പാണ് പദ്ധതി വീണ്ടുംപൊടിതട്ടിയെടുക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ വിവിധ മേഖലകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ഉയരുന്നുണ്ട്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് 2017-ല്‍ സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പദ്ധതി മേഖലയിലെ പ്രാക്തന വിഭാഗമായ കാടര്‍ നേരിടുന്ന കുടിയിറക്ക് ഭീഷണി ചൂണ്ടിക്കാട്ടുന്നു. ട്രാംവേ മുതല്‍ അതിരപ്പള്ളി വരെ നീളുന്ന 'വികസന പദ്ധതികള്‍' കാടര്‍ക്ക് പുതുമയല്ല. അതിന്റെ ചരിത്രം പറയുന്ന ഈ ലേഖനം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.)

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഒരിക്കല്‍ കൂടി ചര്‍ച്ചയാവുമ്പോള്‍, മറക്കാന്‍ പാടില്ലാത്തത് പ്രാക്തന ആദിവാസി വിഭാഗമായ കാടരുടെ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്. കാടര്‍ക്ക് വികസന പദ്ധതികള്‍ പുതുമയല്ല. ട്രാംവേ മുതല്‍ അതിരപ്പള്ളി വരെ നീളുന്നു അതിന്റെ ചരിത്രവ്യാപ്തി.

ചാലക്കുടി പുഴയുടേയും അതിന്റെ പ്രധാന കൈവഴികളുടെയും കുറുകെ നിലവിലുള്ള ആറ് ഡാമുകളിലേക്ക് (പറമ്പിക്കുളം, തുണക്കടവ്, പെരുവാളിപ്പള്ളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്) ഒന്നു കൂടി ചേരുമ്പോള്‍ ജീവിതം ഒരിക്കല്‍ കൂടി അനിശ്ചിതത്വത്തിലാവുന്ന പ്രധാന കൂട്ടര്‍ കാടരാണ്. ആനമലയുടെ വിവിധ ഭാഗങ്ങളിലായി - നെല്ലിയാമ്പതി, പറമ്പിക്കുളം, വാഴച്ചാല്‍, ചാലക്കുടി എന്നിവിടങ്ങളില്‍ മാത്രമാണ് കാടര്‍ അധിവസിച്ചുപോരുന്നത്. ആകെയുള്ള 25 ന് താഴെ വരുന്ന ഊരുകളില്‍ ഇരുപതോളം എണ്ണം കേരളത്തിലും ബാക്കിയുള്ളവ തമിഴ്‌നാട്ടിലുമായി സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുവരുന്ന കാടര്‍ കേരളത്തിലെ അഞ്ച് പ്രാക്‌തന ആദിവാസി വിഭാഗത്തില്‍ ഒരുവരാണ്. തടിയേതര വനവിഭവ ശേഖരണവും മീന്‍പിടുത്തവും പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗമായി നിലനില്‍ക്കുന്നു. വനമേഖലയിലും ഭൂപ്രകൃതിയിലുമുള്ള കാടരുടെ ഗ്രാഹ്യം മനസ്സിലാക്കിയ തര്‍സ്റ്റണ്‍ (1909) അവരെ 'ആനമലയിലെ രാജാക്കന്‍മാര്‍' എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഭരണകൂടം, കാടര്‍ മേഖലയിലേക്ക് കടന്നുവരുന്നത് ഇതാദ്യമല്ല. ഇത് തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയാണ്. കൊച്ചിയെ പ്രധാനപ്പെട്ട വ്യവസായ കേന്ദ്രമാക്കി മാറ്റാനുള്ള ആദ്യപടിയായി രാജവംശം കണ്ടത് പറമ്പിക്കുളം മേഖലയിലെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലൂടെയാണ്. ഇതിന് വേണ്ടി 1901-ല്‍ നിര്‍മിച്ചത് ഒരുക്കൊമ്പന്‍ മുതല്‍ ചിന്നാര്‍ (ചാലക്കുടിക്കടുത്ത്) വരെ നീളുന്ന 82 കിലോമീറ്റര്‍ നീളം വരുന്ന ഒരു വുഡ്ഡന്‍ റെയില്‍വേ തന്നെ ആയിരുന്നു. ട്രാംവേ നശിപ്പിച്ചത് അവിടുത്തെ വിലപിടിപ്പുള്ള മരങ്ങള്‍ മാത്രമല്ല. മറിച്ച് വലിയ ഒരു ജൈവ സമ്പദ് വ്യവസ്ഥ തന്നെയാണ് എന്ന് മാമ്മന്‍ ചുണ്ടമണ്ണില്‍ അദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നുണ്ട്.

1942 ല്‍ ചാലക്കുടി - ആനമല റോഡ് വരുന്നതോടുകൂടി മരം കടത്തുന്നതിന് സുഗമമായ പാത ലഭിക്കുകയും തുടര്‍ന്ന് അതിഭീകരമായ നഷ്ടത്തില്‍ ഓടുന്ന ട്രാംവേ 1963-ല്‍ പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. പറമ്പിക്കുളം - കുര്യാര്‍ക്കുട്ടി മേഖലയില്‍ ഉള്ളവര്‍ക്ക് ട്രാംവേയുടെ ചെറിയ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നുണ്ട്. മരം പിടിക്കാന്‍ ആനകളെ ഉപയോഗിച്ചിരുന്നുവെന്നും അനാദിവാസികള്‍ ധാരാളമായി ട്രാംവേ പണികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കാടര്‍ പറയുന്നു. വര്‍മ്മ (2005) സൂചിപ്പിക്കുന്നതുപോലെ കുര്യാര്‍ക്കുട്ടി ആദിവാസി ഊര് എന്ന് പറഞ്ഞ് ആദിവാസികളെ കുടിയിരുത്തയത് തന്നെ ട്രാംവേയുടെ പണിക്ക് വേണ്ടിയാണ് എന്നാണ്. ഈ വാദത്തെ കാടരും ശരിവയ്ക്കുന്നുണ്ട്. ഒറ്റക്കൊമ്പന്റെ പല ഭാഗങ്ങളില്‍ മീന്‍പിടിച്ച് ജീവിച്ചിരുന്ന ഇവര്‍ കുര്യാര്‍ക്കുട്ടിയില്‍ താമസമാക്കാന്‍ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല. സഞ്ചരിക്കുന്ന ജനസമൂഹത്തെ ഭരണകൂടത്തിന് പേടിയാണെന്നുള്ള സ്‌കോട്ട് (1998)ന്റെ നിരീക്ഷണം ശരിവയ്ക്കാതെ വകയില്ല.

ആദിവാസി മേഖലയിലെ കുടിയിറക്കലുകളും പലായനവും വളരെ പ്രധാന്യത്തോടെ കാണേണ്ട മറ്റൊന്നാണ്. കുര്യാര്‍ക്കുട്ടിക്കും പറമ്പിക്കുളത്തിനും പുറമെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്താണ് കാടര്‍ (പറമ്പിക്കുളം - വാഴച്ചാല്‍ വനമേഖലകളില്‍) അധിവസിച്ചിരുന്നത്. 1950- കളോടെ പറമ്പിക്കുളം - കുര്യാര്‍ക്കുട്ടി മേഖലയില്‍ നിന്ന് മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇവര്‍ വാഴച്ചാല്‍ വനമേഖലയില്‍ എത്തുന്നത്. ട്രാംവേ ലൈന്‍ പൊളിച്ചുമാറ്റുന്നതിന് ശേഷവും പറമ്പിക്കുളം - ആളിയാര്‍ ഇന്റര്‍ ബേസിന്‍ റിവര്‍ ലിങ്കിംഗ് പ്രോജക്ട് (പി.എ.പി.) പദ്ധതിയുടെ ഫലമായി പല സമയങ്ങളിലുമായാണ് ഇത് സംഭവിക്കുന്നത്.

പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയുടെ ഭാഗമായി വന്ന മൂന്ന് ഡാമുകളുടെ (പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ്) സബ്‌മെര്‍ജന്‍സ് ഏരിയ എന്നത് 2466.66 ഹെക്ടര്‍ വനഭൂമിയാണ്. ഇന്ന് പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പണ്ട് കാടരുടെ പ്രധാനപ്പെട്ട വിഭവ ഉപയോഗമേഖല. 1958-ല്‍ പണി ആരംഭിച്ച പറമ്പിക്കുളം ഡാമിനെ തുടര്‍ന്ന് ഷോളയാറിനടുത്ത് ചണ്ടന്‍തോട് എത്തുന്ന ഇതില്‍ ഒരു വിഭാഗം താമസിച്ചിരുന്നത് ഷോളയാര്‍ പുഴയുടെ തീരത്ത് തന്നെയായിരുന്നു. തുടര്‍ന്ന് കേരള ഷോളയാര്‍ ഡാമിന്റെ പണിയെ തുടര്‍ന്ന് അവരോട് അവിടെ നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടു. പറമ്പിക്കുളത്തെ വലിയ ഒരു പ്രദേശം വെള്ളത്തിനടിയില്‍ ആയതിനെ തുടര്‍ന്ന് ഇവര്‍ക്ക് വനവിഭവശേഖരണത്തിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതായി വന്നു. ഇതാണ് ചണ്ടന്‍തോട്ടിലേയ്ക്കുള്ള അവരുടെ പ്രയാണത്തിന്റെ മുഖ്യകാരണമായി അവര്‍ പറയുന്നത്.

പറമ്പിക്കുളം റിസര്‍വോയറിനടുത്ത് താമസിച്ചിരുന്നവര്‍ വെള്ളം കയറുന്നതിനനുസരിച്ച് മുകളിലേക്ക് മാറിമാറി താമസിക്കുകയും തുടര്‍ന്ന് എര്‍ത്ത്ഡാം, പറമ്പിക്കുളം, കുര്യാര്‍ക്കുട്ടി എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കുകയുമാണ് ഉണ്ടായത്. ഇങ്ങനെ 1950 മുതല്‍ പലതരത്തിലുള്ള കുടിയൊഴിപ്പിക്കലുകള്‍ നേരിട്ടവരാണ് കാടര്‍. പറമ്പിക്കുളം വനമേഖലയില്‍ നിന്നും മാറി മാറി അവര്‍ ഇന്നെത്തി നില്‍ക്കുന്നത് അതിരപ്പിള്ളി ഏരിയയില്‍ തന്നെയാണ്. ഇനി ഒരു കുടിയൊഴിപ്പിക്കലിനുകൂടി അവരെ വിട്ടുകൊടുക്കുക അനീതിയാണ്. ഭൂമിക്ക് മേല്‍ കാടര്‍ അവകാശം ഉന്നയിച്ചിരുന്നില്ല എന്ന് Ehrenfels (1952) അദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നു. വിഭവങ്ങളോടുള്ള ഇത്തരം സമീപനം ഭരണകൂടത്തിന് അവരെ പല വനഭാഗങ്ങളില്‍ നിന്നും ഇറക്കിവിടാന്‍ എളുപ്പമായിതീരുകയാണ് ചെയ്തത്. തുടര്‍ച്ചയായ ഭരണകൂട ഇടപെടല്‍ കാരണം ഉപജീവനവും ആവാസ പ്രദേശങ്ങളും നഷ്ടപ്പെട്ടവരാണവര്‍.

ഈ കാലയളവില്‍ തന്നെയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ട്രാക്ട് സിസ്റ്റം ആരംഭിക്കുന്നത്. കാടര്‍ ശേഖരിച്ചിരുന്ന വനവിഭവങ്ങള്‍ 'മാറ്റക്കട' എന്നു വിളിച്ചിരുന്ന ചെറിയ കടകളില്‍ കൊണ്ടുപോയി കൊടുക്കുന്നതിന് പകരമായി അവര്‍ക്ക് ലഭിച്ചിരുന്നത് അരി, മുളക്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ്. ആദിവാസികള്‍ക്ക് പലതരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ പരിചയപ്പെടുത്തുന്നതും ഈ സമയത്ത് തന്നെയാണ്; കറുപ്പ്, ചാരായം തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ വലിയ തോതില്‍ ഈ മേഖലകളിലേക്ക് ഒഴുകുകയുണ്ടായി. ഉത്സവകാലങ്ങളില്‍ ലിറ്ററുകണക്കിന് മദ്യമാണ് ഇവര്‍ക്ക് കൊടുത്തുകൊണ്ടിരുന്നത്.

ആദിവാസികളുടെ ദിവസങ്ങളോളം നീണ്ടുനിന്ന അധ്വാനത്തെ മുതലെടുത്ത് തിന്നുകൊഴുത്ത ഇടനിലക്കാര്‍, കാടര്‍ നല്‍കുന്ന വനവിഭവങ്ങള്‍ അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിക്കുകയോ, മാന്യമായ രീതിയില്‍ വസ്തുക്കള്‍ തിരിച്ചുനല്‍കുകയോ ചെയ്തില്ല. മാറ്റക്കടകളില്‍ കടം നിലനിര്‍ത്തുക വഴി, കാടരെക്കൊണ്ട് നിര്‍ബന്ധിച്ച് വനവിഭവശേഖരണം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ ചൂഷണത്തെ തുടര്‍ന്നാണ് 1982-ല്‍ ഗിരിജന്‍ സര്‍വ്വീസ് കോപ്പറേറ്റീവ് സൊസൊറ്റി രൂപീകരിക്കുന്നത്. അതോടെ വനവിഭവശേഖരണം സൊസൈറ്റി ഏറ്റെടുക്കുകയും ആദിവാസികള്‍ക്ക് പൈസ കിട്ടാനും തുടങ്ങി. പക്ഷേ, വിപണി ആവശ്യങ്ങള്‍ നിര്‍ണ്ണയിച്ചപ്പോള്‍ തെള്ളി (കുന്തിരിക്കം) പോലുള്ള വിഭവങ്ങള്‍ അധികം ശേഖരിക്കാനുള്ള ആവശ്യം വന്നുതുടങ്ങി. കാലക്രമേണ ഇത് തെള്ളി മരങ്ങളുടെ നിലനില്‍പ്പിന് തന്നെ അപകടമായി തുടങ്ങി. വിഭവങ്ങള്‍ അളക്കുന്നതില്‍ വിമുഖത കാണിക്കുന്ന സൊസൈറ്റിയും വേറൊരുവിധത്തില്‍ ചൂഷകരായിത്തീര്‍ന്നു.

വാഴച്ചാല്‍ മേഖലയിലെ വനവിഭവശേഖരണം ഇപ്പോള്‍ പ്രധാനമായും നടന്നുവരുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വരുന്ന 'വനശ്രീ' വഴിയാണ്. വനനിയമങ്ങള്‍ കര്‍ശനമായതോടുകൂടി വനവിഭവശേഖരണത്തിലും മാറ്റംവന്നു. 1972 ല്‍ വന്യജീവി സംരക്ഷണം നടപ്പിലാക്കിയതിനെ തുടര്‍ന്ന് പറമ്പിക്കുളം പോലുള്ള പ്രദേശങ്ങള്‍ വന്യജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ഇത്തരം മേഖലകളിലെ തടിയിതര വനവിഭവശേഖരണം നിര്‍ത്തലാക്കി. എന്നാല്‍ വാഴച്ചാല്‍ മേഖലയിലെ വനവിഭവശേഖരണം തുടര്‍ന്നു. അമേരിക്കന്‍ 'നാഷണല്‍ പാര്‍ക്ക് മോഡലി'ല്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് വികസ്വര രാജ്യങ്ങള്‍ ഇത്തരം 'വന്യതാ' (wilderness) സങ്കല്‍പ്പം ഏറ്റെടുത്തപ്പോള്‍ മറ്റെവിടെയും പോലെ തന്നെ കാടരെയും വലിയ അളവില്‍ വിഭവങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി; ഈ വന്യതാ സങ്കല്‍പ്പത്തിന്റെ ആധാരം തന്നെ മനുഷ്യനെ ഒഴിവാക്കിയുള്ള പരിസ്ഥിതി സംരക്ഷണമാണ്.

ഇതില്‍ നിന്നും വ്യത്യസ്തമായി 2006 ല്‍ വനാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ സഹജീവന (co-existence) ത്തിന്റെ പുതിയ നിയമവഴിയാണ് അത് കാണിച്ചുതന്നത്. വികസന പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവയ്ക്ക് ഊരുകൂട്ടം/ഗ്രാമസഭയുടെ സമ്മതം (consent) വേണം എന്നത് തന്നെ വലിയ ബാധ്യതയായിട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. ഈ അവസ്ഥയിലാണ് വാഴച്ചാല്‍ കാടര്‍ ഊരുകൂട്ടം പദ്ധതിക്കെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ട് രംഗത്തുവരുന്നത്.

വാഴച്ചാല്‍ വനമേഖലയിലെ മലക്കപ്പാറ മുതല്‍ വാഴച്ചാല്‍ വരെയുള്ള കാടര്‍ ഊരുകള്‍ ഒക്കെത്തന്നെയും സ്ഥിതി ചെയ്യുന്നത് ചാലക്കുടി പുഴയുടെ തീരത്താണ്, എന്നിരുന്നാലും അതിതീവ്രമായ ജലക്ഷാമം ഇവര്‍ അനുഭവിക്കുന്നുണ്ട്. ഈ പുഴയിലെവെള്ളം കുടിക്കാന്‍ യോഗ്യമല്ലാതിരിക്കുക എന്നത് തന്നെ അത്യന്തം വിഷമകരമായ അവസ്ഥയാണ്. അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നൊക്കെയുള്ള നിയന്ത്രിതവും മലിനവുമായ ജലവിതരണം ഇവരുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനായി തോടുകളേയും പഞ്ചായത്തിനെയും ഒക്കെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍.

പുഴയിലേക്കുള്ള നീരൊഴുക്ക് കുറയുന്നതോടുകൂടി, പുഴയുടെ താഴെയുള്ള മേഖലകളില്‍ ഉപ്പുവെള്ളം കയറാനും, കൃഷി അപ്രാപ്യമാകാനും, കുടിവെള്ളം മുട്ടാനും തുടങ്ങി. കടലിലേക്ക് പുഴ എത്താതായത് മത്സ്യബന്ധനത്തെ സാരമായി ബാധിച്ചുതുടങ്ങിയേക്കും. ഇതൊക്കെ കൊണ്ടുതന്നെ, 'ഒഴുകുന്ന പുഴ' എന്ന് പറയുന്നത് കേവലം കാല്‍പ്പനികതയല്ല, മറിച്ച് അതിന് ജൈവികവും ഭൗതികവുമായ ധര്‍മ്മങ്ങളുണ്ട്.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഇത്രയും വര്‍ഷം ഉറച്ചുനിന്നവരാണ് കാടര്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വാഴച്ചാലിലെ വലിയ ഒരു വിഭാഗം, ഒരു പ്രഖ്യാപനമെന്ന പോലെ സ്വമേധയാ മാറിനിന്നതും പദ്ധതിക്കെതിരായി ഊരുകൂട്ടത്തില്‍ പ്രമേയം പാസ്സാക്കുകയും, ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ക്കുകയും ചെയ്യുന്ന കാടരുടെ ഇച്ഛാശക്തിയെ രാഷ്ട്രനന്മയുടെ പേരില്‍ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തെ തുരത്തി ഓടിക്കേണ്ടതുണ്ട്.

Reference:

Thruston, Edger. 1909, Castes and Tribes of Southern India. Vollume III, Madras.

Varma, Devan 2005, Journal of Cochin State Forest territory, Published to Concentrate the cetenery, 1906-2006 of the Cochin State Forest Territory.

Scotte. James C. 1988. Seeing hike a State, How Castes Schemes to improve the Human Condition Have jailed Newyork, Yale University.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories