TopTop
Begin typing your search above and press return to search.

സ്വര്‍ണ്ണ കള്ളക്കടത്തിലെ 'സിനിമാ ജിഹാദ്', എരിവും പുളിയും മസാലയും പാകത്തിന്, പ്രേക്ഷകര്‍ക്ക് വിളമ്പാന്‍ അന്തി ചര്‍ച്ചകള്‍ എന്ന പേരില്‍ കുക്കറി ഷോകള്‍ ഉണ്ടല്ലോ

സ്വര്‍ണ്ണ കള്ളക്കടത്തിലെ സിനിമാ ജിഹാദ്, എരിവും പുളിയും മസാലയും പാകത്തിന്, പ്രേക്ഷകര്‍ക്ക് വിളമ്പാന്‍ അന്തി ചര്‍ച്ചകള്‍ എന്ന പേരില്‍ കുക്കറി ഷോകള്‍ ഉണ്ടല്ലോ

കോവിഡ് 19 ഏറ്റവും മാരകമായി ബാധിച്ച മേഖലകളിലൊന്ന് സിനിമാ വ്യവസായമാണ്. സിനിമാ നിര്‍മ്മാണം നിര്‍ത്തിവെച്ചിട്ടും സിനിമാ തിയറ്ററുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടും മാസങ്ങളായി. കാന്‍ ഫിലിം ഫെസ്റ്റിവല്‍ അടക്കമുള്ള ഒന്നാം കിട ചലച്ചിത്രോത്സവങ്ങള്‍ എല്ലാം റദ്ദ് ചെയ്യപ്പെട്ടു. സമാന്തരമായി ചില ഓണ്‍ലൈന്‍ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. പ്രേക്ഷകര്‍ ആമസോണും നെറ്റ്ഫ്ലിക്സും പോലുള്ള ഒടിടി (OTT) പ്ലാറ്റ്ഫോമുകളിലേക്ക് കൂടേറി. മണിഹെയീസ്റ്റും പാതാള്‍ലോകും പോലുള്ള വെബ് സീരീസുകള്‍ വന്‍ഹിറ്റായി. ഒടിടി പ്ലാറ്റ്ഫോമുകള്‍ വരുമാനമുണ്ടാക്കാനുള്ള പുതിയ മേച്ചില്‍ പുറങ്ങളാണ് എന്നു തിരിച്ചടിഞ്ഞ സിനിമാ നിര്‍മ്മാതാക്കള്‍ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തുടങ്ങി. സിനിമാ ശാലകള്‍ മുഖ്യ വരുമാന സ്രോതസായി കണ്ട് പ്രവര്‍ത്തിക്കുന്ന സിനിമാ വ്യവസായങ്ങള്‍ക്ക് ഒടിടിയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും നായകരായ ഗുലാബോ സീതാബോ (ഹിന്ദി), കീര്‍ത്തി സുരേഷ് നായികയായ പെന്‍ഗ്വിന്‍ (തമിഴ്), സൂര്യ നിര്‍മ്മിച്ച് ഭാര്യയും നടിയുമായ ജ്യോതിക അഭിനയിച്ച പൊന്‍മകള്‍ വന്താന്‍, ജയസൂര്യയും അതിഥി റാവു ഹൈദരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂഫിയും സുജാതയും തുടങ്ങിയ ചിത്രങ്ങള്‍ ആമസോണ്‍ റിലീസ് ചെയ്തു. ലോക്ക് ഡൌണ്‍ കാലത്തെ ആത്മഹത്യയിലൂടെ ലോകത്തെ നടുക്കിയ സുശാന്ത് സിംഗ് രജപുത്തിന്റെ ദില്‍ ബെചാരെ നാളെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.

ഇതിനിടയില്‍ സൂഫിയും സുജാതയും ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ചില വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നിര്‍മ്മാതാവ് വിജയ് ബാബു, ജയസൂര്യ എന്നിവരെ വിലക്കും എന്ന പ്രഖ്യാപനവുമായി തീയറ്റര്‍ സംഘടനകള്‍ രംഗത്തുവരികയും ചെയ്തു. പിന്നീട് എന്നവസാനിക്കും എന്നറിയാത്ത കോവിഡ് മഹാമാരിയുടെ കാലത്ത് വിലക്ക് അര്‍ത്ഥശൂന്യമാണ് എന്നു തിരിച്ചറിഞ്ഞിട്ടോ എന്തോ ആ നീക്കത്തില്‍ നിന്നും സംഘടന പിന്‍വാങ്ങുകയും സൂഫിയും സുജാതയും തിയറ്ററില്‍ എത്തുന്നതിന് മുന്‍പ് ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യം മലയാള മുഖ്യധാര സിനിമയാവുകയും ചെയ്തു. അത്യാവശ്യം നല്ല അഭിപ്രായം ഏറ്റുവാങ്ങി സൂഫിയും സുജാതയും ആമസോണില്‍ തുടരുന്നുണ്ട്. Also Read: വിജയ് ബാബു വഞ്ചകന്‍, മലയാള സിനിമയെ ചതിക്കാന്‍ കൂട്ടുനിന്നെങ്കില്‍ ജയസൂര്യയ്ക്കും മാപ്പില്ല; ഓണ്‍ലൈന്‍ റിലീസിംഗിനെതിരേ തിയേറ്റര്‍ ഉടമകള്‍

ഇതിനിടയില്‍ മലയാള സിനിമയില്‍ മറ്റൊരു വിവാദവും പൊട്ടിപ്പുറപ്പെട്ടു . അത് ചില ന്യൂ ജനറേഷന്‍ സംവിധായകരും നിര്‍മ്മാതാക്കളുമായിട്ടായിരുന്നു. സിനിമാ രംഗത്തെ പ്രതിഫലമടക്കമുള്ളവ കുറവ് ചെയ്യുന്നതടക്കം തീരുമാനിക്കാനിരിക്കെ തങ്ങളുടെ സിനിമകള്‍ പ്രഖ്യാപിച്ചുകൊണ്ട് ആഷിക് അബു, ലിജോ ജോസ് പല്ലിശേരി എന്നിവര്‍ രംഗത്തെത്തിയതാണ് നിര്‍മ്മാതാക്കളെ ചൊടിപ്പിച്ചത്. ഈ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നു. തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമ എവിടെ കാണിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട് ഈ രണ്ടു സംവിധായകരും സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. അതിനിടയില്‍ നിര്‍മ്മാതാക്കളുടെ നിയന്ത്രണങ്ങള്‍ മറികടന്നു സിനിമകള്‍ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ ലാലിന്റെ ജീത്തു ജോസഫ് സിനിമ ദൃശ്യം 2 അടക്കം ഈ കൂട്ടത്തില്‍ ഉണ്ട്.

Also Read: 'ഞാൻ എന്റെ സിനിമ ഇഷ്ടമുള്ളിടത്ത് പ്രദർശിപ്പിക്കും', ഇനി സ്വതന്ത്രനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

എന്തായാലും ഇന്നലെ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ യോഗം സിനിമാ ചിത്രീകരണം തുടരാമെന്നു തീരുമാനിച്ചു. നിലവില്‍ നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലായി കിടക്കുന്ന 66 ചിത്രങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആഗസ്ത് ഒന്നു മുതല്‍ പുതിയ ചിത്രങ്ങള്‍ക്ക് അനുമതി കൊടുത്തു തുടങ്ങുമെന്നും സംഘടനാ പറഞ്ഞതാതായി മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ നിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്ത മറ്റൊരു പ്രധാന കാര്യം സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണ്. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം മെറ്റല്‍ കറന്‍സിയായി സിനിമാ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്നായിരുന്നു മുഖ്യ ആരോപണം. മുഖ്യ പ്രതി എന്ന് കരുതുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയും ദുബായിയില്‍ ബിസിനസുകാരനുമായ ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ട് എന്നും യു എ ഇയില്‍ നടക്കുന്ന താര ഷോകളില്‍ ഇയാള്‍ സ്ഥിരം സാന്നിധ്യമാണെന്നും ഇയാളുടെ ജിം ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ കപൂര്‍ ആണ് ഉദ്ഘാടനം ചെയ്തത് എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അര്‍ജ്ജുന്‍ കപൂര്‍ ഉദ്ഘാടനം ചെയ്യുന്ന വീഡിയോയും ഫോട്ടോഗ്രാഫുകളും തെളിവായി പ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ ഫഹദ് ഫാസില്‍ നായകനായ ഗോഡ്സ് ഓണ്‍ കണ്‍ട്രിയില്‍ ഇയാള്‍ മിന്നിമറയുന്ന ദൃശ്യം ഉണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു. Also Read: മൂന്നു സെക്കന്‍ഡില്‍ മിന്നിമറഞ്ഞ ആ നടന്‍ ഫൈസല്‍ ഫരീദാണോ? അറിയില്ലെന്ന് സംവിധായകന്‍

ഇതിനിടയില്‍ സരിത്ത് നല്‍കിയ മൊഴിയിലും സിനിമാ മേഖലയിലേക്ക് സ്വര്‍ണ്ണക്കള്ളക്കടത്ത് വഴിയുള്ള പണം ഒഴുകിയിട്ടുണ്ടെന്ന് പറഞ്ഞതായി കസ്റ്റംസിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്തകള്‍ വന്നു. ഫരീദിനും സിനിമാ മേഖലയ്ക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് സരിത്ത് ആണെന്നായിരുന്നു മുഖ്യ 'കണ്ടെത്തല്‍'. ഇതിനിടയില്‍ ബിജെപി നേതാക്കള്‍ കടുത്ത ആരോപണവുമായി രംഗത്ത് വന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമാ ദമ്പതികള്‍ക്ക് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പങ്കുണ്ട് എന്നായിരുന്നു ബിജെപി നേതാവ് എം ടി രമേശ് അടക്കമുള്ളവര്‍ ആരോപിച്ചത്. ഈ വാര്‍ത്ത മലയാളത്തിലെ ന്യൂ ജനറേഷന്‍ സംവിധായകനെ ചുറ്റിപ്പറ്റി എന്നു മുഖ്യധാര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആരെയാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായി. ജൂലൈ 20നു ജന്മഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ "സ്വര്‍ണക്കടത്തിലെ പണം ഒഴുകിയ ചിത്രങ്ങളില്‍ കമലിന്റ ആമിയും ആഷിഖ് അബുവിന്റെ മായാനദിയും വൈറസും; എന്‍ഐഎ അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക്" എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. നേരത്തെ ഷംന കാസിമിനെ സ്വര്‍ണ്ണക്കളക്കടത്തുകാര്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച് കേസ് ചര്‍ച്ച ചെയ്യുന്ന സമയത്ത് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. "ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് . മീൻ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നു, ചിലരെ നിലവിൽ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു." ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി സിനിമാ മേഖലയിലുള്ളവരെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ആരോപണങ്ങള്‍. സ്വപ്നസുരേഷ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലേക്ക് കസ്റ്റംസിനെ നയിച്ചത് ഷംന കേസില്‍ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ ചില സൂചനകളാണ് എന്നു തുടക്കത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.Also Read: ഷംനയിലൂടെ വെളിപ്പെട്ട സ്വപ്നയുടെ അധോലോക ശൃംഖല; ഏത് പ്രശ്നത്തില്‍ നിന്നും ഊരാന്‍ സഹായിക്കുന്ന 'ഡീല്‍ വുമണ്‍'

ഇതിനിടയില്‍ മായാനദിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന വിശദീകരണവുമായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് രാഷ്ട്രീയ സുഹൃത്തുക്കളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത്തരമൊരു അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. "മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായി ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയപുരസരം അറിയിച്ചു കൊള്ളട്ടെ!"

അതേ സമയം ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ രാഷ്ട്രീയ മത പശ്ചാത്തലവും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെയും സന്ദീപ് വാര്യരെ പോലുള്ളവര്‍ ഇതേ മട്ടിലുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇട്ട മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; "മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല"കോവിഡ് കാലത്ത് ഏറ്റവും വലിയ സിനിമാ വിവാദവും ബിജെപി -സംഘപരിപാര്‍ കൂട്ടുകെട്ടും ആഷിക് അബുവുമായിട്ടായിരുന്നു. മലബാര്‍ കാര്‍ഷിക വിപ്ലവ നായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി 'വാരിയംകുന്നന്‍' എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് സിനിമ പ്രഖ്യാപിച്ചപ്പോഴാണ് സംഘ പരിവാര്‍ കേന്ദ്രങ്ങളുടെ ഹാലിളകിയത്. "മതഭ്രാന്ത"നും "ദേശ ദ്രോഹി"യുമായ ഒരാളെ വെള്ള പൂശാനുള്ള ശ്രമമാണ് എന്നും അതിനു പൃഥ്വിരാജിനെ പോലുള്ള നടന്‍മാര്‍ നിന്നുകൊടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ കാലം പകരം ചോദിക്കും എന്നുമുള്ള ആരോപണങ്ങളും ഭീഷണികളുമായി സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ സജീവമായി. കുറച്ചു വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന 'സിനിമാ ജിഹാദ്' ആരോപണം വീണ്ടും സജീവമായി.Also Read: "വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കള്ളക്കടത്തുകാരനാണ്, ഗ്ലോറിഫൈ ചെയ്യാന്‍ നോക്കരുതെന്ന് അച്ഛനോട് ബിജെപി നേതാക്കള്‍ പറഞ്ഞു", 1921 എഴുതുമ്പോള്‍ ടി ദാമോദരനും കേട്ടിരുന്നു മുന്നറിയിപ്പുകള്‍ആര്‍ഷ ഭാരത സംസ്കാരത്തിനും ദേശ സുരക്ഷയെയും അപകടപ്പെടുത്തുന്ന സിനിമകളെ പ്രത്യേകിച്ചും ക്രിസ്ത്യന്‍ മുസ്ലീം പശ്ചാത്തലത്തിലുള്ള എല്ലാ തരം സിനിമകളെയും അടച്ചാക്ഷേപിച്ചുകൊണ്ടാണ് സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ ഈ പ്രചരണം സജീവമാക്കിയത്. ആഷിക് അബു, ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയ സംവിധായകര്‍ ആയിരുന്നു പ്രധാന ഇരകള്‍. ഏറ്റവും ഒടുവില്‍ സിനിമാ ജിഹാദെന്നു പറഞ്ഞ് ആക്രമിച്ച സിനിമ മുഹമ്മദ് മുസ്തഫയുടെ കപ്പേള ആയിരുന്നു. കോവിഡിനെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ട സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ഏറെ ശ്രദ്ധ നേടുകയും സോഷ്യ മീഡിയയില്‍ വലിയ ചര്‍ച്ച ആവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഓണ്‍ലൈന്‍ വിമര്‍ശനം. ചുവന്ന കുറിയിട്ട പ്രതിനായകനെ സൃഷ്ടിച്ചതിന് പിന്നില്‍ ജിഹാദി അജണ്ടയാണെന്ന ആരോപണമാണ് പരിവാര്‍ കേന്ദ്രങ്ങള്‍ തൊടുത്തത്.

Also Read: കോവിഡ് മാറ്റിമറിച്ച കപ്പേളയുടെ വിധി, ഓണ്‍ലൈനില്‍ തരംഗമായി ചിത്രം, അനുരാഗ് കാശ്യപിന്റെ ട്വീറ്റ് പ്രചോദനമെന്ന് സംവിധായകന്‍ മുഹമ്മദ് മുസ്തഫ/അഭിമുഖംഇന്നലെ നടന്ന നിര്‍മ്മാതാക്കളുടെ യോഗം ചര്‍ച്ച ചെയ്ത കാര്യം മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു, "സ്വര്‍ണ്ണ ക്കടത്തില്‍ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് അസോസിയേഷന്‍ പറഞ്ഞു. (സിനിമാ മേഖലയില്‍ അല്ലല്ലോ വിവാദങ്ങള്‍ ഉണ്ടായത്. ബിജെപി നേതാക്കള്‍ ആരോപിക്കുകയായിരുന്നില്ലേ?) സിനിമാ മേഖലയിലുള്ള ഏത് തരത്തിലുള്ള അന്വേഷത്തെയും സംഘടന സ്വാഗതം ചെയ്യുന്നു. കള്ളപ്പണവും മെറ്റല്‍ കറന്‍സിയുമാണ് സിനിമാ രംഗത്ത് ഒഴുകുന്നതെന്ന പ്രചരണം ശരിയല്ല. കോവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തെ കൂടുതല്‍ തകര്‍ക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

എന്തായാലും ആരെങ്കിലും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അസോസിയേഷന്‍ പറയുന്നില്ല. എല്ലാം എന്‍ ഐ എ കണ്ടുപിടിക്കട്ടെ എന്നാണ് ഒരിദ്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്നു വിരല്‍ ഇങ്ങോട്ട് ചൂണ്ടപ്പെട്ടാലോ? ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം. ഈ കോവിഡ് കാലത്ത് ഒടിടി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ സൂഫിയും സുജാതയും ഒരു ഹിന്ദു യുവതിയും മുസ്ലീം സൂഫിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. മകളുടെ പ്രണയം പ്രണയം തിരിച്ചറിഞ്ഞ സുജാതയുടെ അച്ഛന്‍ ഉസ്താദിനോട് ഒരു ജിഹാദിനെ കുറിച്ച് പറയുന്നുണ്ട് ചിത്രത്തില്‍. അതേ, ലൌ ജിഹാദ് തന്നെ. സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ ഓമനിച്ചൂട്ടി വളര്‍ത്തിയ ഒരു ഹെയ്റ്റ് ക്യാമ്പയിന്‍. മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ കേരളത്തിലുണ്ടെന്ന് പറഞ്ഞ, ബിഷപ്പ് ജോര്‍ജ്ജ് ആലേഞ്ചേരി കണ്ടെത്തിയ എന്നാല്‍ എന്‍ ഐ എക്കോ കോടതികള്‍ക്കൊ ഭരണകൂടങ്ങള്‍ക്കോ കണ്ടെത്താന്‍ സാധിക്കാതിരുന്ന ഒരു പ്രതിഭാസം.Also Read: ലൌ ജിഹാദ്: 'ആട്ടിന്‍ തോലിട്ട ചെന്നായ'യെ തിരിച്ചറിയുമ്പോള്‍എന്തിനെയും തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയ അജണ്ടകളില്‍ വിശകലനം ചെയ്യുന്ന അതിനനുസരിച്ച് രാഷ്ട്രീയ പദ്ധതി ഉണ്ടാക്കുന്ന സംഘപരിവാറിന് ഈ സ്വര്‍ണ്ണക്കള്ളക്കടത്തും ഒരു ചാകര തന്നെ. ഇഷ്ട വിഷയമായ ദേശ ദ്രോഹമാണല്ലോ അന്വേഷിക്കുന്നത്, അപ്പോള്‍ ഇതിനകത്ത് ആരോപണ വിധേയരാകുന്നവരെ എല്ലാം ദേശ ദ്രോഹികള്‍ എന്ന് ചാപ്പ കുത്താന്‍ എളുപ്പം. അതിനു പ്രത്യേകിച്ചു തെളിവുകള്‍ ഒന്നും വേണ്ട. എരിവും പുളിയും മസാലയുമൊക്കെ ചേര്‍ക്കാനുള്ള പാകം അറിഞ്ഞാല്‍ മതി. അത് പ്രേക്ഷകര്‍ക്ക് വിളമ്പാന്‍ അന്തി ചര്‍ച്ചകള്‍ എന്ന പേരില്‍ കുക്കറി ഷോകള്‍ ഉണ്ടല്ലോ.

തിരുവനന്തപുരം മാത്രമല്ല കേരളത്തിലും രാജ്യത്താകെയും സ്വര്‍ണ്ണക്കടത്ത് വഴി ഒഴുകുന്ന നിയമ വിരുദ്ധ പണം സിനിമ വ്യവസായത്തിലേക്ക് ഒഴുകുന്നുണ്ടെങ്കില്‍ അത് പിടിക്കപ്പെടുക തന്നെ വേണം. മോളിവുഡിലായാലും ബോളിവുഡിലായാലും. പക്ഷേ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ദുഷ്ട ലാക്ക് തിരിച്ചറിയാതെ പോകരുത്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories