TopTop
Begin typing your search above and press return to search.

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടയിലും തുറന്നുകാട്ടപ്പെടുകതന്നെ വേണം ഉള്ളു പൊള്ളയായ ഈ ബജറ്റ്

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടയിലും തുറന്നുകാട്ടപ്പെടുകതന്നെ വേണം ഉള്ളു പൊള്ളയായ ഈ ബജറ്റ്

ജി ഡി പിയിലെയും കാർഷിക മേഖലയിലെയും വൻ തകർച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂക്ഷ്മമായി നോക്കിയാൽ കഴിഞ്ഞ ബജറ്റിനെ പുതിയ ഫയലിനുള്ളിലാക്കി മേശപ്പുറത്ത് വയ്ക്കുക മാത്രമാണ് അവർ ചെയ്തതെന്ന് വ്യക്തമാകും. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ മറച്ചുവയ്ക്കുന്ന കസർത്ത് മാത്രമായിരുന്നു രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. അതിന്റെ തനിയാവർത്തനമാണ് ഈ ബജറ്റും. കഴിഞ്ഞ ബജറ്റിൽ നിന്നും സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും കഴിഞ്ഞ ബജറ്റിലേത് പോലെ രൂക്ഷമാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഈ ബജറ്റിലും യാതൊരു പരാമർശവുമുണ്ടായിട്ടില്ലെന്നും സംസ്ഥാന ധന മന്ത്രി തോമസ് ഐസക് പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്.തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം വെറും ആവർത്തനങ്ങൾ മാത്രമായിരുന്നെന്ന് പരിശോധിച്ചാൽ മനസിലാകും. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയും സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയും ഈ ബജറ്റിലെവിടെയും അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. തന്ത്രപരമായ ധാരാളം കൗശലങ്ങൾ താൻ ബജറ്റ് പ്രസംഗത്തിൽ കേട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിക്കുന്നത് ഇതിനാലാണ്.നടപ്പു സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 4.6 ശതമാനമായി കുറയുമെന്ന് ബജറ്റിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇതിന് കാരണമായ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ ഇവിടെ മറച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാലാണ് പുതിയ ഫയലിൽ പഴയ ബജറ്റ് പിൻ ചെയ്ത് വയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പറയുന്നത്. പുതിയ സർക്കാരിന്റെ ബജറ്റ് അവതരണത്തിന് ശേഷം ഒരുമാസത്തിനകം മൂന്ന് വട്ടമാണ് മിനി ബജറ്റ് അവതരിപ്പിച്ചത്. ഇതിന്റെയെല്ലാം നേട്ടം ലഭിച്ചതാകട്ടെ കോർപ്പറേറ്റുകൾക്കും. കോർപ്പറേറ്റ് ടാക്സിൽ നിന്നും 7.6 ലക്ഷം കോടി രൂപയാണ് ലഭിക്കേണ്ടത്. പുതുക്കിയ കണക്കിൽ ഇത് 6.1 ലക്ഷം കോടിയും ഇത്തവണത്തെ ബജറ്റ് കണക്കിൽ 6.8 ലക്ഷം കോടിയും മാത്രമാണ്. കോർപ്പറേറ്റുകൾക്ക് ഭീമമായ നികുതി ഇളവ് നൽകിയിട്ടും നിക്ഷേപം വർദ്ധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പൊതുമേഖലാ വിൽപനയിലൂടെ ഇരട്ടിയിലധികമാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. കഴിഞ്ഞ ബജറ്റിൽ ഒരു ലക്ഷം കോടിയായിരുന്നത് ഇപ്പോൾ 2.1 ലക്ഷം കോടിയായി. ഐ ഡി ബി ഐ ബാങ്ക് പൂർണമായും സ്വകാര്യവൽക്കരിക്കാനും എൽ ഐ സിയുടെ സ്വകാര്യവൽക്കരണം ആരംഭിക്കാനുമാണ് നീക്കം. നികുതിയിളവ് മൂലം നിക്ഷേപം വർദ്ധിക്കാത്തതിനാലുണ്ടായ വരുമാന നഷ്ടം നികത്താൻ നികുതിയിളവിന്റെ തന്നെ ഗുണഭോക്താക്കളായ കോർപ്പറേറ്റുകൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുക. കേന്ദ്ര സർക്കാർ നീക്കത്തെ ഒരു തുഗ്ലക്കീയൻ നിലപാടെന്ന് വിളിച്ചാൽ കുറഞ്ഞു പോകുകയേ ഉള്ളൂ.ഹിന്ദുത്വ അജണ്ട നടപ്പാക്കാനും കോടികൾ മുടക്കി സ്മാരക ശില്പങ്ങള്‍ പടുത്തുയർത്താനുമായി ധൂർത്തടിച്ച പണം രാജ്യത്തെ സാമ്പത്തിക കെണിയിൽ പെടുത്തിയപ്പോൾ അതിന് ഉത്തരം പറയേണ്ട സമയമാണ് ബജറ്റ്. എന്നാൽ കേന്ദ്ര ബജറ്റ് എന്ന അബദ്ധം ചർച്ച ചെയ്യപ്പെടാതിരിക്കാൻ മോദിയും ഷായും സി എ എ എന്ന ഭൂതത്തെ തുറന്നു വിട്ടിട്ടുണ്ട്. സിറ്റിസൺഷിപ്പ് അമൻറ്മെൻറ് ആക്ടിനെച്ചൊല്ലിയുള്ള വാദങ്ങളും പ്രതിവാദങ്ങളും ന്യായീകരണങ്ങളും പ്രതിഷേധങ്ങളുമുയരുമ്പോൾ ഇത്തരമൊരു ബജറ്റിൽ എന്ത് കുത്തിത്തിരുകിയാലും ആരും ശ്രദ്ധിക്കില്ലെന്ന് മോദി-ഷാ ദ്വയത്തിന് വ്യക്തമായറിയാം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അനിവാര്യമായതിനാൽ തന്നെ അതിനെയിവിടെ വില കുറച്ചു കാണുന്നില്ല. ആ പ്രതിഷേധം നടക്കുക തന്നെ വേണം. എന്നാൽ അതിന്റെ പേരിൽ ബജറ്റിലെ പൊള്ളത്തരങ്ങൾ ഒളിപ്പിക്കാൻ അനുവദിക്കരുത്.സംസ്ഥാന ധനമന്ത്രിമാർ ഏകകണ്ഠമായി ആവശ്യപ്പെട്ട ഒരു കാര്യം ജനങ്ങളുടെ ഉപഭോഗ ശേഷി വർദ്ധിപ്പിക്കണമെന്നായിരുന്നു. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് തൊഴിലുറപ്പു പദ്ധതി. 2019-20 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പു പദ്ധതിക്കായി 71000 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് കേവലം 61500 കോടി രൂപ മാത്രമാണ്. ഇതിൽ നിന്നു തന്നെ ബജറ്റിൽ പ്രാധാന്യം ജനങ്ങളേക്കാൾ കോർപ്പറേറ്റുകൾക്കാണെന്ന് വ്യക്തം. വയോജന പെൻഷൻ തുകയുടെ അടങ്കൽ വരെ കുറച്ചിരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മിഷനുകളുടെ അടങ്കലിൽ ഒരു ശതമാനം മാത്രമാണ് വർദ്ധനവ്. അങ്കണവാടികൾക്ക് മൂന്ന് ശതമാനവും. 2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയിലധികമാകുമെന്നായിരുന്നു മോദി സർക്കാരിന്റെ വാഗ്ദാനം. വരൾച്ചയും വിലത്തകർച്ചയും കടബാധ്യതയും കാരണം നട്ടം തിരിയുന്ന കർഷക മേഖല ഈ ബജറ്റിലും തങ്ങൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേവലം ഒന്നര ലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. ഗ്രാമവികസനത്തിന്റെ അടങ്കലിലും ഇത്തവണ വർദ്ധനവില്ല. കഴിഞ്ഞ വർഷം വനിതാ ശാക്തീകരണത്തിന് 1330 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 1161 കോടി മാത്രം.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് പേരായിരുന്നു ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അരുൺ ജെയ്റ്റ്ലിയും പിയൂഷ് ഗോയലും. ഇവരുടെ പിടിപ്പുകേടുകളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ്യമായും ഉയരുന്ന വിമർശനം. ജി എസ് ടിയിലും നോട്ടു നിരോധനത്തിലുമെല്ലാം ഈ വിമർശനങ്ങൾ ഉയർന്നു. ജി എസ് ടി ഘടനയിൽ പാളിച്ചകളുണ്ടായെന്ന് പിന്നീട് സർക്കാരിന് ന്യായീകരിക്കേണ്ടിയും വന്നിരുന്നു. പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ദോക്ലാം സന്ദർശിച്ച് ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ രമ്യമായ ചർച്ചയിലൂടെ തർക്കത്തിന് അയവ് വരുത്താനും പാകിസ്ഥാനുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലൂടെ അവരെ സമ്മർദ്ദത്തിലാക്കാനും നിർമലയ്ക്ക് സാധിച്ചിരുന്നു. അങ്ങനെയാണ് ഒന്നാം മോദി സർക്കാരിന്റെ മുഖമാകാനും രണ്ടാം മോദി സർക്കാരിൽ ധനകാര്യ വകുപ്പ് മന്ത്രിയാകാനും അവർക്ക് സാധിച്ചത്. എന്നാൽ ഇവിടെ കളിമാറി.രാജ്യത്തിന്റെ ധന കമ്മി പരിഹരിക്കലും വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തലുമണ് നിർമ്മല സീതാരാമന് മുന്നിലെ വെല്ലുവിളിയെന്ന് അവർ മന്ത്രിയായി ചുമതലയേറ്റ കാലം മുതൽ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വിഷയങ്ങളും ഇതു തന്നെ. സങ്കീർണമായ ജി എസ് ടി സ്ലാബുകളും ഉയർന്ന തൊഴിലില്ലായ്മ നിരക്കും കുറഞ്ഞ സാമ്പത്തിക വളർച്ചയുമെല്ലാം വിമർശന വിധേയമായി. ഈ വിമർശനങ്ങൾക്ക് പുതിയ ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് കരുതപ്പെട്ടത്.രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) ആശങ്കാജനകമാം വിധം താഴേക്കാണ്. കഴിഞ്ഞ മൂന്ന് ക്വാർട്ടർ ഇയറുകളിലെ ജി ഡി പി പരിശോധിച്ചാൽ ജനങ്ങൾക്ക് ഒരു മരവിപ്പാണ് അനുഭവപ്പെടുക. 8 ശതമാനത്തിൽ നിന്നും 7 ശതമാനത്തിലേക്കും അതിൽ നിന്നും 6.6 ശതമാനത്തിലേക്കും അത് കുത്തനെ താഴ്ന്നു. ഇനിയത് 6-6.3 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. വാഹനങ്ങളുടെ വില്‍പന, റെയില്‍ ചരക്ക് കടത്ത്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലെ ഇടിവ്, ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തിലെ കുറവ് എന്നിവയെല്ലാം രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ സമീപ ഭാവി എന്തായിരിക്കുമെന്ന് സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. യാത്രാവാഹന വില്‍പന കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഓർക്കണം. കൊട്ടിഘോഷിച്ച് ധനമന്ത്രിയാക്കിയ നിർമ്മല സീതാരാമന്‍ ഇതേക്കുറിച്ച് പറഞ്ഞത് ആളുകൾ യൂസ്ഡ് കാറുകൾ ഉപയോഗിക്കുന്നതാണ് വാഹന വിപണി ഇടിയാൻ കാരണമെന്നാണ്. എന്നാൽ ആളുകളുടെ ഉപഭോഗ പ്രവണത കുറയുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ഇടിയുന്നതിന്റെ തെളിവാണെന്ന് അവർ ഓർത്തില്ല. അതിനാൽ തന്നെ ഈ വിഷയങ്ങൾ ബജറ്റിൽ അഡ്രസ് ചെയ്യപ്പെട്ടതുമില്ല.30,42,230 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ്. കഴിഞ്ഞ വര്‍ഷത്തെ വകയിരുത്തലിനെ അപേക്ഷിച്ച് ഇത് കാര്യമായ വര്‍ധനയല്ല. വിലക്കയറ്റം കൂടി പരിഗണിക്കുമ്പോള്‍ വര്‍ദ്ധനയേ ഉണ്ടായിട്ടില്ലെന്നു പറയാം. മാന്ദ്യകാലത്ത് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം കമ്മി പിടിച്ചു നിര്‍ത്തുന്നതിനായി ചെലവിനെ ഞെരുക്കുന്ന ബജറ്റാണിത്. എന്നിട്ടും പ്രതീക്ഷിത കമ്മി 3.5 ശതമാനമാണ്. ഇതുതന്നെ റിസര്‍വ് ബാങ്കില്‍ നിന്ന് 2019-20ലെ പോലെ ഒരു ലക്ഷം കോടിയിലേറെ രൂപ ഡിവിഡന്റായി പിടിച്ചെടുത്താണ് കമ്മി താഴ്ത്തി നിര്‍ത്താന്‍ കഴിഞ്ഞത്.നികുതിവിഹിതം 7.6 ലക്ഷം കോടി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കില്‍ 23,000 കോടി രൂപ മാത്രമാണ് അധികം അനുവദിച്ചത്. നികുതി വിഹിതമായി നല്‍കുന്നതിനുപകരം പ്രത്യക ഗ്രാന്റുകളായാണ് ഫിനാന്‍സ് കമ്മിഷന്‍ തയ്യാറായത്. എല്ലാ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതു കണക്കിലെടുത്താല്‍ പോലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനയില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ പിശുക്കു കാണിക്കുമ്പോള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 2.8 ലക്ഷം കോടി രൂപയില്‍ നിന്ന് 3.4 ലക്ഷം കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു.പിഴവുകൾ പരിഹരിക്കുക, പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുക എന്നിവയായിരുന്നു നിർമ്മല സീതാരാമന്റെ ബജറ്റിന്റെ കാതലായി പ്രഖ്യാപിച്ചത്. എന്നാൽ ഇവിടെ എത് പിഴവാണ് പരിഹരിക്കപ്പെട്ടതെന്നോ എത് പുതിയ മുന്നേറ്റമാണ് തുടങ്ങിയതെന്നോ മനസിലാകുന്നില്ല. അതാണ് രാഹുൽ ചൂണ്ടിക്കാട്ടിയ കൗശലങ്ങൾ. എന്തായാലും ഗുരുതര മനുഷ്യാവകാശ വിഷയമായ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വാദപ്രതിവാദങ്ങൾ തുടരുമ്പോൾ ബജറ്റിലെ പിഴവുകളും പൊള്ളത്തരങ്ങളും എത്രമാത്രം ചർച്ചയാകുമെന്ന് കാത്തിരുന്ന് കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories