TopTop
Begin typing your search above and press return to search.

അവിചാരിതമായി 3 വയസുകാരനെ നാട്ടിൽ നിർത്തി ബാംഗ്ലൂരിലെ ലോക്ഡൗണിൽ കുടുങ്ങിപ്പോയ അമ്മ എന്ന നിലയില്‍ ഒരു ഐടി പ്രൊഫഷണല്‍

അവിചാരിതമായി 3 വയസുകാരനെ നാട്ടിൽ നിർത്തി ബാംഗ്ലൂരിലെ ലോക്ഡൗണിൽ കുടുങ്ങിപ്പോയ അമ്മ എന്ന നിലയില്‍ ഒരു ഐടി പ്രൊഫഷണല്‍

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. 135 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യാ മഹാരാജ്യത്തും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ, എന്തിന് ഒരു പക്ഷേ ഇന്ത്യൻ ജനത ചരിത്രത്തിൽ ആദ്യമായാവും ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. രാജ്യം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ 14 ദിവസം പിന്നിടുമ്പോള്‍ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവരെയും ഈ ലോക്ഡൗൺ ബാധിച്ചിരിക്കുന്നത് പല രീതിയിലാണ്. നിലനില്‍പ്പിന് വേണ്ടി പൊരുതുന്നവർ, ഇതൊരു ആഘോഷമാക്കി മാറ്റിയവർ, പകച്ചു നിൽക്കുന്നവര്‍, മുതലെടുപ്പ് നടത്തുന്നവർ, പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ജീവിക്കുന്നവര്‍... അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ അനുഭവങ്ങളാണ് ഈ പരമ്പര. ബംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും നര്‍ത്തകിയുമായ സൗമ്യ സുഭദ്ര ശങ്കര്‍ സംസാരിക്കുന്നത് മുകളില്‍ പറഞ്ഞ അത്തരമൊരു ലോകത്തെക്കുറിച്ചാണ്.

കൂട്ടത്തിൽ സാമാന്യം ഭേദപ്പെട്ട സ്ഥിതിവിശേഷമാണ് ഐടി മേഖലയിൽ ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവരുടേത്. പകൽ, സമയം കളയുന്നതിനെപ്പറ്റി പ്രത്യേകിച്ച് ഒരു ഗവേഷണത്തിന് സാധ്യത ഇല്ലല്ലോ. വരുംദിനങ്ങളിൽ ലോകം മുൻകൂട്ടി കാണുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാനിടയുള്ള അരക്ഷിതാവസ്ഥ ഒഴിച്ച് നിർത്തിയാൽ ബാംഗ്ലൂർ ഐടി തൊഴിലാളികൾക്ക് ട്രാഫിക് ബ്ലോക്കിൽ ചിലവിടുന്ന സമയം കൂടി ലാപ് ടോപ്പിന് മുന്നിൽ ഇരിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ കാര്യമായ യാതൊരു മാറ്റവും പ്രത്യക്ഷത്തിൽ ഇല്ലെന്ന് സാരം. പോരാത്തതിന് വീട്ടിൽ ഒറ്റപ്പെട്ട് പോയവരുണ്ടെങ്കിൽ സഹായിക്കാനായി Coffee over Zoom / Lunch over Skype, എന്തിന് Virtual Happy Hours തുടങ്ങിയ unofficial entertainment പ്രോഗ്രാമുകള്‍ വേറെയും. ഒരു ശരാശരി ഐടിക്കാരിയെന്ന നിലയിൽ, ഔദ്യോഗിക ജീവിതത്തിൽ ആളുകളെ നേരിട്ട് കാണുന്നില്ല എന്നത് ഒഴികെ കാര്യമായ മാറ്റം ഒന്നും ഇല്ല. Work From Home പോളിസി നേരത്തെ തന്നെ നിലനിൽക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കൊണ്ടുമാവാം അത്.

പക്ഷേ ബാംഗ്ലൂർ നഗരം ചലനമറ്റു കിടക്കുന്നു. അവശ്യസാധനങ്ങളുടെ ലഭ്യത പോലും ഉറപ്പ് വരുത്താൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. പച്ചക്കറി, ബേക്കറി സാധനങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ ഒന്നും തന്നെ ആവശ്യത്തിന് ലഭ്യമല്ല. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇരട്ടി വിലയ്ക്കാണ് വാങ്ങിക്കുന്നത്. കുടിവെള്ളം വിതരണം വലിയ തോതിൽ ബാധിക്കപ്പെട്ടിട്ടുണ്ട്. കോളറ പോലത്തെ രോഗങ്ങൾ ഈയിടെ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങൾ പൊതുവെ ബാംഗ്ലൂരിൽ ജലക്ഷാമം നേരിടുന്ന സമയമാണ്. ഫ്ളാറ്റുകൾ എല്ലാം തന്നെ ടാങ്കറുകളെ ആശ്രയിക്കേണ്ടി വരുന്ന സമയം. പതിവിനു വിപരീതമായി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നതും, സാധാരണ അവധിക്കാലത്ത് നാട്ടിൽ പോകുന്ന കുടുംബങ്ങൾ പോലും ഇവിടെ കുടുങ്ങി കിടക്കുന്നതും ഈ പ്രതിസന്ധി കുറച്ചുകൂടി രൂക്ഷമാക്കുന്നു.

തൊഴിൽ മേഖലയിൽ ഉപരിയായി എന്നെ ലോക്ഡൗൺ വ്യക്തിപരമായാണ് ബാധിച്ചിരിക്കുന്നത്. സോഷ്യൽ ഡിസ്റ്റന്‍സിംഗ് സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ ഒരു വശത്ത്. അവിചാരിതമായി 3 വയസ്സുകാരനെ നാട്ടിൽ നിർത്തി രണ്ടു ദിവസത്തേക്ക് ബാംഗ്ലൂർ വന്നു പോവാൻ ഇരുന്ന് ലോക്ഡൗണിൽ കുടുങ്ങിപ്പോയ അമ്മ എന്ന അവസ്ഥയാണ് എന്റേത്. അത് വലിയ വിഷമമുള്ള കാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. താരതമ്യേന റിസ്ക് കുറവുള്ള ഇടത്താണ് അവൻ ഉള്ളതെന്നും, കേരളത്തിൽ അതീവ ജാഗ്രതയോടെ ഭരണകൂടം ഈ വിഷയത്തിൽ ഇടപെടുന്നു എന്നതും അതിലുപരി അവൻ എങ്ങനെയോ സാഹചര്യം മനസ്സിലാക്കി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും ആശ്വാസകരം. ഇതിനിടയിൽ ഏപ്രിൽ 16-ന് നടത്താനിരുന്ന അനിയന്റെ കല്യാണം മാറ്റി വെക്കേണ്ടി വന്നു. അബുദാബിയിൽ നിന്ന് കല്യാണം പ്രമാണിച്ച് ലീവിന് വന്ന് മാർച്ച് 13 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അവൻ.

എന്നാലും വ്യക്തിബന്ധങ്ങൾക്കും പേഴ്സണൽ ലൈഫിനും ഒട്ടും സമയമില്ലാതെ തിരക്കിട്ട് ഓടുന്ന പലർക്കും വീട്ടിലിരിക്കാൻ അവസരം ഉണ്ടാക്കിയിട്ടുണ്ട് ലോക്ഡൗൺ. മെക്കാനിക്കല്‍ എഞ്ചിനീയറായ ഭർത്താവ് അടുക്കള ഭരണം പൂർണമായും ഏറ്റെടുത്ത് വീട്ടിൽ തന്നെയുണ്ട് എന്നതാണ് മറ്റൊരു രസകരമായ കാര്യം. 21 ദിവസം കൊണ്ട് പാചകകല, ഫോട്ടോഗ്രാഫി ഇത്യാദി വിഷയങ്ങളിൽ അഗ്രഗണ്യനാവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കക്ഷി. ഐടിക്കാരന്റെ DSLR സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്ക് താത്പര്യമുള്ള വിഷയം ആണല്ലോ. അതൊക്കെ തന്നെ സീൻ. ഒറ്റപ്പെടലിന്റെ മാനസിക സമ്മർദ്ദങ്ങളും അതിൽ നിന്ന് കരകയറാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുമായി ദിവസങ്ങൾ തള്ളി നീക്കുന്നു.

ശാരീരികമായ അകലം പാലിക്കുമ്പോഴും ഫോൺ, ഇന്റർനെറ്റ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സുഹൃത്തുക്കൾ പരസ്പരം താങ്ങായും ഉണ്ട്. നഷ്ടപ്പെട്ട്‌ തുടങ്ങിയ ബന്ധങ്ങൾ തിരിച്ചു പിടിക്കാനും പലരും ഈ അവസരങ്ങൾ ഉപയോഗിക്കുന്നു. ഇതിനിടയിലും എഴുത്തും വായനയും സിനിമ കാണലും ഡാൻസ് പ്രാക്ടീസും ഒക്കെയായി ഞാനും ദിവസങ്ങൾ എണ്ണിത്തീർക്കുന്നു. ഇപ്പോൾ ഈ 21 ദിവസം കഴിഞ്ഞ് കിട്ടി എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നുണ്ട്. പുറത്തിറങ്ങിയിട്ടും ആളുകളെ കണ്ടിട്ടും കേട്ടിട്ടും ഒരു മാസത്തോളമായി. മലയാളി ആയതുകൊണ്ടും ഇടയ്ക്ക് ഒന്ന് കേരളത്തിൽ പോയി വന്നത് കൊണ്ടും അടുത്ത ഫ്ളാറ്റിൽ ഉള്ളവർക്ക് ചെറിയ ഭയവും ഇല്ലാതില്ല. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ഇപ്പോൾ 14-ന്‌ ശേഷവും ലോക്ഡൗൺ നീട്ടാൻ സാധ്യത ഉണ്ടെന്ന വാർത്തകൾ ആശങ്ക മാത്രമല്ല, എങ്ങനെയാണ് മുന്നോട്ടുള്ള ദിവസങ്ങള്‍ തരണം ചെയ്യുക എന്ന പ്രതിസന്ധി കൂടിയാണ് സൃഷ്ടിക്കുന്നത്.

കർണാടക - കേരള അതിർത്തി അടച്ചതിന്റെ പേരിലുള്ള പ്രശ്നങ്ങളും തുടർന്ന് മലയാളികൾ കർണാടക മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിൽ പേജിൽ നടത്തിയ പൊങ്കാലയിടൽ കലാപരിപാടികളും ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നും കേൾക്കുന്നുണ്ട്. ചുറ്റുവട്ടത്തുള്ള ചെറുകിട കച്ചവടക്കാർ ഒക്കെ കഷ്ടത്തിലാണ്. ഇവിടെ വീട്ടില്‍ അത്യാവശ്യം സഹായിക്കാൻ വരുന്ന സ്ത്രീയോട് തത്ക്കാലം വരണ്ട എന്ന് പറഞ്ഞിട്ടുണ്ട്. അവരെ പോലുള്ളവരുടെ കാര്യവും വളരെ കഷ്ടത്തിലായിട്ടുണ്ട്. ഫോണിൽ വിളിച്ച് അവർക്ക് അത്യാവശ്യം സാധനങ്ങൾ വീട്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കുന്ന അവസ്ഥയിൽ അല്ലല്ലോ ആരും. പരമാവധി വീടിന് അകത്ത് തന്നെ ഇരിക്കുക. അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങിക്കാൻ തൊട്ടു മുന്നിലുള്ള കടയിൽ പോവുക... അത്യാവശ്യം എക്സര്‍സൈസ് ഒക്കെ വീടിനകത്ത് ചെയ്യുക... അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കുകയാണ്...

Also Read: കൊറോണക്കാലത്തെ മലയാളി ജീവിതം


Next Story

Related Stories