പരമപവിത്രമാവുന്ന സ്വഭാവം അതിര്ത്തികള്ക്കുണ്ട്. സാധാരണഗതിയില്‍ ചരിത്രത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പിന്നെ (കൂടുതല്‍ വിശാലമായി) സംസ്കാരത്തിന്റെയും പിന്തുണയോടെ തങ്ങളുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെ സ്കൂള്‍ കുട്ടികള്‍ക്ക് പരിസിചയപ്പെടുത്തി നല്‍കാറുണ്ട്. ചരിത്രാതീത കാലം മുതല്‍ ഒരു ദേശ രാഷ്ട്രം എന്നതിനപ്പുറം ഒരു സാംസ്കാരികാരിക സ്വത്വമായി നിലനിന്നിരുന്ന ഇന്ത്യയില്‍ പോലും ഇത് സംഭവിക്കുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ആദ്ധ്യാത്മിക പാഠശാലകള്‍ തുറക്കുന്നതിനായി ആദി ശങ്കരന് 'രാജ്യത്തിന്റെ' എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. ആ സമയത്ത് മിക്കവാറും തെക്കെ ഇന്ത്യ മുഴുവനും വടക്ക് ഗര്ജാര-പ്രതിഹാരയും (ചന്ദേല ഉള്‍പ്പെടെ) പല്ലവ സാമ്രാജ്യത്തിന്റെ ഭരണത്തിന്റെ കീഴിലായിരുന്നെങ്കിലും പാസ്പോര്‍ട്ടോ വിസയോ ഒന്നും ഉണ്ടായിരുന്നില്ല.ദേശ രാഷ്ട്രത്തിന്റെ കാര്യത്തിലായാല്‍ പോലും അത് എപ്പോള്‍, എങ്ങനെ രൂപം കൊണ്ടു എന്നതിനെ കുറിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും വലിയ പിടിയൊന്നുമില്ല. 19-ാം നൂറ്റാണ്ടില്‍ ഉണ്ടായ ഭരതമാത എന്നുള്ള ദേവതാരോഹണത്തെ കുറിച്ചാണ് അവര്‍ക്ക് അവബോധം കൂടുതലുള്ളത്. അല്ലെങ്കില്‍ മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, വേദങ്ങളിലെ ഇന്ത്യയില്‍ രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങള്‍ മാത്രമാണ് ഉള്ളത്. വേദാനന്തര കാലത്തില്‍ അത് കുറച്ചുകൂടി കിഴക്കോട്ട് നീങ്ങി ബിഹാര്‍ വരെയെത്തി. മാത്രമല്ല, ബ്രിട്ടീഷുകാര്‍ ചെയ്ത യുദ്ധങ്ങളുടെ ഉല്പന്നമാണ് ഇന്നത്തെ വടക്ക്-കിഴക്കന്‍ ഇന്ത്യ. 1824ലെ രക്തരൂക്ഷിത യുദ്ധത്തെ തുടര്‍ന്ന് ബര്‍മ്മ രാജാവില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി നേടിയെടുത്തതോടെയാണ് 1826ല്‍ ഇന്ത്യയുടെ ദേശീയ അതിര്‍ത്തിക്കുള്ളില്‍ അസം ഉള്‍പ്പെടുന്നത്. ഒരു ആരോഗ്യകേന്ദ്രം നിര്‍മ്മിക്കുന്നതിനായി 1835ല്‍ സിക്കിം ചോഗ്യാലില്‍ നിന്നും വാടകയ്ക്ക് എടുത്തതാണ് ഡാര്‍ജിലിംഗ്. നേപ്പാളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയതിന് ശേഷം സിക്കിമിന്റെ ഭൂരിപക്ഷം സ്ഥലങ്ങളും നേപ്പാളിലെ ഗൂര്‍ഖകള്‍ തിരിച്ചുപിടിക്കുകയും ചോഗ്യാലിന് കൈമാറുകയും ചെയ്യുകയായിരുന്നു. 1865ലെ ഭൂട്ടാനുമായുള്ള യുദ്ധത്തിന് ശേഷമാണ് കലിംഗ്പോംഗും ദവാര്സും ഡാര്‍ജിലിംഗ് ജില്ലയുടെ ഭാഗമായത്. എന്നിട്ടും, 1975ന് ശേഷം സിക്കിം എന്ന പോലെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായി അവ ഇപ്പോഴും തുടരുന്നു.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ഒരാള്‍ക്ക് സങ്കല്പിക്കാനാവുന്നതിലും കൂടുതലായി വലിച്ച് നീട്ടുകയോ ചുരുക്കുകയോ ചെയ്യാവുന്നതാണ് അതിര്‍ത്തികള്‍. നേരത്തെ അതിര്‍ത്തികള്‍ കാണിച്ചിരുന്ന ഭൂപടത്തില്‍ രേഖപ്പെടുത്താതിരുന്ന സ്ഥലങ്ങള്‍ (ഒരു നിറവും കൊടുക്കാതെ പിന്നീട് വരച്ച് ചേര്‍ത്തത്) നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടന്ന് നെഹ്രു ഉത്തരവിട്ടതിനെ തുടര്‍ന്ന് 1950കളുടെ പകുതിയില്‍ വച്ച് മാത്രമാണ് അക്സായി ചിന് മുഴുവന്‍ ഇന്ത്യന്‍ ഭൂപ്രദേശത്താണെന്ന് കാണിക്കുന്ന സമകാലീന ഇന്ത്യന്‍ ഭൂപടം ആദ്യമായി അച്ചടിയ്ക്കപ്പെട്ടത്. അത്തരത്തിലുള്ള ഒരു അതിര്‍ത്തി 19-ാം നൂറ്റാണ്ടില്‍ തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നിര്ദ്ദേശിച്ചിരുന്നതാണെങ്കിലും, പിന്നീട് അക്സായി ചിന്നിന്റെ പകുതി ഭാഗം എന്ന കുറച്ചുകൂടി ഒതുക്കമുള്ള ഒരു അവകാശവാദത്തിലേക്ക് ബ്രീട്ടിഷുകാര്‍ തന്നെ മാറുകയായിരുന്നു. കൂടുതല്‍ ആഗ്രഹപൂര്‍ണമായ ഒരു തിരഞ്ഞെടുപ്പാണ് നെഹ്രു നടത്തിയത്. വടക്ക് കുന് ലുണ് പര്‍വതങ്ങളില്‍ ക്സിന്‍ജിയാംഗ് (ഇപ്പോള്‍ അക്സായ് ചിന് ചൈനയുടെ ഭരണഘടകമായിരിക്കുന്ന ഭാഗം) അവസാനിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍, ചൈനയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചരിത്രപരമായ ഒരു അവകാശവാദം ഉണ്ടായിരുന്നില്ല.കിഴക്ക്, നീര്‍ത്തട തത്വപ്രകാരമുള്ള സൗകര്യപൂര്വകമായ വ്യതിയാനം എന്ന നിലിയില്‍ മക്മോഹന്‍ രേഖയുടെ തെക്കായാണ് (ഇപ്പോള്‍ ഇന്ത്യ കൈവശം വച്ചിരിക്കുന്ന പ്രദേശം) അരുണാചല്‍ പ്രദേശിലെ താവാങ് ഭൂഭാഗം കിടക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ നാല് വര്‍ഷം വരെ, അതായത് 1951 വരെ ഇന്ത്യ തവാങില്‍ മതിയായ ഭരണനിര്‍വഹണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. അത് ഏര്‍പ്പെടുത്തിയത് ആകട്ടെ 1950ല്‍ ടിബറ്റിലേക്ക് ചൈനീസ് പട്ടാളം കടന്നുകയറിയതിന് ശേഷം മാത്രവും.യൂറോപ്പില്‍, 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ ഇറ്റലിയും ജര്‍മ്മനിയും രണ്ട് വ്യത്യസ്ത ഭൂമിശാസ്ത്ര സ്വത്വങ്ങളായി നിലനിന്നിരുന്നില്ല. രണ്ട് ലോകയുദ്ധങ്ങള്‍ക്ക് ശേഷവും പിന്നീട് സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷവും യൂറോപ്പിന്റെ അതിരുകള്‍ ഏകദേശം നാടകീയമായി വേര്‍തിരിഞ്ഞു. പിന്നെ യുഎസിന്റെ ഭൂമിശാസ്ത്ര മേഖലകള്‍ ഇരട്ടിപ്പിക്കുന്ന തരത്തില്‍ 1803ല്‍ മിസിസിപ്പിക്ക് കിഴക്കുള്ള ഭൂഭാഗങ്ങള്‍ തോമസ് ജെഫാര്സണ് നെപ്പോളിയന് കച്ചവടമാക്കിയില്ലായിരുന്നെങ്കില് 'കടലില്‍ നിന്നും തിളങ്ങുന്ന കടലിലേക്ക്' യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരിക്കലും വ്യാപിക്കുമായിരുന്നില്ല. പടിഞ്ഞാറന്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും കാര്യത്തില്‍ സാമ്രാജ്യത്വ ദുര്മോഹികള് ഏകപക്ഷീയമായാണ് അവരുടെ അതിരുകള്‍ വരച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ആദിവാസി സ്വത്വങ്ങളെയും ഭൂവിഭാഗങ്ങളെയും പരിഗണിക്കാത്ത ഒരു ഭൂപടത്തില്‍ മിക്കപ്പോഴും നേര്‍രേഖകളായിരുന്നു അവ. സ്വാഭാവികമായും ഇത് അയല്‍ക്കാര്‍ തമ്മിലുള്ള ദീര്‍ഘ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയും മൊത്തം ജനവിഭാഗങ്ങളെ (ഉദാഹരണത്തിന് കുര്‍ദുകളും പക്തൂണുകളും) ഭൂപടങ്ങളിലെ വരകളില്‍ കവച്ചുനടക്കാന് നിര്‍ബന്ധിക്കുകയും ചെയ്തു. 21-ാം നൂറ്റാണ്ടിലും അതിര്‍ത്തികള്‍ മാറുന്നത് തുടരുന്നു. ക്രീമിയന്‍ ഉപദ്വീപ് റഷ്യ പിടിച്ചടക്കിയപ്പോള്‍, അടച്ചുകെട്ടിയ പ്രദേശങ്ങളുടെ പേരില്‍ കാക്കസസിലെ സംസ്ഥാനങ്ങള്‍ പോരാടുന്നു (ഓരോ രാജ്യത്തിനും അവരുടേതായ ചരിത്ര 'വസ്തുതകള്‍' ഉണ്ട്). ചൈനയാവട്ടെ തെക്കന്‍ ചൈന കടലിലെ പവിഴദ്വീപുകള്‍ സൈനീക താവളങ്ങളാക്കി മാറ്റിയിരിക്കുന്നു.അതിര്‍ത്തികള്‍ എന്നാല്‍ അനുമാനിക്കപ്പെട്ട യഥാര്ത്ഥ്യങ്ങളാണെന്നും അല്ലാതെ സ്വയംനിര്‍മ്മിത വസ്തുതകളല്ലെന്നുമാണ് ഈ ചരിത്രം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍ അത്. ആക്രമണങ്ങള്‍ക്ക് മേലുള്ള സ്ഥാപനപരമായ നിയന്ത്രണങ്ങള്‍ ദുര്‍ബലമാവുകയും കലര്‍പ്പില്ലാത്ത അധികാരകളികള് പുതിയ നാട്ടുനടപ്പാവുകയും ചെയ്യുന്ന ഒരു ലോകത്ത് 'അതിര്‍ത്തികളെ അപ്രസക്തമാക്കി കൊണ്ട്,' ഭൂപ്രദേശങ്ങള്‍ക്ക് മേലുള്ള സംഘര്‍ഷം ഒഴിവാക്കുക എന്ന മന്മോഹന് സിംഗിന്റെ ഇഷ്ട പ്രതീക്ഷ യാഥാര്‍ത്ഥ്യമാവുക ബുദ്ധിമുട്ടാണ്. പക്ഷെ, അതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്നാണ് അത് യഥാര്‍ത്ഥത്തില്‍ വ്യത്യസ്തമായിരുന്നത്?
(അഴിമുഖത്തിന്റെ കണ്ടന്റ് പാര്‍ട്ണര്‍ ആയ ദി പ്രിന്റ് പ്രസിദ്ധീകരിച്ച കോളം ഐ പി എസ് എം എഫിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്.)