TopTop
Begin typing your search above and press return to search.

പിണറായിയെ മംഗലാപുരത്ത് തടഞ്ഞത് മറന്നോ? മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത ഭരണകൂടത്തിന്റെ തലവനെ പൂത്താലവുമായി സ്വീകരിക്കണോ?

പിണറായിയെ മംഗലാപുരത്ത് തടഞ്ഞത് മറന്നോ? മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത ഭരണകൂടത്തിന്റെ തലവനെ പൂത്താലവുമായി സ്വീകരിക്കണോ?

കേരളത്തിലെ, പ്രത്യേകിച്ചും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ച് പറയുമ്പോൾ ബി ജെ പി - ആർ എസ് എസ് നേതാക്കൾ സ്ഥിരമായി ആവർത്തിക്കുന്ന ഏക വാക്ക് രാഷ്ട്രീയ അസഹിഷ്ണത എന്നതാണ്. അവരുടെ അഭിപ്രായത്തിൽ ഈ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടുനടക്കുന്ന ഏക രാഷ്ട്രീയ പാർട്ടി കേരളത്തിൽ സി പി എമ്മാണ്. മാർക്സിസ്റ്റുകളുടെ രാഷ്ട്രീയ അസഹിഷ്ണതക്കുള്ള പ്രധാന കാരണം ബി ജെ പിയും ആർ എസ് എസ്സും കേരളത്തിന്റെ മണ്ണിൽ അനുദിനം കൈവരിക്കുന്ന വളർച്ചയും. മാർക്സിസ്റ്റുകളുടെ നിരന്തര ആക്രമണങ്ങളിൽ പൊറുതിമുട്ടുമ്പോൾ മാത്രമാണ് തങ്ങളുടെ ആളുകൾ ആയുധം കൈയ്യിലെടുക്കുന്നതെന്നും ഇത് കേവലം പ്രതിരോധം മാത്രമാണെന്നുമൊക്കെയാണ് സംഘി വാദം. ഇതു കേൾക്കുമ്പോൾ സംഘികളുടെ യഥാർത്ഥ മുഖം പരിചയമില്ലാത്ത ആരും പറഞ്ഞുപോകും 'അയ്യോ പാവങ്ങൾ. അവർ കൊള്ളുന്നുണ്ടെങ്കിൽ തന്നെ അതു നിവർത്തികേടുകൊണ്ടല്ലേ' എന്ന്. കാരണം അത്രക്കു നിഷ്കളങ്കമെന്നു തോന്നിപ്പിക്കും വിധമാണ് അവർ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കുകയും അതുവഴി സ്വയം ന്യായീകരിക്കുകയും ചെയ്യുന്നത്. അസഹിഷ്ണതയെക്കുറിച്ചു നിരന്തരം വിലപിക്കുന്ന സംഘ പരിവാർ നേതാക്കൾ എത്രകണ്ടു അസഹിഷ്ണുക്കളാണെന്നു കേരളത്തിലെ മാത്രമല്ല രാജ്യമെമ്പാടുമുള്ള ജനം പലകുറി കണ്ടതാണ്. ഇന്നിപ്പോൾ ഇതാ അതിന്റെ തനി ആവർത്തനം ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്റേയും പി കെ കൃഷ്ണ ദാസിന്റെയും യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെയും ഒക്കെ നാവിൽ നിന്നും വീണ്ടും പുറത്തു വന്നിരിക്കുന്നു. കുമ്മനത്തെയും സന്ദീപിനെയും ചൊടിപ്പിച്ചതും ഭീഷണി മുഴക്കാൻ പ്രേരിപ്പിച്ചതും ദേശീയ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മയില്‍ മലയാള സിനിമാ പ്രവർത്തകർ പങ്കെടുത്തതാണെങ്കിൽ കൃഷ്ണദാസിനെ പ്രകോപിപ്പിച്ചതു കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് നേരെ കേരളത്തിൽ ഉണ്ടായ കരിങ്കൊടി പ്രതിക്ഷേധങ്ങളാണ്. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വേളയിലും പിന്നീട് കണ്ണൂർ മാടായിക്കാവിലേക്കുള്ള യാത്രക്കിടയിൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലും തുടർന്നു പാഴയങ്ങാടിയിലും തളിപ്പറമ്പ രാജ രാജേശ്വര ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ തളിപ്പറമ്പിൽ വെച്ചുമാണ് കരിങ്കൊടി പ്രതിക്ഷേധം ഉണ്ടായത്. പ്രതിക്ഷേധങ്ങളെ തുടർന്നു കണ്ണൂരിൽ ഇന്നു തങ്ങാൻ തീരുമാനിച്ചിരുന്ന യെദിയൂരപ്പ മുൻ തീരുമാനം മാറ്റി കര്‍ണ്ണാടകത്തിലേക്കു തന്നെ മടങ്ങിയെന്നാണ് വാർത്ത.

യെദിയൂരപ്പ വിഷയത്തിലേക്കു കടക്കും മുൻപായി ദേശീയ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിക്ഷേധിച്ച സിനിമാ പ്രവർത്തകർക്കെതിരെ കുമ്മനവും സന്ദീപ് വാര്യരും എങ്ങനെയാണ് പ്രതികരിച്ചതെന്നുകൂടി പരിശോധിക്കാം. കൊച്ചിയിലെ പ്രതിക്ഷേധ കൂട്ടായ്മയിൽ പങ്കെടുത്ത സിനിമാ പ്രവർത്തകർക്കും എഴുത്തുകാർക്കും രാജ്യസ്നേഹം ഇല്ലെന്നാണ് കുമ്മനം പറയുന്നത്. അവരൊന്നും യഥാർത്ഥ ഇന്ത്യക്കാർ അല്ലെന്നും ആയതിനാൽ ഇന്ത്യയിൽ വസിക്കാൻ യോഗ്യരല്ലെന്നുമുള്ള ഒരു ധ്വനി കുമ്മനത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സിനിമാ പ്രവർത്തകരുടെ പ്രതിക്ഷേധ കൂട്ടായ്മ തെല്ലൊന്നുമല്ല യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ ചൊടിപ്പിച്ചതെന്നു ടിയാന്റെ ഭീഷണി നിറഞ്ഞ പ്രതികരണത്തിൽ നിന്നും വ്യക്തം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്ന സിനിമാ പ്രവർത്തകർ തങ്ങൾ കൃത്യമായി നികുതി അടക്കുന്നുണ്ടയെന്നു ഉറപ്പുവരുത്തണമെന്നും നികുതി അടക്കാത്തവർക്കെതിരെ ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ് നടപടി ഉണ്ടാകുമെന്നും ജയിലാവുമ്പോൾ അവർക്കുവേണ്ടി ശബ്‌ദിക്കാൻ ആരും ഉണ്ടാവില്ലെന്നുമൊക്കെയാണ് വാര്യരുടെ വിരട്ടൽ. ഇതു കേട്ടാൽ തോന്നും സിനിമാക്കാരെക്കൊണ്ട് നികുതി അടപ്പിക്കാനുള്ള ചുമതല വാര്യരെയാണ് ഏല്പിച്ചിരിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് വാര്യരുടെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണെന്നുമാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന വാര്യത്തിരുന്നു സന്ദീപ് വാര്യർ മുഴക്കുന്ന ഈ എൻഫോഴ്‌സ്‌മെന്റ് ഭീഷണിക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയൊരു സത്യമുണ്ടെന്നകാര്യം മറന്നുകൂടാ. തങ്ങൾക്കെതിരെ നിൽക്കുന്നവരെ മോദി സർക്കാർ ഏതു കള്ളക്കേസിലും കുടുക്കി അകത്താക്കുമെന്ന സത്യം. അറിഞ്ഞോ അറിയാതെയോ ഈ സത്യം വിളിച്ചു പറയുകകൂടിയാണ് വാര്യർ ചെയ്തിരിക്കുന്നത്. കുമ്മനവും സന്ദീപ് വാര്യരും പ്രകടിപ്പിക്കുന്ന അതേ അസഹിഷ്ണത തന്നെയാണ് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പക്ക് നേർക്കുണ്ടായ കരിംകൊടി പ്രതിക്ഷേധത്തിനെതിരെ പി കെ കൃഷ്ണദാസും യെദിയൂരപ്പയും ഒക്കെ നടത്തിയ പ്രതികരണങ്ങളിൽ പ്രകടമാകുന്നത്. തനിക്കെതിരെ ഉണ്ടായ പ്രതിക്ഷേധം ആസൂത്രിതമാണെന്നും പ്രതിക്ഷേധിച്ചവർ കേരളത്തിന്റെ യശസ്സ് നഷ്ട്ടപ്പെടുത്തിയെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം. എന്നാൽ ഒരു പടികൂടി കടന്നു യെദിയൂരപ്പയെ വകവരുത്താനുള്ള ആസൂത്രിത ശ്രമമാണു നടന്നതെന്നും ഇതു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവും സമ്മതത്തോടും കൂടിയാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. കേരളത്തിനു ഒരു യശസ്സുണ്ടെന്നു യെദിയൂരപ്പ സമ്മതിക്കുന്നുണ്ടെന്നതു ഒരു നല്ല കാര്യം തന്നെ. മുടങ്ങാതെ തളിപ്പറമ്പിലെ രാജ രാജേശ്വര ക്ഷേത്രത്തിലും മറ്റും പലതരം വഴിപാടുകളുമായി എത്തുന്ന യെദിയൂരപ്പക്ക് ഇക്കാര്യം സമ്മതിക്കാതെ തരമില്ലല്ലോ.

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തുവെച്ചു വഴി തടയാൻ ശ്രമിക്കുന്നതു ഫെഡറൽ സംവിധാനത്തോടുള്ള ബഹുമാനക്കുറവു തന്നെയാണ്. എന്നു കരുതി കരിങ്കൊടി പ്രതിക്ഷേധം പാടില്ലായെന്നൊന്നും പറയുന്നത് ശരിയല്ലതാനും. 2016 ൽ മധ്യ പ്രദേശിലെ ഭോപ്പാലിൽ കേരള സമാജം സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സംഘപരിവാർ ഭീഷണിയുടെ പേര് പറഞ്ഞു ഭോപ്പാൽ സന്ദർശിക്കാൻ അന്നത്തെ ബി ജെ പി ഭരണകൂടം അനുവദിക്കില്ലെന്ന കാര്യം ഇത്ര പെട്ടെന്ന് കൃഷ്ണദാസും യെദിയൂരപ്പയുമൊക്കെ മറന്നുപോയോ? അക്കാലത്തു മധ്യപ്രദേശ് ഭരിച്ചിരുന്ന ശിവരാജ് സിംഗ് ചൗഹാന്റെ പോലീസ് സുരക്ഷ ഒരുക്കാൻ വിസമ്മതിച്ചതിനെ തുടർന്നു അന്ന് പിണറായിക്കു എയർപോർട്ടിൽ നിന്നു തന്നെ മടങ്ങേണ്ടി വന്നു. കേരളത്തിൽ ബി ജെ പി - ആർ എസ് എസ് പ്രവർത്തകരെ സി പി എം അരുംകൊല ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പിണറായിക്കെതിരെ അന്നത്തെ പ്രതിക്ഷേധം. അതിനെ അന്നു കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കൃഷ്ണദാസാണ് ഇപ്പോൾ യെദിയൂരപ്പക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന ആക്ഷേപം ചൊരിയുന്നത്. ഭോപ്പാലിനു പിന്നാലെ തൊട്ടടുത്ത വര്‍ഷം കർണാടകത്തിലെ മംഗളുരുവിലും കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ ആർ എസ് എസ് - വി എച് പി പ്രവർത്തകർ തടിച്ചുകൂടി. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെടുന്നതിനെതിരെ പ്രതിക്ഷേധിച്ചായിരുന്നു മംഗലുരുവിലെ നീക്കവും. പിണറായിയെ മംഗളൂരുവിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് സംഘപരിവാർ സംഘടനകൾ വീരവാദം മുഴക്കിയെങ്കിലും അന്നു കർണാടകം ഭരിച്ചിരുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പോലീസ് പിണറായിയുടെ യാത്രക്ക് ഭംഗം വരാതെ ശ്രദ്ധിച്ചു.

പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നില്ല യെദിയൂരപ്പക്ക് കേരളത്തിൽ പ്രതിക്ഷേധം നേരിടേണ്ടി വന്നത്. വാർത്താ ശേഖരണവുമായി ബന്ധപ്പെട്ടു മംഗളുരുവിലെത്തിയ ഏഴ് മലയാളി മാധ്യമ പ്രവർത്തകരെ അന്യായമായി മണിക്കൂറുകളോളം ബന്ദിയാക്കിയ ഒരു ഭരണകൂടത്തിന്റെ തലവനെ കേരളത്തിൽ ജനങ്ങൾ പൂത്താലവുമായി എതിരേൽക്കണമെന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമാണോ എന്നു കൃഷ്ണദാസിനെപ്പോലുള്ളവർ ചിന്തിക്കുന്നത് നന്നായിരിക്കും. പ്രതിക്ഷേധിക്കാനും പ്രതികരിക്കാനും ബി ജെ പി ക്കും ആർ എസ് എസ്സിനും മറ്റു സംഘ പരിവാർ സംഘടനകൾക്കും മാത്രമല്ല അവകാശമുള്ളതെന്നു ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കിയാൽ നന്ന്. രാഷ്ട്രീയ അസഹിഷ്ണത എന്ന കേട്ട് മടുത്ത ആ വായ്ത്താരി എല്ലാകാലത്തും വിലപ്പോകില്ലെന്നുകൂടി ഓർത്താൽ കൂടുതൽ നല്ലത്.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories