TopTop
Begin typing your search above and press return to search.

അടുത്ത ലാവണം ഏത്? ബിഡിജെഎസിന്റെ പ്രതിസന്ധികള്‍, തുഷാറിന്റെയും

അടുത്ത ലാവണം ഏത്? ബിഡിജെഎസിന്റെ പ്രതിസന്ധികള്‍, തുഷാറിന്റെയും

കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ പാർട്ടികൾ ഉദിക്കുകയും അധികം വൈകാതെ തന്നെ അസ്തമിയ്ക്കുകയും ചെയ്തിട്ടുണ്ട്. 1997 ൽ അന്നത്തെ എൻ എസ് എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാല കൃഷണ പിള്ള യുടെ നേതൃത്വത്തിൽ രൂപീകൃതമായ നാഷണൽ ഡെമോക്രമാറ്റിക് പാർട്ടി (കേരള ) എന്ന എൻ ഡി പിയും പിന്നീട് സി പി എമ്മിനോട് ഇടഞ്ഞു ജനകീയ കേരള മുഖ്യമന്ത്രി എന്നൊക്കെ ഇന്നും അറിയപ്പെടുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ അമ്മാവനും കേരളം കണ്ട യഥാർത്ഥ വിപ്ലവകാരി എന്നൊക്കെ അറിയപ്പെടുന്ന സഖാവ് കെ പി ആർ ഗോപാലൻ കൊണ്ടുവന്ന ബോൾഷെവിക് പാർട്ടിയും ഫാദർ വടക്കന്റെ നേതൃത്വത്തിൽ രുപീകൃതമായ കർഷക തൊഴിലാളി പാർട്ടി (കെ ടി പി ) ഒക്കെ ഉണ്ട്. ബദൽ രേഖയുടെ പേരിൽ സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട എം വി രാഘവന്റെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ( സി എം പി ) യും തലക്കനം ആരോപിച്ചു നിഷ്‌കാസനം ചെയ്യപ്പെട്ട കെ ആർ ഗൗരിഅമ്മയുടെ ജനാധിപത്യസംരക്ഷണ സമിതിയും ഒക്കെ പെടും. വേണമെങ്കിൽ വിമത സി പി എം നേതാവും രക്തസാക്ഷിയും ആയ സഖാവ് ടി പി ചന്ദ്രശേഖരന്റെ റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി ( ആർ എം പി ) യെ കൂടി ഈ കൂട്ടത്തിൽ പെടുത്താം. വേണമെങ്കിൽ എന്ന് പറഞ്ഞത് എം വി ആറിന്റെയും ഗൗരിയമ്മയുടെയും പാർട്ടികൾ ഏതാണ്ട് നിർജീവമായി തീരുന്ന ഈ കാലഘട്ടത്തിലും ആർ എം പി പിടിച്ചു നിൽക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. പക്ഷെ ഇനിയും എത്ര കാലം എന്ന ചോദ്യം ആർ എം പി യും അഭിമുഖീകരിക്കുന്നു. ഇവയൊന്നും കൂടാതെ വേറെയും ഒരുപാട് രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ പിറന്നിരുന്നു. എണ്ണിയാൽ ഒടുങ്ങാത്തവ അല്ലെങ്കിലും എല്ലാ പാർട്ടികളുടെയും പേര് വിവരങ്ങൾ ഇവിടെ തൽക്കാലം കുറിയ്ക്കുന്നില്ല. അതിനിവിടെ തല്ക്കാലം പ്രസക്തി ഇല്ലെന്നു തോന്നുന്നു. പ്രത്യേകിച്ചും ഇവിടെ ഇപ്പോൾ പ്രധാനമായും നിരീക്ഷണ വിധേയമാക്കാൻ ഉദ്ദേശിക്കുന്നത് 2015 ഡിസംബർ മാസത്തിൽ കേരള രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾ സൃഷ്ടിക്കും എന്നൊക്കെ പറഞ്ഞു ഉദയം ചെയ്ത ഭാരത് ധർമ ജന സേന ( ബി ഡി ജെ എസ ) എന്ന പാർട്ടിയുടെ ഇപ്പോഴത്തെ ഗതികെട്ട അവസ്ഥയെക്കുറിച്ചു മാത്രമാകയാൽ.


എം വി രാഘവന്റെ സി എം പി യും ഗൗരിഅമ്മയുടെ ജെ എസ് എസ്സുമൊക്കെ ഊർദ്ധശ്വാസം വലിച്ചു തുടങ്ങിയ വേളയിലായിരുന്നു ബി ഡി ജെ എസ്സിന്റെ പിറവി. എം വി ആറിന്റെ സി എം പി യിൽ നിന്നും വ്യത്യസ്തമായി ഈഴവ മുന്നേറ്റ അജണ്ട കൂടി ഉൾകൊള്ളുന്നതായിരുന്നു ഗൗരിഅമ്മയുടെ ജെ എസ് എസ് എങ്കിലും അതിന്റെ പൊടുന്നനെ നിലച്ചുപോയ വളർച്ച തന്നെയായിരുന്നു ബി ഡി ജെ എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വിത്തുപാകാൻ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രചോദനം ആയത്. കേരളത്തിലെ ഈഴവരും തീയ്യരും ഒന്ന് തന്നെ എന്ന് പറഞ്ഞു മുൻപും ഇദ്ദേഹം ഈ രീതിയിൽ ഒരു ശ്രമം നടത്തിയിരുന്നു. വെള്ളാപ്പള്ളി അന്ന് മലബാറിലേക്ക് അഴിച്ചുവിട്ട യാഗാശ്വം പക്ഷെ കണ്ണൂരിൽ വെച്ച് പിടിച്ചു കെട്ടപ്പെട്ടു. പാളിപ്പോയ ആ നീക്കത്തിന് പിന്നാലെ പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്തു ചെന്ന് സുകുമാരൻ നായരുമായി ഒരു നീക്കുപോക്കു രാഷ്ട്രീയത്തിന് ശ്രമിച്ചു ഏതാണ്ട് വിജയിച്ചു എന്ന് കരുതിയ ഘട്ടത്തിൽ നായർ പാലം വലിച്ചതിന്റെ ക്ഷീണത്തിൽ നിന്നും കരകയറാൻ കണ്ടെത്തിയ പുതിയ മാർഗമായിരുന്നു ഒരർത്ഥത്തിൽ ബി ഡി ജെ എസ് എന്ന പാർട്ടി. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ഒരു കേരള പര്യടനത്തിനൊടുവിൽ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു പതിനായിരങ്ങളെയും കടൽ തിരമാലകളെയും സാക്ഷി നിര്‍ത്തി പേരും പതാകയും നൽകി വെള്ളാപ്പള്ളി തന്നെ അനുഗ്രഹിച്ചയച്ച ആ രാഷ്ട്രീയ പ്രസ്ഥാനം ഇന്നെവിടെ നിൽക്കുന്നു എന്ന് ചോദിച്ചാൽ അതൊക്കെ മകൻ തുഷാറിനോട് ചോദിക്കണം എന്ന മറുപടിയിലും ഒരു കണ്ണിറുക്കി ചിരിയിലും ഒതുക്കും അദ്ദേഹം.


വെള്ളാപ്പള്ളി നടേശന് പറയാൻ ന്യായങ്ങൾ ഏറെയുണ്ട്. അതിൽ പ്രധാനമായത് താൻ എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറി ആയതിനാൽ ബി ഡി ജെ എസ്സുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവും ഇല്ലെന്നതാണ്. അന്ന് കേരള പര്യടന വേളയിലും പിന്നീട് ശംഖുമുഖത്തെ പാർട്ടി പ്രഖ്യാപന വേളയിലും കണ്ട വെള്ളാപ്പള്ളി നടേശൻ അല്ല ഇപ്പോൾ ഇതൊക്കെ പറയുന്നത് എന്ന് കൂടി ഓർക്കണം. ഓർമ്മകൾ ഇല്ലാതെ പോകുന്ന, വ്യാജ ചരിത്ര രചന നടക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിച്ചിരിക്കുന്നത് എന്നതിനാൽ ഇതിലൊന്നും അത്ഭുതത്തിനു വലിയ സ്കോപ്പില്ല തന്നെ. എന്തായാലും നായാടി മുതൽ നമ്പൂതിരി വരെ ഉള്ളവരുടേതായി വെള്ളാപ്പള്ളി വിഭാവനം ചെയ്ത ബി ഡി ജെ എസ് ഒടുവിൽ എത്തിപ്പെട്ടത് ബി ജെ പി പാളയത്തിൽ തന്നെ ആയിരുന്നു. ഒരു പക്ഷെ വെള്ളാപ്പള്ളിക്ക് അക്കാലത്തു ബുദ്ധി ഓതിയവർ ഉദ്ദേശിച്ചിടത്തേക്കു തന്നെ ആ പാർട്ടി എത്തിച്ചേർന്നു എന്നും വേണമെങ്കിൽ പറയാം. അതേസമയം ശ്രീനാരായണ ഗുരുവിനെയും വെള്ളാപ്പള്ളി നടേശനെയും കൂട്ടിക്കെട്ടാൻ ആവില്ലെങ്കിലും ഒരിക്കലും തോൽക്കാത്ത അല്ലെങ്കിൽ തോൽവി സമ്മതിക്കാത്ത ഒരു മനസ്സു അദ്ദേഹത്തിന് ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. പക്ഷെ ആ മനസ്സ് മകൻ തുഷാർ വെള്ളാപ്പള്ളിക്ക് ഉണ്ടോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നു. പാർട്ടി രൂപീകരണത്തിന് ശേഷം കേരളത്തിലെ ഇടത -വലതു മുന്നണികളിൽ ഇടം തേടുകയാണ് വെള്ളാപ്പള്ളി ചെയ്തതെങ്കിൽ തുഷാർ ആ പാർട്ടിയെ കൊണ്ടുപോയി കെട്ടിയത് ബി ജെ പി യുടെ തൊഴുത്തിലായിരുന്നു. അത് വഴി കേരളത്തിൽ എൻ ഡി എ യുടെ കൺവീനർ സ്ഥാനം തരപ്പെട്ടെങ്കിലും ബി ജെ പി കേന്ദ്ര നേതൃത്വം ബി ഡി ജെ എസ്സിന് ഒരു പരിഗണയും നൽകുന്നില്ല എന്ന ആക്ഷേപം പാർട്ടിയിൽ ശക്തമാണെന്ന് മാത്രമല്ല സി കെ ജാനുവിന്റെ മാതൃക പിൻപറ്റി എത്രയും വേഗം എൻ ഡി എ വിടണമെന്ന ആവശ്യവും അനുദിനം ശാക്തമാവുകയാണ്. പക്ഷെ അടുത്ത ലാവണം ഏത് എന്ന ചോദ്യം വല്ലാതെ കുഴപ്പിക്കുന്നതാണ്. തുഷാറിന് മാത്രമല്ല വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ചിടത്തോളവും അത് അങ്ങനെ തന്നെയാണ്. പിണറായി വിജയനുമായുള്ള ബന്ധം ഉപയോഗിച്ച് എൽ ഡി എഫ് എന്നൊക്കെ വെള്ളാപ്പള്ളി നടേശൻ പറയുമ്പോഴും അത് അത്ര എളുപ്പമല്ലെന്ന് മകൻ വെള്ളാപ്പള്ളിക്കും അറിയാം. പ്രത്യേകിച്ചും സി പി ഐ തങ്ങളുടെ ഇടതു പാളയ ചേക്കേറലിനെ പാര വെക്കും എന്ന ഭയം തന്നെ പ്രധാനം. ഇങ്ങനെ ഒരു ധർമ സങ്കടത്തിൽ പെട്ട് ഉഴലുമ്പോൾ എല്ലാ കുറ്റവും ബി ജെ പി കേരള നേതൃത്വത്തിന് മുകളിൽ ചാർത്തി മറ്റൊരു ലാവണം തേടുക എന്നതാണ് തുഷാറിന്റെയും ഇപ്പോഴത്തെ ലൈൻ. ഇന്നലെ കൊച്ചിയിൽ ചേർന്ന ബി ഡി ജെ എസ് കൺവെൻഷന് ബി ഡി ജെ എസ് നിലവിൽ എൻ ഡി എ ക്കൊപ്പമാണ്, എന്ന് കരുതി നാളെ അങ്ങനെ ആവണമെന്നില്ല എന്ന തുഷാറിന്റെ വാക്കുകളിൽ നിന്ന് തന്നെ അത് വ്യക്തവുമാണ്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories