TopTop
Begin typing your search above and press return to search.

തീവ്ര വലതുപക്ഷ വാദിയോ പീറ്റര്‍ ഹാന്‍ഡ്കെ? നോബെല്‍ പുരസ്കാരത്തില്‍ സാഹിത്യവും രാഷ്ട്രീയവും കൊമ്പുകോര്‍ക്കുമ്പോള്‍

തീവ്ര വലതുപക്ഷ വാദിയോ പീറ്റര്‍ ഹാന്‍ഡ്കെ? നോബെല്‍ പുരസ്കാരത്തില്‍ സാഹിത്യവും രാഷ്ട്രീയവും കൊമ്പുകോര്‍ക്കുമ്പോള്‍

2019ലെ സാഹിത്യത്തിനുള്ള നോബെല്‍ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. നോവലിസ്റ്റ് , നാടകകൃത്ത് എന്നീ നിലയില്‍ വളരെക്കാലം മുന്‍പുതന്നെ ലോകാദരം നേടിയ എഴുത്തുകാരനാണ് പീറ്റര്‍ ഹാന്‍ഡ്‌കെ .വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അദ്ദേഹത്തിന് നോബെല്‍ പുരസ്‌കാരം ലഭിക്കാനിടയുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. 50ലേറെ കൃതികളിലായി ഉജ്ജ്വലമായ ഒരു സാഹിത്യ സമ്പത്ത് ഹാന്‍ഡ്‌കെയില്‍ നിന്നും ലോകത്തിനു ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ 1990കള്‍ തൊട്ട് പ്രശ്‌നപൂരിതമായിരുന്നു. യൂഗ്ലോസ്ലാവിയയിലെ വംശീയ നടപടിയെ അനുകൂലിച്ചുകൊണ്ട് ഹാന്‍ഡ്‌കെയെടുത്ത നിലപാടുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അമ്മ വഴി പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് യുഗോസ്ലാവിയയുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ആ രാജ്യത്തെ കുഴഞ്ഞ രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെട്ടത്.

ഭാവനയുടെ പുതിയൊരു ലോകം

1966 ലാണ് The Hornets എന്ന നോവലിലൂടെ ഹാന്‍ഡ്‌കെ സാഹിത്യ ലോകത്ത് ഇരിപ്പിടം നേടുന്നത്. അന്നു തന്നെ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നുവന്ന A Sorrow Beyond Dreams എന്ന നോവല്‍ വലിയ സ്വീകാര്യത നേടി. സ്വന്തം അമ്മയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ എഴുതിയ ആത്മകഥാംശമുള്ള ഈ രചന ലോക സാഹിത്യത്തിലെ ഒരു പ്രധാനപ്പെട്ട നോവലായി കണക്കാക്കപ്പെടുന്നു. ഇന്നും അത് വായനക്കാരെ വിസ്മയിപ്പിക്കുന്നു. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു രചനയാണ് 1986-ല്‍ പ്രസിദ്ധീകരിച്ച Repetition എന്ന നോവല്‍ . ഹാന്‍ഡ്‌കെയുടെ മാസ്റ്റര്‍പീസായാണ് ഇതിനെ പല നിരൂപകരും വാഴ്ത്തുന്നത്. വ്യക്തിയുടെ ഐഡന്റിറ്റി പ്രമേയമാക്കി രചിച്ച ഈ നോവലില്‍ അസ്തിത്വമാനങ്ങളും രാഷ്ട്രീയ മാനങ്ങളും ഒരുപോലെ നിറഞ്ഞു. യുഗോസ്ലാവ്യയയിലെ സ്ലൊവേനിയ പ്രദേശത്ത് അപ്രത്യക്ഷനായ ഒരു സഹോദരനെ അന്വേഷിച്ച് ഫിലിപ്പ് എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്ര. ആ യാത്രയെപ്പറ്റി വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഓര്‍ത്തെടുക്കുന്ന ഒരു രീതിയിലാണ് ഈ കഥ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. യാത്രയുടെ അനുഭവത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു കുടുംബത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. അതിലെ ഭാഷ, സ്ഥല വിവരണങ്ങള്‍ , ആവിഷ്‌ക്കാര രീതി എന്നിവയൊക്കെ വേറിട്ടൊരനുഭവമായി. കേവല സത്യത്തെ ഒരു കലാകാരന്‍ ഭാവനയുടെ ലോകത്തു നിന്നു കൊണ്ട് കണ്ടെത്തുകയായിരുന്നു അത്. അതോടെയാണ് പീറ്റര്‍ ഹാന്‍ഡ്‌കെ ലോകസാഹിത്യ വായനക്കാര്‍ക്കിടയില്‍ പ്രിയപ്പെട്ടവനായി മാറിയത്. ഇതിനിടയില്‍ ധാരാളം നാടകങ്ങളും അദ്ദേഹം എഴുതി. അവയെല്ലാം കാലത്തോട് കലഹിക്കുന്നവയും സൗന്ദര്യം കൊണ്ട് ഭ്രമിപ്പിക്കുന്നവയുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം യാത്രാവിവരണങ്ങളും ലേഖന സമാഹാരങ്ങളും എഴുതി. ഏറ്റവും ഒടുവിലായി 2017-ല്‍ A Fruit Thief എന്ന നോവലും പുറത്തുവന്നു.

ഇബ്‌സന്‍ പ്രൈസ്, ഫ്രാന്‍സ് കാഫ്ക പ്രൈസ് തുടങ്ങിയ വലിയ അംഗീകാരങ്ങള്‍ ഹാന്‍ഡ്‌കെയെ തേടിയെത്തി. 2014ല്‍ നോബേല്‍ സമ്മാനത്തിനെതിരെ ഹാന്‍ഡ്‌കെ നടത്തിയ പരമാര്‍ശം വിവാദമായി. സാഹിത്യ നോബെല്‍ അവസാനിപ്പിക്കേണ്ടതാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

രാഷ്ടീയ വിവാദങ്ങള്‍

ഒരു തീവ്രവലതുപക്ഷ വാദിയായാണ് ഹാന്‍ഡ്കെ ഇപ്പോള്‍ അറിയപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച യുഗ്ലോസ്ലാവിയന്‍ ഇടപെടല്‍ തന്നെയാണ് അദ്ദേഹത്തെ വിവാദച്ചുഴിയിലകപ്പെടുത്തിയത്. 2006-ല്‍ യുഗ്ലോസ്ലാവിയന്‍ നേതാവായ സ്ലൊബോദന്‍ മിലോസവിച്ചിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ഹാന്‍ഡ്‌കെ നടത്തിയ അനുശോചന പ്രസംഗമാണ് ഈ വിവാദത്തിന് തിരികൊളുത്തിയത്. വംശഹത്യ നടത്തിയ വലതുപക്ഷ നേതാവിനെ പ്രശംസിച്ചു എന്നതായിരുന്നു വിവാദം. അതോടെ ഹാന്‍ഡ്‌കെ അംഗീകാരം നേടുമ്പോഴൊക്കെ ഈ വിവാദവും തലപൊക്കിത്തുടങ്ങി. യുഗ്ലോസ്ലാവിയന്‍ യുദ്ധത്തില്‍ സെര്‍ബുകളെ അനുകൂലിച്ചു എന്ന രീതിയിലാണ് വിവാദം കത്തിപ്പടര്‍ന്നത്. നാവുപിഴച്ചതാണെന്നു പറഞ്ഞ് ചില പ്രസ്താവനകളെ അദ്ദേഹം തിരുത്തിയിട്ടുണ്ട്. ഇന്നലത്തെ നോബെല്‍ പുരസ്‌കാരം പഴയ വിവാദത്തിന് ചൂടുപിടിപ്പിച്ചു കഴിഞ്ഞു. പല വലിയ എഴുത്തുകാരും എതിര്‍പ്പുമായി രംഗത്തു വന്നു കഴിഞ്ഞു. എഴുത്തുകാരില്‍ നിന്നും പൊതു ബുദ്ധിജീവികളില്‍ നിന്നും പ്രതീക്ഷിക്കുന്ന ജാഗ്രത പീറ്റര്‍ ഹാന്‍ഡ്‌കെ കാണിച്ചില്ല എന്നാണ് പൊതുവില്‍ ഉയര്‍ന്നു വരുന്ന ആരോപണം. പല രാഷ്ട്രീയ നേതാക്കളും സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

സാഹിത്യത്തിന്റെ സൗന്ദര്യവശം കണക്കിലെടുക്കുമ്പോള്‍ സാഹിത്യത്തിനുള്ള വിശ്വോത്തര പുരസ്‌കാരം അര്‍ഹിക്കുന്ന കൈകളിലാണ് വന്നിരിക്കുന്നത്. അത് നേടിയ എഴുത്തുകാരന്റെ രാഷ്ടീയ നിലപാടുകള്‍ വര്‍ത്തമാനകാല ലോകത്ത് എത്രത്തോളം പ്രശ്‌നപൂരിതമാണെന്നത് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


എന്‍ ഇ സുധീര്‍

എന്‍ ഇ സുധീര്‍

എഴുത്തുകാരന്‍

Next Story

Related Stories