TopTop
Begin typing your search above and press return to search.

നഗരത്തെ നഗരം കൊണ്ട് ഹരിക്കുന്ന വിധം; ചൈനാ മ്യേവിലിന്റെ 'വിചിത്ര' പുസ്തകം ടെലിവിഷനാകുമ്പോള്‍

നഗരത്തെ നഗരം കൊണ്ട് ഹരിക്കുന്ന വിധം; ചൈനാ മ്യേവിലിന്റെ വിചിത്ര പുസ്തകം ടെലിവിഷനാകുമ്പോള്‍

But there are places where the cities meet, where it's hard to observe the borders. To see and unsee what you should... and what you shouldn't. It takes a lifetime - Inspektor Tyador Borlu, Extreme Crime Squad (City and the City)

ഒന്ന്

ഒരേയിടത്ത് സഹവർത്തനം ചെയ്യേണ്ടി വരുന്ന രണ്ടു നഗരങ്ങൾ - ബേഷലും ഉൽ ക്വോമയും. വൈചിത്ര്യത്തിന്മേൽ കെട്ടിപ്പൊക്കിയിട്ടുള്ള ഈ ഇരട്ടനഗരങ്ങൾ പോലെത്തന്നെയാണ് ഇംഗ്ലീഷ് എഴുത്തുകാരൻ ചൈനാ മ്യേവിലിന്റെ അതേ പരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള 'സിറ്റി ആൻഡ് ദ സിറ്റി' എന്ന ബിബിസി സീരീസും. ഒരേ പ്രമേയത്തിൻമേൽ ഒരേസമയം നിലനിൽക്കുന്ന ഫാന്‍റസിയും പോലീസ് പ്രൊസീഡ്യുറലും.

ഒരേ ഭൂപ്രദേശവും ഭൂപടവുമുള്ള നഗരങ്ങൾ - വ്യത്യസ്തങ്ങളായ ഭരണകൂടവും നിയമ വ്യവസ്ഥയും. നഗരങ്ങളുടെ അതിർത്തി അവിടുത്തെ പൗരന്മാരുടെ പ്രജ്ഞയിലാണ്, കാഴ്ചയിലും. അവർ പരസ്പരം ഇടപഴകുന്നതു മാത്രമല്ല, കാണുന്നതു പോലും കുറ്റമാണ്. കാണാതിരിക്കാനും കണ്ടത് ഓർമ്മയിൽ നിന്ന് മായ്ക്കാനും (Unsee)പരിശീലിക്കപ്പെട്ടവരാണവർ. നഗരാന്തരയാത്രക്ക് അനുവാദമുള്ളത് വിദേശസഞ്ചാരികൾക്കും അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രം. അതിർത്തി കടക്കും മുമ്പ് അതുവരെ കണ്ടതെല്ലാം മറക്കാനും പുതിയ കാഴ്ചകൾ കാണാനുമുള്ള (സൈക്കോ-ബയോളജിക്കൽ) പരിശീലനം. ഇരു നഗരങ്ങളും പങ്കിടുന്ന കോപ്പുലാ ഹാൾ കെട്ടിടത്തിന്‍റെ ഒരു ചുമരിൽ രണ്ടു വാതിലുകളാണ്. ഒന്നിൽ കൂടി കയറി സമാന്തര വാതിലിലൂടെ പുറത്തേക്കിറങ്ങിയാൽ അതിർത്തിക്കപ്പുറമായി. കിഴക്കൻ യൂറോപ്പിലെ ഏതോ ദരിദ്ര നഗരത്തിന്‍റെ ഛായയാണ് ബേഷലിന്.(അതോ മുസ്തഫാ കെമാല്‍ പാഷയുടെ ഇസ്താംബൂളിന്‍റേയോ?) അവരുടെ കെട്ടിടങ്ങളും സംവിധാനങ്ങളുമെല്ലാം എഴുപതുകളുടെ സോവിയ‌റ്റോർമ്മ പോലെയാണ്. ഉൽ ക്വോമ പക്ഷെ ഒരു വികസിത നഗരമാണ്. ചില്ലുവാതിലുകളും നക്ഷത്ര ഹോട്ടലുകളും ബാറുകളും തുടങ്ങി പുകവലി പ്രോത്സാഹിപ്പിക്കാത്ത പൊതുവിടങ്ങളും വരെയുള്ള സമകാലിക നഗരം. പോലീസിംഗിലുമുണ്ട് ഈ വ്യത്യാസം. കമ്മിസാറിന് കീഴിലുള്ള പഴയ സോവിയറ്റ് മോഡൽ പോലീസാണ് ബേഷലിലേത്. ഇൻസ്‌പെക്ടറുടെ മുറിയിൽ പോലും കാർഡ് ബോഡ് പെട്ടികളും ഫയലുകളും കുന്നുകൂട്ടിയിട്ടിരിക്കുന്ന, പൊടി നിറഞ്ഞ സ്റ്റേഷനും കാലം തെറ്റി നിരത്തിലിറങ്ങിയ പോലുള്ള കാറുകളുമെല്ലാമാണവിടെയുള്ളത്. ഉൽ ക്വോമയിലെ പോലീസ് ആസ്ഥാനവും ഉദ്യോഗസ്ഥരുമെല്ലാം സ്‌കോട്ട്‌ലാൻഡ്‌ യാഡോ എഫ്ബിഐയോ പോലെ സമകാലികവും. ഇരു നഗരങ്ങളുമുൾപ്പെട്ട പ്രശ്‌നങ്ങളിൽ വിധിന്യായകൽപന നടത്തുന്ന ബ്രീച്ച് എന്ന പരമാധികാരകേന്ദ്രവും ഒപ്പം നഗരവാസികളായ ചിലർക്ക് മാത്രമറിയാവുന്ന ഓർസിനി സങ്കൽപ്പനഗരവും കൂടി ചേരുന്നതോടെ 'സിറ്റി ആൻഡ് ദ സിറ്റി'യുടെ ആഖ്യാനലോകം പൂർണമാകുന്നു. ചൈനാ മ്യേവിൽ 2009-ലെഴുതിയതാണ് ലോകമെങ്ങുമുള്ള അക്കാദമിക് സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഡിസ്‌ടോപിയൻ- ഡിറ്റക്ടീവ് (സയൻസ്) ഫിക്ഷൻ. സയൻസ് ഫിക്ഷന്റേയും ഫാന്‍റസിയുടേയുമെല്ലാം ഘടകങ്ങൾ ചേരുന്ന വിയേഡ് ഫിക്ഷൻ എന്ന ഴോനറിൽ പെടുത്താവുന്ന 'സിറ്റി ആൻഡ് ദ സിറ്റി' ഒരു പക്ഷെ കഴിഞ്ഞ ദശകത്തിൽ ഏറ്റവുമധികം വ്യാഖ്യാനങ്ങളും പഠനങ്ങളുമുണ്ടായിട്ടുള്ള ഇംഗ്ലീഷ് നോവലുകളിലൊന്നാണ്. നവ വൈചിത്ര്യം (New Weird) എന്ന ഗണത്തിലാണ് പുതുതലമുറ ഗവേഷകർ 'സിറ്റി ആൻഡ് ദ സിറ്റി'യെ ഇപ്പോൾ പരിഗണിക്കുന്നത്.

രണ്ട്

ഉൽ ക്വോമയിൽ ആർക്കിയോളജിയിൽ ഗവേഷണം നടത്തുന്ന അമേരിക്കൻ വിദ്യാർത്ഥി മഹാലിയ ഗിയറിയെ കൊല്ലപ്പെട്ട നിലയിൽ ബേഷലിൽ കണ്ടെത്തുന്നിടത്താണ് സീരീസിന്റെ തുടക്കം. കേസന്വേഷിക്കേണ്ടത് ബേഷലിലെ എക്‌സ്ട്രീം ക്രൈം സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ ത്യാദോർ ബോർലുവാണ്. സഹായിയായി അയാൾ തെരഞ്ഞെടുക്കുന്നത്, 'തെറിത്തോക്ക് കണക്കെയുള്ള നാക്കിനുടമ'യായ ലിസ്ബയെത് കോർവൈ എന്ന യുവ പോലീസുകാരിയേയും. കാണേണ്ടതും അരുതാത്തതുമായ കാഴ്ചകൾക്കിടയിൽ ജീവിതം തന്നെ നഷ്ടപ്പെട്ട ബോർലുവിന് തന്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാണ് ഈ അന്വേഷണം. രണ്ടു നഗരങ്ങളും ഉൾപ്പെടുന്നതോ, അതിർത്തിലംഘനം പോലുള്ളതോ ആയ വിഷയങ്ങളിൽ അന്വേഷണവും തുടർനടപടികളും ബ്രീച്ചിലേക്ക് പോകേണ്ടതാണ്. അദൃശ്യവും സർവവ്യാപിയുമാണ് ബ്രീച്ച് . Spotting Breach is easy, They look just like you and me എന്നാണ് ബേഷലിലെ പ്രമാണം. പക്ഷെ മഹാലിയയുടെ കൊലപാതകക്കേസ് ബ്രീച്ചിന് വിടാതിരിക്കാൻ ബോർലു ആവതെല്ലാം ചെയ്യുന്നുണ്ട്. അതിന് കാരണം അയാളുടെ ഭൂതകാലമാണ്. ബോർലുവിന്‍റെ ഭാര്യ പ്രഫസർ കാത്രീനിയ പെർലയുടെ തിരോധാനക്കേസ് വർഷങ്ങൾക്കു മുമ്പ് ബ്രീച്ച് ഏറ്റെടുത്തതായിരുന്നു; കാലമേറെ കഴിഞ്ഞിട്ടും കാത്രീനിയയെ കുറിച്ച് ഒരു വിവരവും പുറത്തു വന്നതേയില്ല. ഈ അദൃശ്യ സംവിധാനത്തിന്റെ പരിഗണനയ്ക്കു പോകുന്ന വിഷയങ്ങൾക്കും അവർ കണ്ടെത്തുന്ന കുറ്റവാളികൾക്കും എന്ത് സംഭവിക്കുന്നുവെന്നത് അജ്ഞാതമാണെന്നതാണ് അതിന്‍റെ സവിശേഷത.

കത്രീനിയയുടെ തിരോധാനത്തേയും മഹാലിയയുടെ കൊലപാതകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നത് പ്രഫസർ ഡേവിഡ് ബൗഡൻ എന്ന കനേഡിയൻ എഴുത്തുകാരന്റെ 'ബിറ്റ്‌വിൻ ദ റ്റൂ സിറ്റീസ്' എന്ന കൃതിയാണ്. ഉൽ ക്വോമയും ബേഷലുമല്ലാത്ത, ഓർസിനി എന്ന മറ്റൊരു രഹസ്യ നഗരം നിലനിൽക്കുന്നുണ്ടെന്ന സിദ്ധാന്തമാണ് ബൗഡൻ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ക്ഷണം കിട്ടുന്നവർക്ക് മാത്രമാണ് അവിടേക്ക് പ്രവേശനമുള്ളത്. ഉൽ ക്വോമ സർകലാശാലയിലെ പ്രഫസറായ ബൗഡന്റെ ആരാധകരായിരുന്നു രണ്ടു വ്യത്യസ്ത കാലങ്ങളില്‍ കാത്രീനിയയും മഹാലിയയും. ഇരു നഗരങ്ങളുടേയും ഭരണ സംവിധാനം വിലക്കപ്പെട്ടതായി കണക്കാക്കുന്ന ഓർസിനിയെ കുറിച്ചുള്ള (ഗൂഢാലോചനാ) സിദ്ധാന്തമാണ് കാത്രീനിയയുടേയും മഹാലിയയുടേയും ദുർവിധിക്ക് കാരണമായതെന്ന ബോർലുവിന്‍റെ കണ്ടെത്തൽ അയാളേയും ബ്രീച്ചിന്റെ പരിധിയിൽ പെടുത്തുന്നു. ഗവേഷകയുടെ കൊലപാതകക്കേസിനെ കുറിച്ച് ഔദ്യോഗികമായും ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് അനൗദ്യോഗികമായും ഇൻസ്‌പെക്ടർ ബോർലു നടത്തുന്ന അന്വേഷണമാണ് സീരീസിലെ ഒരു ഘടകം- (Investigative/ Police procedural). രണ്ടു നഗരങ്ങളുടെ വിചിത്രമായ നിലനിൽപ്പും മൂന്നാം നഗരമായ ഓർസിനിയെ കുറിച്ചുള്ള സങ്കൽപവും ബ്രീച്ച് എന്ന അമൂർത്തമായ ശിക്ഷാസംവിധാനവുമെല്ലാമാണ് ഇവിടെ നിന്ന് സീരീസിനെ ഫാന്‍റസിയുടേയോ, വൈചിത്ര്യത്തിന്റെയോ തലത്തിലേക്കു കൊണ്ടു പോവുന്നത്. നഗരങ്ങൾക്കും അവിടുത്തെ ഭരണ സംവിധാനങ്ങൾക്കുമെല്ലാം നൽകിയിരിക്കുന്ന സവിശേഷ സ്വഭാവം പലപ്പോഴും ഇതിനൊരു അന്യാപദേശ കഥയുടെ (Allegory) ഛായയും നൽകുന്നുണ്ട്. പക്ഷെ നോവലിനെ അന്യാപദേശമായി ചുരുക്കിക്കാണരുതെന്നും രൂപകങ്ങളിൽ (Metaphor) നിന്ന് രൂപകങ്ങളിലേക്ക് പടർന്നു പടർന്നു പോകുന്ന ആഖ്യാനമാണ് തന്റെ രീതിയെന്നും ചൈനാ മ്യേവിൽ വ്യക്തമാക്കിയിട്ടുണ്ട്. എലികളും മനുഷ്യരും എങ്ങനെ ഒരു നഗരത്തിൽ സഹജീവനം നടത്തുന്നുവോ അങ്ങനെ ജീവിക്കുന്ന രണ്ടു വിഭാഗങ്ങളെ കുറിച്ചുള്ള ഫാന്‍റസിയായിരുന്നു ആദ്യം ആലോചിച്ചതെന്നും പിന്നീടത് മനുഷ്യരിലേക്ക് മാറിയാതാണെന്നും നോവലിസ്റ്റ് പറയുന്നുണ്ട്. കിഴക്ക്- പടിഞ്ഞാറ്, മുതലാളിത്തം- കമ്മ്യൂണിസം പോലുള്ള കേവല ദ്വന്ദ്വങ്ങൾ അവതരിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും 2011 ൽ അമേരിക്കന്‍ എഴുത്തുകാരന്‍ ജെഫ് മാനോയുമായുള്ള സംഭാഷണത്തിൽ മ്യേവിൽ വിശദീകരിക്കുന്നുണ്ട്. നോവലിൽ നിന്ന് കാര്യമായ വ്യതിചലനമൊന്നുമില്ലാതെ തന്നെയാണ് ടോണി ഗ്രിസനിയുടെ തിരക്കഥാ രചനയും. നോവലിസ്റ്റ് എങ്ങനയാണ് നഗരത്തെ/ നഗരങ്ങളെ കാണുന്നതും കാഴ്ചയെ മായ്ച്ചുകളയുന്നതെന്നുമുള്ള മറ്റൊരു എഴുത്തുകാരന്റെയും ചലച്ചിത്രകാരന്റെയും അന്വേഷണമായാണ് ഇതെഴുതുന്നയാൾക്ക് സീരീസിനെ കാണാനായത്. അതിൽ ചിലയിടങ്ങളിലെങ്കിലും അവർ ചിലത് കാണാതെ പോവുകയോ, കണ്ടത് മായ്ച്ചുകളയുകയോ ചെയ്യുന്നുണ്ടെന്ന് മാത്രം.

മൂന്ന്

ഒരേ ഭൂപ്രദേശത്തെ വിഭജിക്കപ്പെട്ട നഗരങ്ങളെന്ന സങ്കൽപനം നമുക്കു മുന്നിൽ ഒരുപാട് രാഷ്ട്രീയവായനാ സാധ്യതകൾ നൽകുന്നുണ്ട്. 1989 വരെ മതിലിനപ്പുറവുമിപ്പുറവും രണ്ടു രാജ്യങ്ങളായിരുന്ന ബെർലിൻ, ഇസ്രായേലും പലസ്തീനും, അയർലാൻഡ് റിപ്പബ്ലിക്കും വടക്കൻ അയർലാൻഡും, യു എസ്- മെക്‌സിക്കൻ തർക്കപ്രദേശയിരുന്ന എൽ പാസോ, നെതർലാൻഡ്‌സിലും ബെൽജിയത്തിലുമായി കിടക്കുന്ന ബാർലെ - ഹെർതോഗ് നഗരം, അമേരിക്കക്കും കാനഡക്കുമിടയിലെ സ്റ്റാൻസ്റ്റെഡ് -ഡെർബി രേഖ അങ്ങനെ ഒരുപാടിടങ്ങൾ - അതിരുകളും അതിരില്ലായ്മകളും. അന്യാപദേശമായി തന്‍റെ കൃതിയെ വായിക്കരുതെന്ന് നോവലിസ്റ്റ് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വായനകളെ അത് വിലക്കുന്നില്ല. സീരീസിലേക്കു വരുമ്പോൾ ലൈറ്റിംഗിന്‍റെ മൂഡും രംഗസംവിധാനവും തൊട്ട് നടീനടന്മാരുടെ തെരഞ്ഞെടുപ്പു വരെയുള്ള ഘടകങ്ങൾ ഇത്തരം വായനാ സാധ്യതകളെ പല മടങ്ങാക്കുന്നുണ്ട്. മൂലകൃതിയിൽ നിർലോഭമായി ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ സൂചനകൾക്കു പുറമെയാണിത്. മഹാലിയ എന്ന പേര് ഹീബ്രുവിലാവുന്നതും അവരുടെ സർ നെയിം ഐറിഷാക്കിയതും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഹാലിയ ഒളിപ്പേരായി ഉപയോഗിക്കുന്നത് മാര്യ എന്ന റഷ്യൻ നാമമാണ്. ബേഷലെന്ന നഗരനാമം ഹംഗേറിയനും ഉൽ ക്വോമയിലെ 'ഉല്‍' റൊമാനിയനുമാണ്. ഇതിൽ തന്നെ ഉൽ ക്വോമ എന്ന പേര് ഒരു സെക്യുലർ ഭരണമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ കുറിക്കുന്നതായി വായിക്കുന്നവരുമുണ്ട്. സങ്കൽപ നഗരമായ ഓർസിനിയുടെ പേര് ഒരു ഓർഗാസം പോലെയാണെന്ന് പ്രഫസർ ബൗഡന്‍റെ ഒരു ശിഷ്യ ഒരിടത്ത് പറയുന്നുണ്ട്. കൃതിയിലെ പല തലത്തിലുള്ള അപര നിർമ്മിതികളെ രാഷ്ട്രീയമായി കാണാനും വായിക്കാനും ഈ സൂചനകളാണ് കാഴ്ചക്കാരനെ സഹായിക്കുന്നത്. സൂചനകൾ പക്ഷെ മൂർത്തമായ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് അവരെ നയിക്കുന്നുമില്ല. അതുകൊണ്ടു ഇത് തന്നെ അന്യാപദേശത്തോളമെത്തുന്നില്ല. കാണേണ്ടവരും അല്ലാത്തവരുമെന്ന വർഗ്ഗീകരണമാണ് ബേഷൽ - ഉൽ ക്വോമ എന്നീ സ്വത്വാപര നിർമ്മിതിയുടെ അടിസ്ഥാനം. ഇരു നഗരവാസികളും തമ്മിലെ ബന്ധമില്ലായ്മയാവണം അവർക്കിടയിലെ സംഘർഷരാഹിത്യത്തിനും കാരണം. രണ്ടു നഗരങ്ങളിലും ഉണ്ടാവുന്ന സംഘർഷത്തിന് ഹേതു പലപ്പോഴും ഏകീകരണവാദികളും (Unificationist) തീവ്രദേശീയതാവാദികളുമാണ് (True Citizens). ഇതിൽ ഒളിവിൽ പ്രവർത്തിക്കുന്ന ഏകീകരണവാദികളുടെ കലഹം എപ്പോഴും രഹസ്യാധികാരികളായ ബ്രീച്ചുമായാണ്. ഇവര്‍ അക്രമകാരികളുമല്ല. അതേ സമയം പരസ്യമായി പ്രവർത്തിക്കുന്ന തീവ്ര ദേശീയതാവാദികൾ ബോർലുവിനെ പോലുള്ള പോലീസുദ്യോഗസ്ഥരെ പോലും വെറുതെ വിടാത്തവിധം അക്രമോത്സുകരാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ഇവര്‍ക്കാണ്.

നാല്

ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച ഇംഗ്ലീഷ് നടന്മാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡേവിഡ് മോറിസ്സിയാണ് ത്യാദോർ ബോർലുവിനെ അവതരിപ്പിക്കുന്നത്. (നോവലിസ്റ്റും സിഗ്മൺഡ് ഫ്രോയ്ഡിന്‍റെ കൊച്ചുമകളുടെ മകളുമായ എസ്‌തേർ ഫ്രോയ്ഡാണ് മോറിസ്സിയുടെ ജീവിതപങ്കാളി). യൂറോപ്പിൽ നിന്നുള്ള വിഖ്യാത നടീനടന്മാരാണ് മറ്റെല്ലാവരും. റോൺ കുക്ക് (ക്വിൽസിലെ നെപ്പോളിയൻ) ക്രിസ്റ്റ്യൻ കമാഗോ (ഹൗസ് ഓഫ് കാർഡ്‌സ്), ലാറാ പൾവർ (ഷെർലക്കിലെ ഐറീൻ അഡ്‌ലർ), ഡാനി വെബ് എന്നിവർക്കൊപ്പം മൻപ്രീത് ധില്ലനും ജർമ്മൻ ചലച്ചിത്ര സംവിധായിക കൂടിയായ മരിയ ഷ്രേഡറും അഭിനയിക്കുന്നുണ്ട്. ബേഷലിലേയും ഉൽ ക്വോമയിലേയും പോലീസുദ്യോഗസ്ഥകളായുളള ഇരുവരുടേയും പ്രകടനം അസാമാന്യമാണ്. നാക്കെടുത്താൽ തെറിവിളിക്കുന്ന ചെറുപ്പക്കാരിയായ യൂണിഫോം പോലീസാണ് മൻപ്രീത് അവതരിപ്പിക്കുന്ന ലിസ്ബയെത് കോർവൈ. ആദ്യ രണ്ട് എപ്പിസോഡുകളിലും ബോർലുവിന്‍റെ നിഴലായി നടക്കുന്ന കോർവൈക്ക് അവസാന എപ്പിസോഡിൽ ഉണ്ടാവുന്ന രൂപപരിണാമം അതീവ സൂക്ഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ട്, മൻപ്രീത് ധില്ലന്‍. അതേസമയം ത്യാദോർ ബോർലുവിന്‍റെ ഉൽ ക്വോമൻ പങ്കാളിയായ ക്വിസ്സിമ ദത്തയായാണ് ഷ്രേഡർ അഭിനയിക്കുന്നത്. ബോർലുവിനോടൊപ്പം തലപ്പൊക്കമുള്ള, പലപ്പോഴും അയാളെ നയിക്കുന്ന കഥാപാത്രമാണ് ദത്ത. ഷ്രേഡറുടെ ബ്രിട്ടീഷിതര യൂറോപ്യൻ ഇംഗ്ലീഷിന്‍റെ സവിശേഷമായ ഉപയോഗമാണ് ഉൽ ക്വോമൻ രംഗങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഓർസിനി എന്ന സങ്കൽപ സിദ്ധാന്തം അവതരിപ്പിക്കുന്ന പ്രഫസർ ബൗഡന്റെ ഇന്ത്യൻ ബന്ധവും ചിലയിടങ്ങളിലുള്ള സംസ്‌കൃത വാക്കുകളുടെ ഉപയോഗവും കൌതുകകരമായി തോന്നി. (കഥാഗതി വെളിപ്പെടുമെന്നതിനാൽ വിശദീകരണം ഒഴിവാക്കുന്നു)

ടോം ഷാങ്ക്‌ലാൻഡിനെ ദ മിസ്സിംഗ് എന്ന സീരീസിന്റെ ആദ്യ സീസണിലൂടെയാണ് പരിചയം. വില്യംസ് സഹോദരങ്ങൾ (ഹാരി/ ജാക്ക്) എഴുതി അവതരിപ്പിച്ച സീരീസ് മിസ്റ്ററി - ത്രില്ലർ ഴോനറിൽ ഞാൻ കണ്ടിട്ടുള്ള മികച്ച ടെലിവിഷനുകളിലൊന്നാണ്. മ്യേവിലിന്റെ വിചിത്ര പുസ്തകം ടെലിവിഷനാക്കിയതിലൂടെ ഴോനറിൽ തന്നെ പരീക്ഷണം നടത്തുകയാണ് ഷാങ്ക്ലാൻഡ്.

The City and the City

Based on The City & the City by China Miéville

Written by Tony Grisoni and Directed by Tom Shankland

Production company Mammoth Screen, Original network BBC2


രാജീവ് രാമചന്ദ്രന്‍

രാജീവ് രാമചന്ദ്രന്‍

ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസ്റ്റ്, വെരിഫിക്കേഷന്‍ സ്പെഷ്യലിസ്റ്റ്, ഓഡിയോ - വിഷ്വല്‍ ട്രാന്‍സ്ലേറ്റര്‍

Next Story

Related Stories