TopTop
Begin typing your search above and press return to search.

നെഹ്‌റുവിന്റെ വസതിയില്‍ മെഹ്ഫില്‍ നടത്തിയ ബാബുരാജ്-ജമാല്‍ കൊച്ചങ്ങാടി എഴുതുന്നു

നെഹ്‌റുവിന്റെ വസതിയില്‍ മെഹ്ഫില്‍ നടത്തിയ ബാബുരാജ്-ജമാല്‍ കൊച്ചങ്ങാടി എഴുതുന്നു


എഴുപതുകളുടെ പകുതിയിലാണ്. കോഴിക്കോട് കണ്ണഞ്ചേരിയില്‍ ഒരു പാടത്ത് പടുത്തുയര്‍ത്തിയ കല്യാണപ്പന്തലില്‍ ഒരു ഗാനമേള അരങ്ങു തകര്‍ക്കുകയാണ്.

ഹാര്‍മോണിയം വായിച്ച് പാടുന്നത് സംഗീത മാന്ത്രികനായ സാക്ഷാല്‍ എം.എസ് ബാബുരാജ്. തബല: ഉസ്മാന്‍. പിന്നെ മറ്റു ചില ഓര്‍ക്കെസ്ട്രക്കാരുമുണ്ട്. രാവേറെ ചെന്നപ്പോള്‍ ബാബുക്ക പറഞ്ഞു: ''ഇനി ഞാനും ഉസ്മാനും കൂടി ഒന്നിരിക്കിട്ടെ''

മറ്റുള്ളവര്‍ അരങ്ങൊഴിഞ്ഞു കൊടുത്തു. പിന്നെ അത് ഒരു ഇരുത്തം തന്നയായിരുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. മൂന്ന് പാട്ടുകള്‍ മാത്രം പാടാന്‍ ഒരു മണിക്കൂറെടുത്തു. തനിക്കേറെ പ്രിയങ്കരമായ മുകേഷിന്റെ ആന്‍ സൂ ഭരിഹേ ബാബുക്ക പാടുമ്പോള്‍ ജപ്താളിലാണ് ഉസ്മാന്‍ തബല വായിച്ചത്. പിന്നെ സുറുമയെഴുതിയ മിഴികളെ, അത് കഴിഞ്ഞ് ഒരു പുഷ്പം മാത്രം.. കേട്ടു ശീലിച്ച ഈണങ്ങള്‍ക്കപ്പുറം മനോധര്‍മ്മത്തിന്റെ അനന്യമായ ആലാപനമായിരുന്നു അത്.

രതിമൂര്‍ച്ഛയിലെന്നോണം ഒടുവില്‍ ഗായകന്‍ പാടിത്തളര്‍ന്നു. നിലാവൊഴുകുന്ന ആകാശം. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഒരു പായ വിരിച്ചു അവിടെ കിടന്നുറങ്ങി. രാവിലെ ഉണര്‍ന്നപ്പോള്‍ മടിയില്‍ നിന്നൂര്‍ന്ന് വീണ് മദ്യക്കുപ്പി അരികില്‍ കിടപ്പുണ്ടായിരുന്നു.

ഉപ്പയുടെ മരുമകന്‍ അബ്ദുല്‍ റഹ്മാന്റെ കല്യാണരാവായിരുന്നു അതെന്ന് നസീര്‍ ഓര്‍മിക്കുന്നു. തബലിസ്റ്റായ ഉസ്മാന്റെ തബലിസ്റ്റായ മകനാണ് നസീര്‍. ഉസ്മാന്റെ രണ്ട് മക്കളും-നസീറും ഫിറോസും- കോഴിക്കോട്ടെ അറിയപ്പെടുന്ന തബല വാദകരാണ്. ഇത്തരം ഒരുപാട് സംഭവങ്ങള്‍ പറയാനുണ്ട് അയാള്‍ക്ക്. ഉപ്പയുടെ ഡയറിയില്‍ നിന്ന് വായിച്ചെടുത്തതും നേരില്‍ പറഞ്ഞുകേട്ടതുമായ കാര്യങ്ങള്‍.

റിക്കാര്‍ഡിംഗ് റൂമിന്ന് പുറത്ത് ചങ്ങാതിമാരുടെ മെഹ്ഫിലുകളിലാണ് ബാബുരാജിന്റെ സര്‍ഗ്ഗാത്മകത എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് പുറത്തേക്കൊഴുകിയിരുന്നത്. അത് ഗ്രാമഫോണ്‍ റിക്കോര്‍ഡുകളുടെ ആവര്‍ത്തനമായിരുന്നില്ല. സര്‍ഗ്ഗസംഗീതത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായിരുന്നു. ബാബുക്കയുടെ സ്വരത്തിന്ന് യേശുദാസിന്റെയും ജയചന്ദ്രന്റെയും മിനുസമുണ്ടായിരുന്നില്ലായിരിക്കാം. പക്ഷ, ആ പരുക്കന്‍ ശബ്ദത്തിന് അസാധാരണമായ ഭാവഭംഗിയും ആലാപന ചാതുര്യവുമുണ്ടായിരുന്നു.

വരികളുടെ ആഴങ്ങളിലൂടെ അര്‍ത്ഥ കല്‍പ്പനകളുടെ ആകാശത്തിലേയ്ക്കവ ചിറകുവിടര്‍ത്തി. സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും 'വാഹ് വാഹ്' വിളികളും അതിന്ന് എന്തെന്നില്ലാത്ത ഊര്‍ജ്ജം പകര്‍ന്നു. അതുകൊണ്ടാണ് ചെന്നൈയില്‍ നിന്ന് പുതിയ പടത്തിന്റെ ശബ്ദലേഖനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ അദ്ദേഹത്തെ റാഞ്ചിക്കൊണ്ടുപോകാന്‍ കാറുകളുമായി പ്രമാണിമാരും പണക്കാരുമായ ആസ്വാദകര്‍ കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ കാത്തു കിടന്നിരുന്നത്.

പിറന്നു വീണ മധുരഗാനങ്ങള്‍ ആറുന്നതിന് മുന്‍പ് തന്നെ ജനയിതാവിന്റെ സ്വതസിദ്ധമായ സ്വരത്തില്‍ കേട്ടാസ്വാദിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹമായിരുന്നവര്‍ക്ക്. സൗഹൃദത്തിന്നപ്പുറം മറ്റൊന്നും പ്രതീക്ഷിച്ചില്ല ആ മഹാകലാകാരന്‍. അതേസമയം ബാബുരാജ് രോഗഗ്രസ്തനായി വീട്ടില്‍ ഒറ്റപ്പെട്ട് ഏകാകിയായി കഴിഞ്ഞ ഘട്ടങ്ങളില്‍ ഈ ചങ്ങാതിമാരില്‍ പലരും തിരിഞ്ഞു നോക്കാനുണ്ടായിരുന്നില്ല.

ശ്രോതാക്കള്‍ ബാബുരാജിന്റെ ലഹരിയായിരുന്നു. അദ്ദേഹത്തിന്റെ പരിപാടികള്‍ അവസാനിക്കുമ്പോള്‍ പാതിര കഴിയും.

മെഹ്ഫിലുകള്‍ക്ക് സ്വന്തമായി ചില രീതികളുണ്ടായിരുന്നു. ഹാര്‍മോണിയത്തില്‍ രണ്ടാവര്‍ത്തി വായിച്ചിട്ടേ പാട്ടിലേയ്ക്ക് കടക്കുകയുള്ളു. പല്ലവി പാടിയ ശേഷം ആവശ്യമുള്ള ബിറ്റ് ഏത് ഇന്‍സ്ട്രുമെന്റിന്റേതാണോ വേണ്ടത് അത് കൈകാര്യം ചെയ്യുന്ന മ്യുസിഷ്യനെ ഒന്ന് നോക്കും. മനോധര്‍മ്മം പ്രകടിപ്പിക്കാനുള്ള അവസരമാണത്. ഞങ്ങളതിനെ യൂനാനി എന്നാണ് പറയുക - വയലിനിസ്റ്റ് സി.എം വാടിയില്‍ പറയുന്നു.

1964ല്‍ കോഴിക്കോട് ആദ്യമായി യേശുദാസിന്റെ ഗാനമേള നടക്കുമ്പോള്‍ ഓര്‍ക്കെസ്ട്രയ്ക്ക് നേതൃത്വം നല്‍കിയത് ബാബുരാജായിരുന്നു. ഉസ്മാന്‍ തബലയും ഞാന്‍ വയലിനും.. അത് തകര്‍പ്പന്‍ പരിപാടിയായിരുന്നു. ബാബുക്കയ്ക്ക് സമയ ബോധമൊന്നുമുണ്ടാവില്ല. കേള്‍ക്കാനും ആസ്വദിക്കാനും ആളുണ്ടെങ്കില്‍ എത്ര മണിക്കൂറും പാടുവാന്‍ തയ്യാറാകും. കൂട്ടുക്കാരും ആസ്വാദകരും അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു.

കോഴിക്കോട് നഗരത്തില്‍ സായാഹ്നങ്ങളില്‍ മാളികകളിലും തട്ടിന്‍പുറങ്ങളിലും മെഹ്ഫിലുകള്‍ നടന്നിരുന്ന കാലം. ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ്, സെയ്തു ബായിയുടെ ഈവനിങ് ആര്‍ട്‌സ്, ഹസന്‍ ഭായിയുടെ ഹിന്ദുസ്ഥാന്‍, സാള്‍ട്ട് മുഹമ്മദ് കോയയുടെ എവറസ്റ്റ്.. അങ്ങനെ പേരുള്ളതും പേരില്ലാത്തതുമായ നിരവധി കലാസമിതികള്‍....തട്ടിന്‍ പുറങ്ങള്‍, മാളിക പുറങ്ങള്‍ ... അവിടെ മിനിമം ഒരു ഹാര്‍മ്മോണിയവും തബലയും കാണും. കച്ചവടക്കാരും കൂലിപ്പണിക്കാരും എല്ലാ വിഭാഗത്തില്‍ പെട്ടവരും അവിടെ വന്നുകൂടും. അത്തരം സ്വകാര്യ സദിരുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കോഴിക്കോട് അബ്ദുല്‍ ഖാദറും ബാബുരാജും സി.എ അബൂബക്കറുമൊക്കെ.

അങ്ങനെയുള്ള ഒരു പരിപാടിയില്‍ പാടിയ പാട്ടുകളാണ് മനോരമ മ്യൂസിക് ''ബാബുരാജ് പാടുന്നു'' എന്ന പേരില്‍ വിപണിയിലിറക്കിയത്. ബാബുരാജ് എന്ന ഗായകന് വിപണനമൂല്യമുള്ളത് കൊണ്ടാണല്ലോ ചൂടപ്പം പോലെ അത് വിറ്റഴിഞ്ഞത്. തന്റെ സുദീര്‍ഘമായ ചലച്ചിത്ര ജീവിതത്തില്‍ ബാബുക്ക അപൂര്‍വ്വമായേ പാടിയിട്ടുള്ളു. അവ കേട്ടാല്‍ ലബ്ധ പ്രതിഷ്ഠരായ ഗായകര്‍ക്ക് അസാധ്യമായ ആലാപനമാണെന്ന് മനസ്സിലാകും. 'പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ' മറ്റൊരു ഗായകനാണ് പാടിയിരുന്നതെങ്കില്‍ ദുഃഖതീവ്രത ഇത്രമാത്രം അനുഭവിക്കാന്‍ കഴിയുമായിരുന്നൊ?

'മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി' ഒരു സാധാരണ മാപ്പിളപ്പാട്ടില്‍ നിന്ന് എത്ര എത്രമാത്രം വ്യത്യസ്തമാണെന്നാലോചിച്ചു നോക്കൂ.

ബാബുരാജ് എന്ന ഗായകന്റെ സാധ്യതകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് തോന്നുന്നത്. ബാബുരാജിന്റെ ഹാര്‍മോണിയവും ഉസ്മാന്റെ തബലയും അപാര ചേരുവയായിരുന്നുവെന്ന് പറയുന്നത് അതിന് സാക്ഷ്യം വഹിച്ചവരാണ്. കൂടെ സി.എം വാടിയിലിന്റെ വയലിനും സാമുവലിന്റെ ഗിറ്റാറുമുണ്ടെങ്കില്‍ പരിപാടി കലക്കുമത്രെ. എന്നും മുഷിഞ്ഞ വേഷത്തില്‍ നടക്കുന്ന ലഹരിക്കടിമയായിരുന്ന സാമുവലിനെ കുറിച്ച് ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. അപ്പോഴും ബാബുക്ക അയാളെ കൂടെ കൊണ്ടുനടന്നത് ആ സര്‍ഗ്ഗാത്മകതയെ അംഗീകരിച്ചതുകൊണ്ടായിരുന്നു.
ബോംബെയില്‍ ബാബുക്കയുടെ ഒരു ഗാനമേള നടക്കുകയാണ്. ഉസ്മാന് അന്ന് പതിനെട്ട് വയസ്സേയുള്ളു. പരിപാടി തുടങ്ങാറായി. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഒരു പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. സംഘാടകര്‍ അദ്ദേഹത്തെ ഒരു പല്ലക്കില്‍ ചുമന്നുകൊണ്ടാണ് സദസ്സിന്റെ മുന്‍ വരിയിലിരുത്തിയത്. അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടി ബാബുക്ക പറഞ്ഞു: ദാ, ആ ഇരിക്കുന്നത് ഒരു വലിയ ഉസ്താദാണ്...കയ്യിടറരുത്. വിചാരിച്ചത് പോലെ തന്നെ തബല വാദനത്തിന്നിടെ ഉസ്മാന്റെ കയ്യൊന്ന് പതറിപ്പോയി. ബാബുക്ക പെട്ടൊന്നൊരു തട്ടുകൊടുത്തു.

പയ്യന്റെ മുഖത്താണ് അത് കൊണ്ടത്. കല്ലുവെച്ച മോതിരമായിരുന്നു കയ്യില്‍. ഉസ്മാന്റെ ഒരു പല്ലടര്‍ന്ന് ചോര വന്നു. അതിന്റെ അടയാളം അവസാനം വരെ ഉസ്മാന്റെ ദന്ത നിരയിലുണ്ടായിരുന്നു.

ബോംബെയിലെ സംഘാടകര്‍ പറഞ്ഞു: "കുട്ടിയുടെ തബലവാദനം ഉസ്താദിന് വളരെ ഇഷ്ടമായി. ആറ് മാസം ഇവിടെ നിര്‍ത്തിയാല്‍ ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിച്ച് നല്ലൊരു തബലിസ്റ്റാക്കാം."

ബാബുക്ക പറഞ്ഞു: "നീയിവിടെ നിന്ന് തബല പഠിച്ച് തെക്കേ ഇന്ത്യയിലെ വലിയ തബലിസ്റ്റായി വാ."

പക്ഷെ, കൂടെ വന്നവരെല്ലാം നാട്ടിലേക്ക് മടങ്ങുമ്പോള്‍ അപരിചിതമായ മഹാനാഗരത്തില്‍ തനിച്ചു നില്‍ക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.

അമ്പതുകളുടെ പകുതി തൊട്ട് ഉസ്മാന്‍ ബാബുരാജിന്റെ തബലിസ്റ്റായിരുന്നു. അതിന് മുമ്പ് ആയിശ റേഡിയൊ എന്ന കൊച്ചിയിലെ അബ്ദുവും ഉമ്മറുസ്താദും ഒക്കെയാണ് ബാബുക്കയുടെ മെഹ്ഫിലുകളില്‍ തബല വായിച്ചിരുന്നത്. 1966ല്‍ ആകാശവാണിയില്‍ ഉസ്മാന് ജോലി കിട്ടുന്നത് വരെ അത് തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തെരുവിലിരുന്ന് പാടുമ്പോള്‍ പോലീസ് വന്ന് ഓടിച്ച അനുഭവങ്ങള്‍ ഉപ്പ അയവിറക്കാറുണ്ടായിരുന്നെന്ന് നസീര്‍ ഓര്‍ക്കുന്നു.

ബാബുരാജിന്റെ മോതിരത്തെ കുറിച്ച് എന്‍.പി മുഹമ്മദ് ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരു സിനിമയുമായി ബന്ധപ്പെട്ട് രാമു കാര്യാട്ടുമായി ചെന്നൈയിലെത്തിയതായിരുന്നു എന്‍.പി. നാട്ടില്‍ നിന്നു വന്ന കൂട്ടുകാര്‍ക്ക് ഹോട്ടലില്‍ നല്ലൊരു വിരുന്നു നല്‍കി ബാബുക്ക. രാത്രിയില്‍ സംഗീത വിരുന്നും. അന്നേരം ഹാര്‍മോണിയത്തിലൂടെ ചലിച്ചുകൊണ്ടിരുന്ന ആ വിരലുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു എന്‍.പി. ഉച്ചയ്ക്ക് അതില്‍ കണ്ട മോതിരമെവിടെ?

പിന്നീട് ആരോ പറഞ്ഞാണറിഞ്ഞത്-അഭിമാനിയായ ആ കലാകാരന്‍ ചങ്ങാതിമാര്‍ക്ക് വിരുന്നു നല്‍കിയത് ആ മോതിരം വിറ്റിട്ടായിരുന്നു!


1957ല്‍ ഒന്നര മാസം നീണ്ടു നിന്ന ബാബുരാജിന്റെ ആദ്യത്തെ ഉത്തരേന്ത്യന്‍ പര്യടനത്തില്‍ ഉസ്മാനും സാമുവലും ഉണ്ടായിരുന്നു കൂടെ. അഹമ്മദ് എന്ന ഒരു പ്രോഗ്രാം മാനേജറും. ഭിലായി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ആദ്യ ഗാനമേള. ഖവാലികളും ഗസലുകളുമാണ് ബാബുരാജ് അവിടെ പാടിയത്. അത് കേട്ട ചില സിഖ് സംഗീത പ്രേമികള്‍ ഒരു മെഹ്ഫില്‍ കൂടി കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഒരു ഹോട്ടല്‍ മുറിയിലായിരുന്നു അത്. പത്തിരുപതു പേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല സംഗീതാസ്വാദകരായിരുന്നു അവര്‍. പ്രതിഫലത്തിന് പുറമെ ഉസ്മാന് പ്രത്യേകമായി അഞ്ചു രൂപ സമ്മാനവും നല്‍കി. പിന്നീട് ഭോപ്പാല്‍, ഝാന്‍സി, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി പല നഗരങ്ങളിലും പരിപാടികള്‍ നടത്തി. ഡല്‍ഹിയില്‍ രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ കൃഷ്ണമേനോന്‍ താല്‍പര്യമെടുത്ത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനില്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമായി ഒരു മെഹ്ഫില്‍ സംഘടിപ്പിച്ചിരുന്നു. കേള്‍വിക്കാരായി പുറത്തു നിന്ന് ആരുമുണ്ടായിരുന്നില്ല.
കൊല്‍ക്കത്ത യാത്രയ്ക്കിടെ ഹാര്‍മോണിയം വാങ്ങാനായി ബാബുരാജും ഉസ്മാനും കൂടി മ്യൂസിക് ബസാറില്‍ പോയ കഥ കേട്ടിട്ടുണ്ട്. എല്ലാ സംഗീതോപകരണങ്ങളും ലഭിക്കുന്ന ബസാറാണത്രെ അത്. ഒരു കടയിലെത്തി ഹാര്‍മോണിയം നല്ലതാണോ എന്ന് നോക്കാന്‍ വെറുതെയൊന്നു വിരലോടിച്ചു. ആ ബസാറിലെ ആളുകള്‍ മുഴുവന്‍ അവിടെ തടിച്ച് കൂടുകയും ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തത്രെ.

ബാബുരാജും ഉസ്മാനും ശാസ്ത്രീയ സംഗീതം വളരെയൊന്നും പഠിച്ചവരായിരുന്നില്ല. പക്ഷെ, ജന്മസിദ്ധമായ കഴിവുകളും നിരന്തര സാധനകളും അവരെ തങ്ങളുടെ സംഗീതോപകരണങ്ങളില്‍ അദ്വിതീയരാക്കി.

ബാബുരാജ് സിനിമാഗാനങ്ങള്‍ രചിക്കുമ്പോള്‍ ഉസ്മാനാണ് തബല വായിച്ചിരുന്നത്. ചെന്നൈയിലെ സ്വാമീസ് ലോഡ്ജില്‍ അങ്ങനെ എത്രയൊ ഗാനങ്ങള്‍ പിറന്നു വീണിട്ടുണ്ട്!

ചിലപ്പോള്‍ ഉച്ചമയക്കത്തില്‍ നിന്ന് ''ഉസ്മാന്‍" എന്ന് വിളിച്ച് ചാടി എഴുന്നേല്‍ക്കും. ഈണത്തിന്റെ വരവായിരിക്കും. അത് മനസ്സിലാക്കി ഉസ്മാന്‍ തബലയില്‍ പെരുമാറാന്‍ തുടങ്ങും.

എന്നാല്‍ റെക്കോര്‍ഡിംഗിലൊന്നും തബല വായിക്കാന്‍ ഉസ്മാന്ന് കഴിഞ്ഞില്ല. കാരണം റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളില്‍ അവരുടെ സ്വന്തം തബലിസ്റ്റുകളുണ്ടാവും. പുറത്തുള്ളവരെ സംഗീതോപകരണം വായിക്കാന്‍ തൊഴിലാളി സംഘടനകളും സമ്മതിക്കുകയില്ല. 1966ല്‍ ഉസ്മാന്‍ ആകാശവാണിയില്‍ സ്റ്റാഫായിക്കഴിഞ്ഞിരുന്നു. തൃശിനാപ്പിള്ളിയിലായിരുന്നു പിന്നെ ജീവിതം. പുറംപരിപാടികളില്‍ തബല വായിക്കാന്‍ അനുവാദമില്ലായിരുന്നു. എ.ഐ.ആറില്‍ ഉസ്മാന്ന് ജോലി കിട്ടിയതറിഞ്ഞപ്പോള്‍ ബാബുക്ക പറഞ്ഞത് ഇങ്ങനെയായിരുന്നു: ''നിന്റെ കൈകള്‍ക്ക് വിലങ്ങ് വീണിരിക്കുന്നു.''

എഴുപതുകളിലാണ് ബാബുക്കയ്ക്ക് ആദ്യമായി സ്‌ട്രോക്ക് വരുന്നത്. ചുണ്ടുകള്‍ കോടിയപ്പോള്‍ പാടാനാവാതായി. ഹാര്‍മോണിയത്തില്‍ അതിശയങ്ങള്‍ സൃഷ്ടിച്ച കലാകാരന്റെ വിരലുകള്‍ പഴയത് പോലെ ചലിക്കാതായി. വടക്കന്‍ കേരളത്തില്‍ ഒരു പരിപാടിക്കിടെ ശ്രോതാക്കള്‍ കൂവിയ അനുഭവം വരെ ഉണ്ടായി. നിത്യവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്ന വീട്ടിലേക്ക് ആരും വരാതായി. അങ്ങനെയാണ് വി.എം കുട്ടിയുടെ ട്രൂപ്പില്‍ ഹാര്‍മോണിസ്റ്റായി പോയി തുടങ്ങിയത്. സംഗീതലോകം മുഴുവന്‍ നേഞ്ചേറ്റിയ ഒരു മഹാകലാകാരനാണ് ഈ അനുഭവമുണ്ടായതെന്നോര്‍ക്കുക.

അന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു: ഇനി മദ്യപിക്കരുത്. ഒന്നര വര്‍ഷം ബാബുക്ക പിടിച്ചു നിന്നു. പിന്നെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവിലെ സൗണ്ട് ബോയികളുടെ ഒപ്പം പോയിപ്പോലും മദ്യപിക്കാന്‍ തുടങ്ങി. രാവിലെ ആരംഭിക്കുന്ന മദ്യപാനം രാവേറെ ചെല്ലുന്നത് വരെ നീണ്ടുനില്‍ക്കുമത്രെ. വീണ്ടും ആരാധകരും കൂട്ടുകാരും ചുറ്റും കൂടി.

ഇങ്ങനെ ആഘോഷങ്ങളും ഒറ്റപ്പെടലുകളം നിറഞ്ഞ ഒരു ജീവിതമായിരുന്നു ആ ജീനിയസ്സിന്റേത്. സ്വന്തം വില അദ്ദേഹമറിഞ്ഞില്ല. അര്‍ഹമായ പ്രതിഫലം ചോദിച്ചു വാങ്ങിയില്ല. അപ്പോഴും കുടുംബത്തോടുള്ള കടമകള്‍ മറന്നില്ല. മക്കളെ ജീവനേക്കാള്‍ സ്‌നേഹിച്ച പിതാവായിരുന്നു ബാബുക്ക.

ബാബുരാജ് എന്ന പ്രതിഭയെ തെരുവില്‍ നിന്നു കണ്ടെടുത്തത് കുഞ്ഞഹമ്മദ് എന്ന ഒരു പോലീസുകാരനായിരുന്നെങ്കില്‍ മറവിയില്‍ നിന്നദ്ദേഹത്തെ വീണ്ടെടുത്തത് വടേരി ഹസന്‍ എന്ന മരക്കച്ചവടക്കാരനായിരുന്നു. ബാബുരാജിന്റെ ഓര്‍മ്മദിനങ്ങളില്‍ അദ്ദേഹം അനുസ്മരണ പരിപാടികളും സംഗീതസദിരുകളും സംഘടിപ്പിച്ചു. ബാബുരാജ് സ്മൃതി എന്ന പേരില്‍ സ്മരണിക പ്രസിദ്ധീകരിച്ചു. പിന്നീടിത് ബാബുരാജ് എന്ന പുസ്തകമായി. ഇതിന്റെ എഡിറ്റിങ് നിര്‍വഹിക്കാനുള്ള നിയോഗം എനിക്കായിരുന്നു. ഒരിക്കലും ബാബുക്കയെ കണ്ടിട്ടില്ലെങ്കിലും ഞാനെന്നും അദ്ദേഹത്തിന്റെ ആസ്വാദകനായിരുന്നല്ലൊ. ഈ പുസ്തകപ്പിറവിക്ക് ശേഷമാണ് ബാബുരാജ് ഫൗണ്ടേഷനും ബാബുരാജ് രാത്രികളും പുരസ്‌കാരങ്ങളുമൊക്കെയുണ്ടാകുന്നത്. ഈ സമാഹാരത്തില്‍ കെ.ടി മുഹമ്മദ് എഴുതിയ ലേഖനം ആറാം ക്ലാസ് പാഠപുസ്തകത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.

ബാബുരാജ് എന്ന ജീനിയസ്സിന്റെ ജീവിതത്തില്‍ നിന്ന് കുട്ടികള്‍ക്ക് മാത്രമല്ല നമുക്കും പഠിക്കാനേറെയുണ്ട്.


ജമാല്‍ കൊച്ചങ്ങാടി

ജമാല്‍ കൊച്ചങ്ങാടി

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍

Next Story

Related Stories